Tuesday, August 2, 2011

ഒരു പൈങ്കിളി കഥ എഴുതുന്നത്‌ എങ്ങനെയാണു? ?


 ഒരു പൈങ്കിളി കഥ എഴുതുന്നത്‌ എങ്ങനെയാണു? ? 
ഒരു പൈങ്കിളി കഥ എഴുതണം..പത്രാധിപര്‍ നിര്‍ബ്ബന്ധിക്കുന്നു ..എങ്ങനെ എഴുതണം ? 
പത്രാധിപര്‍ ചില പൊടിക്കയ്യുകള്‍ പറഞ്ഞു തരാമെന്ന് പറഞ്ഞു....അയാള്‍ തരുന്ന പണമായിരുന്നു എന്റെ മനസ്സില്‍ നിറയെ...അദ്ദേഹം ആദ്യം പറഞ്ഞത് ഒരു  സ്ത്രീ നാമധേയ ത്തില്‍ എഴുതാനാണു!! ചില  സര്‍നയിമുകള്‍  കൂടെ ചേര്‍ത്താല്‍ അസ്സലായി എന്നും..ഭര്‍ത്താവിന്റെ അല്ലെങ്കില്‍ ജാതി യുടെ പേര് അങ്ങനെ...!!! നിര്‍ദേശങ്ങള്‍ ഇടയ്ക്കിടെ തരാമെന്നും..ചില പ്രധാന പൊടിക്കയ്യുകള്‍ ഇതായിരുന്നു..കൂടെക്കൂടെ  " ഋതുരക്തം "."കാമം", "പ്രണയം" ചില" സംഭോഗ" സൂചനകള്‍,ഇത്യാദി കള്‍ ഇടയ്ക്കിടെ ചേര്‍ക്കുക.. ,വായനക്കാര്‍ ഇളകു മത്രേ!! എന്തായാലും ഒരു പൈങ്കിളി കഥ എഴുതണം ..അതും തുടരന്‍....
ഉടന്‍ വരുന്നു അടുത്ത ലക്കം മുതല്‍ " ഒരു പൈങ്കിളികഥ" !!!
" ഒരു പൈങ്കിളികഥ" !!!  തുടരുന്നു... 
പത്രാധിപര്‍ വിടാന്‍ ഭാവമില്ല!   രാവിലെ ഉറക്കപ്പായില്‍ നിന്നും വിളിച്ചുണര്‍ത്താന്‍ അയളെ ത്തിയിരിക്കുന്നു !  സംഗതി അനൌണ്‍സ് ചെയ്തു കഴിഞ്ഞു. ..നല്ല പ്രതികരണമാണത്രെ ? ഞാനയാളുടെ മുഖത്തേക്കൊന്നു സൂക്ഷിച്ചു നോക്കി..ഒരുവശം നീര് വന്നു വീര്‍ത്തിരിക്കുന്നു..കണ്ണ്  ചുവന്നു കലങ്ങിയിരിക്കുന്നു !! നല്ല പ്രതികരണം ,..മുഖമടിച്ചാണ് കിട്ടിയിരിക്കുന്നത്!!    ഒരു രക്ഷയുമില്ല !! അയാളെന്നെ കിടക്കപ്പായില്‍ നിന്നും തട്ടിയുരുട്ടി ഏഴു ന്നെല്‍പ്പിച്ചു....ശല്യമായല്ലോ..ഇന്നലെ എങ്ങനെയൊക്കെ ബുദ്ധി മുട്ടിയാണ് രണ്ടെണ്ണം അടിച്ചത്!!  ബുജി സാഹിത്യ കാരന്മാര്‍ വെറുതെ സഞ്ചിയും തൂക്കി  താടിയും  ചൊറിഞ്ഞു  നിന്നു..ആരുടെ കയ്യിലും ചില്ലികാശില്ല....ഒടുവില്‍ ആശാനെ തപ്പി യിറങ്ങി..ആലിന്‍ ചോട്ടില്‍ കിടുന്നുറങ്ങുന്നു, തട്ടിയെഴുന്നെല്‍പ്പിച്ചു ..തെറുത്ത വെച്ച ഷര്‍ട്ട്‌ന്റെ  കൈമടക്കില്‍ നിന്നുംഒരു ചുളിഞ്ഞകടലാസ്സുതുണ്ട് കണ്ടു കിട്ടി..
നേരെ  വലിയ പത്രമാപ്പീസിലേക്ക്‌ ..അവര്‍ക്ക് വലിയ സന്തോഷം..ആശാന്‍ എന്നെ   നോക്കി കണ്ണിറുക്കി..ഞാനിതു മറ്റവന്മാര്‍ക്ക് ഇന്നലെകൊടുത്തതാ !!അവന്മാര്‍ പ്രസിദ്ധീ കരിചിട്ടുണ്ടാകും.. ബൂര്‍ഷ പത്രം തുലയട്ടെ.!!  .നേരെ ചാരായ ഷാപ്പിലേക്ക്... അങ്ങനെ രണ്ടെണ്ണം വീശിയതാണ്.എന്നിട്ട് വന്നുകിടന്നതാണ്‌ .. ഇപ്പോള്‍  എഴുന്നേറ്റാല്‍  രാവിലത്തെ ചായക്കുള്ള  പണം വേറെ കണ്ടെത്തണം..!!..
പത്രാധിപര്‍പിടിച്ചപിടിയാലെപത്രമാപ്പീസിലേക്ക്‌കൊണ്ടുപോയി..കാബിനുള്ളില്‍ഇരുത്തി ആദ്യം ചായയും ഉഴുന്ന് വടയും വരുത്തി....
രാവിലത്തെ കാര്യം കുശാലായി!  വൈകുന്നേരം വരെ ഇവിടെ ചുറ്റിപറ്റി നിന്നാല്‍ കാര്യമുണ്ടെന്നു തോന്നി..എന്തെങ്കിലും കുതികുറിച്ചിരിക്കാം !! 
അയാള്‍ കാബിന്‍ പുറത്തു നിന്നും കുറ്റിയിട്ടു..ഞാന്‍ എന്റെ മേശയോന്നു നോക്കി..രണ്ടു മൂന്ന്  പുസ്തകങ്ങള്‍,ഒരു മലയാളം ഡിക്ഷനറി (അത് തീര്‍ച്ചയായും ആവശ്യം വരും)
കുറെ പേപ്പര്‍ ,.മന്കൂജയില്‍ വെള്ളം ,ഫ്ലാസ്കില്‍ ചൂടു കട്ടന്‍ ചായ!! കൊള്ളം നല്ല സെറ്റ് അപ്പ്!! ഒന്ന്‌ വലിക്കണമെന്ന് തോന്നി,ഒരു ബീഡി കിട്ടിയിരുന്നുവെങ്കില്‍? പെട്ടെന്ന് വാതില്‍ തുറന്നു ഒരാള്‍ വന്നു..രണ്ടു മൂന്ന് കെട്ടു ബീഡി ,സിഗരറ്റ് ,പാന്‍ പരാഗ്.ഹാന്‍സ് ..
കൊള്ളം ജോര്‍!! ഇവിടെ തന്നെ കൂടാം..പൈങ്കിളി എങ്കില്‍ പൈങ്കിളി!!  അത്യാവശ്യം 
മുദ്രാവാക്യങ്ങളും വിപ്ലവ കവിതകളും എഴുതി നടന്നവന്‍ ഇത് കൊണ്ട്  കയരിപോയെങ്കിലോ? ചിലപ്പോള്‍ വല്ല സിനിമാക്കാരും വന്നു പാട്ടെഴുതാന്‍ അല്ലെങ്കില്‍ തിരക്കഥ എഴുതാന്‍ വിളിച്ചാലോ? അല്ലെങ്കില്‍ വല്ല  റിയാലിടി ഷോക്ക് ജഡ്ജ് ആക്കിയാലോ? സംഗതി കുശാല്‍ തന്നെ..ഒന്നുമില്ലെങ്കിലും കുറച്ചു ദിവസത്തേക്ക് ചോറ് എങ്കിലും കിട്ടുമല്ലോ.!!!  പൈങ്കിളി എങ്കില്‍ പൈങ്കിളി.. എഴുതുക എന്ന് ഞാന്‍ തീരുമാനിച്ചു!!!. (തുടരും...)

ഉടന്‍ വരുന്നു അടുത്ത ലക്കം മുതല്‍ " ഒരു പൈങ്കിളികഥ" !!!

ഇത് ഞാന്‍ പത്രാധിപരോട് പറഞ്ഞ കഥ :
ഞാന്‍ ക്ലാസ്സിലാണ് ,മുഗള്‍ ചരിത്രം ..നിര്‍ഭാഗ്യവാനായ മുഗളനെ,ഹുമയൂണ്‍ ചക്രവര്‍ത്തിയെ ലേശം സെന്റിമെന്റ്സ് ചേര്‍ത്ത് അവതരിപ്പിക്കുകയാണ്..പ്യൂണ്‍ ശങ്കരേട്ടന്‍ അപ്പോഴാണ് പുറത്തു വന്നു നിന്നു" സാര്‍  എന്ന് വിളിച്ചത്..ക്ലാസ്സിന്റെ  രസം മുറിഞ്ഞതിന്റെ ഒരു നീരസം തോന്നിയെങ്കിലും" യെസ് ഹുമയൂണ്‍ ചകരവര്‍ത്തി കടന്നു വരൂ"എന്ന് ഞാന്‍ ശങ്കരേട്ടനെ സ്വാഗതം ചെയ്തു. ക്ലാസ്സില്‍ ഒരു ചെറു ചിരി പടര്‍ന്നു..ഒരു പതിഞ്ഞ ചിരിയോടെ ശങ്കരേട്ടന്‍ ക്ലാസ്സിലേക്ക് വന്നു .ശങ്കരേട്ടന്‍ അങ്ങനെയാണ് എന്ത് പറഞ്ഞാലും ചിരിക്കും.. അപ്പോഴാണ് ഞാന്‍ വാതില്‍ക്കല്‍ ഒരു പെണ്‍കുട്ടി നില്‍ക്കുന്നത് കണ്ടത്.. പുതിയ അഡ്മിഷന്‍ ആണ്..പ്രിന്‍സിപ്പല്‍ ഇവിടെ ഇരുത്താന്‍ പറഞ്ഞു..എന്ന് പറഞ്ഞു ശങ്കരേട്ടന്‍ ഒരു തുണ്ട് കടലാസ്സു എന്റെ കയ്യില്‍ തന്നു...വാതില്‍ക്കല്‍ നില്‍ക്കുന്ന  പുതിയ പെണ്‍കുട്ടിയെ ഞാന്‍ നോക്കി..ഒറ്റ നോട്ടത്തില്‍ ആ ചുവന്ന  വസ്ത്രമാണ് എന്റെ മന്സ്സിലുടക്കിയത്. ..തല കുനിച്ചു നില്‍ക്കുന്ന ഒരു പാവം..ഒന്ന്‌ സ്വാഗതം ചെയ്തു കളയാമെന്നു എനിക്ക് തോന്നി...'കടന്നു വരൂ മുഗള്‍ രാജകുമാരീ ..ഈ രാജസദസ്സി ലെക്കെന്നു " ഉറക്കെ പറഞ്ഞു..ക്ലാസ്സില്‍ ഒരു ചിരി മുഴങ്ങി..അവള്‍ തലയുയര്‍ത്തി എന്നെ നോക്കി..  ഒരു നേര്‍ത്ത ചിരി ആ മുഖത്ത് ഒളിച്ചിരിപ്പുണ്ടോ? പെട്ടെന്ന് എന്റെ മനസ്സില്‍ എന്തോ ഒരു മിന്നലാട്ടം..ചിര പരിചിതമായ എന്തോ ഒന്ന്‌ അവളില്‍ ഞാന്‍ തിരിച്ചറിഞ്ഞു..ഛെ ..വെറുതെ തോന്നിയതാകും  എന്നെനിക്കു തോന്നി..  
(ഇവിടെ പത്രാധിപരുടെ ഇടപെടല്‍ ലേശം സെന്റിമെന്റ്സ് ചേര്‍ക്കണം..)
തലകുനിച്ചു അവള്‍ ക്ലാസ്സിലേക്ക് കടന്നു വന്നു..ഞാന്‍ ചൂണ്ടി ക്കാട്ടിയ ഒരു ഇരിപ്പിടത്തിന്റെ ഓരം പറ്റി അവളിരുന്നു..ചുവന്ന ചുരി ദാറിന്റെ ഷാള്‍ അവള്‍ ഒന്നൊതുക്കി ഒന്ന്‌ കൂടി മുഖമുയര്‍ത്തി എന്നെ നോക്കി ..പിന്നീട് എന്നെ ഏറ്റവും കൂടുതല്‍ അമ്പരിപ്പിച്ച എന്റെ ജീവിതത്തിലെ ചില നിമിഷങ്ങള്‍ക്ക് .അവള്‍ കാരണമായി തീരുമെന്ന് ഒരിക്കലും ഞാന്‍ കരുതിയില്ല..ആദ്യമൊക്കെ അവളെ ഞാന്‍ ക്ലാസ്സില്‍ തീരെ ശ്രെ ദ്ധിച്ചിരുന്നില്ല..ഒരു മൂലയില്‍ അവള്‍ ഒതുങ്ങി കൂടിയിരിക്കും ..അല്ലെങ്കിലും  വെറുതെ ഞാനെടുതണിഞ്ഞിരുന്ന  എന്റെ പരുക്കന്‍ മുഖംമൂടിമൂലംപെണ്‍കുട്ടികളില്‍നിന്നുംഒരകലംപാലിക്കാന്‍എനിക്ക്കഴിഞ്ഞിരുന്നു...പിന്നീട്  എപ്പോഴോ  ഒരുദിവസം ഗൌരവമേറിയ ഒരു ടോപ്പിക്ക്  എടുക്കുമ്പോഴാണ്  ഞാന്‍ ശ്രെദ്ധിച്ചത് ഒരു ചിരിയോടെ അവളെന്നെ നോക്കി താടിക്ക്  കയ്യും കൊടുത്തിരിക്കുകയാണ്... എന്തോ ഒരു അപകടം എനിക്ക് ഫീല്‍ ചെയ്തു..  ചിര പരിചിതമായ എന്തോ ഒന്ന്‌ അവളില്‍ ഞാന്‍ തിരിച്ചറിയുന്നത്‌ പോലെ..  ഞാനവളെ ഭയപ്പെടാന്‍ തുടങ്ങി ..ചിലപ്പോള്‍ അവള്‍ ഒരു കുസൃതി ചിരിയോടെ തലയാട്ടുന്നുണ്ടാകും..ചെറിയ ചെറിയ കുസൃതികള്‍ ഒപ്പിച്ചു അവള്‍ ക്ലാസ്സില്‍ എന്നെ ദേഷ്യം പിടിപ്പിക്കാന്‍ തുടങ്ങി..എന്റെ ശകാരങ്ങളെ ഉള്ളിലൊതുക്കിയ നേര്‍ത്ത ചിരിയോടെ അവള്‍ സന്തോഷമോടെ ഏറ്റു വാങ്ങി..ഒരു ദിവസം സ്റ്റാഫ്‌ റൂമില്‍ അവളെനിക്കൊരു പനിനീര്‍ പൂവ് കൊണ്ട്  വന്നു തന്നു..അന്ന് ക്ലാസ്സില്‍ പൂക്കള കുറിച്ച് വെറുതെ ഞാന്‍ ചില വിവരണങ്ങള്‍ നല്‍കി..പൂക്കള്‍ അര്‍പ്പിക്കാന്‍ ഏറ്റവും നല്ലത് അമ്പലമാ ണെന്ന് ഒരുപദേശവും..!! അവളുടെ ചുണ്ടില്‍ ഒരു  ചിരി മൊട്ടിടുന്നത് ഞാന്‍ ഒരു പേടി യോടെകണ്ടു..ഇത്ശേരിയവിലല്ലോ.എന്നെന്റെ മനസ്സ് പറഞ്ഞു..പക്ഷെ ,അപ്പോഴും എവിടെയോ എനിക്ക് ചിരപരിചിതമായ എന്റെ മനസ്സിനെ തൊടുന്ന എന്തോ ഒന്ന്‌ ഞാനവളില്‍ കാണുന്നുണ്ടായിരുന്നു..(സെന്റിമെന്റ്സ് പോര  എന്ന് വീണ്ടും പത്രാധിപര്‍)  
 ..ഇന്നത്തെ കഥ പറച്ചില്‍ കഴിഞ്ഞു...രണ്ടെണ്ണം അടിക്കാനുള്ള പണം കൂടി വാങ്ങി ഞാന്‍ മുങ്ങി.. ബാക്കി നാളെ!!     
" ഒരു പൈങ്കിളികഥ" !!!  തുടരുന്നു... 
ഒന്ന്‌ രണ്ടു ഭീഷണി ക്കത്തുകള്‍ കിട്ടിയിട്ടുണ്ട്! ഇനി ഈ കഥ  പറഞ്ഞാല്‍ അടി കിട്ടുമെന്ന്!!  അവരെ പറഞ്ഞിട്ടും കാര്യമില്ല !! ആരായാലും അടിച്ചു പോകും!!
എന്നാലും പത്രാധിപര്‍ വിടാന്‍ ഭാവമില്ല ! രാവിലെ തന്നെ അയാള്‍  എത്തി . കഥ പറച്ചില്‍ പുഴയോരത്തുള്ള ഗസ്റ്റ്‌ ഹൌസ് ലേക്ക് മാറ്റിയിരുന്നു ..കുറേക്കൂടി നല്ല സെറ്റ് അപ്പ്‌ ..ഇടയ്ക്കിടെ അടിക്കാന്‍ സ്മാളും അനുസാരികളും..!!! ഇടയ്ക്കിടെ ഇളനീരില്‍ നാടന്‍ മിക്സ്‌ ചെയ്തു അടി തന്നെ അടി ...!!   ഞാന്‍ കഥ തുടര്‍ന്നു..

പിറ്റേന്ന്  വൈകീട്ട്  രാമന്‍ നമ്പൂതിരി യെന്ന പഴയ കൂട്ടുകാരനെ വായനശാലയിലെ ഒരു നാടക പരിപാടിക്കിടയില്‍  വെച്ചു കണ്ടുമുട്ടി.ഗ്രാമത്തിലെ അമ്പലത്തിലെ ശാന്തി പണിക്കൂടിയുണ്ട്‌ രാമന്‍ നമ്പൂതിരിക്ക്.".എടോ..തന്റെ പേരില്‍ വഴിപാടൊക്കെ നടക്കുന്നുണ്ടല്ലോ..എന്താ കഥ ? " എന്ന രാമന്റെ ചോദ്യം കേട്ടിട്ട് ഞാനൊന്നു ഞെട്ടി..വഴിപാടോ? ആര്? എന്ന് ഞാന്‍ അത്ഭുതം കൂറി.. തിരുമേനി ഒന്ന്‌ ചിരിച്ചു..താന്‍ വരാറി ല്ലെങ്കിലും തന്റെ പേരില്‍ ദിവസേനെ അര്‍ച്ചന നടക്കുന്നുണ്ട് മിക്കവാറും ഒരു പൂവും നടക്കു വെക്കുന്നുണ്ട്...അതും പറഞ്ഞു രാമന്‍ ഉറക്കെ ചിരിച്ചു കൊണ്ട് ചോദിച്ചു എന്താ കഥ? രാമന്റെ ചോദ്യം എന്നെ ഞെട്ടിച്ചു..രാമനെ ഞാന്‍ ഒരു മൂലയിലേക്ക് മാറ്റി നിര്‍ത്തി ഒരു തരം ഞെട്ടലോടെ വിവരങ്ങള്‍ കേട്ടറിഞ്ഞു..എന്റെ പേരില്‍ അവള്‍ അമ്പലത്തില്‍ ദിവസവും അര്‍ച്ചന നടത്തുന്നത്രേ..!!  തിരുമേനിയുടെ വായ അടക്കാന്‍ ബുദ്ധിമുട്ടാണ് ..പഠിക്കുന്ന കാലം മുതലേ അയളങ്ങിനെയാണ്!! ഇതിപ്പോള്‍.അപകടമാണല്ലോ.എനിക്ക് ലേശം പേടി തോന്നാന്‍ തുടങ്ങി..
പിറ്റേന്ന്  രാവിലെ സ്റ്റാഫ്‌ റൂമില്‍ എത്തിയ ഞാന്‍ ശെരിക്കും ഭയന്നു.. എന്റെ മേശപ്പുറത്തു അമ്പലത്തിലെ പ്രസാദവും ഒരു പനിനീര്പൂവും..!! സംശയത്തോടെ ഞാന്‍ ചുറ്റിലും നോക്കി..അപ്പുറത്തെ  മേശപ്പുറത്തു നെടുങ്ങാടി സര്‍ ഇരിക്കുന്നുണ്ട്‌.
കണ്ണടക്കിടയിലൂടെ നെടുങ്ങാടി എന്നെ ഒന്ന്‌ തറപ്പിച്ചു നോക്കി .".ഇതെന്താടോ താനിപ്പോള്‍ അമ്പലത്തില്‍ പോക്കൊക്കെ തുടങ്ങിയല്ലേ".എന്നൊരു ചോദ്യവും..ഞാനൊന്നു വിയര്‍ത്തു..നെടുങ്ങാടി സര്‍ ക്ലാസ്സില്‍ പോകുന്നത് വരെ ഞാന്‍ ഞെളിഞ്ഞു പിരിഞ്ഞു സ്റ്റാഫ്‌ റൂമില്‍ ഇരുന്നു..പിന്നെ ശങ്കരേട്ടനെ വിട്ടു അവളെ  വിളിപ്പിച്ചു..ഒരു തരം അടക്കിയ ചിരിയോടെ അവള്‍ കടന്നു വന്നു..കൂടുതല്‍ കടുപ്പിച്ച മുഖത്തോടെ ഞാനവളെ നേരിട്ടു..ഉപദേശങ്ങള്‍, ശകാരങ്ങള്‍ ഒരു മഴ പോലെ പെയ്തു വീണു..കുട്ടിക്ക് എന്നെ ക്കുറിച്ച് ശരിക്കറിയില്ല .അത് കൊണ്ടാണീ വിഡ്ഢിത്തരം  എന്നും ഞാന്‍ പറഞ്ഞു നിര്‍ത്തി....മുഖം കുനിച്ചു നിന്നു  അവള്‍ എല്ലാം കേട്ടു .എന്റെ ശകാര മഴ കഴിഞ്ഞതും അവള്‍ മെല്ലെ മുഖമുയര്‍ത്തി..അവളുടെ മേല്‍ച്ചുണ്ടില്‍ നനുത്ത വിയര്‍പ്പു പൊടിഞ്ഞിരുന്നു .ഒരു ചെറിയ കാക്കപുള്ളി മേല്‍ച്ചുണ്ടിള്‍  അതിപ്പോഴാണ്  ഞാന്‍ ശ്രെദ്ധിച്ചത് ...എന്റെ മനസ്സില്‍ എവിടെയോ ചില ഉരുള്‍പ്പൊട്ടലുകള്‍.ഞാനവളെ  ഒന്നുകൂടെ നോക്കി..നെറ്റിയില്‍ ചന്ദനപൊട്ടു,കറുത്ത കണ്ണുകളില്‍ മഷിയെഴുതിയിരിക്കുന്നു.ചുരുണ്ട മുടിയിഴകള്‍,..എന്റെ മനസ്സിലെവിടെയോ ഒരു വിങ്ങല്‍ ..എപ്പോഴോ കൈവിട്ടുകളഞ്ഞ ഒരു സൌഭാഗ്യം, എന്റെ  ഓര്‍മകളില്‍  തിരയടിച്ചു..ഹൃദയത്തെ കൊളുത്തിവലിക്കുന്ന വേദന.. ഏതോ സ്മരണകളില്‍ ഞാന്‍ ഒന്നമ്പരന്നു നിന്നു..( സെന്റിമെന്റ്സ് , കൂടുതല്‍ സെന്റിമെന്റ്സ് ..എന്ന് പത്രാധിപര്‍ മുരളുന്നു) 
അവള്‍ മുഖമുയര്‍ത്തി എന്നെ നോക്കി..ഒരു നേര്‍ത്ത മന്ദഹാസം മായാതെ ഇപ്പോഴുമാ മുഖത്ത്..അവള്‍ മെല്ലെ തിരിഞ്ഞു നടന്നു..എന്തോ ചോദി ക്കാന്‍ ശ്രമിച്ചു ഞാന്‍ പരാജയപ്പെട്ടു .പിന്നെ ഒന്നും പറയാ നാകാതെ അവളെയും നോക്കിയിരുന്നു .. .വാതില്ക്കലെത്തിയ അവള്‍ തിരിഞ്ഞു നിന്നു..എന്നെ നോക്കി  മെല്ലെ പറഞ്ഞു... " എനിക്ക് .മാഷെ കുറെക്കാലമായി  അറിയാം..ധാരാളം".!!...എങ്ങനെയെന്ന അമ്പരപ്പ്  എന്റെ മുഖത്ത് നിന്നും  വായിച്ചിട്ടെന്ന പോലെ അവള്‍ .വീണ്ടും ചിരിച്ചു.".മാഷിന്റെ കഥകളും കവിതകളും ധാരാളം ഞാന്‍ വായിച്ചിട്ടുണ്ട്..പിന്നെ സ്വന്തം കൈപ്പടയിലെഴുതിയ എഴുത്തുകളും"! ഞാന്‍ ഞെട്ടിത്തരിച്ചു പോയി..എന്റെ എഴുത്തുകള്‍..?? അവള്‍ വീണ്ടും ചിരിച്ചു .".എന്റെ വീട്ടില്‍ എന്നേക്കാള്‍ നന്നായി മാഷെ അറിയുന്ന ഒരാളുണ്ട്..എന്റെ ചേച്ചി..ചേച്ചി നിധി പോലെ സൂക്ഷിച്ചു വെച്ചിട്ടുണ്ട് അതെല്ലാം.."  ചേച്ചി.??.എന്റെ എഴുത്തുകള്‍ സൂക്ഷിച്ചു വെച്ചിരിക്കുന്ന ഒരു ചേച്ചി അവളുടെ വീട്ടില്‍??എന്റെ തല മരവിച്ചത്‌ പോലെ....എന്റെ കവിതകളുടെ  കയ്യെഴുത്തുപ്രതികള്‍.എന്റെ എഴുത്തുകള്‍..അത് സൂക്ഷിച്ചു വെക്കുന്ന ഒരുവള്‍?? എന്റെ ചങ്കിലൊരു വേദന വിങ്ങിവിങ്ങിപ്പോട്ടിനിന്നു.. 
(ഇവിടെ  പത്രാധിപര്‍ വീണ്ടും ഇടപെട്ടു.. നമുക്കിവിടെ ഒരു ബ്രയിക്ക് കൊടുക്കാം..ആരായിരിക്കും ആ ചേച്ചി? തുടര്‍ന്ന് വായിക്കുക..അങ്ങനെ.....ഞാന്‍ ഒന്നും  പറഞ്ഞില്ല.. കുറച്ചു പണം ഇന്നയാള്‍ തരാമെന്ന് പറഞ്ഞിട്ടുണ്ട്..)
അയാള്‍ എന്തെങ്കിലും ചെയ്യട്ടെ!!   കഥ ഞാന്‍ തുടര്‍ന്നു ..
അവള്‍ അത് മനസ്സിലാക്കിയിട്ടെന്ന പോലെ വീണ്ടും ചിരിച്ചു.".മാഷെ ,ഞാന്‍ ജയശ്രീ യുടെ അനിയത്തിയാ"... ജയശ്രീ.!!.എന്റെ മനസ്സിലൊരു വിങ്ങല്‍..അതെന്നെ കുത്തി മുറിവേല്‍പ്പിച്ചു.... ..ചിരിച്ചു കൊണ്ട്  അവള്‍ വീണ്ടും പറഞ്ഞു..മാഷെ. ആ എഴുത്തുകള്‍ ഒരു പാട് തവണ ഞാനും വായിച്ചിട്ടുണ്ട്..അതുവായിച്ച ഏതു  പെണ്‍കുട്ടിയാണ് മാഷിനെ ഇഷ്ട്ടപ്പെ ടാതിരിക്കുക..".. അവള്‍ തിരിഞു നടന്നു..ആകെ തകര്‍ന്ന വനെ പോലെ ഞാനിരുന്നു ..അവള്‍ വീണ്ടും വന്നു.. മാഷെ അന്ന് ഇറങ്ങി വരാമെന്ന് പറഞ്ഞപ്പോള്‍  ചേച്ചിയെ കൊണ്ട് പോകായിരുന്നില്ലേ?..പാവം എന്റെ ചേച്ചിക്കിപ്പോഴും മാഷെ എത്ര ഇഷ്ട്ടമാണെന്നും എനിക്കറിയാം".. അതും പറഞ്ഞവള്‍ ഇറങ്ങി പോയി 
ഞാനാകെ അവശനായി..തകര്‍ന്നു വീണ കണ്ണാടി കഷ്ണങ്ങള്‍ പോലെ എന്റെ മനസ്സ്....ജയശ്രീ....ഒരു കാലത്ത്, എന്റെ സ്വപ്നങ്ങളെയും എന്റെ ചേതനയെയും സമ്പന്ന മക്കിയവല്‍ !‍ ..ഒരു സ്വപ്നമായി എന്നില്‍ നിറഞ്ഞവള്‍ ! ആര്‍ദ്രമായ ആ 
ഓര്‍മകളില്‍ ഞാന്‍ തകര്‍ന്നിരുന്നു...(.ഇവിടെയും ഒരു  ബ്രയ്ക്ക്  ആകാമെന്ന് വീണ്ടും അയാള്‍!)  
കേള്‍വി കേട്ട സര്‍ക്കാര്‍ സംസ്കൃത കോളേജ് ..മഹാരഥന്മാരുടെ കാലടികള്‍ വീണ ആ കലാലയത്തില്‍ വസന്തത്തിന്റെ ഇടിമുഴക്കം കാതോര്‍ത്തു നടന്ന കാലം. സമരമുഖങ്ങള്‍,കവിയരങ്ങുകള്‍.നാടകം..അങ്ങനെ തകര്‍ത്തു നടക്കുന്ന കാലം..എത്ര അവഗണിചിട്ടും വിട്ടു പിരിയാതെ എന്നെ പിന്തുടര്‍ന്നവള്‍! വരാന്തകളില്‍ ആദ്യമൊക്കെ എന്നെകാണാന്‍ ഒറ്റക്കവള്‍ വന്നു നില്‍ക്കുമായിരുന്നു..ഒരു പുഞ്ചിരി മാത്രം ..പിന്നെ പിന്നെ ഞാനുമവളെ ശ്രദ്ധിക്കാന്‍ തുടങ്ങി.. ഒരു ചിരി പകരം വാങ്ങി എന്നും ഒരു  പനിനീര്‍ പൂവ് അവളെനിക്കു സമ്മാനം തരും..എന്റെ പരുക്കന്‍ ഭാവങ്ങള്‍ അവളുടെ സ്നേഹത്തിനു മുന്നില്‍ പൊഴിഞ്ഞു വീഴാന്‍  തുടങ്ങി..അവളുടെ പുഞ്ചിരിക്കായി ഞാനും കൊതിക്കാന്‍ തുടങ്ങി..പിന്നെ പിന്നെ അവളെന്റെ ഹൃദയം കവര്‍ന്നെടുത്തു..മൃദുല വികാരങ്ങള്‍ക്ക് സ്ഥാനമില്ലെന്ന് പരുക്കന്‍ മുഖം മൂടിക്കുള്ളില്‍ ഒളിച്ചിട്ടും അവള്‍ നിര്‍ബന്ധപൂര്‍വ്വം എന്റെ മനസ്സില്‍ കടന്നു കയറി... ഉച്ചഭക്ഷണനേരത്ത്   അവളെന്നെ തേടി വരും.എനിക്കായി സ്നേഹത്തിന്റെ ഒരു പൊതി ചോറ് അവളെന്നും കരുതി വെച്ചിരുന്നു.. എവിടെയെങ്കിലും വരാന്തയുടെ ഒരു തിരിവില്‍ വെച്ചു അവളെന്നെ കണ്ടെത്തും.. 
എനിക്കായി കരുതിയ ഒരു പൊതി ചോറ് നിര്‍ബന്ധ പൂര്‍വ്വം എന്നെ കൊണ്ട് കഴിപ്പിക്കും...  
പിന്നെടെല്ലാം സാധാരണ  കഥകള്‍ പോലെ..വിപ്ലവം ഉടന്‍ പോട്ടിവീഴുമെന്ന  സ്വപ്നത്തില്‍ തന്നെ യായിരുന്നു എന്റെ കാലഘട്ടം പലരും ആ മോഹത്തിന് വേണ്ടി സ്വന്തം ജീവിതം ഹോമിച്ചു.. . ഒരു സാധാരണ പ്രേമകഥപോലെ, എതിര്‍പ്പുകള്‍ ..പ്രശ്നങ്ങള്‍...യുവത്വം ഈയലുകള്‍ പോലെ വസന്തത്തിന്റെ ഇടിമുഴക്കത്തിന്‍റെ തീ ജ്വാലയില്‍  എരിഞ്ഞു വീണു..അതിനിടയില്‍ എന്റെ ജയില്‍ വാസം .പഠനം പാതി വഴിയില്‍ മുടങ്ങി...മൃദുല വികാരങ്ങള്‍ മനസ്സില്‍ നിന്നും പെയ്തൊഴിഞ്ഞു..കരളില്‍ നിന്നും നിര്‍ബന്ധ പൂര്‍വ്വം ഞാനവളെ പറിച്ചകറ്റി...വിപ്ലവം പാതിവഴിയില്‍ കയ്യൊഴിഞ്ഞു ഞാനും ഒളിച്ചോടി..(നക്സല്‍  ബാരി യെ ക്കുറിച്ച് കൂടുതല്‍ വിവരണം വേണമെന്ന് ഉപദേശം!! ഇയാളെ ഞാന്‍ കൊല്ലും!)          
ഇന്ന് വല്ലാതെ വൈകി . ഇളന്നീരില്‍ മുങ്ങിയ നാടന്‍ തലയ്ക്കു  വല്ലാതെ  പിടിച്ചു! ..ഞാനവിടെ തന്നെ ചെരിഞ്ഞു.. ബാക്കി നാളെയാകാം ..അല്ലെ?..     (തുടരും)...

" ഒരു പൈങ്കിളികഥ" !!!  തുടരുന്നു... 
രാവിലെ നേരത്തെ തന്നെ അയാളെത്തി !! വസന്തത്തിന്റെ ഇടിമുഴക്കത്തെ കുറിച്ച് അയാളുടെ വക വിശദമായ ഒരു ക്ലാസ് ..!! ലേശം വിശദമായി തന്നെ കഥയില്‍ ചേര്‍ക്കണമത്രെ! 
കഥ  തുടരാം.. 
പിന്നീട് എതോക്കൊയോ വഴിയമ്പലങ്ങള്‍..നീണ്ട യാത്രകള്‍ ക്കൊടുവില്‍  
ഇപ്പോള്‍ ഇവിടെ  ഒരു പരുക്കന്‍ മുഖം മൂടി എടുത്തണിഞ്ഞു  ഒരു പുതിയ വേഷം..ജോലി .പദവികള്‍ അംഗീകാരം...ഒരു തരം ഒളിച്ചോട്ടം....ഒരു കണ്ണുനീര്‍ ക്കണം ,ജയശ്രീയുടെ കണ്‍കളില്‍ പൊട്ടി വീഴാന്‍ കാത്തു നിന്ന ഒരു കണ്ണുനീര്‍ തുള്ളി എക്കാലത്തും എന്നെ വേട്ടയാടിക്കൊണ്ടിരുന്നു.. .
 കാലങ്ങള്‍ക്ക് ശേഷം  ജയശ്രീ  വീണ്ടും...  (.ഇവിടെ  എന്തായാലും ഒരു ഗാപ്‌ ഇടുമെന്ന്  വീണ്ടും  അയാള്‍..ഉലക്കെടെ മൂട്!! എന്തെങ്കിലും ചെയ്യട്ടെ ..എന്ന് ഞാന്‍ പല്ലിറുമ്മി!!) 
അന്ന് ഞാന്‍ ക്ലാസ്സില്‍ പോയില്ല.. ആ പരിസരത്ത് നിന്നും ഞാന്‍ ഒളിചോടിപ്പോയീ..ജയശ്രീ യുടെ കണ്ണുകളില്‍ തങ്ങി നിന്ന ഒരു കണ്ണ് നീര്‍ കണം
ഇപ്പോഴുമെന്റെ മനസ്സില്‍ മങ്ങാതെ  മായാതെ നില്‍ക്കുന്നുണ്ട്..എവിടെ യെക്കൊയോ  ഞാന്‍ അലഞ്ഞു നടന്നു....അമ്പല ക്കുളത്തിലെ കല്‍പ്പടവില്‍ നിന്നും രാമന്‍ തിരുമേനി  എന്നെ വിളിച്ചുണര്‍ത്തി.....ആ നനുത്ത പുഞ്ചിരി ,സ്നേഹ മൂറുന്ന ആ സ്മരണകള്‍ ..അവളെന്നെ വല്ലാതെ വേദനിപ്പിച്ചു.. ഒരു .സ്വപ്നടന ക്കാരനെ പ്പോലെ ഞാന്‍ അലഞ്ഞു നടക്കുകയായിരുന്നു..രാമന്‍ എന്നെ എന്റെ മുറിയിലെത്തിച്ചു..ഒരു  ഭീരുവിനെ പോലെ ഞനെന്റെ മനസ്സില്‍ നിന്നും ഓടിയോളിക്കുക യായിരുന്നു..ഇരുടളഞ്ഞ ആ ഗുഹയില്‍ ഞാന്‍ ഒളിച്ചിരുന്നു....
നെറ്റിയില്‍ ഒരു കുളിര്‍മ തോന്നിയപ്പോഴാണ് ഞാന്‍ കണ്ണ് തുറന്നത്..ആരോ എന്റെ നെറ്റിയില്‍ തുണി നനച്ചിടുന്നു..ഒരു കുളിരേകുന്ന മൃദു സ്പര്‍ശം ..ഞാന്‍ വളരെ പണിപ്പെട്ടു കണ്ണ് തുറക്കാന്‍ ശ്രമിച്ചു...ജയശ്രീ..!! അവളെന്റെ നെറ്റിയില്‍ തുണി നനച്ചിടുകയാണ് ..ജയശ്രീ ഇവിടെ? ഞാന്‍ ചാടിയെഴുന്നല്‍ക്കാന്‍ ശ്രമിച്ചു..
കണ്ണ് തുറന്നു നോക്കിയ ഞാന്‍ ഞെട്ടി തരിച്ചു പോയി ..ജയശ്രീയല്ല ,,.അതവളായിരുന്നു..എന്റെ ശിഷ്യ..!! ചിര പരിചിത യെ പോലെ അവള്‍ മുറിയെല്ലാം  വൃത്തിയാക്കി വെക്കുന്നു..അലക്ഷ്യമായി കിടക്കുന്ന പുസ്തകങ്ങളും 
വാരികകളും ഒതുക്കി വെച്ചു ,സിഗരട്ട് കുറ്റികള്‍അടിച്ചു വാരി,എന്റെ  എഴുത്ത് മേശ ഒതുക്കി വെച്ചു ഒരു വീട്ടമ്മയെ പോലെ ..ഞാന്‍ കിടക്കയില്‍ എഴുന്നേറ്റിരുന്നു...മേശ പ്പുറത്ത്  എന്തൊക്കെയോ  പാത്രങ്ങള്‍ അടുക്കി വെച്ചിട്ടുണ്ട്.. അവളൊന്നു തിരിഞ്ഞു നോക്കി ..ഞാനെഴുന്നേറ്റു എന്ന് മനസ്സിലാക്കിയവള്‍ മെല്ലെ അടുത്തേക്ക് വന്നു.. 
എന്റെ നെറ്റിയില്‍ കൈവെച്ചു നോക്കി  ,നനച്ചിട്ട തുണിയെടുത്ത്  ഒന്നുകൂടി എന്റെ നെറ്റിയില്‍ ഇട്ടു..അവളെന്റെ അരികിലായി ഇരുന്നു..എന്റെ മുഖത്തേക്ക്  സൂക്ഷിച്ചു നോക്കി..ഭക്ഷണം ഉണ്ടാക്കി വെച്ചിട്ടുണ്ട് എടുത്തു കഴിക്കണം..എന്നൊരു താക്കീതും ..
എല്ലാം ശേരിയല്ലേ എന്ന മട്ടില്‍ ഒരിക്കല്‍ കൂടി ആകെ ഒന്ന്‌ കണ്ണോടിച്ചു നോക്കി അവള്‍ പോകാനായി വാതില്ക്കെലെത്തി..ഞാന്‍ പോകുന്നു..ഭക്ഷണം വെച്ചിട്ടുണ്ട് .. കഴിക്കണം എന്ന് ഒരിക്കല്‍ കൂടെ പറഞ്ഞു..എന്റെ കണ്ണുകളില്‍ ഒരു നനവ്‌ പടരുന്നത്  പോലെ ഓപ്പോളേ കുറിച്ചും അമ്മയെ കുറിച്ചും ഞാനോര്‍ത്തു പോയി..പൊതി ചോറുമായി കാത്തു നില്‍ക്കുന്ന ജയശ്രീയെ കുറിച്ചും..എന്റെ കണ്ണുകളില്‍ ഒരു നനവ് പടര്‍ന്നു ...ഞാന്‍ കണ്ണുകള്‍ ഇറുക്കെ അടച്ചു!! എന്റെ മനസ്സിലൊരു തേങ്ങല്‍ വിങ്ങി വിങ്ങി നിന്നു..  അവള്‍ വീണ്ടും എന്റെ അരികില്‍ വന്നു  മാഷെ ,ഞാന്‍ മേശയുടെ  വലിപ്പിന്നുള്ളില്‍  ഒരു പുസ്തകം വെച്ചിട്ടുണ്ട്..ഒരു പഴയ നോട്ട് പുസ്തകം..അതൊന്നു എടുത്തു വായിക്കണം..ഞാന്‍ വൈകീട്ട് വരും..തീര്‍ച്ചയായും വരും..( അയാള്‍ വീണ്ടും ഇടയ്ക്കു കയറി ..നമുക്കിതൊരു തിരക്കഥ യാക്കാം.  ഒറ്റപ്പാലം പരിസരത്ത് ഷൂട്ട്‌ ചെയ്യാം..പുഴ, പഴയ തറവാട് ,മനകള്‍ , വള്ളുവനാടന്‍ ഭാഷ!!.കലക്കും..എന്നയാള്‍!!  അസ്സലായീ എന്നിട്ട് വേണം  ബുജി സിനിമ ക്കാരുടെ തെറികൂടി കേള്‍ക്കാന്‍!!)
നല്ല തലവേദനയുണ്ടായിരുന്നു...നെറ്റിയില്‍ അവള്‍ നനച്ചിട്ട തുണിയുടെകുളിര്‍മ..തല വേദന അലിഞ്ഞലിഞ്ഞു പോകുന്നു ..ഞാന്‍ മേശ തുറന്നു  നോക്കി .അതിനകത്ത് ഒരു പുസ്തകം ..ഭദ്രമായി പൊതിഞ്ഞു വെച്ച ഒരു ചെറിയ പുസ്തകം..ഞാനാ പൊതിക്കെട്ടു തുറന്നു..ഒരു പഴയ നോട്ട് പുസ്തകം..
ഞാനത് കയ്യിലെടുത്തു..എന്റെ കൈവെള്ളയിലൂടെ ഒരു മിന്നല്‍ പിണര്‍ പാഞ്ഞു ...ഒരു സ്നേഹ സാമീപ്യം ഞാന്‍ തൊട്ടറിഞ്ഞു....ഒരു ഞെട്ടലോടെ ഞാനതു തിരിച്ചറിഞ്ഞു..വര്‍ഷങ്ങള്‍ക്കു മുന്നേ ,നിറയെ എഴുതി നിറച്ച  ഒരു നോട്ട് പുസ്തകം എന്റെ സ്നേഹ സമര്‍പ്പണം ഞാന ജയശ്രീക്ക് നല്‍കിയിരുന്നു..അതാണീ പുസ്തകം..വിറയ്ക്കുന്ന വിരലുകളോടെ നിറയുന്ന കണ്ണുകളോടെ ഞാനതിന്റെ പേജുകള്‍ മരിച്ചു.. ഇപ്പോഴാണ്‌ സത്യത്തില്‍അവളെ എത്രമാത്രം സ്നേഹിച്ചിരുന്നു എന്ന് ഞാനറിയുന്നത്!! ഞാന്‍ തന്നെ നിരാകരിച്ച 
നിഷ്ക്കരുണം ഞാന്‍ തള്ളി മാറ്റിയ എന്റെ സ്നേഹം!!
ഞാനത് ഒറ്റയിരുപ്പിനു വായിച്ചു തീര്‍ത്തു..എന്നെ തന്നെ ശപിച്ചു കൊണ്ട് ഞാനത് വായിച്ചു തീര്‍ത്തു...
എന്റെ കണ്ണ് നീര് വീണു ആ താളുകള്‍ മുഴുവന്‍ നനഞ്ഞു!! കറുത്ത മഷിയില്‍ കുനുകുനുന്നനെ എഴുതിയ, എന്റെ മനസ്സിന്റെ വിചാര വികാരങ്ങള്‍! എത്ര തീവ്രമായി ഞാന്‍ അവളെ സ്നേഹിച്ചിരുന്നു എന്ന് ഞാന്‍ തിരിച്ചറിയുന്നു..
കുറച്ചു നേരം ഞാനതില്‍ മുഖം പൂഴ്ത്തിയിരുന്നു ...ഞാനാ വരികളിലൂടെ മെല്ലെ മെല്ലെ തലോടി..ഒരു സ്നേഹ സ്പര്‍ശം ഒരു കുളിര്‍മയായി എന്റെ മനസ്സില്‍ ....
കുറെ നേരം ഞാനങ്ങിനെ ഇരുന്നു.. ആ പഴയ പുസ്തകത്തിന്റെ അവസാന പേജുകളില്‍ പുതുതായി എഴുതി ചേര്‍ത്ത ചില വരികള്‍. ഞാനത് വായിച്ചു തുടങ്ങി..മാഷെ ,എന്ന് സംബോധന ചെയ്യുന്ന ആ വരികള്‍..മാഷെ, പല തവണ ഒരു പാടു തവണ ഞാനിതു ഹൃദയത്തോട് ചേര്‍ത്ത് വെച്ചു വായിച്ചു..ഒരാള്‍ക്ക്‌ ഒരു പെണ്‍കുട്ടിയെ ഇത്ര മാത്രം സ്നേഹിക്കാന്‍ കഴിയുമോ? ഒരു പാട് തവണ ഞാനിതു വായിച്ചു തീര്‍ത്തു..ഒരു പെണ്‍കുട്ടിയെ ഇത്ര മാത്രം സ്നേഹിക്കാന്‍ കഴിയുന്ന ഒരാളെ എന്നെ പോലെ ഒരു പെണ്‍കുട്ടി സ്നേഹിച്ചു പോയതില്‍ തെറ്റുണ്ടോ?എന്റെ ജീവിതം എന്റെ സ്നേഹം മുഴുവന്‍ ഞാന്‍ മാഷിന്റെ കാല്‍ക്കല്‍ സമര്‍പ്പിക്കുന്നു..ഒരിക്കല്‍ എന്റെ  ചേച്ചിയുടെ സ്നേഹം നിരാകരിച്ചത് പോലെ എന്നെതള്ളി ക്കളയരുത്..ഈ ജീവിതം ഞാന്‍ മാഷിന്റെ മുന്നില്‍ സമര്‍പ്പിക്കുന്നു..
കുറെ നേരം ഞാന്‍ ഒന്നിനുമാകാതെ  ഞാന്‍ തളര്‍ന്നിരുന്നു...  കൂരിരുട്ടില്‍ കണ്ണ് കാണാതെ അലയുന്നവനെ പോലെ ഞാന്‍ തപ്പി തടഞ്ഞു!!  ഒരിക്കല്‍ ഈ സ്നേഹം തട്ടിയെറിഞ്ഞു പോയവനാണ് ഞാന്‍! ഇനിയും ഈ സ്നേഹം തട്ടിത്തെറിപ്പിച്ചു പോകാന്‍ എനിക്ക് കഴിയുമോ? (പത്രാധിപര്‍ വീണ്ടും ഇടയില്‍ കയറുന്നു ..അയാളുടെ കണ്ണുകളില്‍ ഒരു നനവുണ്ടായിരുന്നു..എന്റെ കണ്ണുകളിലും ഞാനത് തിരിച്ചറിഞ്ഞു..) 
 പൈങ്കിളി കഥ ഇവിടെ അവസാനിപ്പിക്കുകയാണ്..
തുടക്കം നന്നായി എന്നാണ് പത്രാധിപരുടെ അഭിപ്രായം.!ഇത് വെച്ചു നമുക്കൊരു തുടരന്‍ കാച്ചാം എന്നും!! 
കഥയുടെ അന്ത്യം രണ്ടു മൂന്ന് രീതികളില്‍ ആകാമെന്നായിരുന്നു പിന്നീട് ഞങ്ങളുടെ ചര്‍ച്ച..അത് രണ്ടു മൂന്ന് ദിവസം നീണ്ടു നിന്നു..
ജയശ്രീ യെ കണ്ടെത്താം..അല്ലെമ്കില്‍ മരിച്ചു പോയ ജയശ്രീയെ കധാ പാത്രമാക്കം, ശിഷ്യയെ ജീവിത സഖി യാക്കാം!!..
ബാക്കി കഥ പറയുന്നില്ല.. ..പൈങ്കിളി കഥ ഇവിടെ അവസാനിപ്പിക്കുന്നു!!
കഥ തീരുമ്പോള്‍: ഞാന്‍ തിരക്കിലാണ്. ഒരു വിദേശ യാത്രക്ക് പോകുകയാണ്! ഒരു പട ത്തന്റെ ഷൂട്ടിംഗ്  രണ്ടു , മൂന്ന് വിദേശ രാജ്യങ്ങളില്‍ പര്യടനം..എന്റെ കഥ തിരക്കഥ,ഗാനങ്ങള്‍!!  .ആര് മാസത്തേക്കുള്ള ഒരു തുടരന്‍  എഴുതി കൊടുത്തിട്ടാണ് ഞാന്‍ പത്രാധിപരോട്  തല്ക്കാലം  ഒഴിഞ്ഞത്!!രണ്ടു മൂന്നു  വാരികകളില്‍ തുടരന്‍  എഴുതുന്നു, സ്ത്രീ നാമധേയത്തില്‍ വേറെയും ..!!   
ഒരു തുടരന്‍ പത്രാധിപര്‍ക്ക് എഴുതി കൊടുത്തിട്ട്  ഞാന്‍  രക്ഷപ്പെട്ടു..
പ്രധാനപ്പെട്ട ചാന്നലുകളില്‍ എല്ലാം എപിസോഡുകള്‍നീളുന്ന സീരിയലുകള്‍ എന്റെ കഥ, തിരക്കഥയിലാണ്! പുറത്തു വരുന്നത് ..  എല്ലാ മലയാള പടങ്ങളിലും എന്റെ ഗാനങ്ങള്‍ നിര്‍ബന്ധമാണ്‌,എന്റെ കഥയും തിരക്കഥയും കാത്തു നിര്‍മാതാക്കള്‍ എന്റെ വീട്ടു മുറ്റത്ത് കാവലാണ്!! ഇപ്പോള്‍  പത്രധിപരോടോത്ത്ത്  എയര്‍  പോര്‍ടിലെക്കുള്ള യാത്രയിലാണ്!!   ഞാന്‍ തിരക്കിലാണ്....എന്നാലും ഒരു സംശയം എന്റെ മനസ്സില്‍ മങ്ങാതെ നില്‍ക്കുന്നു..
ഒരു പൈങ്കിളി കഥ എഴുതുന്നത്‌ എങ്ങനെയാണു? ?
                                      .   ബിപിന്‍ ആറങ്ങോട്ടുകര .    

2 comments:

  1. നീണ്ടകഥയാണെങ്കിലും ഒറ്റയടിക്ക് വായിക്കാന്‍ പാകത്തില്‍ ഹൃദ്യമായ രചന.അവതരണത്തില്‍ കാണിച്ച പുതുമ.ഭാഷയുടെ ലാളിത്യം.എല്ലാം നന്നായി.
    അവസാനം ഒരു സംശയം ബാക്കിനില്‍ക്കുന്നു..എങ്ങിനെയാണിത്രയും കാലം ഒന്നും എഴുതാതെ ഉള്ളിലുള്ളതൊളിപ്പിച്ച് കഴിഞ്ഞു കൂടിയത്?

    ReplyDelete
  2. കഥയൊന്നും മുഴുവൻ വായിച്ചില്ല ട്ടോ, പക്ഷെ ഇഷ്ട്ടായി.
    എന്തേ പിന്നീട് കഥ നോക്കാതിരുന്നേ ?

    ReplyDelete