Wednesday, November 16, 2011

സ്വപ്‌നങ്ങള്‍ വെട്ടിയൊതുക്കുമ്പോള്‍ ...

മുടി മുറിക്കാന്‍ പോയിരുന്നാല്‍ സ്വപ്നങ്ങള്‍ കാണുന്നവന്‍ ...
ഒരു തല വെച്ചു കൊടുക്കുക,പിന്നീട് സ്വപ്‌നങ്ങള്‍ കണ്ടുറങ്ങാം..
ചിലക്കുന്ന കത്രിക,നൃത്തം വെക്കുന്ന ചീര്‍പ്പുകള്‍
അവ മെല്ലെ ജോലി തുടങ്ങും..സ്വപ്നങ്ങള്‍ ഉറങ്ങുന്ന 
തല വെച്ചു കൊടുക്കുക ,സ്വപ്ന തേരിലേറി മയക്കം തുടരുക..

ഗന്ധക ഭൂമിയില്‍ ഊഷരമായ മനസ്സുകളില്‍ ഇപ്പോഴും 
നിങ്ങള്‍ കണക്കുകള്‍ കൂട്ടി കിഴിക്കുകയാണല്ലേ?
ചീര്‍പ്പുകള്‍ മാടി ഒതുക്കും ,കത്രികകള്‍ വെട്ടിയൊതുക്കും.. 
മീശയുടെ വരകള്‍,കൃതാവിന്റെ അരികുകള്‍,താടിയുടെ കനം 
എല്ലാം കണക്കിനു ഒപ്പിച്ചു നിങ്ങള്‍ക്ക് മയങ്ങാം....

അയല്‍ വക്കത്തെ  ദുരിത കഥനങ്ങള്‍ കേള്‍ക്കേണ്ടതില്ല 
നാട്ടിലെ കല്യാണത്തിന്നു കുറി വെക്കേണ്ടതില്ല..
തെരുവിലെ സമരങ്ങള്‍ക്ക് ഹാജര്‍ വെക്കേണ്ടതില്ല.. .
പലിശ കണക്കുമായി കനത്ത ശബ്ദങ്ങള്‍ പടി കടന്നു വരുന്നില്ല,
ലോണിന്റെ കുടിശ്ശിക കണക്കുമായി  ബാങ്കിന്റെ കുറിപ്പടികള്‍ 
പോസ്റ്റുമാന്റെ  സഞ്ചിയിലിരുന്നു ചിരിക്കുന്നില്ല....
സുഹൃത്തിന്റെ സങ്കട സഞ്ചിയില്‍ പങ്ക് വെക്കേണ്ടതില്ല..
തലവേദനകള്‍ ,കണക്കൊപ്പിക്കാനുള്ള തത്രപ്പാടുകള്‍ ..
ടെന്‍ഷനുകള്‍ ..ജിവിത യാത്രാപ്പാചിലുകള്‍........
ഒന്നുമറിയാതെ ചാരിയിരുന്നു മയങ്ങാം.........

കത്രികയുടെ ചിലക്കലുകള്‍ അണ്ണാരക്കണ്ണന്റെ ചാഞ്ചാട്ടങ്ങള്‍ ..
ബ്ലേഡ്ന്റെ തലോടല്‍ തളിരിലകള്‍ തഴുകിയെത്തും കുളിര്‍ക്കാറ്റാകുന്നു.
പൌഡറിന്‍  മണം കൈതപ്പൂവിന്‍ സുഗന്ധം,ലോഷന്റെ നീറ്റം
 കാന്താരി മുളകിന്‍ എരിവ് ...സ്പ്രേയറിന്‍ ശീല്‍ക്കാരം 
 ച്ചാറ്റല്‍ മഴ തന്‍ കുളിര്‍മ്മ...നോസ്ടാള്‍ജിയകള്‍ തന്‍ മേളങ്ങള്‍!

ഈ യൂഷരഭൂവില്‍ സ്വപ്നങ്ങള്‍ നിനവിലെത്തുമതിവേഗം... 
കാണാം സ്വപ്നനങ്ങള്‍ ,പരിതപിക്കാം ,രോഷാകുലരാകാം 
പ്രതികരിക്കാം... എല്ലാം,മൃദുല വികാരങ്ങള്‍ തന്‍ തലോടലുകള്‍..

തല വെച്ച് കൊടുക്കാം എല്ലാം മറക്കാം..വടി ചൊതുക്കുന്ന    
മുടിയുടെ അതിരുകള്‍ ,വെട്ടിയൊതുക്കിയ മീശത്തുമ്പുകള്‍ . ..
ക്രീം തേച്ചു മിനുക്കുന്ന കവിള്‍ തടങ്ങള്‍. .ആലസ്യമാണ്ട് തൂങ്ങിയവന്‍..
മുടി മുറിക്കാന്‍ പോയിരുന്നാല്‍ സ്വപ്നങ്ങള്‍ കണ്ടുറങ്ങുന്നവര്‍ ....  
ഗന്ധക ഭൂവില്‍ ജീവിതമുരുകി തീര്‍ന്നോര്‍ ...കിനാവുകള്‍                         
ഉരുക്കിയുരുക്കി മാണിക്യക്കല്ലുകള്‍ തീര്‍പ്പവര്‍...നമ്മളീ പ്രവാസികള്‍!  
...........................................................................
സ്വപ്‌നങ്ങള്‍ വെട്ടിയൊതുക്കുമ്പോള്‍  ...
............................................................................

Wednesday, November 9, 2011

വളപ്പൊട്ടുകള്‍....


കുപ്പി വളതുണ്ടുകള്‍ , കുഞ്ഞു വളപ്പൊട്ടുകള്‍,
പല നിറങ്ങളില്‍ ,പല രൂപങ്ങളില്‍ 
ഒരു ചില്ല് ഭരണിയില്‍ അവയെല്ലാം സൂക്ഷിച്ചു വെക്കുക..
ഇടക്കൊരു കൌതുകമോടെയവയൊന്നു പരതുക..
ഓര്‍മ്മകള്‍ മിന്നി തിളങ്ങും വേദനകള്‍ വിങ്ങി നിറയും..

എത്രയൊ സുന്ദര കരങ്ങള്‍ ,ഏതോ മധുരസ്മരണകള്‍ 
എത്രമേല്‍ ഓമനിച്ചു തലോടിയണച്ചു നിങ്ങളീ 
സുന്ദര സ്ഫടിക  രൂപങ്ങളാം സ്വപ്നങ്ങളെ ....

പച്ച നിറമാര്‍ന്നവ,കടുംചുവപ്പണിഞ്ഞവ,കറുത്തും വെളുത്തും 
കാവിയുമണിഞ്ഞു ,പല നിറങ്ങളാല്‍ കലപില കൂട്ടിയവ ...
ഒടുവിലീ ചില്ല് പേടകത്തില്‍ നിത്യ വിശ്രമം പൂണ്ടവര്‍ ..

ഒരു നാട്ടു വഴിയില്‍ ,ചെമ്മണ്ണിന്‍ പാതകളില്‍ 
പുതഞ്ഞു കിടന്നവര്‍ , ചെളിമണ്ണ്  കുഴഞ്ഞ 
പാതയോരങ്ങളില്‍ ,ബാല്യകാല കേളികള്‍ തന്‍ 
 സ്കൂള്‍ വരാന്തകളില്‍ പൊട്ടി  വീണവര്‍ ...
ആളൊഴിഞ്ഞോരിടവഴിയില്‍ കാമുക സ്പര്‍ശമേറ്റു
പുളകമണിഞ്ഞവ ,കാമ ജ്വാലയിലമര്‍ന്നു ഞെരിഞ്ഞവ ..  
ഉടഞ്ഞു പോയവ ,കണ്ണീരുപ്പു പുരണ്ടവ ....
ചിതറി വീണവ , ചിലപ്പോള്‍ വെറുപ്പോടെ ത്യജിച്ചവ..
ഓര്‍മ്മകള്‍ തന്‍ തീരങ്ങളില്‍ മറവിതന്‍ 
ആഴങ്ങളില്‍പുതഞ്ഞു പോയവ നിങ്ങളീ സ്ഫടിക തുണ്ടുകള്‍..

നിറയെ മധുര മനോജ്ഞമാം ഓര്‍മ്മകള്‍ മാത്രമെങ്കിലുമീ 
ചില്ല് ഭരണി നിറക്കാന്‍ അത്രമേല്‍ കഷ്ട്ട പെട്ടുവോ?
എങ്കിലുമെത്ര സുന്ദരമീക്കാഴ്ചകള്‍.. ആയിരം വര്‍ണ്ണങ്ങള്‍ 
വാരി വിതറും പോല്‍ സൂര്യ രശ്മികള്‍ വെട്ടി തിളങ്ങുമവയില്‍... 
എത്ര സുന്ദരമീ  സ്ഫടിക തുണ്ടുകള്‍..എത്ര മധുരമാം ഓര്‍മ്മകള്‍ ..
 
ഇടയ്ക്കിടെ ഒന്നോമനിക്കാന്‍,ഓര്‍ത്തു വെക്കാന്‍..കൂട്ടി വെക്കുക  
നാമീ സന്തോഷപ്പൊട്ടുകള്‍,കൊച്ചു വളപ്പൊട്ടുകള്‍ തന്‍ കൂമ്പാരങ്ങള്‍..!!  
.........................................................................................................
                             വളപ്പൊട്ടുകള്‍....
.........................................................................................................

Tuesday, November 8, 2011

കാവ്യലഹരി..

ഒരിക്കലെന്‍ പാദമൊരു മുള്‍ മുനയാല്‍ മുറിഞ്ഞുപോയ് ..
ചോര പൊടിയും വേദന ,നേരിയ കടച്ചില്‍..
പറിച്ചെറിയാന്‍ കഴിയാത്ത പിടച്ചിലുകള്‍ ....
ഉണങ്ങാത്തൊരു മുറിവ് പോല്‍ മനസ്സിന്‍ വിങ്ങലുകള്‍..
വിങ്ങി നില്‍ക്കും മുറിവായില്‍ ഓര്‍മ്മകളാം 
കണ്ണീര്‍ ചാലുകള്‍ ധാരയായി ഒഴുകിയിറങ്ങീ.. ...

നേര്‍ത്ത മാധുര്യമോലും കയ്പ്പ് നീരാംസ്നേഹമോ
ഒന്ന്‌പുളിക്കും ചവര്‍ക്കും പിന്നെ കയ്ക്കുമെങ്കിലുമീ 
ചൂഴുന്ന  വേദനകള്‍ മനസ്സിലൊരു വിങ്ങലായി 
ശിരസ്സിലേറ്റോരമ്പിന്‍ മുറിവ് പോല്‍  ഒരിക്കലുമുണങ്ങാത്ത 
കുങ്കുമ ക്കുറിയായി നീയണിഞ്ഞു നെറ്റിയില്‍....
കാത്തു നിന്നു ഞാനൊരിക്കലീ സങ്കട പാത തന്നരികില്‍..  
എന്‍  കുറിമാനവും കയ്ക്കലാക്കി ഓടിയകന്നു പോയ്‌ നീ.. ..

കുത്തിയ മുള്‍മുന മനസ്സിലൊരു പോറല്‍ വീഴ്ത്തിയോ..
തിങ്ങി വിങ്ങും വേദന തന്‍ നീറ്റമേന്നോതുന്നു ഞാനും. ..
പറിച്ചെറിയാന്‍  വിതുമ്പുന്നെന്‍  മനമെങ്കിലുമെത്രയോ 
സ്വപ്ന മാധുര്യമെത്രയോ സങ്കടകടലുകള്‍ നാമോന്നിച്ചു 
താണ്ടിയതോര്‍മ്മയില്‍ നിറയുന്നുവോ സഖീ....
നിറയുന്നു നിന്‍ കണ്ണിണകള്‍ ,മറയുന്നു നിന്‍ 
മൃദുഹാസവുമെനിക്കിനിയെല്ലാമൊരോര്‍മ്മ മാത്രം..

ഓടിയകന്നു നീയോരിക്കലെന്‍ ജീവിത പാതയില്‍ നിന്നെന്നാലും 
കാത്തു കാത്തിരിപ്പൂ പ്രിയ കാമിനി നിന്നെ ഞാനിപ്പോഴും .
വരുമെന്ന് നിനചിരിപ്പൂ ഞാന്‍ പ്രിയേ...വരൂ നീയെന്നരികില്‍, 
പുണരൂ ഗാഡംനിന്‍ കരങ്ങളാല്‍ പ്രിയേ, കാവ്യ ദേവതയാംനിത്യ രൂപിണീ....
പകരൂ നിന്‍ പുണ്യ സ്പര്‍ശമെന്‍ മൂര്‍ധാവിലൊരു സ്നേഹാമൃതമായ് ...
പുണരൂ നീയെന്നെ തീവ്രമാം സ്നേഹ ജ്വാലയാല്‍ ....
പകരൂ ജീവ ജലം പോല്‍ നിന്‍ മാന്ത്രിക കരങ്ങള്‍ തന്‍ 
തലോടലുകള്‍..നിറയൂ നീയെന്നിലൊരു  നിറ നിലാവായി ..

നിറയട്ടെ നിന്‍ ചോദനയെന്‍ തൂലികയില്‍ ....ഉയരട്ടെ നിന്‍ 
ഗാഥകളെന്‍ വരികളില്‍..വരൂ ,ദേവതേ നീയെനെന്നരികില്‍              
പകര്‍ന്നു നല്‍കൂ നിന്‍ കൃപാ കടക്ഷമെന്നില്‍ ..പുണരൂ ഗാഡം             
നീയെന്നെ കാവ്യാംഗനേ..മുഴുകട്ടെ ഞാന്‍ നിന്നിലൊരു ലഹരിയായി ..
അലിയട്ടെ  ഞാന്‍ നിന്നില്‍, നിതാന്തമാം കാവ്യ ലഹരിയില്‍ ....                        
...........................................................................................................
                                  കാവ്യലഹരി..
............................................................................................................