Thursday, October 27, 2011

. കള്ളന്മാര്‍ വാഴുന്ന കാലം..

ഒരു കള്ളനോട് എന്ത് പറഞ്ഞാണ് നിങ്ങള്‍ അടുക്കുക?
കണ്ണില്‍ കണ്ണ്നോക്കി നിങ്ങളവനെ കീഴ്പ്പെടുതുമോ  ?..
മനസ്സില്‍ മനസ്സു ചേര്‍ത്ത് അവനെ ഒതുക്കുമോ?

ഒരിക്കലവന്‍ മോഷ്ട്ടിച്ചത് നിന്റെ ഹൃദയമായിരുന്നു..
ആര്‍ക്കോ വേണ്ടി കരുതി വെച്ച ഒരു സ്വപ്നം,
എന്തിനോ വേണ്ടി സൂക്ഷിച്ചു വെച്ച ഒരുടല്‍.. 
ഒന്നും ബാക്കി വെക്കാതെ അവനെല്ലാം കവര്‍ന്നു..
ഒരിക്കല്‍ കവര്‍ന്നു പോയാല്‍,എല്ലാം അടിമപ്പെട്ടു പോയാല്‍ 
പിന്നെ എന്താണ് നിങ്ങളവന് വേണ്ടി കാത്തു വെക്കുക..?

എങ്ങനെയാണ്  കള്ളന്മാര്‍ കറങ്ങി നടക്കുന്നത്?                                  
നനുത്ത പാദപതനങ്ങള്‍..പതിഞ്ഞ ശബ്ദങ്ങള്‍ ..
എന്നിട്ടും അയാള്‍ എങ്ങനെ പിടിക്കപ്പെടുന്നു..? 
കെട്ടിയിടപ്പെട്ട ഒരുടല്‍ ,കൂട്ടിക്കെട്ടിയ കൈത്തണ്ടകള്‍ ..
കലങ്ങിയ നെഞ്ചിന്‍ കൂട്,വീങ്ങിയ മുഖം,പൊട്ടിയ ചുണ്ടുകള്‍..
പരിഹാസതുപ്പലുകള്‍ ഏറ്റു കുനിഞ്ഞു പോയ ശിരസ്സ്‌..

കള്ളന്മാര്‍ കറങ്ങി നടക്കുമ്പോള്‍..
നിങ്ങള്‍ എന്ത് ചെയ്യുകയായിരുന്നു?
തീന്മേശയില്‍ അപ്പവും വീഞ്ഞും പങ്കു വെക്കുക.
മെത്തയില്‍  മതി മറന്നു ഭോഗിക്കുക..
പിന്നെ അലസമായി ചാഞ്ഞു മയങ്ങുക..

പിടിക്കപ്പെട്ടു പോയ ഒരു കളളന്‍ കയര്‍ തുമ്പില്‍
കെട്ടിയാടുന്ന പേരില്ലാത്ത  മുഖം മാത്രം....
എങ്കിലും ഒരു കളളന്റെ പട്ടടയില്‍ നിന്നും  
അവര്‍ ഉയിര്‍ത്തെഴുന്നെല്‍ക്കുക തന്നെ ചെയ്യുന്നു!!

നമ്മളോ ഉണ്ടും ഉറങ്ങിയും മതി മറന്നും
അലസ വിശ്രമം തേടുകയാണെന്നും,..
കാലമൊരിക്കല്‍.. ഒരു പേമാരിയായി 
ആര്‍ത്തലച്ചു നമുക്ക് മേലെ പെയ്തിറങ്ങും.....

                              . കള്ളന്മാര്‍ വാഴുന്ന കാലം..
                                                                      .ബിപിന്‍.

Tuesday, October 25, 2011

ഒരു ബീഡി വലിക്കുമ്പോള്‍......

ഒരു ബീഡിക്കുറ്റി എരിഞ്ഞു തീരുമ്പോള്‍ 
ഒരാളുടെ മനസ്സ്‌ എരിഞ്ഞുരുകുന്നത് കാണാം..
വെട്ടിയൊതുക്കിയ ഇലയില്‍  പാകത്തില്‍ 
പാകിയ ചുക്കയും കെട്ടിയൊതുക്കിയ ഓര്‍മ്മകളും..
ഉയരുന്ന പുകച്ചുരുളുകള്‍ കരിഞ്ഞു പോയ ഓര്‍മ്മകളാണ്..
ഊതിയകറ്റിയ പുകവലയങ്ങള്‍ കാലത്തിന്റെ ശേഷിപ്പുകള്‍..

സ്വാദോടെ ആഞ്ഞു വലിച്ചു തീര്‍ത്തു ബീഡിയെങ്കിലും 
കയ്പ്പ്  ഊറുന്ന ഒരു പുക കൂടി ബാക്കി നില്‍ക്കുന്നു..
എത്രകാലമീ കൊടും തണുപ്പില്‍,മടുപ്പില്‍ ,സംഘര്‍ഷങ്ങളില്‍  
നീയൊരു പുക വലയമായി ഉയര്‍ന്നു പൊങ്ങീ..

എരിഞ്ഞു തീരുന്ന ഒരു മനസ്സാണ്,
ഒരിക്കല്‍ കത്തിയാല്‍ താനേ എരിഞ്ഞടങ്ങുമൊരു 
മനസ്സിന്‍ വിചാരമാണീ ബീഡിക്കുറ്റികള്‍...
പഴകിയ സ്മരണകള്‍  മഞ്ഞ പുകചുരുളായി
ശ്വാസ കോശങ്ങളില്‍ വിങ്ങുന്ന ചുമയാകുന്നു..

എത്ര കുറി ,എത്ര വഴിത്താരകള്‍ നീയീ മനതാരില്‍ 
ചേര്‍ത്ത് വെച്ചൊരു ചവര്‍പ്പുള്ള പുകയിലചുരുളുകള്‍ ..
കത്തിച്ചു വലിച്ചൂതിയ പുകവലയങ്ങള്‍ ..
കൊക്കിയും കാറിയും കഫം കെട്ടിയ തൊണ്ടകള്‍.
 ..
കറുത്ത് പോയ ചുണ്ടുകള്‍ ,മങ്ങിയ സ്മരണകള്‍ ,                                 
കത്തിയമര്‍ന്ന കാലങ്ങള്‍..അടര്‍ന്നു വീഴുന്ന തീപ്പൊരികള്‍..

ഒടുവിലെല്ലാം കാലമാം കാറ്റില്‍ പറന്നു
പാറിയകന്നു പോകും  ചാരങ്ങള്‍ മാത്രം..
.....................................................................................
                  ഒരു ബീഡി വലിക്കുമ്പോള്‍...... 
..........................................................................................
                                                            . ബിപിന്‍.

Tuesday, October 11, 2011

ഹൈന്ദവ ആചാരങ്ങള്‍ ..ഒരെത്തി നോട്ടം..


 ഹൈന്ദവ ആചാരങ്ങള്‍ ..ഒരെത്തി നോട്ടം..തുടരുന്നു..
.............................................................................................................................
രണ്ട്:പേരിനോടൊപ്പം 'ശ്രീ'  എന്ന്‍ ചേര്‍ക്കുന്നത്  എന്തിനു?
...............................................................................................................................

ഒരു ബഹുമാന സൂചകമായി പേരിനോടൊപ്പംപലപ്പോഴും  ശ്രീ എന്ന്‍ ചേര്‍ക്കാറുണ്ട് ....ഹൈന്ദവ ആചാര പ്രകാരം 'ശ്രീ' എന്ന്‍ ചേര്‍ക്കുന്നതിന്റെ പൊരുള്‍ എന്താണ് എന്ന്‍ പരിശോധിക്കാം...  

ശ്രീ എന്നത് ഭാഗ്യ ദായകമാണെന്ന് പറയപ്പെടുന്നു.   ''ശ ,ര ,ഈ "  ഇവ മൂന്നും ചേര്‍ന്നാണ് ശ്രീ എന്നതു രൂപം കൊള്ളുന്നത്‌ .......ഇവയഥാക്രമം ആത്മാവ്പ്രകൃതി  , ജീവന്‍ എന്നിവയെ  അര്‍ത്ഥമാക്കുന്നു. ശ്രീ എന്ന വാക്ക് ആദി ശക്തി യാണെന്ന് ഗണിക്കുന്നു..ലോകം തന്നെ ജന്മം കൊണ്ടത്‌ ഈ ശക്തിയില്‍ നിന്നും  ആണെന്ന് ഗണിക്കപ്പെടുന്നു..സകല ചാരാ ചരങ്ങളുംസകല ലോകങ്ങളും രൂപം കൊണ്ടത്‌ ഇതില്‍ നിന്നാണെന്നും ഒരു വാദം!
തന്മൂലം ഇതിന്റെ അംശം ഉണ്ടെങ്കില്‍ അത്  ഐശ്വര്യദായകമാണെന് കരുത പ്പെടുന്നു..മാത്രമല്ല ഏതൊരു നാമരൂപതിനും പൂര്‍ണ്ണത വരണമെങ്കില്‍ അതിനു സ്ത്രീ ശക്തിയായ മഹാമായ അഥവാ ദേവി സങ്കല്പം കൂടിയേ തീരൂ..അത് പൂര്‍ത്തീകരിക്കാനാണ്  ശ്രീ എന്ന പദം ഏതൊരു  നാമത്തിന്റെ മുന്നിലും ചേര്‍ക്കുന്നത്! അപ്പോഴേ ഈശ്വരനായാലും  രാജാവായാലും പൂര്‍ണ്ണത കൈവരികയുള്ളൂ!  അതായത് ശ്രീ എന്നതു  ദേവി രൂപം അല്ലെങ്കില്‍ സ്ത്രീ ലിംഗമായ മൂലപ്രകൃതിയുടെ പ്രതി രൂപമാണ്! അപ്പോഴേ എന്തിനും പൂര്‍ണ്ണത വരികയുള്ളൂ..അത് ഐശ്വര്യ ദായകവുമാണ്  !
ഈശ്വരന്‍ ആണെങ്കില്‍  പോലും ശ്രീ എന്ന്‍ ചേര്‍ത്ത് വിളിക്കുന്നത് ഐശ്വര്യ ദായകമാണത്രെ !  ഉദാഹരണം ശ്രീരാമന്‍,ശ്രീകൃഷ്ണന്‍ അങ്ങനെ..അപ്പോള്‍ ദൈവങ്ങള്‍ക്ക് പോലും ശക്തി വരണമെങ്കില്‍ അല്ലെങ്കില്‍ ഐശ്വര്യം വരണമെങ്കില്‍ ശ്രീ എന്ന്‍ മുന്‍പില്‍ ചേര്‍ക്കണം! ഐശ്വര്യമില്ലാത്ത  ദൈവത്തിനെ ആരും പ്രാര്‍ത്ഥിക്കേണ്ട കാര്യമില്ലല്ലോ!! ഇവിടെ പ്രകൃതിയുടെ മറ്റൊരു നിയമമാണ് പാലിക്കപ്പെടുന്നത്..സ്ത്രീയും പുരുഷനും ചേരാതെ പൂര്‍ണ്ണതയില്ല എന്ന പ്രകൃതി സങ്കല്പം!
ഒരു വ്യക്തിയെ  പൂര്‍ണ്ണമാക്കുന്നത് പ്രധാനമായും അഞ്ചു കാര്യങ്ങളാണ് .നാമം,രൂപം,സ്ഥാനം ,ഗുണം,സ്വഭാവം..എന്നിങ്ങനെ അഞ്ചു കാര്യങ്ങള്‍..അതില്‍ നാമം പ്രധാനമത്രേ..ഞാന്‍ എന്ന്‍ വേര്‍തിരിച്ചു  അല്ലെങ്കില്‍ ഇന്നയാള്‍ എന്ന് വേര്‍തിരിച്ചു പറഞ്ഞത് കൊണ്ട് പൂര്‍ത്തീകരണം വരുന്നില്ല..അത് പ്രകൃതി നിയമമാണ്..നാമ രൂപാദി കള്‍ ആത്മാവിന്റെ  അല്ല പ്രകൃതിയുടെതാണ്..അത് കൊണ്ട് ഒറ്റയായി നില്‍ക്കുന്ന നാമരൂപത്തെ പ്രകൃതീ സ്വരൂപമാക്കാനാണ് ശ്രീ എന്ന്‍ ചേര്‍ക്കുന്നത്....
എന്തിനും ഏതിനും സ്ത്രീ നാമധേയം ആദ്യം വരികയാണ് വേണ്ടത്..അതായതു പ്രഥമ സ്ഥാനം സ്ത്രീ ശക്തിക്കാണ് .അല്ലെങ്കില്‍ പരമമായ ദേവീ ശക്തിക്കാണ്!..അതില്ലെങ്കില്‍ പൂര്‍ണ്ണതയില്ല..മാതാപിതാക്കള്‍,രാധാ മാധവന്‍,ഗൌരീ ശങ്കരന്‍  സീതാരാമന്‍..അങ്ങനെ ഉദാഹരണങ്ങള്‍! പ്രഥമ സ്ഥാനം ദേവീ ശക്തിയെ കാണിക്കുന്നു..പുരുഷ നാമധേയ തോടൊപ്പം ദേവീ ശക്തി അല്ലെങ്കില്‍ സ്ത്രീ ശക്തി കൂടി ചേര്‍ന്നാലേ അത് പൂര്‍ണ്ണമാകൂ....അത് പ്രകൃതി നിയമമാണ്..!
ഹിന്ദു മതത്തിലെ ദൈവ സങ്കല്‍പ്പത്തോട് വളരെ ബന്ധപ്പെട്ടു നില്‍ക്കുന്നു  ശ്രീ എന്ന നാമ രൂപം!  

ആചാരങ്ങള്‍ പലപ്പോഴും പാലിക്കപ്പെടുന്നത്  ചില മുന്‍ വിധികളെ മുന്‍ നിര്‍ത്തിയാണ്..ചിലവ യാതൊരു അര്‍ത്ഥവും ഇല്ലാത്ത കീഴ്വഴക്കങ്ങള്‍ ആണ്!
പൂര്‍വ സൂരികള്‍ക്ക്  പറ്റിയ ചില അബദ്ധങ്ങള്‍ പിന്‍ തലമുറ പിന്‍ തുടരുകയും പിന്നീടവ ശീലങ്ങള്‍ ആയി മാറുകയും ചെയ്യുന്നു!!
ഒരു പഴയ കഥയുണ്ട്..പിതാവിന്റെ ശ്രാദ്ധ കര്‍മ്മങ്ങള്‍ ചെയ്യുകയായിരുന്നു മകന്‍.  കാക്ക ബലി ചോറ്  കൊത്താന്‍ വൈകി .തൊട്ടപ്പുറത്ത് വളര്‍ത്തു പൂച്ച അത് നോക്കിയിരിക്കുന്നു..പൂച്ചയത് തൊട്ടുതോണ്ടി അശുദ്ധമാക്കണ്ട എന്ന്‍ കരുതി മകന്‍ പൂച്ചയെ ഒരു കൊട്ടക്കകത്താക്കി അടച്ചു വെച്ചു ..ഈ പ്രക്രിയ  വളര്‍ത്തു പൂച്ചകള്‍ എക്കാലവുമുണ്ടായിരുന്നത് കൊണ്ട് തുടര്‍ന്ന്‍ പോന്നു..അദ്ധേഹത്തിന്റ ബാലനായ  മകന്‍ ഇതൊരു കൌതുകമോടെ കണ്ടിരിക്കുന്നുണ്ടയിരുന്നു..കാലമേറെ കഴിഞ്ഞു ഈ ബാലന്‍ വളര്‍ന്നു ..മരണം അവന്റെ പിതാവിനെ കൊണ്ട് പോയി..പിതാവിന്റെ ശ്രാദ്ധ കര്‍മ്മങ്ങള്‍ ചെയ്യാന്‍ ആരംഭിച്ച പുത്രന്‍ ബാല്യകാലത്ത്‌ താന്‍ കണ്ടത്‌ പ്രകാരം ആദ്യം ഒരുക്കി വെച്ചത് ഒരു പൂച്ചയെയും അതിനെ മൂടി വെക്കാന്‍ ഒരു കുട്ടയും ആയിരുന്നു!! തലമുറകളിലൂടെ ഈ മാര്‍ജ്ജാര വിക്രിയ കൈമാറി വന്നപ്പോഴേക്കും അതൊരു ശീലമായി മാറിയിരുന്നു!! പിതാവ് പൂച്ചയെ അടച്ചു വെക്കുന്നത്  മാത്രം നിരീക്ഷിച്ച ബാലന്‍ അതെന്തിന് വേണ്ടി എന്ന്‍ അറിഞ്ഞില്ല!.അനേക തലമുറകള്‍ക്ക്  ശേഷം കര്‍മ്മത്തിന്  പൂച്ചയെയോ  കൊട്ടയോ  കിട്ടാതെ വിഷമിച്ചവരും ഉണ്ടായിട്ടുണ്ടാവും !! അപ്പോള്‍ ആചാരം ഒരു വിഷമം ആകുന്നു..അര്‍ത്ഥ ശൂന്യമായ ഒരു പ്രവര്‍ത്തി വിഷമം ജനിപ്പിക്കുന്നു..!!
ഇതാണ് പലപ്പോഴും മിക്ക ആചാരങ്ങളുടെയും സ്ഥിതി! എന്തിനു വേണ്ടി,എന്ത് അര്‍ത്ഥത്തില്‍ ചെയ്യുന്നു എന്ന്‍ ആരും അറിയുന്നില്ല!! കാലങ്ങളായി ശീലിച്ചു പോരുന്ന ചില അനാചാരങ്ങള്‍ മാത്രമാണവ! അല്ലെങ്കില്‍ അര്‍ത്ഥ ശൂന്യമായ ചില പ്രവര്‍ത്തികള്‍  മാത്രം! 
നിങ്ങളുടെ  അഭിപ്രായങ്ങളും പങ്കു വെക്കുമല്ലോ..  വേറൊരു വിഷയവുമായി വീണ്ടും വരാം!  (തുടരും..)
                                             .ബിപിന്‍.

Friday, October 7, 2011

ഹൈന്ദവ ആചാരങ്ങള്‍ ..ഒരെത്തി നോട്ടം..

 ഹൈന്ദവ ആചാരങ്ങള്‍ ..ഒരെത്തി നോട്ടം..
പല ആചാരങ്ങളും നമുക്ക് ശീലങ്ങളാണ്..പണ്ട് മുതലേ ചെയ്തു പോകുന്നത് കൊണ്ട് നമ്മളും പാലിക്കുന്നു എന്ന്‍ മാത്രം..അല്ലാതെ അത് എന്തിനു അല്ലെങ്കില്‍ എന്ത് കൊണ്ട് എന്ന് ചിന്തിക്കാറില്ല..! കാലങ്ങളായി പിന്തുടര്‍ന്ന് പോകുന്നത് കൊണ്ട് നമ്മളും പാലിച്ചു പോരുന്നു എന്ന് മാത്രം ! എന്ത് കൊണ്ട് ഇങ്ങനെ  ചെയ്യുന്നു  എന്ന്‍ വല്ലപ്പോഴും ആലോചിട്ടിട്ടുണ്ടോ? ചില ഹൈന്ദവ ആചാരങ്ങള്‍ അന്യ മതസ്ഥര്‍ക്കും ശീലങ്ങളാണ്‌..പക്ഷെ ആ ആചാരങ്ങളുടെ അര്‍ത്ഥമെന്ത് എന്നും അതിന്റെ അടിസ്ഥാനം എന്ത് എന്നും വല്ലപ്പോഴും ചിന്തിച്ചിട്ടുണ്ടോ?
അങ്ങനെയുള്ള ഒരു ചോദ്യത്തിന്റെ, അന്വേഷണത്തിന്റെ  ഭാഗമായി ഞാന്‍ കണ്ടെത്തിയ ചില കാര്യങ്ങള്‍......പലതും കേട്ടറിഞ്ഞതും  വായിച്ചറിഞ്ഞതും ആണ്....തെറ്റ് പറ്റാം..കൂടുതല്‍ അറിവുള്ളവര്‍ തിരുത്തുമെന്ന പ്രതീക്ഷയോടെ...

വലതു കാല്‍ വെച്ചു തന്നെ തുടങ്ങാം അല്ലേ?
ഒന്ന്‌:വലതു കാല്‍ വെച്ചു കയറുക:
എന്ത് കൊണ്ടാണ് വലത് കാല്‍ വെച്ചു കയറണം എന്ന്‍  പറയുന്നത്? ഹൈന്ദവ ആചാര  പ്രകാരം അതിന്നുള്ള പ്രാധാന്യം എന്താണ്? എങ്ങനെയാണ് നമ്മള്‍ പാദം ഊന്നേണ്ടത്?
പല നല്ല കാര്യങ്ങളും നമ്മള്‍ തുടങ്ങുന്നത് വലതുകാല്‍ വെച്ചാണ്! കാര്യ വിജയതിന്നും ഐശ്വര്യത്തിനും അത് കാരണമായി തീരുമെന്ന് പറയുന്നു..പക്ഷെ ,എങ്ങനെയാണു വലതു കാല്‍ വെക്കേണ്ടത് എന്ന് അറിയാമോ? വിവാഹിതയായ ഒരു സ്ത്രീ വലതുകാല്‍ വെച്ചാണ് ആദ്യ മായി ഭതൃഗൃഹത്തിലേക്ക് പ്രവേശിക്കേണ്ടത് എന്ന് പറയാറുണ്ട്‌..എന്നാല്‍ സത്യത്തില്‍ അങ്ങനെയാണോ വേണ്ടത്?  
ശരീര ശാസ്ത്ര പ്രകാരം  പുരുഷന് വലത് ഭാഗവും സ്ത്രീക്ക് ഇടതു ഭാഗവുമാണ് പ്രാധാന്യം.. പുരുഷന്റെ വലതു വശത്തെ നാഡിയാണ്  'പിംഗള' .സ്ത്രീയുടേതു ഇടതു വശത്തെ നാഡിയായ  'ഇഡയും".    ''പിംഗള"  പ്രവര്‍ത്തനത്തിന് പ്രാമുഖ്യം ഉള്ളതും "ഇഡ' ആഗ്രഹത്തിന് പ്രാധാന്യം ഉള്ളതും ആണത്രേ..തന്മൂലം സ്ത്രീ എപ്പോഴും ആഗ്രഹങ്ങള്‍ കൂടുതല്‍ ഉള്ളവളും പുരുഷന്‍ കൂടുതല്‍ പ്രവര്‍ത്ത നോന്മുഖനും  ആയിരിക്കുമത്രേ! ചുരുക്കത്തില്‍ പ്രകൃതിയുടെ ,അല്ലെങ്കില്‍  മഹാ ശക്തിയുടെ രണ്ട് വശങ്ങളെ ഉള്‍ക്കൊള്ളുന്നു പുരുഷന്റെ  വലത് ഭാഗവും  സ്ത്രീയുടെ ഇടതു ഭാഗവും..ശരീര ശാസ്ത്ര പ്രകാരം പുരുഷന് വലതു വശത്തിനും സ്ത്രീക്ക് ഇടതു വശത്തിനും പ്രാമുഖ്യം ഉണ്ടത്രേ!പുരുഷന്‍ ആദ്യം മുന്നോട്ടു വെക്കുന്നത് വലത് കാലും സ്ത്രീ ഇടതു കാലും ആണ്!! 
ആദി ശക്തിയായ  ദേവിയുടെ അല്ലെങ്കില്‍ പരാശക്തിയുടെ രണ്ട് വശങ്ങളാണ് പുരുഷനും സ്ത്രീയും..അല്ലെങ്കില്‍ പ്രപഞ്ചത്തിന്റെ  രണ്ട് വശങ്ങള്‍!! അതായതു ക്രിയാശക്തിയും  ഇച്ചാശക്തിയും ! അപ്പോള്‍ പുരുഷന്‍ ഇടതു പാദം പടിക്കെട്ടില്‍ ഊന്നി വലതു കാല്‍ അകത്തേക്ക് വെക്കണമെന്നും  സ്ത്രീ  വലത്പാദം ഊന്നി  ഇടതുകാല്‍  അകത്തേക്ക്  വെക്കണമെന്നും ആണ് നിയമം..
അപ്പോള്‍ പുരുഷനിലൂടെ ക്രിയയും സ്ത്രീയിലൂടെ ആഗ്രഹം അഥവാ ഇച്ചാശക്തി യും അകത്തേക്ക് ഗമിക്കുന്നു...അത് ദേവി സ്വരൂപമായ ആദി പരാ ശക്തിയാണെന്നും  തന്മൂലം ഐശ്വര്യതിന്നും സമ്രുദ്ധിക്കും ഇത് കാരണമാകുന്നു എന്നും പറയപ്പെടുന്നു!!
പക്ഷെ,പലപ്പോഴും നേരെ വിപരീതമാണ് നമ്മള്‍  ശീലിചിട്ടുള്ളതും പാലിക്കുന്നതും!! മാത്രമല്ല  ഹൈന്ദവര്‍ അല്ലാത്ത അന്യ മതസ്ഥര്‍  ഇത്  പാലിക്കുന്നുമുണ്ട്‌ ..അതൊരു പൊതു ആചാരം ആയിരിക്കുന്നു..ആപ്പോള്‍  ദേവി സങ്കല്‍പ്പത്തോട് ബന്ധപ്പെട്ട ഈ ആചാരം മറ്റു മതസ്ഥര്‍ പാലിക്കുന്നതിന്റെ  ആവശ്യമെന്ത്?
ഇനി മറ്റൊരു ആചാരവുമായി പിന്നെ വരാം.. കൂടുതല്‍ അറിവുള്ളവര്‍  അത് പങ്കു വെക്കുമെന്ന് കരുതുന്നു..  ( തുടരും..)
                                                                 .ബിപിന്‍.

Thursday, October 6, 2011

ഫാര്‍മസി കവിതകള്‍:

ഫാര്‍മസി  കവിതകള്‍:മൂന്ന്:
                         ജീവിതം ഒരു രാസഘടന
ഫാര്‍മസി ലാബിന്റെ കതകിനു മഞ്ഞ നിറംതേച്ചതാരാണ്?
വിജാഗിരി ഇളകിയ കതകിന്നു കിറുകിരുപ്പിന്റെ  
മുരടന്‍ ശബ്ദമാണ്..ഡിസക്ഷന്‍ ടേബിളില്‍ 
നെഞ്ച് കീറിയ ഒരു തവളയുടെ പിടക്കുന്ന ഹൃദയം..
ത്രസിക്കുന്ന ഞരമ്പുകള്‍,ടിക്ക് ടിക്ക് താളം..
ഒരു ബ്ലേഡിന്‍ വായ്ത്തല മിന്നുന്നു..
ചീറ്റി തെറിക്കുന്ന ചോരപ്പൂവുകള്‍....
തൊട്ടപ്പുറത്ത് ഇന്ദുവിന്റെ  വെളുത്ത കോട്ടില്‍ 
ചോരപ്പൂക്കള്‍ ഒരു ചിത്രമായി വിരിയുന്നു..
അടക്കിയ ഒരു കാറല്‍ അവളുടെ തൊണ്ടയില്‍ ..

പിടക്കുന്ന ഒരു ഹൃദയത്തിന്റെ കണക്കെടുപ്പായിരുന്നു .. 
മിനുട്ടുകള്‍  മാത്രം നീളുന്ന ഹൃദയ മിടിപ്പുകള്‍
വെളുത്ത താളുകളില്‍ പകര്‍ത്തിയെഴുതുക  ...
ജീവിതം പകരമായി നല്‍കാമെന്നു ഞാന്‍ ..
ചുണ്ടിലൊരു നേര്‍ത്ത പരിഹാസമാണവള്‍ തന്നത് ..

കെമിസ്ട്രി  ലാബിന്റെ പകലുകള്‍ക്ക് 
ടെസ്റ്റുടുബില്‍ പുകയുന്ന ആസിഡിന്റെ ഗന്ധമാണ് ..
വാഷുബേസിനില്‍ ഒഴിച്ച് കളയുന്നരാസലായനികള്‍
ഒഴുകി പോയ ജീവിതമാകുന്നു....
തിരിച്ചെടുക്കാന്‍ കഴിയാത്ത കോമ്പിനേഷനുകള്‍..
വേര്‍ തിരിഞ്ഞു പോയ രാസഘടകങ്ങള്‍.. 
ജീവിതത്തിന്റെ രസതന്ത്രം ഒരിക്കലും പിടിതരാത്ത 
സമ വാക്യങ്ങളുടെ  കൂട്ടമാണ്.. ..

ശരീര ശാസ്ത്രം പഠിചെടുക്കുന്നത് ഒരിക്കലും എളുപ്പമല്ല..
സങ്കീര്‍ണ്ണമാണ് മനസ്സിലെ ചുഴികളും മലരികളും..
ചേര്‍ന്ന് നില്‍ക്കുന്ന ഒരു ശരീരത്തിന്റെ ഇളം ചൂടു
വിരലുകളില്‍  മൃദുലതയായി അലിയുന്നു....
മുടിയിഴകളില്‍ കോര്‍ത്ത്‌ പിടിക്കുന്ന നീളമുള്ള വിരലുകള്‍ ..
ഒരു ചുംബനത്തിന്‍റെ ചൂടു എന്നെ ഇപ്പോഴും പൊള്ളിക്കുന്നു..
രക്തത്തിന്റെ രാസഘടനയിലെ മാറ്റം അവളുടെ ശ്വാസത്തിന് 
സുഗന്ധം നല്കിയതെങ്ങിനെ യാണ്‌?.......................

രക്തത്തിന്റെ പിഎച് ഘടന എത്രയാണ്?
സസ്പെന്‍ഷന്‍ കുറുക്കുന്നതെങ്ങിനെ?
ഇമല്‍ഷന്‍ എങ്ങനെയാണ് നിര്‍മ്മിക്കുന്നത്?
അന്റാസിഡ് ആമാശയത്തില്‍ എന്ത് ചെയ്യുന്നു?
കലാമിന്‍ ലോഷന് പിങ്ക് നിറം എന്ത് കൊണ്ട്?
ഓയന്റ്മെന്റിന്റെ  ബേസ് എന്താണ്? 
ചോദ്യങ്ങള്‍ക്ക്  ഉത്തരം എങ്ങനെ എഴുതണം?

പരസെട്ടമോള്‍  കെമിക്കല്‍ ബോണ്ട് അഴിച്ചതും 
പനിയും നീര്‍കെട്ടും തമ്മിലെന്താണ് ബന്ധം?
സ്ത്രീ ശരീരം അഴിയാത്ത ഒരു രാസഘടനയാണ്..
അവളുടെ മനസ്സു ഉത്തരം തരാത്ത രാസസമവാക്യം..!
 ജീവിതം ഉത്തരം കിട്ടാത്ത ,ഒരിക്കലും അഴിയാത്ത 
രാസഘടനയാണ്..വായിച്ചു പഠിക്കാന്‍ എളുപ്പമല്ലാത്ത ഒന്ന്‌!
                                                                        .ബിപിന്‍.


Tuesday, October 4, 2011

. പ്രവാസിയുടെ ഡയറിയിലെ ഒരേട്‌.

                                          .ഒരു  ദിവസം.
                             02.10.2011.  രാവിലെ പത്തുമണി:.
ഇന്ന് കുറെ നേരം കിടന്നുറങ്ങി ..ഓഫ്‌ ഡേ ആണ്..ഇന്നലെ രാത്രിയില്‍ ഉറങ്ങാന്‍ വൈകി..കഴിച്ചത് ലേശം കൂടിപ്പോയോ എന്നൊരു സംശയം..രാവിലെ എഴുന്നേറ്റപ്പോള്‍  വല്ലാത്ത തലവേദനായിരുന്നു..അതോ ഇന്നലെ കുറെ നേരം കമ്പൂട്ടറില്‍ നോക്കിയിരുന്നത് കൊണ്ടാണോ?ഈ സൌഹൃദ കൂട്ടായ്മകളില്‍ കയറിയാല്‍ പിന്നെ സമയം പോകുന്നത് അറിയില്ല..ലോകം പോലും അറിയാതെ അങ്ങനെ ഇരിക്കും..അതിന്നിടയില്‍ ഗ്ലാസ്സില്‍ നുരഞ്ഞു പൊന്തുന്ന ബിയര്‍ അറിയാതെ  നുണഞ്ഞു കൊണ്ടേയിരിക്കും..തണുത്ത ബിയര്‍ നുണഞ്ഞു കൊണ്ട് സുഹൃത്തുക്കളോട് സംവദിച്ചു കൊണ്ട് അങ്ങനെ ഇരിക്കുക ..കമന്റുകള്‍ ,തര്‍ക്കങ്ങള്‍ ..അതിന്നിടയില്‍ നല്ല പോസ്റ്റുകള്‍..നല്ല രസമാണ് സമയം പോകുന്നതറിയില്ല..പക്ഷെ രാവിലെ യുള്ള ഈ തലവേദനയാണ് സഹിക്കാന്‍ പറ്റാത്തത്! തല വിങ്ങി പ്പൊട്ടുന്നത്  പോലെ.. ഇന്ന് ലീവ് ആയതു നന്നായി ! ഒരു വിധം എഴുന്നേറ്റു ബാത്ത് റൂമില്‍ പോയി കാര്യങ്ങളെല്ലാം, കഴിഞ്ഞിട്ടും തലവേദന വിടുന്നില്ല..കുറെ നേരം ഷവറിന്റെ ചുവട്ടില്‍ അങ്ങനെ നിന്നു..നനുത്ത വെള്ള തുള്ളികള്‍ ഒരു കുളിരോടെ തലയില്‍ പതിക്കുന്നു..! കുറച്ചു കഴിഞ്ഞപ്പോള്‍ ആകെയൊരു കുളിര്..നല്ല സുഖം തോന്നുന്നു.. തല വേദന പോയത് പോലെ...
കിച്ചണില്‍ കയറി ഒരു സുലൈമാനി ഉണ്ടാക്കി കുടിച്ചു..പ്രവാസികളുടെ ജീവിതവും സുലൈമാനിയും വല്ലാതെ  ബന്ധപ്പെട്ടു കിടക്കുന്നു.. എനിക്കാണെങ്കില്‍ ഇടയ്ക്കിടെ ഈ സുലൈമാനി കുടിച്ചു കൊണ്ടിരിക്കണം..തല വേദന വന്നാലും പനി വന്നാലും ഇത് തന്നെ പ്രധാന മരുന്ന് !
ഒരു സുലൈമാനിയും കുടിച്ചു കൊണ്ട് ഞാന്‍ വീണ്ടും കമ്പൂട്ടറിന്റെ മുന്നില്‍ കുത്തിയിരുന്നു..വീട്ടിലേക്ക്  ഒന്ന്‍ വിളിക്കാം..ഞായറാഴ്ചയത് കൊണ്ട് കുട്ടികളും പ്രിയതമയും വീട്ടില്‍ത്തന്നെ കാണും..ഫോണ്‍ വിളിച്ചപ്പോഴേക്കും അവള്‍ എടുത്തു കാത്തിരുന്നെന്ന പോല്‍..കുറെ നേരം വീട്ടിലെയും നാട്ടിലെയും വിശേഷങ്ങള്‍ .പിന്നെ കുട്ടികളുടെ സ്കൂള്‍ കാര്യങ്ങള്‍ ..പഠനം..അങ്ങനെ കുറെ സമയം  ..കുട്ടികള്‍ക്ക് ഫോണ്‍ കൊടുകാന്‍ പറഞ്ഞു ഞാന്‍ ..മോന്‍ ഫോണ്‍ വാങ്ങി അവന്റെ സ്കൂള്‍  വിശേഷങ്ങള്‍ പറയാന്‍ തുടങ്ങി ..ക്രിക്കറ്റ് കളി,സ്കൂളിലെ അടിപിടി..അങ്ങനെ പലതും..അവള്‍ വീണ്ടും ഫോണ്‍ വാങ്ങി വീട്ടു  വിശേഷങ്ങള്‍ പറയാന്‍ തുടങ്ങി..പറമ്പിലെ പണികള്‍.തെങ്ങിന് തടമിട്ടത്,കോഴിയെ വിരിക്കാന്‍ വെച്ചത്..പശു പ്രസവിച്ചത്.. ചാമ്പതയ്യില്‍  ആദ്യ ത്തെ  ആദ്യ ത്തെ  ചാമ്പ  വിരിഞ്ഞത്..അങ്ങനെ വിവരണങ്ങള്‍ നീണ്ടു പോയി..
ഇപ്പോള്‍ തലയുടെ ഒരു വശത്ത് ഒരു നേരിയ കുത്തല്‍  പോലെ വീണ്ടും തലവേദന..  അപ്പോഴേക്കും ഓണ്‍ ലൈനില്‍ ഒരു ഫ്രെണ്ട് വന്നു ...ആളോട് വീട്ടിലേക്ക് വിളിക്കുകയാണ്‌ എന്ന്‍ പറഞ്ഞു തല്‍കാലം ഒഴിവായി..ഈ സൌഹൃദ കൂട്ടായ്മകളില്‍ അങ്ങനെയാണ്..നേരവും സമയവും  നോക്കാതെ പലരും കയറി വരും .ചെറിയൊരു ഒഴിവു കിട്ടുമ്പോള്‍ ഓണ്‍ ലൈനില്‍ കയറുന്നവരാണ് പലരും..അവരെ വിഷമിപ്പിക്കാനും വയ്യ.. അവള്‍ വീണ്ടും നാട്ടിലെയും വീട്ടിലെയും വിവരങ്ങള്‍ പറഞു കൊണ്ടിരുന്നു..കുറച്ചു നേരം അങ്ങനെ പലതും പലതും പറഞ്ഞു സമയം പോയി..സുലൈമാനി കഴിഞ്ഞിരുന്നു..തലവേദന വീണ്ടും വരുന്നു....ശരി എന്നാല്‍ നാളെ വിളിക്കാം എന്ന്‍ പറഞ്ഞു ഞാന്‍ ഫോണ്‍ കട്ട് ചെയ്യാന്‍ തുടങ്ങി...അപ്പോളാണ് അവള്‍ മടിച്ചു മടിച്ചു എന്തോ പറയാന്‍ ബാക്കി വെച്ചത് പോലെ ഒരു കാര്യം പറയാനുണ്ട് എന്ന്‍ പറഞ്ഞു നിര്‍ത്തി..ഞാന്‍ നിര്‍ബന്ധിച്ചപ്പോള്‍ അവള്‍ മടിച്ചു മടിച്ചു അത് പറഞ്ഞു..നമ്മുടെ മൊയ്ദീന്‍ക്ക  മരിച്ചു പോയി...എന്റെ മനസ്സിലൊരു വേദന കുത്തിതറക്കുന്ന  സൂചിമുന പോലെ..
കുറച്ചു നേരം ഒന്നും പറയാനാകാതെ ഞാന്‍ ഇരുന്നു..അതവള്‍ക്ക്‌ മനസ്സിലായി എന്ന്‍ തോന്നുന്നു..ഒരു നിശബ്ദതഅപ്പുറത്തും..കുറച്ചു കഴിഞ്ഞു അവള്‍ മോയ്ദീന്ക്കയുടെ അവസാന കാലത്തെ കുറിച്ച  പറഞ്ഞു.. ഒരു തേങ്ങല്‍ എന്റെ തൊണ്ടയില്‍  കുരുങ്ങി നിന്നു..
                           സമയം പന്ത്രണ്ടു മണി:
എന്റെ മനസ്സു പ്രക്ഷുബ്ധമായിരുന്നു ...തല വേദന വീണ്ടും.. വീണ്ടും ഷവറിന്റെ ചുവട്ടില്‍ പോയി നിന്നു..തലയും മനസ്സും ഒന്ന്‍ തണുക്കട്ടെ..കുറച്ചു നേരം അങ്ങനെ നിന്നപ്പോള്‍ മനസ്സു തണുത്തത്‌ പോലെ..ഞാന്‍ മോയ്ദീന്ക്കയെ  കുറിച്ച് ഓര്‍ത്തു  പോയി. പല്ലില്ലാത്ത മോണ കാട്ടി ചിരിക്കുന്ന ആ രൂപം ഇപ്പോഴും മനസ്സില്‍ തന്നെയുണ്ട്‌..കാക്കന്‍ എന്നായിരുന്നു ഞങ്ങള്‍ കുട്ടികള്‍ മോയ്ദീന്ക്കയെ  വിളിച്ചിരുന്നത്‌..ഞങ്ങള്‍ കുട്ടികളോട് ഒരു പ്രത്യേക വാത്സല്യം ഉണ്ടായിരുന്നു കാക്കന്..മുത്തച്ഛന്റെ വലം കയ്യായിരുന്നു കാക്കന്‍..മുത്തശന്‍ എന്തും പറഞ്ഞാലും അതായിരുന്നു കാക്കന്റെ ശരി!.ഒരു പച്ച ബെല്‍ട്ടും അതില്‍ തൂങ്ങുന്ന വലിയ കട്ടാര കത്തിയും കൊമ്പന്‍ മീശയുമോക്കെയായി ആളൊരു ഭീകരന്‍ ആയിരുന്നു വെങ്കിലും ഞങ്ങള്‍ കുട്ടികള്‍ക്ക് ഒരു വലിയ സ്നേഹ മായിരുന്നു കാക്കനോട്..എപ്പോഴും ഞങ്ങള്‍ക്ക് തരാനായി കടല മിടായികള്‍ ആ തല പ്പാവിന്നുള്ളില്‍ സൂക്ഷിച്ചിരിക്കും..അത് എടുത്തു തന്നിട്ട് ഒരു ചിരിയുണ്ട്..കൊമ്പന്‍ മീശയുടെ താഴെ  വെറ്റിലക്കറ പിടിച്ച ആ പല്ലുകള്‍ തിളങ്ങും..ആ ചിരി ഞങ്ങളുടെ മനസ്സിലും വിരിയും..ഞങ്ങളോടൊപ്പം കളിച്ചു നടക്കുന്ന കാക്കനെ പക്ഷെ നാട്ടുകാര്‍ക്കെല്ലാം ഭയമായിരുന്നു..മുത്തശന്റെ പിണിയാളായി എപ്പോഴും കാക്കന്‍ ഉണ്ടാകും ..മുത്തശന്‍ എന്ത് പറഞ്ഞാലും കാക്കന്‍ അത് ചെയ്യുമത്രേ..ഒരാളെ കൊല്ലാന്‍ പറഞ്ഞാല്‍ പോലും..!!
പക്ഷെ കാക്കന്റെ  സ്നേഹം നിറയുന്ന രൂപം മാത്രമേ എന്റെ മനസ്സില്‍ ഉള്ളൂ ..
മുത്തശന്റെ ശവദാഹം  കഴിഞ്ഞു കുറെ നേരം ആ ചിതയിലേക്ക് നോക്കി നിന്നു കാക്കന്‍..പിന്നെ ഒന്നും മിണ്ടാതെ നടന്നകന്നു..കാക്കന്റെ കണ്ണുകള്‍ നിറഞ്ഞോ ഴുകുന്നുണ്ടായിരുന്നു ..
കുറച്ചു ദിവസത്തേക്ക് കാക്കന്‍ വീട്ടിലേക്കു വന്നതേയില്ല..മുത്തശന്‍ ഇല്ലാത്ത ആ വീട് അദ്ദേഹത്തിന് സങ്കല്‍പ്പിക്കാന്‍ പറ്റുമായിരുന്നില്ല..പക്ഷെ ഞങ്ങളോടുള്ള സ്നേഹ മായിരിക്കാം  കാക്കനെ വീണ്ടും വരുത്തിയത്.. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍  ഒരു ദിവസം രാവിലെ കാക്കന്‍ വന്നു വന്നു ഉമ്മറപടിമേല്‍ 
 ഇരിക്കുന്നു..ആരോടും മിണ്ടാതെ കുറെ നേരം അങ്ങനെ ആ ഇരിപ്പ് ഇരുന്നു..അമ്മ ഒരു ഗ്ലാസ് ചായ തന്നിട്ട് അത് എന്നോട് കൊണ്ട് കൊടുക്കാന്‍ കണ്ണ് കൊണ്ട് കാണിച്ചു..അമ്മയുടെ കണ്ണിലും ഒരു നനവുണ്ടായിരുന്നു..ഞാന്‍ ആ ചായ ഗ്ലാസ്സുമായി കാകന്റെ അടുത്ത്ച്ചെന്നു മെല്ലെ തോണ്ടി വിളിച്ചു..എന്നെ ചേര്‍ത്ത് പിടിച്ചു കാക്കന്‍ ആ ചായ വാങ്ങി ഗ്ലാസ് താഴെ വെച്ചു എന്നെ പിടിച്ചു മടിയിലിരുത്തി..വിട്ടു മാറാത്ത ഒരു നനവ് ആ കണ്ണ് കളില്‍ ഞാന്‍ കണ്ടു..എന്തോ ഓര്‍മ്മകള്‍ അദ്ധേഹത്തിന്റെ മനസ്സില്‍ ഉയര്‍ന്ന വരുന്നുണ്ടായിരിക്കണം..തലേ ക്കെട്ടിന്റെ  ഉള്ളില്‍ നിന്നും ഒരു കടല മിട്ടായി  എടുത്തു എനിക്ക് തന്നു..കാക്കന്റെ ചലനങ്ങള്‍ക്ക് ഒരു വേഗത കുറവുണ്ടായിരുന്നു..എന്തൊക്കയോ ആലോചനകളില്‍ മുഴുകി കുറെ നേരം അവിടെയിരുന്നിട്ടു കാക്കന്‍ മെല്ലെ എഴുന്നേറ്റു പോയി...തലയില്‍ കെട്ടും  കള്ളിമുണ്ടും അരയിലെ പച്ചബെല്ട്ടും അതില്‍ തിരുകി വെച്ച കട്ടാരയും കൊമ്പന്‍ മീശയുമായി ആ രൂപം മെല്ലെ തല കുമ്പിട്ടു പടി കടന്ന പോകുന്നതു  ഞാന്‍ നോക്കി നിന്നു...ആ കാഴ്ച  ഇപ്പോഴും എന്റെ മനസ്സില്‍ ഉണ്ട്..
                                           
കാക്കന്‍ പിന്നീടു വല്ലപ്പോഴുമേ വീട്ടില്‍ വരാറുള്ളൂ..എങ്കിലും വീട്ടിലെ  എന്ത് കാര്യത്തിനും അദ്ദേഹം അവിടെയെത്തും..വരുമ്പോള്‍ ആ തലക്കെട്ടിന്നുള്ളില്‍ ഞങ്ങള്‍ക്കായി ഒരു പിടി മിട്ടായികള്‍ ഉണ്ടാകും...വാണിയംകുളം ചന്തയിലെ കന്നു കച്ചവടവും മറ്റുമായി അദ്ദേഹം കഴിഞ്ഞ കൂടി..വല്ലപ്പോഴും  വരുമ്പോള്‍  ആ സ്നേഹ സമ്മാനം കരുതാന്‍ അദ്ദേഹം മറന്നില്ല..അതൊരു അവകാശം പോലെ ഞങ്ങള്‍ കരുതുകയും ചെയ്തു..കൂട്ടത്തില്‍ ചെറിയ കുട്ടിയായ  എന്നെ  മാത്രം വലുതായ് എന്ന്‍ കരുതാന്‍ കാക്കന് കഴിഞ്ഞില്ല..എന്നും എന്നെ ഒരു കുട്ടിയായി തന്നെ യാണ് അദ്ദേഹം കണ്ടത്‌.. ഞാനും അതൊരു  അവകാശം പോലെ എടുത്തു...പ്രായമായിട്ടും ആ കടല മിട്ടായി  ഞാന്‍  കൊതിയോടെ വാങ്ങുമായിരുന്നു...
കാലം ആ ശരീരത്തെ തളര്‍ത്തി..കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ കാക്കന്‍ എന്നെ കാണാന്‍ വന്നു..നരച്ചു പോയ ആ ചുളുങ്ങിയ  ശരീരം ആകെ വിറച്ചിരുന്നു..
എന്നെ കെട്ടിപ്പിടിച്ചു കൊണ്ട്  കാക്കന്‍ എന്റെ നെറുകയില്‍ മുത്തമിട്ടു..പിന്നെ ഏതോ  ഓര്‍മയില്‍ തലയില്‍ കെട്ടില്‍ തപ്പി എന്തോ  തപ്പിയെടുത്തു..ചുളുങ്ങിയ ഒരു കടലാസ്സില്‍ പൊതിഞ്ഞ കടല മിട്ടായി ആയിരുന്ന അത്! എന്നെ കാണാന്‍ വരുമ്പോള്‍ ആ സമ്മാനം ഇപ്പോഴും അദ്ദേഹം മറന്നില്ല..ഞാനത് വാങ്ങി ..ആ കണ്ണുകളില്‍ ഒരു ചിരി വിടരുന്നത് ഞാന്‍ കണ്ടു..പല്ലില്ലാത്ത മോണ കാട്ടി കാക്കന്‍ ചിരിച്ചു..എന്റെ കണ്ണുകള്‍ ഈറനണിഞ്ഞു..കാക്കന്‍വല്ലാതെ  ക്ഷീണി തനായിരുന്നു.... കുറച്ചു പണമൊക്കെ കൊടുത്ത് ഭക്ഷണവും കൊടുത്തു ഞാന്‍ തന്നെ കാറില്‍ കാക്കനെ വീട്ടില്‍ കൊണ്ട് ചെന്നാക്കി..തിരികെ പോരുമ്പോള്‍ എന്തോ എന്നെ ചേര്‍ത്ത് പിടിച്ചു  കുറെ നേരം അങ്ങനെ നിന്നു അദ്ദേഹം..ആ കണ്ണുകള്‍ നിറഞ്ഞിരുന്നു..ഒരു പക്ഷെ ഇനി കാണില്ല എന്ന്‍ ആ പഴം മനസ്സില്‍ ഒരു അറിവ് ഉണ്ടായിരിന്നിരിക്കാം..
ആ  ഓര്‍മകളില്‍ കുറച്ചു നേരം ഞാന്‍ അങ്ങനെ  ഇരുന്നു..തലയുടെ ഒരു വശത്ത് വീണ്ടും ഒരു കുത്തല്‍  പോലെ.. തല വേദന വീണ്ടും വരുന്നു..ഭക്ഷണം കഴിച്ച കുറച്ച ഉറങ്ങാം..എന്നാല്‍ ചിലപ്പോള്‍  തലവേദന കുറഞ്ഞേക്കും..കിച്ചണില്‍ കയറി നോക്കി .കുക്ക് വന്ന്‍ ഭക്ഷണം  എല്ലാം ഉണ്ടാക്കി വെച്ചിട്ടുണ്ട്..ലേശം കഴിച്ചിട്ട് കിടന്നുറങ്ങാം.. ഭക്ഷണവുമായി ഞാന്‍ മേശപ്പുറത്തു   വന്നിരുന്നു..എന്തോ കഴിക്കാന്‍ പറ്റുന്നില്ല ..ഒരു കടല മിട്ടായിയുടെ  ഓര്‍മ എന്നി ല്‍ തികട്ടി  വരുന്നു ..ഭക്ഷണം കഴിക്കാനാവാതെ ഞാന്‍ കൈകഴുകി .......മുറിയിലെത്തി ഏ .സി  ഓണ്‍ ചെയ്തു  ബ്ലാങ്കറ്റു തലയിലൂടെ മൂടി ഞാന്‍ ഉറങ്ങാന്‍ കിടന്നു.....
                  സമയം നാലുമണി:
ഉറങ്ങാന്‍ പറ്റിയില്ല ..ഉറക്കം വരാതെ ഞാന്‍ തിരിഞ്ഞും മറിഞ്ഞുംകിടക്കുക യായിരുന്നു ..തലവേദന  കൂടിക്കൂടി വരുന്നു..എഴുന്നേറ്റു വന്ന്‍ ഒരു സുലൈമാനി കൂടി കുടിച്ചു..കമ്പൂട്ടര്‍ ഓണ്‍ ചെയ്തു മെയിലുകള്‍ ചെക്ക് ചെയ്തു..ഫെസ് ബുക്കില്‍  കയറി കൂട്ടായ്മകളില്‍  എല്ലാം ഒന്ന്‌ കയറി ..ചില കമന്റ്സുകള്‍ ഇട്ടു..ചിലര്‍ക്ക് ലൈക്‌ അടിച്ചു..ചിലരുമായി തര്‍ക്കം അങ്ങനെ സമയം പോയതറിഞ്ഞില്ല..ചില ഒന്ന്‍ രണ്ട് നല്ല പോസ്റ്റുകള്‍ കണ്ടു..കുറച്ചു കഴിഞ്ഞപ്പോള്‍ തല വേദന കൂടി..വേഗം എല്ലാം ഷട് ഡൌണ്‍ ചെയ്തു ..ടിവി ഓണ്‍ ചെയ്തു ന്യൂസ്‌ കാണാനിരുന്നു..അതും കുറച്ച കഴിഞ്ഞപ്പോള്‍ മടുത്തു....
നാളെ ഡ്യൂട്ടി യുണ്ട്.. യുനിഫോരം എടുത്ത്  തേച്ചു മടക്കി വെച്ചു..ഇനിയെന്ത് ചെയ്യും ?തലവേദന കൂടി ക്കൂടി  വരുന്നു..വീട്ടിലേക്ക് ഒന്ന്‌ കൂടി വിളിച്ചു..കുട്ടികളുമായി കുറച്ച നേരം സംസാരിച്ചു..പിന്നെ വീണ്ടും മെയില്‍ ഓപ്പണ്‍ചെയ്തു....തല വേദന കൂടുകയാണ്..
                  സമയം എഴുമണി:
തലവേദന  കുറയുന്നില്ല..ഫ്രിഡ്ജില്‍ നിന്നും ഒരു ഐസ് പീസ് എടുത്ത് നെറ്റി യില്‍  വെക്കാം..കുറച്ചു സമാധാനം..കിട്ടും ..ഓണ്‍ ലൈനില്‍ ഒന്ന്‌ രണ്ട് പേര്‍ ഉണ്ട്..എല്ലാവരോടും ചെറിയൊരു ബ്രേക്ക്‌ പറഞ്ഞിട്ട് ഞാന്‍ എഴുന്നേറ്റു..
ഫ്രിഡ്ജു   തുറന്നു നോക്കിയപ്പോള്‍ ഇന്നലത്തെ ബിയര്‍ ഇരിക്കുന്നു..നല്ല  തണുത്ത ബിയര്‍!!  വേണ്ട ..മനസ്സു പറഞ്ഞു..ഞാന്‍ ഫ്രിട്ജു അടച്ചു . നല്ല  തലവേദനയാണ്  ചിലപ്പോള്‍ ഒരു ബിയര്‍ കുടിച്ചാല്‍.....മനസ്സു ചാഞ്ചാടി...വീണ്ടും ഞാന്‍ ഫ്രിഡ്ജു തുറന്ന   ..ബിയര്‍ എടുത്തു പൊട്ടിച്ചു ഗ്ലാസ്സിലൊഴിച്ചു..വീണ്ടും ഗ്രൂപിലേക്ക് സംവാദത്തിനു!!
ഗ്ലാസില്‍ തണുത്ത ബിയര്‍ നുരഞ്ഞു പൊന്തുന്നു..ഒരു കവിള്‍ ഞാന്‍ മോന്തി.. തണുപ്പ് സിരകളിലൂടെ അരിച്ചിറങ്ങുന്നു..ഇന്ന് നേരത്തെ കിടക്കണമെന്നും ബിയര്‍ കഴിക്കണ്ട എന്നും കരുതിയതാണ്! പക്ഷെ എല്ലാം തഥൈവ ..!! ഈ ഗ്രൂപുകളില്‍ കയറിയാല്‍ പിന്നെ പുറത്തിറങ്ങാന്‍ പറ്റില്ല!!തണുത്ത ബിയറും നുണഞ്ഞു ഞാന്‍ സംവാദം തുടര്‍ന്നു......

സമയം ഏറെയായിരിക്കുന്നു...ഞാന്‍ കമ്പൂട്ടറിന്റെ മുന്‍പില്‍ തന്നെയാണ്!! ബിയര്‍ കുപ്പികള്‍ രണ്ട് മൂന്നെണ്ണം കഴിഞ്ഞിരിക്കുന്നു..നാളെ എന്തായാലും നേരെത്തെ കിടന്നുറങ്ങണം..മെയില്‍ ഓപ്പണ്‍ ചെയ്യുകയെ ഇല്ല  എന്ന്‍ ഞാന്‍ മനസ്സില്‍ കരുതി..........................

നേരം ഏറെയായിരിക്കുന്നു .. ഞാന്‍ ഓണ്‍ ലൈനില്‍ തന്നെയാണ്...... . 

                                  . പ്രവാസിയുടെ ഡയറിയിലെ ഒരേട്‌.
                                                        .ബിപിന്‍.    

Saturday, October 1, 2011

.കവിത എഴുതുന്നത്‌ എങ്ങനെയാണ്?

  .കവിത എഴുതുന്നത്‌ എങ്ങനെയാണ്?

എങ്ങനെയാണ് ഒരു കവിതയുണ്ടാകുന്നത്..?
വൃത്ത നിബദ്ധ മാകണം,പ്രാസം,ഉപമ ,
ഉല്‍ പ്രേക്ഷാഖ്യ മലങ്കാര മൊപ്പിക്കണം..
താള നിബദ്ധ മെന്നൊരു കൂട്ടര്‍..ലയ വിന്യാസം ,
സന്ദേശഭരിതം,ലളിതം..നിര്‍ദേശമനവധികള്‍....


കവിത പ്രണയാര്‍ദ്രമാകേണമെന്നവള്‍..
ഓരോ വരിയും ഹൃദയത്തെ തൊട്ടുഴിഞ്ഞു
ഒരു തണുപ്പായി അരിച്ചിറങ്ങണമെന്നവള്‍....
ജീവിത ഗന്ധിയാകണമെന്നു  സതീര്‍ത്യന്‍...
കവിത തിളയ്ക്കുന്ന ചോരയാകണമെന്നു സഖാവ്..


എങ്ങനെയാണ് ഒരു കവിതയെഴുതെണ്ടത് ?
ആരെയാണ് കവിത സന്തോഷിപ്പിക്കേണ്ടത്?
ഞാന്‍ കവിതയെഴുതുന്നത് ഇങ്ങനെയാണ്..

മനസ്സു വിങ്ങി വിങ്ങി  ഹൃദയം തിങ്ങി വിങ്ങി                
അങ്ങനെ മൂടിക്കെട്ടിയ ആകാശം പോല്‍ ..
ഒടുവില്‍ ..ഒരു തേനടയില്‍നിന്നും തേന്‍തുള്ളികള്‍
ഇറ്റു വീഴുന്നത് പോലെ,ഹൃദയത്തില്‍ നിന്നും അത്
വന്നു വീഴുന്നു ,ധാരയായി വരികള്‍ ഒഴുകി വീഴുന്നു..
വെട്ടില്ല ,തിരുത്തില്ല,വൃത്തമില്ല ,അലങ്കാരമില്ല.
ഇതാണെന്റെ കവിത...ഇതാണെന്റെ ജീവിതം...

എങ്ങനെയാണ് ഒരു കവിതയെഴുതേണ്ടതു??

                                      . ബിപിന്‍ .