Monday, December 19, 2011

പ്രണയം ഒരു പുനര്‍വായന.......നാലാം ഭാഗം:


 പ്രണയം ഒരു പുനര്‍വായന.....
               നാലാം ഭാഗം:  
 റസിയ വായിക്കുന്ന അഭിലാഷിന്റെ കുറിപ്പുകളില്‍ നിന്ന്:
        .
        . 
                                                                                                              
ഞാന്‍ അഭിലാഷ് മേനോന്‍ :   പാലക്കാട്‌ ജില്ലയിലെ പട്ടാമ്പി സ്വദേശി: ദുബായില്‍ ഒരു ഫാര്‍മസുട്ടിക്കല്‍  കമ്പനിയില്‍  ജോലി ചെയ്യുന്നു:
തിരുവനന്തപുരത്ത് ഫാര്‍മസി കോളേജില്‍ ആയിരുന്നു പഠനം.അവിടെ വെച്ചാണ് ജോണ്‍ ഫിലിപ്പിനെ കാണുന്നതും പരിചയപ്പെടുന്നതും.എന്റെ സീനിയര്‍ ആയിരുന്ന ജോണ്‍ ഫസ്റ്റ് സെമസ്റര്‍ പരീക്ഷയില്‍ തോറ്റു പോയത്  കൊണ്ടാണ് ഞങ്ങള്‍ ഒരേ ക്ലാസ്സില്‍ ആകുന്നതും ഒരുമിച്ചു  പഠിക്കേണ്ടി വന്നതും..... ഫാര്‍മസി കോളേജില്‍ നിന്നും പോയതിനു ശേഷംപിന്നീടു ജോണിനെ ഞാന്‍ കാണുന്നത് ദുബായില്‍ വെച്ചാണ്.കോഴ്സ് കഴിഞ്ഞാല്‍ അമേരിക്കയില്‍  പോകുമെന്നായിരുന്നു ജോണ്‍ പഠിക്കുന്ന കാലത്ത് പറഞ്ഞിരുന്നത് .തീരെ പ്രതീക്ഷിക്കാതെ ഒരു ദിവസം കരാമയിലെ  ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍   വെച്ചു ജോണിനെ കാണുന്നു..എന്നെ തിരിച്ചറിഞ്ഞ ജോണ്‍ ആഹ്ലാദത്തോടെഉറക്കെ ചിരിച്ചു കൊണ്ട് എന്നെ കെട്ടിപിടിച്ചു..നിര്‍ബന്ധിച്ചു ജോണ്‍ അടുത്ത ബാറിലേക്ക്എന്നെ കൂട്ടി കൊണ്ട് പോയി.. 

മദ്യത്തിനു ഓര്‍ഡര്‍ കൊടുക്കുമ്പോള്‍ ഞാന്‍ കഴിക്കില്ല എന്ന് പറഞ്ഞത് വിശ്വസിക്കാനാകാതെ  ജോണ്‍ എന്നെ നോക്കിയിരുന്നു.. ,അത്ഭുതത്തോടെ ജോണ്‍ എന്നെ നോക്കി...നിര്‍ത്തി എന്ന് ചിരിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു..പണ്ടത്തെ ഒരു മത്സരത്തിന്റെ കഥ ഓര്‍മ്മിപ്പിച്ചു  ജോണ്‍ ഉറക്കെ ചിരിച്ചു..അതോര്‍മ്മ വന്നപ്പോള്‍ എനിക്കും ചിരി  വന്നു പോയി... 

                   ഹോസ്റ്റലില്‍  വെച്ചു നടന്ന ഒരു പാര്‍ട്ടിക്കിടക്കു ജോണും ഞാനും തമ്മില്‍ ഒന്ന്‌ ഏറ്റു മുട്ടി..സീനിയര്‍ ആണെന്ന അഹങ്കാരം ജോണിനെ  കൂടുതല്‍ വാശിക്കാരനാക്കി...നിരത്തി വെച്ച കുപ്പികള്‍ക്ക് മുന്നില്‍ നിന്നു ജോണ്‍ തന്റെ വെല്ലുവിളി വീണ്ടും ഉ..യര്‍ത്തി.....മറ്റുള്ളവര്‍ എന്നെ നോക്കി...രണ്ട് മൂന്ന് ഹാഫ് ബോയില്‍ഡു  എഗ്ഗ് ഒറ്റയടിക്ക് അകത്താക്കും..പിന്നെ എത്ര കഴിച്ചാലും ഫിറ്റാവില്ല..അതായിരുന്നു ജോണിന്റെതിയറി..! ഒരു പട്ടാമ്പിക്കാരന്റെ നെഞ്ഞൂക്ക് ..വെല്ലു വിളി ഞാന്‍ ഏറ്റെടുത്തു..ആര്‍പ്പ്‌ വിളികള്‍ക്കിടയില്‍ മത്സരം തുടങ്ങി..ചെത്തുകാരന്‍ രാമേട്ടന്‍ മുളപ്പിച്ച നെല്ലും പറങ്കി മാങ്ങയും പൂവന്‍പഴവും ഉണ്ടവെല്ലവും ഇട്ടു വാറ്റിയെടുക്കുന്ന  തീവെള്ളം പനംകള്ളില്‍ ചേര്‍ത്ത് കഴിച്ചു ശീലിച്ച  പട്ടാമ്പിക്കാരന്റെ   മുന്നില്‍ ജോണ്‍ എന്ന അച്ചായന്‍ വീണു പോയി !! അവസാനത്തെ പെഗ്ഗ് ഉയര്‍ത്തി പിടിച്ചു അതും ഡ്രൈ ആയി അടിച്ചു തീര്‍ത്ത എന്നെ അവിശ്വാസപൂര്‍വം നോക്കിയ ജോണിന്റെ മുഖം ഇപ്പോഴും എന്റെ മനസ്സില്‍ മങ്ങാതെ നില്‍ക്കുന്നു...അ ഓര്‍മ്മയില്‍ ഞാനും ഉറക്കെ ചിരിച്ചു.. ബാറിലിരുന്നു അന്ന്  ജോണ്‍ കുറെ നേരം സംസാരിച്ചു....

 സ്വന്തമായി ബിസിനസ് തുടങ്ങാന്‍ പോവുകയാണെന്നും ഫാര്‍മസി ഫീല്‍ഡ് ഉപേക്ഷിച്ചു എന്നും ജോണ്‍ പറഞ്ഞു .പിന്നീട് പലപ്പോഴും ജോണിനെ കണ്ടു..അവന്റെ കല്യാണത്തിന് .നാട്ടില്‍ ഉണ്ടായിരുന്നുവെങ്കിലും എനിക്ക് പോകാന്‍ പറ്റിയില്ല..അതിന് ശേഷം ജോണിന്റെ ഫ്ലാറ്റില്‍ വെച്ചു ഒരു പാര്‍ടി നടത്തിയിരുന്നു.ഞങ്ങള്‍ കുറച്ചു സുഹൃത്തുക്കള്‍ മാത്രം...അവിടെ വെച്ചാണ് ഞാന്‍ ആദ്യമായ് ജിനിയെ കാണുന്നത്..
പിന്നീടു പലപ്പോഴും ജോണിനെ കണ്ടു മുട്ടി.എന്റെ തകര്‍ന്ന പ്രേമത്തെ കുറിച്ച് അതിപ്പോള്‍ ഞാന്‍ മറന്നു പോയിരുന്നുവെങ്കിലും ജോണ്‍ ഇടയ്ക്കിടെ ഓര്‍മ്മിപ്പിക്കും! റസിയയെ ഇടയ്ക്ക് കാണാറുണ്ട്‌ എന്ന്‍ പറഞ്ഞു  അവന്‍ എന്നെ കളിയാക്കും! കുമാരപുറത്തു മെഡിക്കല്‍ കോളെജിനു  സമീപം അവള്‍ സ്വന്തമായി ഒരു ഫാര്‍മസി നടത്തുന്നുവത്രേ! നാട്ടില്‍ ചെന്നാലും ഒരു ജോലിക്ക് സാധ്യതയുണ്ടല്ലോ എന്ന് പറഞ്ഞു ഞാനും ആ തമാശയില്‍ പങ്ക് ചേരും..!

റസിയയെ ഞാന്‍ മറന്നു തുടങ്ങിയിരുന്നു എന്നാണ് ഞാന്‍ കരുതിയത്‌. ഇത്രയും കാലം കഴിഞ്ഞും മനസ്സില്‍ നിന്നും പറിച്ചെടുക്കാന്‍  കഴിയാതെ അവള്‍ എന്റെ മനസ്സില്‍ തന്നെയുണ്ട് എന്ന് ജോണിന്റെ ഓര്‍മ്മപ്പെടുത്തലുകളിലൂടെ ഞാന്‍ തിരിച്ചറിഞ്ഞു..റസിയയെ മറന്നു എന്ന് വെറുതെ എന്റെ മനസ്സിനെ ഞാന്‍ വിശ്വസിപ്പിക്കുവാന്‍ ശ്രമിക്കുകയായിരുന്നുവോ?

ചിലപ്പോള്‍ ചില മറവികള്‍ നാം സ്വയം എടുത്തണിയുന്ന കുപ്പായങ്ങള്‍ ആണ്! നാം നമ്മെ തന്നെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന ചില മുഖം മൂടികള്‍..പക്ഷെ,ആ മറവികള്‍ തീരെ കട്ടിയില്ലാത്ത ഒരാവരണം ആണ്! ഏതു നിമിഷവും തകര്‍ന്നു പോയേക്കാവുന്ന ഒന്ന്‌! അതെ പോലെയുള്ള ഒരു മൂട്പടം മാത്രമായിരുന്നു.. റസിയയോടുള്ള എന്റെ മറവി!!

ഒരാളോടുള്ള പ്രണയത്തെ എത്ര കാലം നിങ്ങള്‍ മനസ്സില്‍ സൂക്ഷിക്കും? അത് ജീവിത കാലം മുഴുവന്‍ നീണ്ടു നില്‍ക്കുമോ? റസിയയെ ഞാന്‍ എന്ത് കൊണ്ട് ഇപ്പോഴും സ്നേഹിക്കുന്നു?അവളെ ഞാന്‍ പ്രണയിച്ചു കൊണ്ടേയിരിക്കുകയാണ് ! അതാണ്‌ സത്യം...എക്കാലവും നില നില്‍ക്കുന്ന ഒന്നാണ് റസിയയോടുള്ള എന്റെ പ്രണയം! അത് പോലെ തന്നെ റസിയയും എന്നെ പ്രണയിക്കുന്നുണ്ടാകുമോ?
                          (തുടരും..)   

3 comments:

  1. ഞാന്‍ ഈ തുടരുകള്‍ തുടര്‍ന്ന് വായിക്കുന്നു.
    ആസ്വദിക്കുന്നു.

    ReplyDelete
  2. നല്ലോഴുക്കുണ്ട് ഈ രീതിയില്‍ തന്നെ പൂര്‍ത്തീകരിക്കൂ

    ReplyDelete