Thursday, August 4, 2011

.ഓര്‍മ്മകള്‍ !!


 .ഓര്‍മ്മകള്‍ !!
ഇന്നലെ നാട്ടില്‍ നിന്നും വന്ന ഒരു സുഹൃത്ത്‌ കൊണ്ട് വന്ന സ്നേഹ ദ്രവ്യങ്ങള്‍ക്കുള്ളില്‍    ഒരു ചുവന്ന ഹല്‍വ കഷ്ണം ഉണ്ടായിരുന്നു..നന്നായി മുറിച്ച ഭംഗിയുള്ള ഒരു ഹല്‍വ കഷ്ണം!! ഒരുകഷ്ണ മെടുത്തു ഞാന്‍ നുണഞ്ഞു..അതിന്റെ സുഗന്ധവും മാധുര്യവും.!!..ഒരു നിമിഷം ഞാന്‍ എന്റെ സ്മരണകളിലേക്ക് കൂപ്പു കുത്തി..ഓര്‍മകളുടെ മധുരമുള്ള ഒരു ഉത്സവ പറമ്പിലേക്ക്!! മുല്ലക്കല്‍ പൂരപറമ്പിലെ വഴി വാണിഭക്കാരുടെ  പൊരി മുറുക്ക് കച്ചവടം..ഒരു നിമിഷം ഞാനതിന്റെ ഓര്‍മകളിലേക്ക് ഒരു യാത്ര പോയീ ..പൊടി പിടിച്ച ഉത്സവ പറമ്പിലെ വാണിഭം..ഈത്തപ്പഴം,ഹല്‍വ ,പൊരി മുറുക്ക്....കച്ചവടം പൊടി പൊടിക്കുന്നു..
പൊടിയാര്‍ക്കുന്ന പൂര പറമ്പ്! മങ്ങിയ വെളിച്ചം..കേശവ പൊതുവാളിന്റെ തായമ്പക കൊട്ടിക്കയറുകയാണ്. പുരുഷാരം അവിടെയും ഇവിടെയുമായി തിക്കി തിരക്കുന്നു..ആന മയിലൊട്ടകം മുച്ചീട്ട്കളി,യന്ത്രഉഞ്ഞാല്‍,.ചെട്ടിച്ചകളുടെവളക്കച്ചവടം..തിരക്കിന്നിടയില്‍ സുന്ദരിമാരുടെ ചന്തിക്ക് നുള്ളാന്‍ തക്കം പാര്‍ക്കുന്ന വിരുതന്മാര്‍ !!പുരുഷാരം തിക്കി തിരക്കുകയാണ്...ഇടവഴികളില്‍ ഇരുട്ടില്‍ അമര്‍ത്തിയ ശീല്‍ക്കാരങ്ങള്‍.,ഇരുട്ടില്‍ പതുങ്ങുന്ന നിഴലുകള്‍, ഒരുവള്‍ തന്റെ അരിക്കുള്ള വക കണ്ടെത്താനായി ഉടുമുണ്ടഴിക്കുന്നു ...ഉന്തു വണ്ടികളില്‍  മുട്ട പൊരിച്ചതിന്റെ മണം ഉയരുന്നു ..മുളക് ബജ്ജിയും ഓംലെറ്റും..എരിവുള്ള മുളക് ബജ്ജി കഴിച്ചു തൊണ്ട നനക്കാന്‍ പീതമ്പരേട്ടന്റെ  ചാരായക്കടയിലേക്ക് നൂറടിക്കാന്‍ ജനം ഇരമ്പുന്നു..ചീമ മുഹമ്മദിന്റെ ചായക്കടയില്‍  ആവി പറക്കുന്ന ബീഫും പൊറോട്ടയും....തെരുവിലൂടെ വെറുതെ കാഴ്ചകള്‍ കണ്ടു ഞാന്‍ അലഞ്ഞു നടന്നു..
മങ്ങിയ വെളിച്ചത്തില്‍ പൂര പറമ്പില്‍ പുരുഷാരം അലഞ്ഞു തിരിയുകയാണ്..ഉറക്കം കനം വെപ്പിക്കുന്ന  കണ്‍ പോളകളുമായി ഞാന്‍  അലഞ്ഞു തിരിയുകയായിരുന്നു..വെറുതെ ഇങ്ങനെ കാഴ്ചകള്‍ കണ്ടു പൂര പറമ്പിലൂടെ അലഞ്ഞു നടക്കുക!!  .ഏലാബിക്ക തട്ടുകടയില്‍  ബിരിയാണി ചെമ്പിന്റെ ദംമു പൊട്ടിക്കുന്നു...ഉത്സവ പറമ്പിലാകെ കൊതിപ്പിക്കുന്ന ബിരിയാണിയുടെ ഗന്ധം!! ആമ ശയതോളം ചെല്ലുന്ന നാവില്‍ വെള്ളമൂറുന്ന ബിരിയാണിയുടെ ഗന്ധം! ഇരമ്പി യാര്‍ക്കുന്ന  ഉത്സവ പറമ്പില്‍ അവിടവിടെ ചെറു തല്ലുകൂട്ടങ്ങള്‍..ചന്തിക്ക് നുള്ളിയ ഒരുത്തന്റെ കരണ തടിക്കുന്നു ഒരുവള്‍!!ആനകളുടെ ചങ്ങല കിലുക്കങ്ങള്‍..പറമ്പിന്റെ അങ്ങേ തലക്കല്‍ വെടിക്കെട്ടിന് വട്ടം കൂട്ടുന്നു..കല്ലു വെട്ടു മടയില്‍ ചീട്ടു കളിക്കാരുടെ സംഘം പന്നി മലര്‍ത്തുന്നു..ചാരായഷാപ്പില്‍ തിരക്കൊഴിയാതെ .ജനം നൂറടിക്കാനായി തിക്കി തിരക്കുന്നു..ഒരു ഉറുമ്പ് കൂട്ടം സഞ്ചരിക്കുന്നത് പോലെ പുരുഷാരം  ഉത്സവ  പറമ്പില്‍ അലഞ്ഞു തിരിയുന്നു...
തായമ്പക കഴിഞ്ഞു നടയില്‍  നിന്നും ജനം ഒഴിയുന്നു..ഇനി  നാടകമാണ്..സിനിമ തിയേറ്ററില്‍ പടം തുടങ്ങാന്‍ ബെല്ലടിക്കുന്നു..ഷക്കീലയുടെ കുളികാണാന്‍ ഉന്തും തളളും!!  ഒരു പൊടിക്കട്ടനും പരിപ്പ് വടയും..ഉറക്കംകനം തൂപ്പിക്കുന്ന കണ്ണുകളുമായി പൂര പറമ്പില്‍ അലഞ്ഞു തിരിയുകയാണ് ഞാന്‍....ഗജ വീരന്മാര്‍ ചെവിയാട്ടുന്ന ശബ്ദം.ആനയുടെ ചൂരടിക്കുന്ന ഉത്സവ പറമ്പ്...ചങ്ങല കിലുക്കം.നേര്‍ത്ത ചലനങ്ങള്‍..അതിപ്പോഴും മനസ്സില്‍ മായാതെ നില്‍ക്കുന്നു....
കതിന വെടിയുടെ ശബ്ദവും കരിമരുന്നുകത്തിയതിന്റെ ഗന്ധവും !! .പഞ്ചവാദ്യം തിമിര്‍ക്കുകയാണ്‌..തലയാട്ടുന്ന ഗജ വീരന്മര്‍,തീവെട്ടികള്‍ പിടിച്ചു നിന്നു ഉറക്കം തൂങ്ങുന്ന ചാമി ചെട്ടിയാരും സംഘവും.,.നാറുന്ന ചാരായത്തിന്റ മണം..ചെവികളില്‍ ഇരമ്പുന്ന താളമേളം..കണ്ണ്കളില്‍  കനം വെക്കുന്ന ഉറക്കത്തിന്‍റെ  വേരുകള്‍!! 
വെളിച്ചപാടു മാധവേട്ടന്‍ അമ്പലത്തിന്റെ ഒരു മൂലയില്‍ ഒതുങ്ങിയിരിക്കുന്നു. ഒരു ബീഡി പുകയുന്നു..ചെണ്ട മേളക്കാര്‍ ചെണ്ടയുടെ കേട്ട് മുറുക്കുന്നു..പിന്നെ ഒരു മൂലയിയിലേക്ക്  ചെരിയുന്നു..പഞ്ചവാദ്യം കൊട്ടി കയറുകയാണ്..ജനം തല കുലുക്കി രസിച്ചു .ആല്‍ത്തറയില്‍ കടക്കണേറിഞ്ഞു സുന്ദരിമാര്‍  കാമുകരെ വലക്കുന്നു..മേളം തിമിര്‍ക്കുകയാണ്‌.. ത്രസിപ്പിക്കുന്ന ലയവിന്യാസം..!!  ആകാശത്ത് വിരിയുന്ന കരിമരുന്നു പുഷ്പ്പങ്ങള്‍..പൂരം കൊടിയിറങ്ങി!! വഴിവാണിഭങ്ങള്‍ ,പൊരിമുരുക്ക്,ബലൂണ്‍ ,ഈതപ്പഴം,ഹല്‍വ.. അമ്പല പറമ്പില്‍ പുരുഷാരം അലഞ്ഞു തിരിയുന്നു... ഓര്‍മകളില്‍ ഞാനും!!. 
                             
                                                     .   ബിപിന്‍ ആറങ്ങോട്ടുകര .

No comments:

Post a Comment