Thursday, September 29, 2011

പട്ടാമ്പി പാലം..

   പട്ടാമ്പി പാലം..      
പട്ടാമ്പി പാലം ഒരു പടു കിഴവനാണ്..
നിളയുടെ നിതാന്ത കാമുകന്‍.....
കാലമെത്ര  ചവുട്ടിക്കുതിച്ചു കടന്നു പോയ്‌ 
കാത്തിരിക്കുകയാണീ പടുകിഴവനാം നിത്യ കാമുകന്‍..
കലങ്ങി മറിഞ്ഞു അലറിക്കുതിച്ചു പാഞ്ഞുപോയ്‌ പലകുറിയവള്‍.... 

എത്ര  ഉണ്ണികള്‍  പിച്ചവെച്ചു നടന്നു പോയ്‌ ,
കാലമെത്ര പോറല്‍ വീഴ്ത്തി നിന്നില്‍....
ജരാനരകള്‍ നിറം കെടുത്തിയ പടു കിഴവന്‍..
കാത്തിരിക്കുകയാണീ നിത്യ കാമുകന്‍..
ഒരിക്കലവള്‍ തന്‍ ചാരത് വന്നണയുമെന്നും 
പ്രണയ പാരവശ്യ മാര്‍ന്നു തന്നെ അവളില്‍ 
അലിയിക്കുമെന്നും  കിനാവ് കാണുന്ന പടു കിഴവന്‍..!

നിളയോ നിത്യ കന്യക,ക്രൂരയാം പ്രണയിനി....
അവള്‍ ചിലപ്പോള്‍ ഒരു നേരിയ പാദസരം പോല്‍ 
ചാലിട്ടൊഴുകും.ചിലപ്പോള്‍ മുഖംകുനിച്ചു ഒരു മറുനോട്ടം പോലും 
തരാതെ ഓടിയകലും..ഒരു കുറിയവള്‍ പിണക്കമാര്‍ന്നു 
ചിറികോട്ടി മുഖം വീര്‍പ്പിച്ചു നടന്നകലും......
മറുകുറിയവള്‍ ആര്‍ത്തലച്ചു ക്രുദ്ധയായി  പാഞ്ഞടുക്കും..
ചുഴികള്‍,മലരികള്‍,വെണ്‍നുരകള്‍ ..ഗാഡം പുണര്‍ന്നും 
ഉമ്മ വെച്ചും മറി കടന്നു കുതിച്ചോടും....
എത്ര കുറി നീ കാത്തു കാത്തിരുന്നു..
ചരിത്രമെത്ര കാതം നടന്നു തീര്‍ത്തു ,എത്രമേല്‍ 
പോറലുകള്‍  വീഴ്ത്തി പടു കിഴവനാം ഈ കാമുകനില്‍ 

ഒരു പിടി ഓര്‍മ്മകള്‍..കടല കൊറിച്ചും കിനാവ്‌ കണ്ടും 
കാറ്റു കൊണ്ട് കഥകള്‍ പറഞ്ഞും എത്രയൊ തലമുറകള്‍..
ചുവന്ന ചായം പൂശിയ ഒരു പിടി താളുകള്‍....
ഒരു പിടി ഓര്‍മ്മകള്‍ അയവിറക്കുന്നു കിഴവന്‍ കാമുകന്‍..
*ആറ്റുവഞ്ചികള്‍ വളര്‍ന്ന നില്‍ക്കുന്ന കാല്‍ക്കീഴില്‍ 
രാത്രി  പുഷ്പങ്ങള്‍ വില പേശിയിറങ്ങുന്നു....
കൊറ്റികള്‍ കൂട് വെക്കും അമ്പല പറമ്പിലെ മരക്കൂട്ടങ്ങള്‍..
കിഴവനെ കൊഞ്ഞനം കാട്ടി ഇളകിയാടുന്നു..
ജരാനരകള്‍..  കൊഴിഞ്ഞ കൈവരികള്‍ ,നിറംമങ്ങിയ 
ഏച്ചു കെട്ടുകള്‍..തളര്‍ന്നു പോയ തുരുമ്പിച്ച നട്ടെല്ലുകള്‍.. 

ഒരിക്കലവള്‍ വരുമെന്ന് കിനാവ്‌ കാണുന്നു കിഴവന്‍ പാലം..
ഒരു തുലാവര്‍ഷ പാച്ചിലില്‍ ആര്‍ത്തലച്ചു തന്നില്‍ അണയുമെന്നും
തന്നെ അലിയിചില്ലതാകി കൂടെ കൊണ്ട് പോകുമെന്നും കിനാവില്‍ 
കലങ്ങി മറിഞൊഴുകി  നഗ്നയായ്‌ ചുഴി മലരികളിലവള്‍  
തന്നെ അലിയിച്ചു  സ്വപ്നലോകത്തേക്ക് ആനയിക്കുമെന്നും 
ആ കിഴവന്‍ പാലം കാത്തു കാത്തു  നില്‍ക്കുന്നു....
                                                    .ബിപിന്‍ . 
 *ആറ്റുവഞ്ചികള്‍: പുഴയോരത്ത് വളരുന്ന ഔഷധ ഗുണമുള്ള ഒരു കുറ്റിചെടി..

pattambi.jpg

Wednesday, September 28, 2011

മണ്‍കലങ്ങള്‍....


മണ്‍കലങ്ങള്‍....

കുംബാര ക്കുടിലുകള്‍ മണ്ണ് കുഴക്കുന്നത് 
മനസ്സിന്നുള്ളിലൊരു വേദന ബാക്കി വെച്ചാണ്..
ചവിട്ടി കുഴച്ച കളിമണ്ണിനും ചവിട്ടിയമര്‍ത്തിയ ആശകള്‍ക്കും 
മേല്‍ വേദനയുടെ ചൂള കെട്ടി ചുട്ടെടുക്കുന്നു കുശവനീ 
കലങ്ങള്‍ ,പൂച്ചട്ടികള്‍, പൂപ്പാത്രങ്ങള്‍ ,മണ്‍കുടങ്ങള്‍....
ചാമി *ചെട്ടിയാര്‍ തന്‍ ഉടുക്കിന്‍ താളമൊരു
ജീവ താളമായ് *മാരിയമ്മന്‍ കളിയാട്ടമാകുന്നു..                     

ആറ്റരികിലെ കുഴമണ്ണ് കുഴിചെടുത്തു  ചവിട്ടി കുഴച്ചു 
തേച്ചു മെഴുകി അടിച്ചു പതമാക്കി മോഹങ്ങള്‍ 
തന്‍ നിറങ്ങള്‍ ചാലിച്ച് ജീവിതമൊരു ചൂളയാക്കി 
കുശവനാ കളിമണ്ണ് ചുട്ടെടുക്കുന്നു......
കണ്ണീരു ചാലിച്ച ഭൂത കാലങ്ങള്‍..മാരിയമ്മ തുള്ളിയുറയുമൊരു  
കഴിഞ്ഞ കാല കദനങ്ങള്‍..വേദനകള്‍ തന്‍ ഭൂത കാലങ്ങള്‍..
ആട്ടിയകറ്റപെട്ട വഴിയോരങ്ങള്‍.നഷ്ടസൌഭാഗ്യങ്ങള്‍തന്‍ രാജവീഥികള്‍ ..

എങ്കിലുമീ കുംബാരക്കുടിലുകള്‍ കളി മണ്ണ് ചുട്ടെടുക്കുന്നു....
ചട്ടികള്‍,പൂച്ചട്ടികള്‍, മണ്‍കലങ്ങള്‍,മണ്‍കുടങ്ങള്‍...
ചവിട്ടിയുടച്ചു തൊടിയി ലെറിയുമീ ചട്ടി പൊട്ടുകള്‍...
സ്വപ്‌നങ്ങള്‍ തന്‍ക്കൂടകള്‍ തോളെറ്റി കുന്നും മേടും 
താണ്ടുന്നു ചെട്ടിച്ചികള്‍,തെരുവുകളില്‍ വിലപേശുന്നുമാനവര്‍ 
ഓട്ടക്കലങ്ങളായി ചെട്ടിച്ചികള്‍ തന്‍ സ്വപ്നവും മാനവും..

ഒരു കുശവന്‍ മണ്ണ് കുഴക്കുന്നത് മനസ്സിന്നുള്ളിലൊരു 
വേദന ബാക്കി വെച്ചാണ്..നെഞ്ചിന്നുള്ളിലൊരു
 നെരിപ്പോട് ഒളിച്ചു വെച്ചാണ്‌......
                              .ബിപിന്‍ ആറങ്ങോട്ടുകര.

**കുംബാരന്‍,ചെട്ടിയാര്‍: കുശവന്‍ 
   മാരിയമ്മ:കുംബാരന്മാരുടെ കുല ദൈവം.

Tuesday, September 27, 2011

ഉറക്കം ....

              ഉറക്കം ..
കണ്‍കളിലൊരു  നീറ്റലായി ഉറക്കം അകന്നു പോകുന്നു..
ഒരു മൂടല്‍.. നേര്‍ത്തൊരു തലോടല്‍.. മറ്റു ചിലപ്പോള്‍ 
മനസ്സിന്റെ കോണിലൊരുവിങ്ങലായി ഉറക്കമകന്നേ പോകുന്നു..
അത് ഓര്‍മ കളില്‍ നിന്നും ഒരൊളിച്ചോട്ടമാകുന്നു ...
ചിലപ്പോള്‍ ഉറക്കം ഒരു കാരാഗൃഹമാണ്!                                        
ഓര്‍മ്മകള്‍ തന്‍ തടവറകളില്‍ താനേ അടയുമൊരു വാതില്‍..

അത് ചിലപ്പോള്‍ തനിയെ അടഞ്ഞു പോകുന്നു....
കിറു കിറുന്നനെ അടയുന്ന ഒരു വാതിലിന്റെ ഒച്ച പോലെ..
ഉറക്കം പാതി ചാരിയ ഒരു കവാട മാകുന്നു....
മനസ്സിന്റെ ഒരു തേങ്ങല്‍,ഓര്‍മകളിലെ ഒരു ചീന്ത്..
പിന്തിരിഞ്ഞു പോകുന്ന ഒരു വിലാപം..ഒരാള്‍ ഉറങ്ങുന്നതെങ്ങിനെ?
ചിലപ്പോള്‍ കൊത്തി വലിക്കുമൊരു വേദന.. മറ്റു ചിലപ്പോള്‍ 
,ചോരയിറ്റു വീഴുന്ന നഖങ്ങളാഴ്ന്നിറങ്ങുമൊരു 
 തിരയടിക്കുമോര്‍മ്മകള്‍ തന്‍ വഴിചാലുകള്‍..
കണ്ണുകളില്‍ നനവിന്റെ ,ഓര്‍മ്മകള്‍ തന്‍ ചീന്തുകള്‍.. 
എരിയുമൊരു മനസ്സിന്‍ വിങ്ങലായി കണ്‍കളിലൊരു 
നീറ്റലായി ഉറക്കമകന്നേ പോകുന്നു.......
ഒരാള്‍ ഉറങ്ങുന്ന തെങ്ങിനെ??

(ഉറങ്ങാതിരുന്ന ഒരു രാത്രിയുടെ ഓര്‍മയ്ക്ക്!)

Saturday, September 24, 2011

വീടുണ്ടാക്കുന്നവര്‍.

വീടുണ്ടാക്കുന്നവര്‍.
ഒരാള്‍ വീടുണ്ടാക്കുന്നത് സ്വപ്‌നങ്ങള്‍ നെയ്തെടുത്താണ്..
കല്ലുകള്‍ ,മണ്ണ്,മരം..വീടുകള്‍ ഉണ്ടാകുന്നതു അങ്ങനെ യല്ല..                 
മണ്ണ് കുഴക്കുന്നതിനു പകരം സ്വപ്‌നങ്ങള്‍ കുഴചെടുത്തു ,
കല്ല്‌ വെട്ടുന്നതിനു പകരം സ്വപനങ്ങള്‍ വെട്ടിയെടുത്ത്‌
സ്വപ്‌നങ്ങള്‍ ചെത്തിയോരുക്കി വാതായനങ്ങള്‍ തീര്‍ത്തു കൊണ്ട്                             
അവര്‍ വീടുകള്‍ഉണ്ടാക്കുന്നു.,സ്വപ്‌നങ്ങള്‍ കൊണ്ടൊരു കൂടാരമുണ്ടാക്കുന്നു...
സ്വപ്‌നങ്ങള്‍ ചിലപ്പോള്‍ പറന്നു നടക്കുന്ന തുമ്പികള്‍ പോലെയാണ്..
പാറി പറന്നേ പോകും....ആകാശ ത്തോളം പാറി യകന്നേ പോകും ..
ഒരാള്‍ വീടുണ്ടാക്കുന്നത് സ്വപ്‌നങ്ങള്‍ നെയ്തെടുത്താണ്..
തുമ്പികളെ കയ്യിലോതുക്കി ,മെരുക്കിയെടുത്തു ഒരു സ്വപ്ന കുടീരം..
തുമ്പികള്‍ പാറി പറന്നേ പോകും.,ആകാശത്തോളം ...
ഒരു കിനാവ് അവന്‍ മനസ്സിലിട്ടു ഊതിയുരുക്കി ,ഊതിയുരുക്കി 
ഒരു മാണിക്യ ക്കല്ല് പോലെ സൂക്ഷിച്ചു വെക്കുന്നു ...
അവര്‍ ഒരു നാഗമാണിക്യം സൂക്ഷിച്ചു സൂക്ഷിച്ചു വെക്കുന്നു..
സ്വപ്‌നങ്ങള്‍ ചിലപ്പോള്‍ ഒരിക്കലും പെയ്യാത്ത മഴക്കാറുകള്‍ പോലെ
ഒഴിഞ്ഞു ഒഴിഞ്ഞു പോകും..ചിലപ്പോള്‍ ആര്‍ത്തലച്ചു പെയ്തേക്കും..
സ്വപ്‌നങ്ങള്‍ കൊണ്ടവര്‍ ഒരു കൂടാരമുണ്ടാക്കുന്നു ...
ഒരു കിനാവ് മനസ്സിലിട്ടു ഊതിയുരുക്കി ,ഊതിയുരുക്കി ....
ഒരാള്‍ വീടുണ്ടാക്കുന്നത് തന്റെ സ്വപ്‌നങ്ങള്‍ നെയ്തു നെയ്തെടുത്താണ്..
സ്വപ്‌നങ്ങള്‍ കൊണ്ടവര്‍ ഒരു കൂടാരമുണ്ടാക്കുന്നു...
അവര്‍ വീടുകള്‍ തീര്‍ക്കുന്നു ,ഒരിക്കലും തീരാത്ത സ്വപ്‌നങ്ങള്‍ ഒരുക്കൂട്ടി....


പന്നിയൂര്‍ മഹാക്ഷേത്രം..
               പന്നിയൂര്‍ മഹാക്ഷേത്രം.. 
പാലക്കാട് ജില്ലയിലെ പട്ടാമ്പി ക്കടുത്തുള്ള തൃത്താല ബ്ലോക്കില്‍ ആണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ..എംടി യുടെ നാടായ കൂടല്ലൂരും കഴിഞ്ഞു ആനക്കര പഞ്ചായത്തില്‍ പന്നിയൂര്‍ ദേശത്താണ് ഈ ക്ഷേത്രം. തൃത്താല യില്‍ നിന്നും കുമ്പിടി വഴി റോഡു മാര്‍ഗം ഇവിടെയെത്താം...വിശാലമായ  ഈ ക്ഷേത്രാങ്കണം  ഒരു മനോഹരമായ കാഴ്ച്ചയയാണ്‌ ..ഭക്തര്‍ക്കും ചരിത്രാന്വേഷികള്‍ക്കും സഞ്ചാരികള്‍ക്കും ഐതിഹ്യങ്ങള്‍ ഇഷ്ട്ടപ്പെടുന്നവര്‍ക്കും ഒരേ പോലെ ഇഷ്ട്ടമാകുന്ന മനോഹരമായ ഒരുക്ഷേത്രം! . ധാരാളം ഐതിഹ്യങ്ങള്‍  ഈ ക്ഷേത്രത്തെ ബന്ധിപ്പിച്ചു പറയപ്പെടുന്നു... ബുദ്ധന്‍,വ്യാഴം ദിവസങ്ങള്‍ക്കു ദര്‍ശനത്തിനു  കൂടുതല്‍ പ്രാധാന്യമുണ്ട് ...108 മഹാക്ഷേത്രങ്ങളില്‍ ഒന്നായി ഈ ക്ഷേത്രത്തെ പുരാണങ്ങളില്‍ അറിയപ്പെടുന്നു..ശുകപുരം ഗ്രാമത്തിന്റെ അധീനതയിലായിരുന്നു ഈ ക്ഷേത്രം..ദേശക്കാര്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ക്കിടയില്‍ ഒരിക്കല്‍ ഈ ക്ഷേത്രം തീപ്പെട്ടു പോയി എന്നൊരു കേള്‍വിയുണ്ട്..
പിന്നീട് ക്ഷേത്രോദ്ധാരണതിന്നായി  ശ്രമങ്ങള്‍ നടന്നുവെങ്കിലും നൂറ്റാണ്ടുകള്‍ക്കു ശേഷവും പന്നിയൂര്‍ അമ്പലം "പണിമുടി" യാതെ കിടക്കുകയാണ്..ഈ ചൊല്ലിനെ സംബന്ധിച്ചും ഒരു കഥയുണ്ട്..അത് മഹാനായ പെരുംതച്ചനോട് ബന്ധപെട്ട് കിടക്കുന്നു.. 
ബുധന്‍, വ്യാഴം ദിവസങ്ങളില്‍  ദര്‍ശനത്തിന്  കൂടുതല്‍ പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നു..വരാഹാവതാരം  ബുധന്‍ ദിവസ മായത് കൊണ്ട് ബുധനാഴ്ച ദിവസത്തെ ദര്‍ശനം കൂടുതല്‍ പ്രധാനമാണ്..!! ജാതക പ്രകാരം ബുധദശ യില്‍ ജനിച്ചവര്‍ക്കും ഈ ക്ഷേത്ര ദര്‍ശനം പുണ്യകരമാണെന്നു വിശ്വാസം ! ബുധന്‍ ഉച്ചസ്ഥായില്‍ നില്‍ക്കുന്നവര്‍ പഠന മേഖലകളില്‍  ഉന്നതിയിലെത്തുമെന്ന് ഒരു വിശ്വാസമുണ്ട്  . അത്കൊണ്ട് ആ ദശയിലുള്ളവര്‍ക്ക് ഈ ക്ഷേത്ര ദര്‍ശനവും വരാഹമൂര്‍ത്തി സേവനവും ഗുണകരമാണത്രെ!
മനോഹരമായ വിശാല മായ ഈ ക്ഷേത്രാങ്കണവും പരിസരങ്ങളും നയനമനോഹരമായ ഒരു കാഴ്ച സമ്മാനിക്കുന്നു!! പന്നിയൂര്‍ ക്ഷേത്രം പരശുരാമനാല്‍ സ്ഥാപിതമാണ്..ഏകദേശം നാലായിരം വര്ഷം പഴക്കമുണ്ട്  ഈ ക്ഷേത്രത്തിനു എന്ന് പറയപ്പെടുന്നു..ക്ഷത്രിയ നിഗ്രഹത്തിനു ശേഷം ധ്യാനനിരതനായ പരശുരാമന് മനസ്സമാധാനം ലഭിച്ചില്ല എന്നും നാരദന്റെ ഉപദേശ പ്രകാരം ഭഗവാന്‍ വിഷ്ണുവിനെ ഭജിച്ച പരശുരാമന് ഭഗവാന്‍ ദര്‍ശനം നല്‍കുകയുംഭഗവാന്റെ നിര്‍ദേശപ്രകാരം കേരള ഭൂമി യുടെ മധ്യ ഭാഗത്തായി  വരാഹ മൂര്‍ത്തിയെ പ്രതിഷ്ട്ടി ക്കുകയും ഈ ഭൂമിയുടെ രക്ഷാധികാരിയായി നിര്‍ദേശി ക്കുകയും ചെയ്തു..അത് പ്രകാരം കേരളത്തിന്റെ മധ്യമാണ്  ഈ മഹാക്ഷേത്രം.!കേരള ഭൂമിയുടെ രക്ഷകനാണ്‌ സാക്ഷാല്‍ വരാഹ മൂര്‍ത്തി..
ചരിത്ര വിദ്യാര്‍ഥി കള്‍ക്ക്  ധാരാളം ചരിത്ര മുഹൂര്‍ത്തങ്ങള്‍ ഇവിടെ നിന്നും ഒപ്പിയെടുക്കാന്‍ കഴിയും..ചേര ചോള സങ്കര്‍ഷങ്ങളും നമ്പൂതിരി മേല്‍ കൊയ്മക്ക് വേണ്ടിയുള്ള തര്‍ക്കങ്ങളും  സാമൂതിരി കൊച്ചി രാജാവ് തര്‍ക്കങ്ങളും പഠന വിഷയമാക്കേണ്ട വയാണ്  ..
വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും ഒരു പോലെ സന്തോഷകരമാണ്
ഈ ക്ഷേത്ര ദര്‍ശനം..വിശാലമായ ക്ഷേത്രാങ്കണത്തിലെ   കൌതുകകാഴ്ചകള്‍ അനവധിയാണ്..മനോഹരമായ ശില്‍പ്പ ചാരുത നമ്മെ അത്ഭുതപ്പെടുത്തും! പ്രധാന ദേവത ഭൂമീ ദേവി സമേതനായ വരാഹ മൂര്‍ത്തി തന്നെ..ഗണപതി,ശിവന്‍,അയ്യപ്പന്‍,സുബ്രമണ്യന്‍,ദുര്ഗ,ശങ്കരനാരായണന്‍ ,ചിത്രത്തില്‍ വരാഹം കുണ്ടില്‍ വരാഹം ,നാഗങ്ങള്‍ .അങ്ങനെ ചെറുതും വലുതുമായ് ധാരാളം ഉപദേവത പ്രതിഷ്ഠകളും ക്ഷേത്രങ്ങളുംഉണ്ട് ..വട്ടശ്രീകോവില്‍മാതൃകയില്‍ കരിങ്കല്ലില്‍ പണിതിട്ടുള്ള പ്രധാനക്ഷേത്ര ത്തില്‍ ഭൂമീ ദേവി സമേതനായ സാക്ഷാല്‍ വരാഹ മൂര്‍ത്തിയാണ്! ആവലിയ വട്ടശ്രീകോവിലിന്റെശില്പചാരുതനമ്മെഅതിശയിപ്പിക്കും..ഉദാത്ത  മായഒരുശില്‍പ്പരൂപം തന്നെയാണത്...സര്‍വൈശ്വര്യ പൂജയും  അഭീഷ്ടസിദ്ധി പൂജയുമാണ് പ്രധാന വഴിപാടുകള്‍  ! രാവിലെ പൂജക്ക്‌ ശേഷം ലഭിക്കുന്ന  കഠിന പായസം രുചികരമായ ഒരു പ്രസാദം തന്നെയാണ്!

പ്രധാന എടുപ്പിന് പുറത്തു തകര്‍ന്നു കിടക്കുന്ന ഒരു കെട്ടിടമുണ്ട്..പലയിടങ്ങളും  തകര്ന്നടിഞ്ഞും പണിമുഴുവനാക്കാതെയുമാണ് കിടക്കുന്നത് ..കോടികള്‍ ചെലവ് വരുന്ന ഒരു ജീര്ണോധാരണം കൊണ്ടേ അത് പരിഹരിക്കുവാന്‍ കഴിയൂ! "പന്നിയൂരമ്പലംപണി മുടിയില്ല" എന്ന ചൊല്ല് അന്വര്‍ത്ഥമാക്കുന്ന തരത്തിലാണ് ഇപ്പോള്‍ ഈ മഹാക്ഷേത്രത്തിന്റെ അവസ്ഥ..
പുറത്ത് തകര്‍ന്ന്‍ കിടക്കുന്ന  കൂത്തമ്പലമോ ,ഊട്ടുപുരയോ എന്ന്‍ തോന്നിപ്പിക്കുന്ന വലിയൊരു കരിങ്കല്‍ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ കാണാം.. തകര്‍ന്ന ആ കെട്ടിടത്തിന്റെ ഒരു കരിങ്കല്‍ തൂണില്‍ ഒരു യക്ഷിയുടെ പ്രതിഷ്ഠയുണ്ട്..അവിടെ പൂജയും മറ്റുമുണ്ട്.അതോ പണ്ട് അതൊരു യക്ഷിയമ്പലം ആയിരുന്നോ? പണ്ടെന്നോ ദേശത്തെ വിറപ്പിച്ചു അലഞ്ഞു തിരിഞ്ഞിരുന്ന ഒരു യക്ഷിയെ ഒരു മഹാ മാന്ത്രികന്‍  ഈ തൂണില്‍ തളച്ചു എന്നൊരു കഥയുമുണ്ട്! മാത്രമല്ല ഇവിടെ ചിത്രഗുപ്തന്റെ പ്രതിഷ്ടയും ഉണ്ട്..അതൊരു പ്രത്യേകതയാണ്!
ചില എഴുത്തുകള്‍ കരിങ്കല്‍ പടവുകളിലും മറ്റുംകാണാം.ചരിത്രവിദ്യാര്‍ത്ഥികള്‍ക്ക് ഇതൊരു ഗവേഷണ വിഷയമാക്കാവുന്നതാണ്.... 
വിശ്വകര്‍മ്മജര്‍, വിശിഷ്യ ആശാരിമാര്‍ക്ക്  ഈ ക്ഷേത്രത്തോട്  വികാരപരമായ ഒരു അടുപ്പമുണ്ട് ..പെരുന്തച്ചന്റെ  മുഴക്കോലും വീതുളിയും ഇപ്പോഴും ഇവിടെയുണ്ട് എന്നാണ് വിശ്വാസം. മുഴക്കോലിന്റെ അളവ് എടുക്കുന്നതും മറ്റുമായി ആചാര പരമായ ഒരു ബന്ധം അവര്‍ക്കീ ക്ഷേത്രത്തോട് ഉണ്ട് !
അനേകം ഐതിഹ്യങ്ങളും കഥകളും ഈ ക്ഷേത്രത്തെ ബന്ധിപ്പിച്ചു പറയാനുണ്ട് .
അതില്‍ പ്രധാനം പെരുന്തച്ചനോട് ബന്ധപെട്ടതാണ്..

         പെരുന്തച്ചന്റെ  ഉളിയും മുഴക്കോലും..
പന്നിയൂരമ്പലം പണി മുടിയില്ല എന്നൊരു ചൊല്ലുണ്ട്....അത് മഹാനായ പെരുന്തച്ചനെ ബന്ധപെടുത്തിയാണ് ! പ്രധാന ശ്രീകോവിലിന്റെ മുന്നില്‍ തന്നെ കല്ലില്‍ ഒരു മുഴക്കോലിന്റെ രൂപമുണ്ട്.അവിടെ പെരുന്തച്ചന്റെ മുഴക്കോല്‍ എന്ന്‍എഴുതി വെച്ചിരിക്കുന്നത് കാണാം.ശ്രീകോവിലിന്റെ പിന്‍വശത്കല്പടവിന്നിടയില്‍ തിരുകി വെച്ചത് പോലൊരു ഉളിയുടെ രൂപം കാണാം.തന്റെ ഉളിയും മുഴക്കോലും ഉപേക്ഷിച് പെരുന്തച്ചന്‍ തന്റെ നിയോഗം അവസാനിപ്പിച്ചു എന്നാണ് കഥ....
ഇതിനോട് ബന്ധപ്പെട്ടു ഒരു കഥ കൂടിയുണ്ട്.. പന്നിയൂരമ്പലത്തില്‍ ശ്രീ കോവിലിന്റെചില പണികള്‍ തകൃതിയായി നടക്കുകയായിരുന്നു..തച്ചന്മാര്‍ കുറെ ദിവസമായി പണിയില്‍ തന്നെയായിരുന്നു..അപ്പൊഴാണ്   മുഷിഞ്ഞ വേഷവുമൊക്കെയായി ഒരു വഴിപോക്കന്‍ അവിടെ എത്തിയത് .പെരുംതച്ചനായിരുന്നു അത് .മകന്റെ മരണ ത്തിനു (വധത്തിനു?) ശേഷം തന്റെ പാപജന്മം ജീവിച്ചു തീര്‍ക്കുന്നതിന്റെ അലച്ചിലില്‍ ആയിരുന്നു അദ്ദേഹം.. മുഷിഞ്ഞ വേഷവുംഅലച്ചിലിന്റെ അവശ തയും പൂണ്ട ആ അപരിചിതനെഅവര്‍ വേണ്ടത്ര ഗൌനിച്ചില്ല..വിശപ്പും ദാഹവും കൊണ്ടു അവശനായി തീര്‍ന്ന അദ്ദേഹത്തിനു തച്ചന്മാരുടെ അവഗണനയില്‍ ലേശം മുഷിച്ചില്‍ തോന്നി.. തച്ചന്മാര്‍ ഭക്ഷണത്തിനായി പോയി .തന്നെ അവഗണിച്ചതിലും ഭക്ഷണംകഴിക്കാന്‍ പോലും ക്ഷണിക്കാതെ പോയതിലും മുഷിച്ചില്‍ തോന്നിയ അദ്ദേഹം തച്ചന്മാരെ ഒരു പാഠം പഠിപ്പിക്കണമെന്ന് മനസില്‍ കരുതി.. തച്ചന്‍ മാര്‍ ചട്ടം കൂട്ടാനായി അളന്നു വെച്ചിരുന്ന കഴുകൊലിന്മേലെല്ലാം തന്റെ ഉളി കൊണ്ടു ഓരോ വരകള്‍ വരച് വെച്ച് ..അദ്ദേഹം കുറച്ചകലെ അമ്പല പരിസരത് ത്തന്നെ വിശ്രമിക്കുകയും ചെയ്തു..ഭക്ഷണ  ശേഷം തിരിച്ചെത്തിയ തച്ചന്മാര്‍ തങ്ങളുടെ പണി തുടങ്ങുകയും പെരുന്തച്ച്ന്‍ വരയിട്ടു വെച്ചതു പോലെ മുറിക്കുകയും ഏച്ചു കൂട്ടുകയും ചെയ്തു...പണിയെല്ലാം കഴിഞ്ഞു ചട്ടം കൂട്ടാന്‍ നോക്കുമ്പോള്‍ ചട്ടംകൂടുന്നില്ല..ആശാരിമാര്‍ വിഷമിച്ചു പോയി ..മൂത്താശാരി അപ്പോഴാണ്‌ തങ്ങള്‍ അടയാളമിട്ടു വെച്ചിരുന്നതെല്ലാം വിദഗ്ദമായി മറ്റാരോ മാറ്റി വരച്ചു എന്ന്‍ മനസ്സിലാക്കിയത്..എന്ത് ചെയ്യുമെന്ന് വിഷമിച്ചു പോയ ആശാരിമാര്‍  അവിടെവന്ന്‍ പോയ ആ അപരിചിതനെ കുറിച്ച് ചിന്തിച്ചു . .അദ്ദേഹമാണ് ഈ പണി ചെയ്തത് എന്നും അവര്‍ മനസ്സിലാക്കി.. സംശയം തോന്നിയ അവര്‍ ആ മുഷിഞ്ഞവേഷധാരിയെ തിരഞ്ഞിറങ്ങി .അദ്ദേഹത്തെ കണ്ടെത്തുകയും അത് പെരുംതച്ചനാനെന്നു  തിരിച്ചറിയുകയും അദ്ദേഹത്തോട് മാപ്പ് അപേക്ഷിക്കുകയും  ചെയ്തു..പെരുംതച്ചന്‍ അവരെ സമധാനിപ്പിച് തിരിച്ചയച്ചു.. പാതി രാത്രിയില്‍  ശ്രീ കോവിലില്‍ നിന്നു ഉളിയുടെയും കൊട്ട് വടിയുടെയും ശബ്ദം കേട്ട ഉണര്‍ന്ന അവര്‍ അത്ഭുതകര മായ ഒരു കാഴ്ചയാണ് കണ്ടത്‌ .ചെറിയചില മിനുക്ക്‌ പണികള്‍ കൊണ്ട് ആ വയോധികന്‍ ആ ചട്ടം കൂട്ടിയിരിക്കുന്നു! ആ മാന്ത്രികകരങ്ങള്‍ കൊണ്ട് തങ്ങള്‍ ഇത്രയും ദിവസമായി ചെയ്തു കൊണ്ടിരുന്ന പണികള്‍ അദ്ദേഹം മുഴുവനാക്കി !..അവര്‍ ആ മഹാമതിയേ നമിച്ചു .. ഒരു അപേക്ഷയോടെ അവര്‍ അദ്ദേഹത്തിന് ചുറ്റും കൂടി..ഈ അമ്പലത്തിലെ പണികള്‍ കൊണ്ടാണ് തങ്ങള്‍ കഴിഞ്ഞു കൂടിയിരുന്നതെന്നും ഇങ്ങനെയായാല്‍ തങ്ങളുടെ കഞ്ഞി കുടിമുട്ടുമെന്നും അവര്‍ അപേക്ഷിച്ചു..പെരുംതച്ചന്‍ പുഞ്ചിരിയോടെ അവര്‍ക്കൊരു അനുഗ്രഹം കൊടുത്തു താന്‍ ഇനിമേല്‍ ഉളി കൈകൊണ്ടു തൊടുകയില്ല എന്നുംപന്നിയൂരമ്പലം പണി മുടിയില്ല എന്നും! എക്കാലവുംതങ്ങളുടെ വംശത്തിലെആര്‍ക്കെങ്കിലും അവിടെ പണിയുണ്ടാകുമെന്നും അദ്ദേഹം അനുഗ്രഹിച്ചു.. ...ആ അനുഗ്രഹം(ശാപമോ?) ഇന്നും അതെപടിനിലനില്‍ക്കുന്നു!! തന്റെ ഉളിയും മുഴക്കോലും അവിടെ ഉപേക്ഷിച്ചു അദ്ദേഹംഅവിടെ നിന്നും പോയി..തന്റെ ശാപജന്മം അലഞ്ഞു തീര്‍ക്കുന്നതിനായി !! പിന്നെ കഥകളിലൊന്നും പെരുംതച്ചനെ കുറിച്ച് നാം കേട്ടിട്ടില്ല ....
പെരുംതച്ചന്റെ ഉളിയും മുഴക്കോലും ഇപ്പൊഴുമവിടെ സൂക്ഷിച്ചു വെച്ചിരിക്കുന്നു..

                 പന്നിയൂര്‍ തുറ ..
പന്നിയൂര്‍ അമ്പലത്തിനടുത് സ്ഥിതി  ചെയ്യുന്ന " തുറ" എന്നറിയപ്പെടുന്ന പന്നിയൂര്‍ ക്കായല്‍ ..മനോഹരമായ വലിയൊരു ജലാശയമാണിത് .
കയ്യേറ്റങ്ങളും സ്വാഭാവികമായ പരിസ്ഥിതി നാശവും മൂലം അവസാനിച്ചു കൊണ്ടിരിക്കുകയാണ് ഈ ജലാശയം..
ഭൂമി ദേവി സമേതനായ വരാഹ മൂര്‍ത്തിയാണ് ഇവിടെ പ്രതിഷ്ട !! അതിനോട് ബന്ധപ്പെടുത്തിയ  ഒരു ഐതിഹ്യവും ഇതിനെ സംബന്ധിച്ച പറയപ്പെടുന്നു..വരാഹ മൂര്‍ത്തിയായ ഭഗവാന്‍ ഭൂമിയെ ഉയര്‍ത്തി ക്കൊണ്ട് വന്നതാണീ തുറയുടെ ജന്മത്തിന് കാരണമെന്ന്‍  ഈ ഐതിഹ്യത്തില്‍ പറയുന്നു.. ..ഭഗവാന്‍അപ്രത്യക്ഷ മായ ഈ  പ്രദേശം വലിയൊരു ജലാശയ മായി എന്നാണ് കഥ! ഏക്കറുകള്‍  പരന്നു കിടക്കുന്ന മനോഹര ജലശായ മാണിത്!! അതിനെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍  ജില്ല പഞ്ചായത്തിന്റെ നേതൃത്തത്തില്‍ നടന്നു വരുന്നു !! ഇപ്പോള്‍, എന്തായീ എന്തോ??  
ഐതിഹ്യങ്ങള്‍ ഉറങ്ങി കിടക്കുന്ന പന്നിയൂര്‍ മഹാക്ഷേത്രത്തേ  കുറിച്ച്   കൂടുതല്‍ വിവരങ്ങള്‍  അറിയാവുന്നവര്‍  അത് പങ്കു വെക്കണമെന്ന് ഒരു അപേക്ഷയുണ്ട്.. ..എനിക്കറിയാവുന്ന ചില  വിവരങ്ങള്‍ ഞാന്‍ പങ്കു വെച്ചു എന്ന് മാത്രം! ചിലപ്പോള്‍ ആധികാരികമായ വിവരങ്ങള്‍ നല്‍കുന്നതില്‍ തെറ്റ് പറ്റിയിരിക്കും..ക്ഷമിക്കണം..
ചില വിവരങ്ങള്‍ എന്നോട് പങ്കുവെച്ച സുഹൃത്തുക്കള്‍ക്കെല്ലാം നന്ദി..
കൌതുക കര മായ ഒരു സംഗതി കൂടിയുണ്ട്..ബുദ്ധിക്ക്  മൌഡ്യമുള്ളവര്‍ക്ക്  പന്നി തേറ്റ അരച്ച് കഴിക്കുന്നത് നല്ലതാണ് എന്ന് ഗ്രന്ഥങ്ങളില്‍ പറയുന്നുണ്ടത്രേ..വരാഹ മൂര്‍ത്തി യെ ഭജിക്കുന്നത് ബുദ്ധി തെളിയുന്നതത്തിനു നല്ല താണത്രേ! രണ്ടും കൂടി ചേര്‍ത്ത് വായിക്കുന്നത് കൌതുക കരമാണ്!!
വിശ്വാസിയോ അവിശ്വാസിയോ എന്തുമാകട്ടെ ഒരു തവണ ഈ ക്ഷേത്ര ദര്‍ശനം നടത്തുന്നത് ആനന്ദദായകമായ ഒരനുഭവമാണ് തീര്‍ച്ച!!  
                                                            .ബിപിന്‍ ആറങ്ങോട്ടുകര. 

Sunday, September 18, 2011

ഒരു നിറകണ്‍ചിരി

     ഒരു നിറകണ്‍ചിരി  ..

ഇതൊരുകഥയല്ല..എന്നാല്‍ ഒരു അനുഭവമാണോഎനിക്കറിയില്ല....എങ്കിലും ഞാന്‍ പറയാം... "ഒരുനിറകണ്‍ചിരി" യാണിത്‌ !

ഒരവധിക്കാലത്ത്  കുടുംബത്തോടൊപ്പം  നാട്ടിലെതിയതാണ് ഞാന്‍ ..എന്റെ നാട് വല്ലാതെ മാറിയിരുന്നു..ഗ്രാമത്തിന്റെ സ്വഭാവം മാറി  ,നഗരത്തിന്റെ ചിട്ടവട്ടങ്ങള്‍ സ്വയം എടുത്തണിഞ്ഞ അപരിചിതമായ  ഒരു ഭൂമിയായി അത് മാറിയിരുന്നു..മകന്റെ എഞ്ചിനീയറിങ്ങ് പഠനത്തെ കുറിച്ചുള്ള ചിലകാര്യങ്ങള്‍ ശരിയാക്കുന്നതിന്റെ തിരക്കുകളില്‍ ആയിരുന്നു ഞാന്‍..തലേ ദിവസം ഒരു ദീര്‍ഘ യാത്ര കഴിഞ്ഞു വന്നതിന്റെ ക്ഷീണം കാരണം രാവിലെ എഴുന്നേല്‍ക്കാന്‍ വൈകി..ഉമ്മറത്ത്‌ പത്രവും വായിച്ചു ഒരു ചായയും കുടിച്ചു ഇരിക്കുകയാണ് ഞാന്‍..
നല്ല  ഇഡ്ഡലിയും ചട്നിയും ഉണ്ടാക്കി വെച്ചിട്ടുണ്ട് എന്ന് പ്രിയതമ രണ്ടു മൂന്ന് തവണയായി വന്നു വിളിക്കുന്നു..കുറച്ചു നേരം കഴിയട്ടെ എന്ന് കരുതി അങ്ങനെ ഇരിക്കുകയാണ്...പുറത്തു നേരിയ ചാറ്റല്‍ മഴയുണ്ട്..മഴച്ചാറലുംഏറ്റു കൊണ്ട് ചെറിയ തണുപ്പും അടിച്ചു ചൂടുള്ള ചായയും കുടിച്ചു അങ്ങനെ ഇരിക്കുന്നതിന്റെ ഒരു സുഖം ഞങ്ങള്‍ പ്രവാസികള്‍ക്ക് ഒരു സ്വപ്നമാണ്!! വല്ലപ്പോഴും വീണു കിട്ടുന്ന ഒരു സൌഭാഗ്യം !!
പുറത്തു ഗേറ്റില്‍ ആരോ തട്ടുന്ന ശബ്ദം കേള്‍ക്കുന്നത് പോലെ തോന്നി .കൂട്ടില്‍ കിടന്നു കുരച്ചു  ശബ്ദ മുണ്ടാക്കുകയാണ് ബ്രൌണി...രസച്ചരട് മുറിഞ്ഞതിന്റെ നീരസത്തില്‍ ഞാന്‍ എഴുന്നേറ്റു..കൂടിന്നടുത്തു ചെന്ന് ബ്രൌണി യെ അടക്കി നിര്‍ത്തി..അവന്‍ മുരള്‍ച്ചയോടെ ഗേറ്റിലേക്ക് നോക്കുന്നുണ്ട്...ഞാന്‍ ഗേറ്റ് ന്നടുതെക്ക് ച്ചെന്നു..പുറത്തു ഒരു പ്രാകൃത രൂപം..മുഷിഞ്ഞ വേഷം നര വീണ താടി രോമങ്ങള്‍..കൂനിക്കൂടിയ ഒരു മനുഷ്യ രൂപം..വല്ല പിച്ചക്കാരനും ആയിരിക്കും..ഞാന്‍ മകനെ വിളിച്ചു വല്ലതും കൊടുക്കാന്‍ പറഞ്ഞു...മകന്‍ അകത്തു നിന്നും വന്നു പുറത്തേക്കു നോക്കി പണം എടുക്കാനായിഓടി  അകത്തേക്ക് പോയി...എന്തോ ഒരു  പ്രേരണയില്‍ ഞാന്‍ ഗേറ്റ് തുറന്നു അയാളോട് അകത്തേക്ക് വരാന്‍ പറഞ്ഞു..കൂനിക്കൂടിയ ആ പ്രാകൃത രൂപം വെച്ചു വെച്ചു അകത്തേക്ക് വന്നു...കൂട്ടില്‍ കിടന്നു ബ്രൌണി വീണ്ടും ശബ്ദമുണ്ടാക്കാന്‍ തുടങ്ങി..ഒരു പകപ്പോടെ അയാള്‍ നായയെ നോക്കി ..പേടിയോടെ അയാള്‍ വീടിന്റെ ഉമ്മറ തിണ്ണയിലേക്ക് ചേര്‍ന്ന് നിന്നു .ഞാന്‍ കൂട്ടിലേക്ക് നോക്കി ഉറക്കെ ശബ്ദമുണ്ടാക്കി ബ്രൌണിയെ അടക്കി നിര്‍ത്തി...

എന്റെ ശബ്ദം കേട്ടതും അയാള്‍ തലയുയര്‍ത്തി എന്നെ നോക്കി..ഏതോ ഓര്‍മകളില്‍ പരതുന്നത് പോലെ അയാള്‍ എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി..പിന്നെ ചുറ്റുപാടും സൂക്ഷിച്ചു നോക്കാന്‍ തുടങ്ങി...  
ആ പരതിനോട്ടതിന്നിടയില്‍ അയാളുടെ നോട്ടം ഉമ്മറത്ത്‌ വലുതായി ചില്ലിട്ടു വെച്ചിരുന്ന അച്ഛന്റെ ഫോട്ടോയില്‍ ചെന്നുടക്കി..മങ്ങിയ കണ്ണുകളാല്‍ അയാള്‍ വീണ്ടുമാ ഫോടോയിലേക്ക് സൂക്ഷിച്ചു നോക്കി..അങ്കലാപ്പോടെ അയാള്‍ വീടിനു ചുറ്റുപാടും സൂക്ഷിച്ചു നോക്കാന്‍ തുടങ്ങി..ആ നോട്ടം ഉമ്മറത്തെ ചതുര കിണറ്റില്‍ വന്നെത്തി ..തറവാട് മുറ്റത്തെ ആ കൌതുകം അതെ പടി നില നിര്‍ത്തി കൊണ്ടായിരുന്നു ഞാന്‍ പുതിയ വീട് പണിതത്..അല്ല ആ കിണറിനു അനുസരിച്ചായിരുന്നു ഞാന്‍ വീടിന്നു സ്ഥാനം കണ്ടത്‌..ഇപ്പോഴും ആരെയും അമ്പരിപ്പിക്കുന്ന ഒരു ശില്‍പ്പചാരുതയാണ് ആ കിണര്‍!! ചതുരക്കിണര്‍ എന്നാണ്  ഞങ്ങള്‍ അതിനെ വിളിച്ചിരുന്നത്‌.. ചെങ്കല്ല് കൊണ്ട് കെട്ടിയോതുക്കിയ  ആ കിണര്‍ ഒരിക്കലും വറ്റിയിരുന്നില്ല..ആ കിണറ്റിലെ വെള്ളത്തിന്‌ ഒരു പ്രത്യേക സ്വാദാണ്.. .അയാള്‍ വെച്ചു വെച്ചു ആ കിണരിന്നടുതെക്ക് ചെന്നു..അതിന്റെ കൈവരികളില്‍ പിടിച്ചു നിന്നു അയാള്‍ കിതച്ചു..വളരെ ശ്രമപ്പെട്ടു കിണ രിന്നുള്ളിലേക്ക് നോക്കാന്‍ ശ്രമിക്കുകയാണ്  അയാള്‍..പിന്നെആള്‍ മറയില്‍  ഒന്ന്‌ തലോടി..ഒരു കുഞ്ഞിനെ തലോടുന്നത് പോലെ അയാള്‍ ആ കിണറിന്നെ താലോലിക്കുകയാണ് എന്നെനിക്കു തോന്നി..കിണറിന്നുള്ളിലേക്ക് അയാള്‍ പിന്നെയും നോക്കാന്‍ തുടങ്ങി ..എനിക്കൊരു ചെറിയ പേടി തോന്നി ..ഞാന്‍  വേഗം അയാളെ വിളിച്ചു ...അയാളൊന്നു തിരിഞ്ഞു എന്നെ സൂക്ഷിച്ചു നോക്കി..വീടിന്റെ ചുറ്റുപാടുകള്‍ അയാള്‍ വീക്ഷിക്കാന്‍ തുടങ്ങി...ഓര്‍മയുടെ ഏടുകളില്‍ അയാള്‍ എന്തോ പരതുന്നത് പോലെ തോന്നി...പ്രാഞ്ചി പ്രാഞ്ചി അയാള്‍ ഉമ്മറത്തേക്ക് നടന്നു വന്നു..അയാളുടെ പീള കെട്ടിയകണ്ണുകള്‍ അച്ഛന്റെ ഫോട്ടോയില്‍ വീണ്ടും..വിറയ്ക്കുന്ന വിരലുകളോടെ അയാള്‍ ഉമ്മരത്തിണ്ണയില്‍ പിടിച്ചു നിന്നു..ഉമ്മറത്ത്‌ അച്ഛന്റെ പഴയ ചാരുകസേര ..എന്നും രാവിലെ ഞാനത് തുടച്ചു വൃത്തിയാക്കി അവിടെ കൊണ്ട് വെക്കും..ഞാനതില്‍ ഒരിക്കലും ഇരിക്കാറില്ല..മനോഹരമായ കൊത്തുപണി കള്‍ ചെയ്തിട്ടുള്ള ആ ചാര് കസേര ഇന്നും കാണുന്നവര്‍ക്കെല്ലാം അത്ഭുതമാണ്..ചാരുപടിമേല്‍ എഴുത്ത് പലകയും വെച്ചിരുന്നു പേന നെറ്റിയില്‍ മുട്ടിച്ചു എന്തോ ആലോചിക്കുന്ന അച്ഛന്റെ രൂപം ..അതിപ്പോഴും മനസ്സില്‍ നിന്നും പോയിട്ടില്ല..ആ ചാരു കസേര അവിടെയിരിക്കുമ്പോള്‍അച്ഛന്‍  അവിടെയിരുന്നു ഇപ്പോഴും എഴുതുകയാണ് എന്നെനിക്കു തോന്നും...അച്ഛന്റെ സാമീപ്യം എപ്പോഴും ഈ ഉമ്മറക്കൊലയില്‍ ഉണ്ട് എന്ന്‍ ഞാന്‍ വിശ്വസിച്ചു..

ആ ചാരു കസേര അയാള്‍ നോക്കി കൊണ്ട് നിന്നു..ഏതോ ഓര്‍മ്മകള്‍ അയാളില്‍ തിരികെയെത്തിയത് പോലെ..മോനെ എന്നൊരു വിറയാര്‍ന്ന ശബ്ദം .. ആ ശബ്ദം എവിടെയോ കേട്ട് മറന്നത് പോലെ..  അയാളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു...ഞാനടുത്തേക്ക് ച്ചെന്നു..വിറയാര്‍ന്ന  വിരലുകളോടെ അയാളെന്റെ കൈകള്‍ കയറി പിടിച്ചു..ഞാന്‍ അയാളെ സൂക്ഷിച്ചു നോക്കി..ഈശ്വരാ..ഇത് കുഞ്ചു ആശാരി ആണല്ലോ..എന്റെ മനസ്സൊന്നു പിടഞ്ഞു..തീരെ തിരിച്ചറിയാന്‍ പറ്റിയില്ല..കുറ്റ ബോധത്തോടെ  ഞാനാ പ്രാകൃത രൂപത്തെ ചേര്‍ത്ത്പിടിച്ചു....
ഇത് കുഞ്ചു ആശാരി യാണ് ..അച്ഛന്റെ പ്രിയ സ്നേഹിതന്‍. ആശാന്‍ എന്ന് എല്ലാവരും വിളിച്ചിരുന്ന ഞങ്ങളുടെ ഗ്രാമത്തിന്റെ പെരുംതച്ചന്‍..ഈശ്വരാ..തിരിച്ചറിയാന്‍ കഴിഞ്ഞില്ലല്ലോ..മനസ്സില്‍ നിറയുന്ന കുറ്റബോധത്തോടെ ഞാനാ പഴംതുണി കെട്ട് പോലെ ദുര്‍ബലമായ ശരീരത്തെ ചേര്‍ത്ത് പിടിച്ചു..ഉമ്മറത്തേക്ക് കയറ്റി..കസേരയില്‍  ഇരുത്താന്‍ നോക്കുമ്പോള്‍ എന്റെ കൈ വിടുവിച്ചു ആശാന്‍ തറയിലിരുന്നു....പിന്നെ ഏതോ ഉള്‍പ്രേരണ യിലെന്ന പോല്‍ നിരങ്ങി നിരങ്ങി ആ ചാരുകസേരക്കരികില്‍ ചേര്‍ന്നിരുന്നു...അവിടെയായിരുന്നു ആശാന്റെ സ്ഥാനം..
എന്റെ മനസ്സു ബാല്യത്തിലേക്ക് ഓടിപ്പോയി...നിലത്തു ചാരുകസേര ക്കരുകില്‍ ചമ്രം പടിഞ്ഞിരിക്കുന്ന ആശാന്‍.ഉയരുന്ന ചങ്ങമ്പുഴക്കവിതകള്‍..കണ്ണുമടച്ചു ചാരുകസേരയില്‍ ചാഞ്ഞു കിടക്കുന്ന അച്ഛന്‍..അച്ഛന്റെ മടിയില്‍ ഞാനുമുണ്ടാകും..നേരെമെരെയായാല്‍ അമ്മ വന്നു എന്നെ എടുത്തു കൊണ്ട് പോകും....അവര്‍ അങ്ങനെ ഇരിക്കും..അച്ഛന്‍ ആശാന് ഗ്ലാസ്സ് നിറച്ചു കൊടുക്കും..മദ്യം കഴിക്കാത്ത അച്ഛന്‍ ആശാന് വേണ്ടി വാങ്ങി സൂക്ഷിച്ചു വെച്ചതായിരിക്കും ആ കുപ്പി...ആ സൗഹൃദം ഓര്‍മകളില്‍ പോലും ഒരു മധുരമാണ് എനിക്ക്..ഞാനെന്റെ ബാല്യ കാലത്തിലേക്ക് ,തൊടികളില്‍ വെള്ളാരം കല്ലുകള്‍ പെറുക്കാനോടുന്ന പഴയ കുട്ടിയായി  ഓടിപ്പോയി .
                                                  .
ഭക്ഷണം കഴിക്കാനായി എന്നെ വിളിക്കാന്‍ വന്നതാണ്‌ പ്രിയതമ..പെട്ടെന്നവള്‍ സ്തബ്ധയായി നിന്നു..ആ പ്രാകൃത രൂപിയെ കണ്ടതും അവള്‍ ചോദ്യ രൂപത്തില്‍ എന്നെ നോക്കി..നിലത്തു ആശാനോട് ചേര്‍ന്നിരിക്കുകയാണ് ഞാന്‍..വെണ്‍കല്ല് പാകിയനിലത്തു ചളി പിടിച്ചിരിക്കുന്നു..ചോദ്യ രൂപത്തില്‍ അവളെന്നെ നോക്കി..ചായ കൊണ്ട് വാ എന്ന് ഞാന്‍ പറഞ്ഞു..ഇതെന്തു കഥ എന്ന ഭാവത്തില്‍ അവള്‍ പിന്നെയും സംശയിച്ചു നിന്നു..ഞാനവളെ ഒന്ന്‍ തറപ്പിച്ചു നോക്കി..എന്റെ നോട്ടത്തിന്റെ മുന കൊണ്ടതുംഅവള്‍ വേഗം അകത്തേക്ക് വലിഞ്ഞു....
ഞാനവളുടെ പിന്നാലെ അടുക്കളയിലേക്കു ച്ചെന്നു..എന്റെ ധൃതിയും ആവേശവും കണ്ടു ഒരു കൌതുകമോടെ അവളെന്റെ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കി..അവള്‍ പാത്രത്ത്തിലാക്കിയ ഇഡലിയും ചട്നിയുമായി  ഞാന്‍ വേഗത്തില്‍ ഉമ്മരെതെക്ക് നടന്നു..അവിശ്വസനീയമായ ഒരു ചോദ്യം അവളുടെ മുഖത്ത്..ഞാന്‍ തിരിഞ്ഞു നിന്നു..അവളോട്‌ പറഞ്ഞു..ആശാന്‍ ..ആശാന്‍ ആണതു...തീരെ വിശ്വാസം വരാതെ അവളെന്നെ തുറിച്ചു നോക്കി.."ആശാന്‍..ആശാന്‍..കുഞ്ചുആശാരി "   ധൃതിയില്‍ ഞാന്‍ ഭക്ഷണ പാത്രവുമെടുത്തു ഉമ്മറത്തേക്ക് ചെന്നു ..ഭക്ഷണം ആശാന്റെ മുന്നില്‍ വെച്ച് ഞാന്‍ നിലത്തിരുന്നു...ആവി പറക്കുന്ന ചൂടുള്ള ചായയും ഇഡലിയുംചട്നിയും..ആശാന്‍ എന്നെഒന്ന്നോക്കി,മെല്ലെഭക്ഷണപാത്രത്തില്‍കൈവെച്ചു..ഞാനടുതിരുന്നു..അവള്‍ ഓടി വന്നു വാതില്‍ക്കല്‍ ചേര്‍ന്ന് നിന്നു.ഒരു കൌതുകം നിറഞ്ഞ പുഞ്ചിരി അവളുടെമുഖത്തുണ്ടായിരുന്നു...അവളോട്‌ ആശാനെ കുറിച്ച് ഞാന്‍ പറഞ്ഞിട്ടുണ്ടായിരുന്നു.. എന്റെ ഗ്രാമ ത്തെയുംഅവിടുത്തെ ആളുകളെയും കുറിച്ച് അവളോട്‌ എല്ലാം ഞാന്‍ പറഞ്ഞു കൊടുത്തിട്ടുണ്ട്‌..ആശാന്‍  ഭക്ഷണം കഴിക്കുന്നതും നോക്കിഞാനടുതിരുന്നു....

ഞാന്‍ തൊടികളില്‍ വെള്ളാരം കല്ലുകള്‍ പെറുക്കുകയാണ്..കുഞ്ചു ആശാരി പണിക്ക് വന്നിട്ടുണ്ട്..രാവിലെ സഞ്ചിയും തൂക്കി മുഴക്കൊലുമായി ആശാന്‍ പടികടന്നു വരുന്നത് കണ്ടപ്പോഴേ ഞാനെഴുന്നേറ്റു തൊടിയിലേക്ക് ഓടി..വെള്ളാരംകല്ലുകള്‍ പെറുക്കി എടുത്തു ആശാന്റെകയ്യില്‍ കൊടുക്കാന്‍ ഞങ്ങള്‍ തമ്മില്‍ മല്‍സരമായിരിക്കും..ആ കല്ലുകള്‍ സൂക്ഷിച്ചു നോക്കി തിരഞ്ഞ്പെറുക്കിയെടുത്തു.ഇടി മുട്ടിയെടുത്തു ഇടിച്ചു പൊടിക്കും  ആശാന്‍ ..എന്നിട്ട് ആ ചരല്‍ പൊടി പലക മേല്‍ വിതറിയിട്ട് ഉളിയെടുത്തു ഒരു ഉര ക്കലുണ്ട്..തീപ്പൊരികള്‍അന്തരീക്ഷ ത്തില്‍ പാറി നടക്കും..എന്തൊരു രസമുള്ള കാഴ്ചയാണ്!! വടക്കനുളി മൂര്‍ച്ചകൂട്ടി തിരിച്ചും മറിച്ചും നോക്കി,വിരല് കൊണ്ട് ഒന്ന്‌ ഉരതി നോക്കി ഞങ്ങളെ നോക്കി ഒരു ചിരി ...എനിക്ക് സന്തോഷമായി..പിന്നെ ആശാന്‍ പണി തുടങ്ങുകയായി..അളവുകോലുകള്‍ തിരിച്ചും മറിച്ചും ചെവിക്കുറ്റി യില്‍ നിന്നും പെന്‍സില്‍ എടുത്തു ഇടക്കൊന്നു കോറി,ഉളി കൊണ്ട് ചെത്തി ചിന്തെരിട്ടുമിനുക്കി ..ഞാനവിടെ തന്നെ ചുറ്റി പറ്റി നില്‍ക്കുകയാണ്..മരപ്പാളികള്‍ വീതുളി വെച്ചു ചെത്തി ചെത്തി എടുക്കുന്നത് കാണാന്‍ എന്തൊരു രസമാണ്..നേരിയ കനത്തില്‍ പൊളിഞ്ഞു വീഴുന്ന മരപ്പാളികള്‍ കാണാനും മണത്തു നോക്കാനും നല്ല രസമാണ്!!ചിന്തെരിടുമ്പോള്‍ ചുരുണ്ടു ചുരുണ്ടു യര്‍ന്നുവരുന്നതു ഞാന്‍ കൈകൊണ്ടു പിടിച്ചെടുക്കാന്‍ ശ്രമിച്ചു..ആശാന്‍ എന്നെ നോക്കി സ്നേഹത്തോടെ ചിരിച്ചു,പിന്നെ എന്റെ നെറുകയില്‍ തലോടി...

                
ഓര്‍മകളില്‍ ഞാന്‍ അലഞ്ഞു നടന്നു..സ്കൂളില്ലാത്ത ദിവസമാണെങ്കില്‍ ഞാന്‍ മുഴുവന്‍ സമയവും ആശാന്റെ കൂടെയായിരിക്കും..എനിക്ക് മരം കൊണ്ട് പാവയും ,പമ്പരവും കളിപ്പാട്ടങ്ങളും ഉണ്ടാക്കി തരും....രാത്രികളില്‍ അച്ഛന്റെ മടിയിലിരുന്നു ആശാനെ കാണുമ്പോള്‍ ഇത് വേറൊരു ആളാണ് എന്നെനിക്കു തോന്നിയിട്ടുണ്ട്..രണ്ടു മുഖങ്ങളുള്ള ഒരാള്‍!എല്ലാവരും ആശാന്‍ എന്നാണ് കുഞ്ചു ആശാരിയെ വിളിച്ചിരുന്നത്‌..നാട്ടുകാരുടെ ആശാന്‍ ആയിരുന്നു അദ്ദേഹം ....നാടകസമിതിയുടെയും ഉത്സവ കമ്മിറ്റിയുടെയും മുന്നില്‍ ആശാന്‍ ഉണ്ടാകും..ആശാന്‍ ഇല്ലാതെ ഒന്നും ഞങ്ങളുടെ ഗ്രാമത്തില്‍ നടക്കുമായിരുന്നില്ല..
ഉത്സവം കൊടിയേറിയാല്‍ പിന്നെ ആശാന്‍ പണിക്കൊന്നും പോവില്ല .കാവിന്റെ പരിസരത്ത് തന്നെയുണ്ടാകും ..രാവിലെ ആശാന്റെ രാമായണ വായന കേട്ടാണ് ഞങ്ങള്‍ ഉണരുക. ഏഴു രാഗങ്ങളില്‍ ആ പാരായണം ഉച്ച വരെ നീളും..
ആശാന്‍ വലിയ കമ്മുണിസ്റ്റു അനുഭാവി ആയിരുന്നു..അച്ഛനുമായി ആശയപരമായി തര്‍ക്കം ഉണ്ടാകുമെങ്കിലുംആ സൗഹൃദം മധുരം നിറഞ്ഞതായിരുന്നു.. ഉത്സവത്തിന്നു നാടകം ഉണ്ടാകും ..ആശാന്റെ വകയാണ് സംവിധാനം ..അച്ഛന്‍ നാടകം എഴുതി കൊടുക്കും..ആദ്യാവസാനം എല്ലാം ആശാന്റെ മേല്‍ നോട്ടത്തിലാണ്..എന്തിനും ഏതിനും ആശാന്‍ ഇല്ലാതെ ഞങ്ങളുടെ നാട്ടില്‍ ഒന്നും നടക്കില്ല...ആശാന്റെ മകന്‍ കൃഷ്ണേട്ടന്‍ ഞങ്ങളുടെകൂടെയുണ്ടാകും..കൃഷ്ണേട്ടനെ പോലെയാകണ മെന്നായിരുന്നു എന്റെ ഏറ്റവുംവലിയ ആഗ്രഹം!! നന്നായി വരക്കും,പാടും ,ശില്‍പ്പങ്ങള്‍ ചെയ്യും. നന്നായി പഠിക്കും...ഞങ്ങളുടെ ഫുട്ബാള്‍ ടീമിന്റെ ജീവന്‍ കൃഷ്ണേട്ടന്‍ ആയിരുന്നു..ആശാന്റെ കൂടെ കൃഷ്ണേട്ടന്‍ പണിക്കു പോകും..അച്ഛന്റെ ചാരുകസേര കൊത്തു പണികള്‍  ചെയ്തു മനോഹരമാക്കിയത് കൃഷ്നെട്ടനാണ്..തറവാട്ടിലെ കിണര്‍ പുതുക്കി ചെങ്കല്ല് കെട്ടി പടുത്തു..ആശാനും കൃഷ്ണേട്ടനും കൂടിയാണ് അത് ചെയ്തത് ..അല്ല കൃഷ്ണേട്ടന്റെആശയം ആയിരുന്നു അത്..ഇന്നും കാലങ്ങള്‍ കഴിഞ്ഞിട്ടും ആ ചതുരക്കിണര്‍ ഒരത്ഭുതമായി നില്‍ക്കുന്നു..കൃഷ്ണേട്ടന്‍ ചെയ്ത കൊത്തു പണികള്‍ ഉള്ള വാതില്‍ തന്നെയാണ് തറവാട് പൊളിച്ചു പുതിയ വീട് വെക്കുമ്പോള്‍ ഞാന്‍ ഉപയോഗിച്ചത്..എത്രയോ പേര്‍ അതിന്റെ മനോഹാരിത കണ്ടു കൊതിച്ചു പോയിട്ടുണ്ട്..ആ പെരുന്തച്ചനെയും  മകനെയും  ഞങ്ങളുടെ ഗ്രാമത്തിന്റെ അഭിമാനമായി ഞങ്ങള്‍ ഗ്രാമീണര്‍ കൊണ്ട് നടന്നു..

ഉത്സവ കാലമായിരുന്നു ..കൊടിയെറിയിട്ടു രണ്ടു മൂന്ന് ദിവസമായിരിക്കുന്നു...ഇത്തവണ കൃഷ്ണേട്ടന്‍ എത്താന്‍ വൈകിയല്ലോ എന്ന്‍ ഞങ്ങള്‍ വിചാരിച്ചു..സാധാരണ കൃഷ്ണേട്ടന്‍ എത്തേണ്ട സമയം കഴിഞ്ഞിരിക്കുന്നു..ഇത്തവണ ഞങ്ങള്‍ കുട്ടികളുടെ വകയാണ് നാടകം..കൃഷ്ണേട്ടന്‍ ഇല്ലാതെ ഒന്നും ശെരിയാകില്ല..കൃഷ്ണേട്ടന്റെ വരവും കാത്തു ഞങ്ങള്‍ ഇരുന്നു.
ആ ഉത്സവകാലം കൃഷ്ണേട്ടന്‍ ഇല്ലാതെ കഴിഞ്ഞു..പിന്നീടൊരിക്കലും കൃഷ്ണേട്ടന്‍ ഞങ്ങളുടെ ഗ്രാമത്തിലേക്ക് വന്നതേയില്ല...പടിക്കാനുണ്ടാകും അത് കൊണ്ടായിരിക്കും എന്ന്‍ പറഞ്ഞു അച്ഛന്‍ ആദ്യമൊക്കെ ആശാനെ സമാധാനിപ്പിച്ചു..ഒടുവില്‍ ഒരു ദിവസം അച്ഛന്‍ കോഴിക്കോട്ടേക്ക് അന്വേഷിക്കാന്‍ പോയി..തിരികെയെത്തിയ അച്ഛന്‍ ആകെ അസ്വസ്ഥനായിരുന്നു..അച്ഛന്‍ അമ്മയോട് പറഞ്ഞതില്‍ നിന്നും കൃഷ്ണേട്ടനെ പോലീസ് പിടിച്ചു എന്ന്‍ മനസ്സിലായി..കള്ളന്മാരെയല്ലേ പോലീസ് പിടിക്കുക..എനിക്കത് വിശ്വസിക്കാന്‍ കഴിയുമായിരുന്നില്ല..അച്ഛനും അമ്മയും കൂടിയുള്ള സംസാരങ്ങളില്‍ നിന്നും എഞ്ചിനീയരിങ്ങു  കോളേജിന്റെ ഹോസ്റ്റലില്‍ നിന്നും കൃഷ്നെട്ടനെയും കൂട്ടുകാരെയും പോലിസ് പിടിച്ചു  കൊണ്ട് പോയി എന്ന്‍ മനസ്സിലായി....കൃഷ്ണേട്ടനെ കാത്തിരുന്നു കാത്തിരുന്നു ആശാന്‍ സമ നില തെറ്റി യവനെ പോലെ നടക്കാന്‍ തുടങ്ങി.....കൃഷ്ണേട്ടന്‍ ഒരിക്കലും വന്നില്ല..കോടതികള്‍,അന്വേഷണങ്ങള്‍ .. തീവ്ര രാഷ്ട്രീയത്തിന്റെ മുന ചൂണ്ടി പ്രിയ സഖാക്കളും ആശാനെ കയ്യൊഴിഞ്ഞു..അന്വേഷണങ്ങള്‍ എങ്ങുമെത്തിയി ല്ല..ഒടുവില്‍ അച്ഛന്‍ പഴയ കൂട്ടുകാരനായ മുഖ്യമന്ത്രിയെ നേരിട്ടു കാണാന്‍ തലസ്ഥാനത്തേക്ക് പോയി...വളരെ വൈകി ഒരു രാത്രി അച്ഛന്‍ തിരിച്ചു വന്നു..ഞാന്‍ അമ്മയുടെ മടിയില്‍ കിടന്നു ഉറക്കമായിരുന്നു..അമ്മയുടെ തേങ്ങല്‍ കേട്ടാണ് ഞാനുണര്‍ന്നത്..അച്ഛനെ കണ്ടതും സന്തോഷത്തോടെ  ഞാന്‍ അച്ഛന്റെ തോളിലേക്ക് ചാഞ്ഞു ..അച്ചന്റെ കണ്ണുകളില്‍ നനവുണ്ടായിരുന്നു..അച്ഛന്‍ എന്നെ ചേര്‍ത്ത് പിടിച്ചു അകത്തേക്ക് നടന്നു.. അച്ഛന്റെ സഞ്ചിയും മറ്റും കയ്യിലെടുത്തു അമ്മ പിന്നാലെയും രണ്ടാളുടെയും നെഞ്ചില്‍  അടക്കിയ ഒരു തേങ്ങല്‍ ഞാന്‍ അറിഞ്ഞു..എന്റെ ചെറിയ മനസ്സില്‍ എന്തൊക്കെയോ വിങ്ങി പൊട്ടി ഉരുകിയൊലിച്ചു..അറിയാതെ ഞാനും കരഞ്ഞു പോയി.. പിന്നീടു  ഒരിക്കല്‍  അച്ഛന്റെ ഓര്‍മ്മക്കുറിപ്പുകള്‍‍ വായിക്കുമ്പോള്‍ ഞാനാ തേങ്ങല്‍ വീണ്ടും അറിഞ്ഞു...പഴയ കൂട്ടുകാരനായ മുഖ്യമന്ത്രി മുഖത്ത് നോക്കാനാകാതെ നിസ്സഹായനായി തലയും കുമ്പിട്ടു ഇരുന്ന രംഗം വായിച്ചപ്പോള്‍ എന്റെ ഉള്ളുപിടഞ്ഞു ..ആ രാത്രിയിലെ രണ്ടു ഹൃദയങ്ങളുടെ അടക്കിയ വിങ്ങലുകള്‍ ഞാന്‍ അനുഭവച്ചറിഞ്ഞു..
അന്ന് ഞാന്‍ സ്കൂളില്‍ പോയില്ല..അമ്മയുടെ കണ്ണുകളില്‍ ഒരു നനവുണ്ടായിരുന്നു..അച്ഛന്‍ ചാരുകസേരയില്‍ തലോടി അങ്ങനെ ഇരിക്കുന്നു..ആരുമെന്നോട് സ്കൂളില്‍ പോകാന്‍ പറഞ്ഞില്ല ..കുറച്ചു കഴിഞ്ഞപ്പോള്‍ ആശാന്‍ വന്നു..മുഖം കൊടുക്കാതെ അമ്മ അടുക്കളയിലേക്കു മാറി നിന്നു..അച്ഛനും ആശാനും ഒന്നും മിണ്ടാതെ കുറെ നേരം അങ്ങനെ ഇരുന്നു.. 
അച്ഛന്റെ മൌനം ആശാന്‍ തിരിച്ചറിഞ്ഞുവെന്ന് തോന്നി..അച്ഛന്റെ കൈകള്‍ കൂട്ടി പിടിച്ചു നെറ്റിയില്‍ മുട്ടിച്ചു ആശാന്‍ കുറെ നേരം ഇരുന്നു..കണ്ണ് നീര്‍ ധാരധാര യായി ഒഴുകുന്നുണ്ടായിരുന്നു...അല്‍പ്പം കഴിഞ്ഞപ്പോള്‍ ആശാന്‍ എഴുന്നേറ്റു .എന്നെ ചേര്‍ത്ത് പിടിച്ചു കവിളിലും നെറുകയിലും കണ്ണ്നീരോടെആശാന്‍ ഉമ്മ വെച്ചു.. അമ്മയെവിളിച്ചു, നനഞ്ഞ കണ്ണുകളോടെ അമ്മ വന്നു ..അമ്മയെ നോക്കി കൈകൂപ്പി തൊഴുതു അച്ഛന്റെ തോളില്‍പിടിച്ചു ആ മുഖത്തേക്ക് നോക്കി കുറെ നേരം നോക്കി നിന്നിട്ട് ആശാന്‍ പടിയിറങ്ങി പോയി ചാരുകസേരയില്‍ കണ്ണുമടച്ചു അച്ഛന്‍ മലര്‍ന്നു കിടന്നു...
കാവിലെ ഭഗവതിയുടെ നടക്കല്‍ തന്റെ വീതുളിയും മുഴക്കോലും വലിച്ചെറിഞ്ഞു ആശാന്‍ നടന്നു.. കവലയിലെത്തി ഉയരത്തില്‍ പാറിയിരുന്ന ചെങ്കൊടി അഴിച്ചിറക്കി അതും ചുരുട്ടി പിടിച്ചു ആശാന്‍ നടന്നകന്നു..ഈ ഗ്രാമത്തോട് ആശാന്‍ വിടപറഞ്ഞു...ആരും പിന്നെ, ആശാനെ കണ്ടില്ല...

ആശാന്‍ ഭക്ഷണം മെല്ലെ മെല്ലെ ആസ്വദിച്ചു കഴിക്കുകയാണ്...ചാരു കസേര ഒന്നിളകിയത് പോലെ എനിക്ക് തോന്നി..ഒരു സ്നേഹസാമീപ്യം അവിടെ യിരുന്നുമെല്ലെ ചിരിക്കുന്നുണ്ടോ?ഒരു തലോടലിന്റെ സുഖം നെറുകയില്‍ ഇപ്പോഴുമുണ്ടോ??ഞാന്‍ അറിയാതെ തല തടവി. ഒരു നേര്‍ത്ത കാറ്റ് എന്നെ തഴുകിയെത്തിയത് പോലെ.........ഏതോ ഉള്‍പ്രേരണയില്‍ ഞാനെഴുന്നേറ്റു...ഞാന്‍ മകനെ വിളിച്ചു..പ്രിയതമ  വാതില്‍ക്കല്‍ എന്നെ തന്നെ നോക്കി നില്‍ക്കുന്നുണ്ട്..മോന്‍ വേഗം ഓടി വന്നു..ഞാനവനെ ആശാന്റെ മുന്നില്‍ നിര്‍ത്തി..ആശാന്‍ അവനെ സൂക്ഷിച്ചു നോക്കി ..ഒരു ചിരി ആശാന്റെ മുഖത്ത് പൊടുന്നനെ വിരിഞ്ഞു..നിഷ്കളങ്കമായി ആശാന്‍ ഉറക്കെ ചിരിച്ചു...എന്റെ കുട്ടിക്കാലം ആശാന്റെ ഓര്‍മകളില്‍ തിരിച്ചെത്തിയോ?.. എന്റെ ഉള്ളില്‍ എന്തൊക്കയോ തിളച്ചു മറിയുന്നത് പോലെ..ഞാന്‍ അകത്തേക്ക് ഓടി  അലമാരിയില്‍ തപ്പി തിരഞ്ഞു കയ്യില്‍ കിട്ടിയ പണവുമെടുത്തുതിരക്കിട്ട് ഞാന്‍ വന്നു..തൊടിയിലെവിടെയോ ഒരു വെറ്റിലക്കൊടി നില്‍ക്കുന്നത് കണ്ടതായി ഓര്‍മയുണ്ട്..ഞാന്‍ ഓടി ആവെറ്റില കൊടിയില്‍ നിന്നും രണ്ടു മൂന്ന് വെറ്റില പറിച്ചെടുത്തു തിരിച്ചു വന്നു..ചുരുട്ടിക്കൂട്ടിയ പണവും വെറ്റിലക്കുള്ളില്‍  വെച്ചു 
ഞാന്‍മകന്റെ കയ്യില്‍ വെച്ചു കൊടുത്തു.. ..അവനൊന്നു പകച്ചു നിന്നു..ആ ദക്ഷിണ ആശാന്റെ കയ്യില്‍ കൊടുക്കുവാന്‍ ഞ്ഞാന്‍ പറഞ്ഞു..മോന്‍ ആ വെറ്റില ചുരുട്ടിക്കൂട്ടി ആശാന്റെ കയ്യില്‍ കൊടുക്കാന്‍ ശ്രമിച്ചു..അവനെ തടഞ്ഞു കൊണ്ട് ആശാന്‍ വിറച്ചു വിറച്ചു എഴുന്നേറ്റു നിന്നു.കിഴക്കോട്ടു തിരിഞ്ഞു നിന്നു കൊണ്ട് ആശാന്‍ രണ്ടു കൈകളും നീട്ടി ആ ദക്ഷിണ വാങ്ങി..എന്നെഅത്ഭുതപ്പെടുത്തി കൊണ്ട് മോന്‍ പെട്ടെന്ന്‍ ആശാന്റെ കാല്കക്ല്‍ തൊട്ടു വന്ദിച്ചു...അങ്ങനെയവന്  തോന്നിച്ചത് മഹാപുണ്യം..ആശാന്‍ വിറയ്ക്കുന്ന വിരലുകളോടെ അവന്റെ നെറുകയില്‍ കൈകളമര്‍ത്തി..ഭാവിയിലെ എഞ്ചിനയര്‍ക്ക് ഗ്രാമത്തിലെ പഴം തച്ചന്റെ അനുഗ്രഹം..ഇതിനെക്കാള്‍ വലിയൊരു അനുഗ്രഹപുണ്യം അവനു ലഭിക്കാനുണ്ടോ??എന്റെ കണ്ണുകള്‍ ഈറനണിഞ്ഞു..ആശാന്റെ മുഖത്ത് നരച്ച താടിരോമങ്ങള്‍ ക്കിടയിലൂടെ കണ്ണ് നീര്‍ ഒലിച്ചിറങ്ങി..എന്തൊക്കയോ പഴയ ഓര്‍മകളില്‍ ആ മനസ്സു പിടയുന്നത് എനിക്ക് കാണാമായിരുന്നു...വാതില്‍ പടിയില്‍ ചാരിനിന്നു കൊണ്ട് ഭാര്യ കണ്ണുനീര്‍ തുടക്കുന്നു..എന്തോ ഒന്ന്‌ കൂടി ബാക്കി നില്‍ക്കുന്നു...ഞാന്‍ ധൃതിയില്‍ അകത്തേക്കോടി അലമാരിയില്‍ ഒരു ബോട്ടില്‍ ഇരിക്കുന്നുണ്ട്‌.. അത് മെടുത്തു ഞാന്‍ ആശാന്റെ മുന്നിലെത്തി..ഒരു ഗ്ലാസ്സ് മെടുത്തു ഭാര്യയും ഓടിയെത്തി..നനഞ്ഞകവിളുകള്‍ അവള്‍ ഇടം തോളില്‍ തുടക്കുന്നുണ്ടായിരുന്നു ..പണിപ്പെട്ടു ആശാന്‍ എന്നെ പിടിച്ചു ആ ചാരുകസേരയി ലിരുത്താന്‍ ശ്രമിച്ചു..ഒന്ന്‌ മടിച്ച്നിന്ന ഞാന്‍ ഏതോ ഉള്‍പ്രേരണയാല്‍ അതിലേക്കു ചാഞ്ഞു..അച്ഛന്റെ മടിയിലിരിക്കുന്ന കുട്ടിയായി മാറി ഞാന്‍ ..അച്ഛന്‍ എന്നെ ചേര്‍ത്ത് പിടിക്കുന്നതായി എനിക്ക് തോന്നി..ഗ്ലാസെടുത്തു അതിലേക്ക്മദ്യമൊഴിച്ചു ഞാന്‍ ആശാന് നീട്ടി..എന്റെ അരികിലായി നിലത്തു ആശാന്‍ ഇരുന്നു...വിറയ്ക്കുന്ന ശബ്ദത്തില്‍ ഒരു കവിതയുയര്‍ന്നു...ഞാന്‍ കണ്ണുമടച്ചു കസേരയിലേക്ക് ചാഞ്ഞു..ഭാര്യയും മകനും കണ്ണ്നീര് വീണു നനഞ്ഞ ചിരിയുമായി അത് നോക്കി നിന്നു..ചാരുകസേരയിലേക്ക് ,അച്ഛന്റെ മടിയിലേക്ക്‌ ഞാന്‍ ചാഞ്ഞു..എന്റെ മുടിയിഴകളിലൂടെ സ്നേഹത്തിന്‍റെ ഒരു തലോടല്‍ അരിച്ചിറങ്ങുന്നതു ഞാനറിഞ്ഞു...  അച്ഛന്റെ മടിയിലിരിക്കുന്ന ഒരു കൊച്ചു കുട്ടിയായി ഞാന്‍ മാറി... .ഞാന്‍ മെല്ലെ മെല്ലെ കണ്ണുകള്‍ അടച്ചു..താഴെ നിന്നും പതിഞ്ഞ വിറയാര്‍ന്ന ശബ്ദത്തില്‍ ഒരു കവിതാശകലം ഉയരുന്നുണ്ടായിരുന്നു..പുറത്തു ഒരു നേരിയ ചാറ്റല്‍ മഴ നനുനനുന്നനെ പെയ്തു വീഴുന്നുണ്ടായിരുന്നു....
                                  
സമര്‍പ്പണം: എന്റെ ഒരു സുഹൃത്തിന്റെ അച്ഛന്‍ ഒരു കുടുംബ ആഘോഷ വേളയില്‍ കവിത ചൊല്ലുന്ന ഒരു ദൃശ്യം ഞാന്‍ ഈയിടെ കണ്ടു..കുറച്ചു മാസങ്ങള്‍ക്ക് മുന്നേ ആ പിതാവ് ഈ ലോകത്തോട്‌ വിട പറഞ്ഞിരുന്നു..ആ പിതാവിന്റെ സ്മരണകള്‍ക്ക്മുന്നില്‍..പ്രിയപ്പെട്ട മക്കളെ വിട്ടു പിരിഞ്ഞു പോയ എല്ലാ പിതാക്കന്മാരുടെയും സ്മരണകള്‍ക്ക് മുന്നില്‍ ഇത് ഞാന്‍ സമര്‍പ്പിക്കുന്നു..!

                                                      .ബിപിന്‍ ആറങ്ങോട്ടുകര .

Friday, September 9, 2011

കരിന്തിരികള്‍...

കരിന്തിരികള്‍...

കഴിഞ്ഞുവോ ഉത്സവഘോഷങ്ങള്‍,മേളങ്ങള്‍..?

ഒടുങ്ങുന്നു ആഘോഷ തിമിര്‍പ്പുകള്‍ തന്നാരവം...
ഇനിയീ വഴികളിലൊന്നു മാത്രംശേഷിപ്പൂ,അണയുമൊരു
കരിന്തിരി, ചവച്ചു തുപ്പിയൊരു കടലാസ്തുണ്ട്,
മടിക്കുത്തഴിഞ്ഞൊരു മാനത്തിന്‍ കണ്ണുനീര്‍..   .
ഓടയില്‍ തകര്‍ന്നൊരു ചില്ല് കുപ്പി, കുപ്പയില്‍ തള്ളിയൊരു
പളുങ്ക് പാത്രം..വിലയില്ലത്തൊരു നരജന്മം....
പദം പദം താനേ പതിഞ്ഞു ..അകത്തളങ്ങളില്‍
കരിയുന്നു സ്ത്രീ ജന്മമൊരു കരിന്തിരിയായി..

ഇരുള്‍ വീണോരു  ഗോവണി തന്നിടവഴിയില്‍
അമര്‍ന്നു പോയൊരു ബാലിക തന്‍ ഞെരക്കമൊരു
കുഞ്ഞു കുരുവി തന്‍ നെഞ്ചകം ഞെരിഞ്ഞത് പോല്‍.
കൊത്തുന്നു കഴുകന്മാരീ ശവങ്ങള്‍ തന്നസ്ഥിയില്‍
നിര്‍ലജ്ജമീ മാനുഷര്‍ തലയാട്ടി രസിച്ചു കേള്‍പ്പൂ ..
വീണ്ടുമീ ശവങ്ങള്‍ ഭുജിക്കുന്നു..ശയിക്കുന്നു
മെത്തമേല്‍ സസുഖം..കാണ്മൂ രസമോടെയീ 'കഥകളി'കള്‍ ..

ഒരു പതിഞ്ഞ പദം.പുറപ്പാട് കഴിഞ്ഞുവോ.
കഴിഞ്ഞുവോയീക്കഥകള്‍ ..തിരക്കഥ തീര്‍ന്നുവോ??
എവിടെയാ മധുരമനോജ്ഞമാം സ്വര്‍ഗ്ഗ തീരങ്ങള്‍?
എവിടെയാ സുന്ദര സുരഭില മുഹൂര്‍ത്തങ്ങള്‍??

ഒന്ന് തഴുകി ,തലോടി യോമനിക്കുമാ കവികള്‍

തന്‍  പ്രേമ പുരുഷനെവിടെ? എവിടെയാ
പ്രേമ തീരങ്ങള്‍?എവിടെയാണനുരാഗികള്‍
തന്‍ പ്രണയ സുന്ദര തീരങ്ങള്‍??
കുഞ്ഞു കുരുവികള്‍ ചതഞ്ഞരഞ്ഞു തീരുമീ
കറുപ്പിന്‍ തീരമൊരു ശാപ ഭൂമിയോ?
ഇല്ല പ്രണയവുമില്ല,മോഹവുമിനിയൊരു
ജന്മമീ ,മണ്ണിലൊരു നാരിയായിജനിച്ചീടുവാന്‍..

പദം പദം താനേ പതിഞ്ഞു ..അകത്തളങ്ങളില്‍
കരിയുന്നു സ്ത്രീ ജന്മമൊരു കരിന്തിരിയായി..

                      .    .ബിപിന്‍ ആറങ്ങോട്ടുകര.

(സ്ത്രീ അമ്മയാണ്.ദേവിയാണ്,സര്‍വം സഹയാണ്...പ്രകൃതിയാണ് ,ഈ പ്രപഞ്ചമാണ്!! കേരളത്തിലെ എല്ലാ സ്ത്രീകള്‍ക്കുമായി ഇത് ഞാന്‍ സമര്‍പ്പിക്കുന്നു..)
             

Tuesday, September 6, 2011

സര്‍വാണി സദ്യ..

   സര്‍വാണി സദ്യ...
തുമ്പപ്പൂ ചോറ് ,തൊടുകറികള്‍,കാള,നോലന്നവിയല്‍.
പപ്പടം,പഴം,പായസം..സാമ്പാര്‍,രസത്തിന്‍ കൂട്ടുകള്‍..
വിലക്കുന്നു മതി വരുവോളംനിറയുന്നു കുംബകള്‍
വിശപ്പറിയാത്തോര്‍ തന്‍  ഏമ്പക്കപെരുക്കങ്ങള്‍.
നാലും കൂട്ടി മുറുക്കലിന്‍  താളമേളങ്ങള്‍....

വിശക്കുന്ന വയറുകള്‍ കാത്തിരിപ്പു പുറം പന്തിയില്‍..
വിലക്കിന്റെ വെളിപറമ്പുകളില്‍..സര്‍വാണി തന്‍ സദ്യയും കാത്ത്..
പാണന്‍,പറയന്‍,മണ്ണാന്‍,ചെറുമന്‍,നായാടി യാണവന്‍
വിലക്കിന്റെ പിന്നാമ്പുറങ്ങളില്‍ എച്ചിലു മോന്തിയവന്‍..
സര്‍വാണി  സദ്യക്ക് വിളി വരുന്നു..കഞ്ഞിയും
പുഴുക്കുമില ചീന്തില്‍  മണ്‍ കുഴിയില്‍ വിളമ്പുന്നു...

പാലട ,പഴം പഞ്ചാര പായസങ്ങള്‍..ഇല തുമ്പില്‍
കൈകളാല്‍ വഴിഞ്ഞും നുണഞ്ഞും ഏമ്പക്ക മിട്ടും
മറ്റൊരു കൂട്ടര്‍ വെടി വട്ടം കൂട്ടുന്നു.....
.
സര്‍വാണി സദ്യക്ക് ഇലവെക്കുന്നു..
പിന്നാമ്പുറങ്ങളില്‍നിന്നവന്‍ എച്ചിലു മോന്തുന്നു..
ഈമ്പിയ ഉപ്പുമാങ്ങയണ്ടികള്‍,തോണ്ടിയ കറിക്കൂട്ടുകള്‍,
കനച്ചഎണ്ണച്ചുവകള്‍,കരിഞ്ഞപാലട മധുരങ്ങള്‍ ....
പിന്നാമ്പുറങ്ങളില്‍  വിശപ്പിന്‍റെ വിളി മുഴങ്ങുന്നു...
മണ്ണിന്‍കുഴികളില്‍ കഞ്ഞിയും പുഴുക്കും വിളമ്പുന്നു..

ആദി മാനവനവന്‍, ചന്ടാലരൂപമാര്‍ന്നവന്‍ .ജഗദ്ഗുരുവിന്‍
അഹങ്കാര മദമുരിഞ്ഞവന്‍.സംഹാരമൂര്‍ത്തിയാം ആദിശങ്കരന്‍ !!
പടിപ്പുരപ്പുറത്തൊരു  നായാടി തന്‍ നിലവിളിയുയരുന്നു..
പാപ പിണ്ടങ്ങള്‍ മാറാപ്പിലൊതുക്കിയാ നായാടി പടിയിറങ്ങുന്നു
ആര്‍പ്പോ. വിളിയുയരുന്നു..സര്‍വാണി സദ്യക്കൊരു
ഇല വെക്കുന്നു..ഇലതുമ്പില്‍ ആദിശങ്കരന്‍വിളങ്ങുന്നു...

                                 .ബിപിന്‍ ആറങ്ങോട്ടുകര.Thursday, September 1, 2011

അരുന്ധതിമേനോന്‍ ഒരു നുണക്കഥ....

   അരുന്ധതിമേനോന്‍ ഒരു നുണക്കഥ....

                             
അരുന്ധതി മേനോന്‍ ഒന്ന്‌ ചിരിച്ചു..തണുപ്പുള്ള ഐസ്ക്രീം ഒരു കള്ളചിരിയോടെ
അവര്‍ ഒന്ന്‌ നുണഞ്ഞു..പിന്നെ സ്പൂണെടുത്തു മെല്ലെ ഐസ്ക്രീം പാത്രത്തില്‍ ഇളക്കി കൊണ്ടിരുന്നു ..മുഖത്തേക്ക് വീണ മുടിയെടുത്ത് പിന്നിലേക്ക്‌ ഇട്ടുകൊണ്ട് അരുന്ധതി തലയുയര്‍ത്തി കുത്തി തറക്കുന്ന ഒരു മൂര്ച്ചയുണ്ടായിരുന്നു അവരുടെ നോട്ടത്തിനു..
അവന്റെ തൊണ്ടയില്‍ ഐസ്ക്രീം ഒരു പൊള്ളലോടെഇറക്കാന്‍ കഴിയാതെ ..തൊണ്ട വരളുന്നത്‌ പോലെ.. അതങ്ങനെയാണ് .അവരുടെ സാമീപ്യം പോലും ഒരു തരം പൊള്ളലാണ്..അവന്റെ മുഖത്ത് വിയര്‍പ്പു പൊടിഞ്ഞു..
അവര്‍ സാകൂതം അവനെ തന്നെ നോക്കിയിരുന്നു.അവരുടെ മുഖത്ത് പറഞ്ഞറിയിക്കാനാവാത്ത ഒരു തരം കുസൃതിയുണ്ടായിരുന്നു...നനുത്ത രോമങ്ങള്‍
ഉള്ള മേല്‍ച്ചുണ്ടില്‍ ഒരു നേരിയപാല്‍പത .നനുത്ത ചുവന്നചുണ്ടുകളില്‍ കൂര്‍പ്പിച്ച ഒരു കള്ള ചിരി...കത്തി നില്‍ക്കുന്ന ഒരു തീഗോളം പോലെ അവരുടെ സാമീപ്യം അവനെ പൊള്ളിച്ചു..

കഴിക്കു എന്ന് ഒരു മൂളലോടെ അരുന്ധതി അവനെ ഒന്ന്‍ ഇരുത്തി നോക്കി..അവര്‍ എഴുന്നേറ്റു മേശപ്പുറത്ത് നിന്നും ടിഷ്യു പേപ്പര്‍കയ്യെത്തിച്ച് എടുത്തു .കൊതിപ്പിക്കുന്ന ഒരു ഗന്ധം അവനെ ആകെ പൊതിഞ്ഞു...ആ സാമീപ്യം പോലും അവനെ ഉന്മത്തനാക്കി....അവര്‍ അവനെയൊന്നു വലംവെച്ചുഅപ്പുറത്തെ സീറ്റില്‍ ചെന്നിരുന്നു.ആ സാമീപ്യം അവന്റെ ശരീരത്തെ തളര്‍ത്തി.. ....
അരുന്ധതി സ്ഥലം മാറ്റം വാങ്ങിയാണ് ആ കോളേജില്‍ എത്തിയത്....ആദ്യ ദിവസം തന്നെ അരുന്ധതി യുടെ ക്ലാസ്‌ മുറിയിലേക്കുള്ള വരവ് തന്നെ അവനെ സ്തബ്ധനാക്കി .. ..ആരെയും കൂസാതെ അവര്‍ ക്ലാസിലേക്ക് കടന്നു വന്നു..ഒരു തരം പുച്ഛംനിറഞ്ഞ നോട്ടമായിരുന്നു അവരുടേത്..ആരെയും വക വെക്കാതെ അവര്‍ പ്ലാറ്റ്‌ ഫോര്മില്‍ നിറഞ്ഞു നിന്നു .ചുവന്ന ഒരു സാരിയാണ് അവര്‍ ധരിച്ചിരുന്നത് ..അമ്പര പ്പോടെ അവന്‍ കണ്ണിമ വെട്ടാതെ അവരെ നോക്കിയിരുന്നു പോയി... "മരണത്തിന്റെ ദേവത" അങ്ങനെ യാണ് അവനു ആദ്യം മനസ്സില്‍ തോന്നിയതു !ചുവന്ന വസ്ത്രവുംഎടുത്തുകെട്ടും വടിവൊത്ത ശരീരവും... ഒരു കൊതിയോടെ ലേശം ഭയത്തോടെഅവനങ്ങനെ നോക്കിയിരുന്നു.....
ക്ലാസ്‌ മുറികളില്‍ അവന്‍ കൊതിയോടെ അരുന്ധതി ടീച്ചറെ കണ്ടു കൊണ്ടിരുന്നു..ആ പുടവതുമ്പിലെ സ്ഥാന ചലനങ്ങള്‍ അവന്റെ മനസ്സില്‍ ഇടിത്തീ വീഴ്ത്തി..അവരൊന്നും അറിഞ്ഞില്ല..ആരെയും കണ്ടില്ല..ഒന്നിനെയും വക വെക്കാത്തത് പോലെ അരുന്ധതി വന്നും പോയും കൊണ്ടിരുന്നു..ക്ലാസ് മുറികള്‍ അവന്‍ മനോരാജ്യംകണ്ടിരുന്നു....
ഒരു ദിനം ഒരു സൂചിമുന പോലെ അരുന്ധതിയുടെ കണ്ണുകള്‍ അവനില്‍ വന്നുടക്കി..ഒരു ചെറിയ അത്ഭുതത്തോടെ അവളവനെ എഴുന്നേല്‍പ്പിച്ചു നിര്‍ത്തി..ചോദ്യങ്ങള്‍ക്ക് മുന്നില്‍ കണ്ണ് കാണാത്തവനെ പോലെ അവന്‍ പതറി നിന്നു..ചുണ്ടിന്റെ കോണില്‍ ഒരു കുസൃതി ചിരിയോടെ അവള്‍ അവനെ വിട്ടു കളഞ്ഞു...ചാട്ടവാര്‍ അടിയേറ്റതു പോലെ അവന്റെ ശരീരമാകെ വിങ്ങി വീര്‍ത്തു....
പിന്നീട് ക്ലാസ് മുറികളില്‍ ഒരു ചാട്ടുളി നോട്ടം എന്നും അവനെ പിന്തുടര്‍ന്നു.അതേറ്റു അവന്‍ പൊള്ളി പിടഞ്ഞു..ആ പൊള്ളലിന്റെ വേദനയും അവനില്‍ ഉന്മാദ മുണര്‍തി ....
അരുന്ധതിയുടെ സര്‍പ്പ സൌന്ദര്യം അവനെ ചുറ്റിവരിഞ്ഞു...അതിന്റെ വേദന അവനെ ഉന്മത്തനാക്കി... പുടവയിലെഇളക്കങ്ങള്‍ അവന്റെ ഹൃദയത്തെ ഉന്മത്തമാക്കി.....അവര്‍ഒരുലഹരി
യായിഅവനില്‍നിറയുകയായിരുന്നു..കൊതിയോടെ യോടെ അവന്‍ അവളെ കണ്ടു കൊണ്ടിരുന്നു ആ കണ്ണുകള്‍,നീണ്ട മൂക്ക് , നേര്‍ത്ത ഇളം ചുണ്ടുകള്‍ നീണ്ട കഴുത്ത് ...വടിവൊത്ത ശരീര ഭംഗി ..നിതംബം മൂടി കിടക്കുന്ന മുടിക്കെട്ട് ....സ്വപ്ന ങ്ങളില്‍ അവന്‍ കുതിരപുറമെറി യക്ഷികഥകളിലെ നാട്ടുവീഥികളിലൂടെ യാത്ര ചെയ്തു......
വിസ്മയിപ്പിക്കുന്ന കഥകളിലൂടെ അവര്‍ കാമ്പസ്സില്‍ നിറഞ്ഞു നിന്നു..കഥകള്‍ അനവധിയായിരുന്നു...കഥകളില്‍ അവരൊരു മായാമോഹിനിയായി ...കിളവനായ ഇംഗ്ലീഷ് പ്രൊഫസ്സറോടോത്ത് ഒളിച്ചോട്ടം ...വിവാഹ മോചനം,
വീണ്ടും വിവാഹം ..വിവാഹ മോചനങ്ങള്‍...കാമുകന്മാരുടെ നീണ്ട നിരകള്‍...!! പ്രണയാര്‍ത്തികളുടെ ഒരു നീണ്ട നിര അരുന്ധതി ക്ക് ചുറ്റും വലയം വെച്ചു!! യക്ഷി കഥകളിലെ നായികയായി അവരങ്ങനെ വളര്‍ന്നു...അവന്റെ മനസ്സില്‍ അരുന്ധതി യൊരു സ്വപ്നമായി വളരുകയായിരുന്നു..സിരകളില്‍ തണുപ്പുറയുന്ന ഒരു ഭയപ്പെടുത്തുന്ന കാമ രൂപിണി...!! യക്ഷിതറയിലെ സ്ത്രീ രൂപം അവന്റെ കനവുകളില്‍ നിറഞ്ഞു നിന്നു...വശീകരിച്ചു വഴിതെറ്റിച്ചു കൊണ്ട് പോയി ഉണ്ണി നമ്പൂതിരി മാരുടെ ചോരയീമ്പി കുടിക്കുന്ന രക്ത യക്ഷി!! അവന്റെ കിനാവുകളില്‍ അരുന്ധതി കാമരൂപിണിയായ രക്തയ ക്ഷിയായി.. യക്ഷി തറകളിലെ തണുപ്പുറയുന്നരാവുകളില്‍ അവന്‍ അരുന്ധതിയോടൊത്ത് രമിച്ചു.....
മനോരാജ്യത്തില്‍ മുഴുകിയിരുന്ന ഒരു ക്ലാസ് മുറിയില്‍ അരുന്ധതി അവന്റെ മുന്നിലെത്തി..നനുത്ത നീല ഞെരമ്പുകള്‍ എഴുന്നു നില്‍ക്കുന്ന അരുന്ധതിയുടെ ഇട വയറിന്റെ മാസ്മരികതയിലായിരുന്നു അവന്‍..നിനച്ചിരിക്കാതെ അരുന്ധതി അവന്റെ മുന്നിലെത്തി.
സ്റ്റാഫ്‌ റൂമില്‍ അവന്‍ അരുന്ധതിയുടെ മുന്നില്‍ ഒരു തരം വിറയലോടെനിന്നു.. മേശക്കപ്പുറം കാലിന്മേല്‍ കാല്‍ കയറ്റി വെച്ചുഒരു ചിരിയോടെ അവള്‍  അവനെ നോക്കിയിരുന്നു...ഇരിക്ക് എന്നവള്‍ കൈകൊണ്ടു കാണിച്ചു..കസേര യുടെ മൂലക്ക് അവന്‍ മടിച്ചു മടിച്ചു ഇരുന്നു..അരുന്ധതി അവനെ സൂക്ഷിച്ചു നോക്കിയിരുന്നു..അല്‍പ്പം കഴിഞ്ഞു അവരെഴുന്നേറ്റു വന്നു അവനോടു ചേര്‍ന്ന് നിന്നു..ഒരു മാസ്മരിക ഗന്ധം അവനില്‍ പടര്‍ന്നു കയറി..മദിപ്പിക്കുന്ന പാല പൂവിന്റെ ഗന്ധം ..അങ്ങനെയാണ്  അവനു തോന്നിയത്!
അവര്‍ അവന്റെ മുഖത്തോട് ചേര്‍ത്ത് അവന്റെ കണ്ണുകളില്‍ സൂക്ഷിച്ചു നോക്കി..ഒരു സൂചിമുന കണ്ണുകളില്‍ തറച്ചു ഹൃദയത്തിലൂടെ ച്ചുഴിഞ്ഞിറങ്ങുന്നതു പോലെ അവനു തോന്നി..ഒരു തരംമായിക നിദ്രയിലെന്ന പോല്‍ അവന്‍റെ കണ്ണു കള്‍ അടഞ്ഞു  അടഞ്ഞു പോയി...

                     
ഐസ് ക്രീം അവന്‍റെ തൊണ്ടയില്‍ ഒരു പൊള്ളലോടെ താഴേക്കു ഇറങ്ങാതെ തങ്ങി നിന്നു..ആ തണുപ്പിലും അവന്‍റെ തൊണ്ടയില്‍ ചൂട് കനത് നിന്നു..അരുന്ധതി കഴിച്ചു കഴിഞ്ഞു ബില്‍ പേ ചെയ്തു..അവന്‍റെ അടുത്തേക്ക് നീങ്ങിയിരുന്നു..ആ സാമീപ്യം അവനെ ഉന്മത്തനാക്കി.. .കഴിച്ചെന്നു വരുത്തി അവനെഴുന്നേറ്റു..അവള്‍ അവന്‍റെ കൈകോര്‍ത്തു പിടിച്ചു..ആ സ്പര്‍ശം അവന്‍റെ ശരീരമാകെ അതിശൈത്യ ത്തിന്റെ കുളിര് കോരിയിട്ടു..അനുസരണയുള്ള ഒരു കുട്ടിയെ പോലെ അവന്‍ അരുന്ധതിക്കൊപ്പം നടന്നു...
 ഹോസ്ടലിനു മുന്നില്‍ അവനെ ഇറക്കി വിട്ടു അവര്‍ കാറോടിച്ചു പോയി..ഒരു സ്വപ്നാടനക്കാരനെന്ന  പോല്‍ അവന്‍ വഴിയറിയാതെ വരാന്തകളിലൂടെ കറങ്ങി നടന്നു..പറന്നു നടക്കുന്ന അപ്പുപ്പന്‍ താടി പോലെ അവന്‍റെ മനസ് ...ആകാശ ങ്ങളില്‍ മേഘതുണ്ടുകള്‍ പോലെ അവന്‍ മനോരാജ്യങ്ങളില്‍ പാറിപാറി നടന്നു..!!അന്നവന്‍ ഉറങ്ങിയതെയില്ല..സ്വപ്നങ്ങളില്‍ അവന്‍  പഞ്ഞിതുണ്ടായി അങ്ങനെ പാറി നടന്നു..
                            

ഒരു വെള്ളിയാഴ്ച ക്ലാസ്സ് കഴിയുന്നതിനു മുന്നേ പ്യൂണ്‍  ശങ്കരേട്ടന്‍ അവനെ വന്നു വിളിച്ചു....അന്ന് അരുന്ധതി ക്ലാസ്സില്‍ വന്നിരുന്നില്ല..പുറത്തു കാറുമായി  അരുന്ധതി അവനെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു..അവന്‍ മടിച്ചു മടിച്ചു കാറിന്നടുതെക്ക് ചെന്നു..കയറ് എന്നവര്‍ കൈകൊണ്ടു കാണിച്ചു..ഒരു തരം ആഞ്ജശക്തിയുണ്ടായിരുന്നു അതിനു..അറിയാതെ അവന്‍ കാറിന്നുള്ളിലേക്ക് കയറിയിരുന്നു...അവര്‍ കാര്‍ തിരിച്ചു..അവന്‍റെ മുഖത്തേക്ക്ഗൌരവത്തോടെ നോക്കി..ഒരു യാത്രക്കൊരുങ്ങിയത് പോലെ കാറിന്നുള്ളില്‍  വസ്ത്രങ്ങളും മറ്റും..എന്ത് എന്ന അമ്പരപ്പോടെ അവന്‍ അവരെ നോക്കി... അത് മനസ്സിലായെന്ന പോല്‍ അവര്‍  ഒരു നനുത്ത ചിരിയോടെ പതുക്കെ പറഞ്ഞു...നമ്മള്‍ ഒരുയാത്ര പോവുകയാണ്..എന്റെ ഗ്രാമത്തിലേക്ക്..രണ്ടു ദിവസത്തെ പ്രോഗ്രാം ..അവിടെ എന്റെ തറവാടുവീട്  ഉണ്ട്...എന്താ  പോവുകയല്ലേ?..അവന്‍ ഒന്നും മിണ്ടാനാകാതെ ഇരുന്നു...കാറിന്നുള്ളിലെ എസി യുടെ തണുപ്പിലും അവനു വിയര്‍ത്തു...ഒരു നേര്‍ത്ത ഗസല്‍ മാത്രം കേള്‍ക്കുന്നുണ്ട്...അരുന്ധതി പിന്നീട് ഒന്നും പറഞ്ഞില്ല...അവനെ തീരെ ഗൌനിക്കാതെ അവള്‍ ഡ്രൈവ് ചെയ്തു കൊണ്ടിരുന്നു..കോളേജുറോഡു കഴിഞ്ഞു പാലവും കടന്നു പുഴയക്കരെ ഗ്രാമ വീഥിയിലേക്ക് കാര്‍ മെല്ലെ മെല്ലെ നീങ്ങി കൊണ്ടിരുന്നു... കാറിന്നുള്ളില്‍ പതിഞ്ഞ ശബ്ദത്തില്‍ ഗസല്‍ മാത്രം മുഴങ്ങി കൊണ്ടിരുന്നു...
(തുടരും )