Monday, August 22, 2011

പൂരം ....!!

               പൂരം ....!
പൂരം കൊടിയേറുന്നു..മുഴങ്ങുന്നു മേളവും 
തിരക്കാര്‍ന്ന പുരുഷാരത്തിന്നാരവവും..
മണ്ണാര്‍പൂതം,തിറ പെരുമ്പറ മേളം..
മുഴങ്ങുന്നു,പെരുമ്പറതന്‍ മേളമൊരു തേങ്ങലായ് 
തേടിയലഞ്ഞു കുടികള്‍തോറുമാ ഉണ്ണിയെ കാണുവാന്‍..
വിങ്ങുന്നു പൂതതിന്‍മാറിടമാ പൊന്നുണ്ണിയെ കാണ്മതിന്നായ്
പത്തു നാളുകള്‍,പത്തുദേശങ്ങള്‍ അലയുന്നുപൂതവും തിറയും..
പെരുമ്പറ മേളമൊരു തേങ്ങലായ് മുഴങ്ങുന്നു..

ദേശ വേല ,പൂതം ,തിറ,കൊടിതോരണങ്ങള്‍ ,വേലുമാസ്റ്റര്‍തന്‍ 
പെരുമ്പറമേളം..ചോരക്കണ്ണുകള്‍,ചാരായഗന്ധവും..
വീക്കുന്നു വേലുവാചെണ്ടമേല്‍ മാഷല്ല വേലുവാണിപ്പോള്‍ 
ആദി ദ്രാവിഡന്‍..മണ്ണിന്‍ മണമാര്‍ന്ന പച്ചമനുഷ്യന്‍.. 
കാവേറുന്നു മേളവുംആര്‍പ്പുംകുഴല്‍വിളിയും....
ദേവിയിരിക്കുന്നു മണ്ണാര്‍തറയില്‍..കുരുത്തോലകുരുതി ,ഹോമം.
പൂരം കൊഴുക്കുന്നു ചെഞ്ചോരകണ്ണുകളില്‍ 
ഉറഞ്ഞാടുന്നു വേലുവൊരു രുധിരകളത്തില്‍...
ആദിദ്രാവിഡ ഹുങ്കാരമുറയുന്നു..കനല്‍ കണ്ണുകള്‍ തിളങ്ങുന്നു..
കോഴിതന്‍ കഴുത്തീമ്പി കുടിക്കുന്നു..ചോരയോഴുകുന്നൂ ചിറിയിലൂടെ..
ചുടുരക്തമൊഴുകി നിറയുന്നു മുല്ലത്തറയും ശിലയും..

മേളം മൂക്കുന്നു ..പറയചെണ്ടകള്‍ അലറുന്നു...
കാളിയും ദാരികനും തുള്ളിയുറയുന്നു..കുരുത്തോലകിരീടം,കരിമുഖം 
ചോരക്കണ്ണുകള്‍,നീണ്ട ദ്രുംഷ്ട്ടകള്‍ ,ചോരയിറ്റു വീഴുന്ന നാവുകള്‍.
തുള്ളിയുറയുന്നു ശങ്കുണ്ണി, കാളിയായി അലയുന്നു
ദാരികന്‍ തന്‍ തല കൊയ്യാനായീ,ശിപായിയല്ല
ശങ്കുണ്ണിയിപ്പോള്‍, ദ്രാവിഡപഴമതന്‍ രൌദ്രം പേറുന്നവന്‍..
ഉറയുന്നു പൂതവുംതിറയും കാളിയുംദാരികനും 
അറയുന്നു പറയ ചെണ്ടകള്‍,മുഴങ്ങുന്നു പെരുമ്പറകള്‍..
ആദി ദ്രാവിഡര്‍ തന്‍ മേളപ്പെരുക്കങ്ങള്‍..

മുല്ലക്കല്‍ പൂരം കൊടിയേറുന്നു..പഞ്ചാരി മേളം,വെഞ്ചാമരം ,ആലവട്ടം 
ഗജവീരന്മാര്‍തന്‍ ചങ്ങലകിലുക്കം,ചെവിയനക്കം,വര്‍ണ്ണക്കുടകള്‍..    
 പൊടിയാര്‍ക്കുമുത്സവ പറമ്പുകള്‍..പൊരി,മുറുക്ക്,ഐസ്ഫ്രൂട്ട്..
ബലൂണ്‍ ,പീപ്പികള്‍,,കടല,മിടായി,ഉന്തുവണ്ടികള്‍...വാണിഭമേളം.. 
വൈക്കോല്‍ മെടഞ്ഞൊരു കാളകൂറ്റന്‍..ദേശക്കാര്‍ കൂട്ടം കൂടുന്നു..
കാളവേല, ആര്‍പ്പ്‌വിളികള്‍,അടിപിടി..ഹര്‍ഷോന്മാദം.. 
എണ്ണകറപ്പര്‍ന്ന ചെറുമികള്‍ ,നിറമുള്ള ചേലകള്‍,എണ്ണയൊഴുകും
മുടിയിഴകള്‍,വിയര്‍പ്പാര്‍ന്ന മുഖപ്പുകള്‍മുറുക്കിച്ചുകപ്പിച്ച ചുണ്ടുകള്‍....
ദുര്‍ഗ്ഗയൊരു കാളിയായി പാലമരചുവട്ടില്‍ പറയന്റെ തറമേല്‍....
പൂരം കൊഴുക്കുന്നു..പറയികള്‍ മേവുന്നു പൂരമൊരു മേളമാകുന്നു...
തറമേല്‍ ചാരായം,നേദ്യം,കോഴിച്ചോര നുണയുന്നു കരിംശിലകള്‍ ..
കാവേറുന്നു പൂരം ..ദ്രാവിഡ പഴമ തന്‍ ആഘോഷമേളം...  
                                      .ബിപിന്‍ ആറങ്ങോട്ടുകര. 

1 comment: