Sunday, September 18, 2011

ഒരു നിറകണ്‍ചിരി

     ഒരു നിറകണ്‍ചിരി  ..

ഇതൊരുകഥയല്ല..എന്നാല്‍ ഒരു അനുഭവമാണോഎനിക്കറിയില്ല....എങ്കിലും ഞാന്‍ പറയാം... "ഒരുനിറകണ്‍ചിരി" യാണിത്‌ !

ഒരവധിക്കാലത്ത്  കുടുംബത്തോടൊപ്പം  നാട്ടിലെതിയതാണ് ഞാന്‍ ..എന്റെ നാട് വല്ലാതെ മാറിയിരുന്നു..ഗ്രാമത്തിന്റെ സ്വഭാവം മാറി  ,നഗരത്തിന്റെ ചിട്ടവട്ടങ്ങള്‍ സ്വയം എടുത്തണിഞ്ഞ അപരിചിതമായ  ഒരു ഭൂമിയായി അത് മാറിയിരുന്നു..മകന്റെ എഞ്ചിനീയറിങ്ങ് പഠനത്തെ കുറിച്ചുള്ള ചിലകാര്യങ്ങള്‍ ശരിയാക്കുന്നതിന്റെ തിരക്കുകളില്‍ ആയിരുന്നു ഞാന്‍..തലേ ദിവസം ഒരു ദീര്‍ഘ യാത്ര കഴിഞ്ഞു വന്നതിന്റെ ക്ഷീണം കാരണം രാവിലെ എഴുന്നേല്‍ക്കാന്‍ വൈകി..ഉമ്മറത്ത്‌ പത്രവും വായിച്ചു ഒരു ചായയും കുടിച്ചു ഇരിക്കുകയാണ് ഞാന്‍..
നല്ല  ഇഡ്ഡലിയും ചട്നിയും ഉണ്ടാക്കി വെച്ചിട്ടുണ്ട് എന്ന് പ്രിയതമ രണ്ടു മൂന്ന് തവണയായി വന്നു വിളിക്കുന്നു..കുറച്ചു നേരം കഴിയട്ടെ എന്ന് കരുതി അങ്ങനെ ഇരിക്കുകയാണ്...പുറത്തു നേരിയ ചാറ്റല്‍ മഴയുണ്ട്..മഴച്ചാറലുംഏറ്റു കൊണ്ട് ചെറിയ തണുപ്പും അടിച്ചു ചൂടുള്ള ചായയും കുടിച്ചു അങ്ങനെ ഇരിക്കുന്നതിന്റെ ഒരു സുഖം ഞങ്ങള്‍ പ്രവാസികള്‍ക്ക് ഒരു സ്വപ്നമാണ്!! വല്ലപ്പോഴും വീണു കിട്ടുന്ന ഒരു സൌഭാഗ്യം !!
പുറത്തു ഗേറ്റില്‍ ആരോ തട്ടുന്ന ശബ്ദം കേള്‍ക്കുന്നത് പോലെ തോന്നി .കൂട്ടില്‍ കിടന്നു കുരച്ചു  ശബ്ദ മുണ്ടാക്കുകയാണ് ബ്രൌണി...രസച്ചരട് മുറിഞ്ഞതിന്റെ നീരസത്തില്‍ ഞാന്‍ എഴുന്നേറ്റു..കൂടിന്നടുത്തു ചെന്ന് ബ്രൌണി യെ അടക്കി നിര്‍ത്തി..അവന്‍ മുരള്‍ച്ചയോടെ ഗേറ്റിലേക്ക് നോക്കുന്നുണ്ട്...ഞാന്‍ ഗേറ്റ് ന്നടുതെക്ക് ച്ചെന്നു..പുറത്തു ഒരു പ്രാകൃത രൂപം..മുഷിഞ്ഞ വേഷം നര വീണ താടി രോമങ്ങള്‍..കൂനിക്കൂടിയ ഒരു മനുഷ്യ രൂപം..വല്ല പിച്ചക്കാരനും ആയിരിക്കും..ഞാന്‍ മകനെ വിളിച്ചു വല്ലതും കൊടുക്കാന്‍ പറഞ്ഞു...മകന്‍ അകത്തു നിന്നും വന്നു പുറത്തേക്കു നോക്കി പണം എടുക്കാനായിഓടി  അകത്തേക്ക് പോയി...എന്തോ ഒരു  പ്രേരണയില്‍ ഞാന്‍ ഗേറ്റ് തുറന്നു അയാളോട് അകത്തേക്ക് വരാന്‍ പറഞ്ഞു..കൂനിക്കൂടിയ ആ പ്രാകൃത രൂപം വെച്ചു വെച്ചു അകത്തേക്ക് വന്നു...കൂട്ടില്‍ കിടന്നു ബ്രൌണി വീണ്ടും ശബ്ദമുണ്ടാക്കാന്‍ തുടങ്ങി..ഒരു പകപ്പോടെ അയാള്‍ നായയെ നോക്കി ..പേടിയോടെ അയാള്‍ വീടിന്റെ ഉമ്മറ തിണ്ണയിലേക്ക് ചേര്‍ന്ന് നിന്നു .ഞാന്‍ കൂട്ടിലേക്ക് നോക്കി ഉറക്കെ ശബ്ദമുണ്ടാക്കി ബ്രൌണിയെ അടക്കി നിര്‍ത്തി...

എന്റെ ശബ്ദം കേട്ടതും അയാള്‍ തലയുയര്‍ത്തി എന്നെ നോക്കി..ഏതോ ഓര്‍മകളില്‍ പരതുന്നത് പോലെ അയാള്‍ എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി..പിന്നെ ചുറ്റുപാടും സൂക്ഷിച്ചു നോക്കാന്‍ തുടങ്ങി...  
ആ പരതിനോട്ടതിന്നിടയില്‍ അയാളുടെ നോട്ടം ഉമ്മറത്ത്‌ വലുതായി ചില്ലിട്ടു വെച്ചിരുന്ന അച്ഛന്റെ ഫോട്ടോയില്‍ ചെന്നുടക്കി..മങ്ങിയ കണ്ണുകളാല്‍ അയാള്‍ വീണ്ടുമാ ഫോടോയിലേക്ക് സൂക്ഷിച്ചു നോക്കി..അങ്കലാപ്പോടെ അയാള്‍ വീടിനു ചുറ്റുപാടും സൂക്ഷിച്ചു നോക്കാന്‍ തുടങ്ങി..ആ നോട്ടം ഉമ്മറത്തെ ചതുര കിണറ്റില്‍ വന്നെത്തി ..തറവാട് മുറ്റത്തെ ആ കൌതുകം അതെ പടി നില നിര്‍ത്തി കൊണ്ടായിരുന്നു ഞാന്‍ പുതിയ വീട് പണിതത്..അല്ല ആ കിണറിനു അനുസരിച്ചായിരുന്നു ഞാന്‍ വീടിന്നു സ്ഥാനം കണ്ടത്‌..ഇപ്പോഴും ആരെയും അമ്പരിപ്പിക്കുന്ന ഒരു ശില്‍പ്പചാരുതയാണ് ആ കിണര്‍!! ചതുരക്കിണര്‍ എന്നാണ്  ഞങ്ങള്‍ അതിനെ വിളിച്ചിരുന്നത്‌.. ചെങ്കല്ല് കൊണ്ട് കെട്ടിയോതുക്കിയ  ആ കിണര്‍ ഒരിക്കലും വറ്റിയിരുന്നില്ല..ആ കിണറ്റിലെ വെള്ളത്തിന്‌ ഒരു പ്രത്യേക സ്വാദാണ്.. .അയാള്‍ വെച്ചു വെച്ചു ആ കിണരിന്നടുതെക്ക് ചെന്നു..അതിന്റെ കൈവരികളില്‍ പിടിച്ചു നിന്നു അയാള്‍ കിതച്ചു..വളരെ ശ്രമപ്പെട്ടു കിണ രിന്നുള്ളിലേക്ക് നോക്കാന്‍ ശ്രമിക്കുകയാണ്  അയാള്‍..പിന്നെആള്‍ മറയില്‍  ഒന്ന്‌ തലോടി..ഒരു കുഞ്ഞിനെ തലോടുന്നത് പോലെ അയാള്‍ ആ കിണറിന്നെ താലോലിക്കുകയാണ് എന്നെനിക്കു തോന്നി..കിണറിന്നുള്ളിലേക്ക് അയാള്‍ പിന്നെയും നോക്കാന്‍ തുടങ്ങി ..എനിക്കൊരു ചെറിയ പേടി തോന്നി ..ഞാന്‍  വേഗം അയാളെ വിളിച്ചു ...അയാളൊന്നു തിരിഞ്ഞു എന്നെ സൂക്ഷിച്ചു നോക്കി..വീടിന്റെ ചുറ്റുപാടുകള്‍ അയാള്‍ വീക്ഷിക്കാന്‍ തുടങ്ങി...ഓര്‍മയുടെ ഏടുകളില്‍ അയാള്‍ എന്തോ പരതുന്നത് പോലെ തോന്നി...പ്രാഞ്ചി പ്രാഞ്ചി അയാള്‍ ഉമ്മറത്തേക്ക് നടന്നു വന്നു..അയാളുടെ പീള കെട്ടിയകണ്ണുകള്‍ അച്ഛന്റെ ഫോട്ടോയില്‍ വീണ്ടും..വിറയ്ക്കുന്ന വിരലുകളോടെ അയാള്‍ ഉമ്മരത്തിണ്ണയില്‍ പിടിച്ചു നിന്നു..ഉമ്മറത്ത്‌ അച്ഛന്റെ പഴയ ചാരുകസേര ..എന്നും രാവിലെ ഞാനത് തുടച്ചു വൃത്തിയാക്കി അവിടെ കൊണ്ട് വെക്കും..ഞാനതില്‍ ഒരിക്കലും ഇരിക്കാറില്ല..മനോഹരമായ കൊത്തുപണി കള്‍ ചെയ്തിട്ടുള്ള ആ ചാര് കസേര ഇന്നും കാണുന്നവര്‍ക്കെല്ലാം അത്ഭുതമാണ്..ചാരുപടിമേല്‍ എഴുത്ത് പലകയും വെച്ചിരുന്നു പേന നെറ്റിയില്‍ മുട്ടിച്ചു എന്തോ ആലോചിക്കുന്ന അച്ഛന്റെ രൂപം ..അതിപ്പോഴും മനസ്സില്‍ നിന്നും പോയിട്ടില്ല..ആ ചാരു കസേര അവിടെയിരിക്കുമ്പോള്‍അച്ഛന്‍  അവിടെയിരുന്നു ഇപ്പോഴും എഴുതുകയാണ് എന്നെനിക്കു തോന്നും...അച്ഛന്റെ സാമീപ്യം എപ്പോഴും ഈ ഉമ്മറക്കൊലയില്‍ ഉണ്ട് എന്ന്‍ ഞാന്‍ വിശ്വസിച്ചു..

ആ ചാരു കസേര അയാള്‍ നോക്കി കൊണ്ട് നിന്നു..ഏതോ ഓര്‍മ്മകള്‍ അയാളില്‍ തിരികെയെത്തിയത് പോലെ..മോനെ എന്നൊരു വിറയാര്‍ന്ന ശബ്ദം .. ആ ശബ്ദം എവിടെയോ കേട്ട് മറന്നത് പോലെ..  അയാളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു...ഞാനടുത്തേക്ക് ച്ചെന്നു..വിറയാര്‍ന്ന  വിരലുകളോടെ അയാളെന്റെ കൈകള്‍ കയറി പിടിച്ചു..ഞാന്‍ അയാളെ സൂക്ഷിച്ചു നോക്കി..ഈശ്വരാ..ഇത് കുഞ്ചു ആശാരി ആണല്ലോ..എന്റെ മനസ്സൊന്നു പിടഞ്ഞു..തീരെ തിരിച്ചറിയാന്‍ പറ്റിയില്ല..കുറ്റ ബോധത്തോടെ  ഞാനാ പ്രാകൃത രൂപത്തെ ചേര്‍ത്ത്പിടിച്ചു....
ഇത് കുഞ്ചു ആശാരി യാണ് ..അച്ഛന്റെ പ്രിയ സ്നേഹിതന്‍. ആശാന്‍ എന്ന് എല്ലാവരും വിളിച്ചിരുന്ന ഞങ്ങളുടെ ഗ്രാമത്തിന്റെ പെരുംതച്ചന്‍..ഈശ്വരാ..തിരിച്ചറിയാന്‍ കഴിഞ്ഞില്ലല്ലോ..മനസ്സില്‍ നിറയുന്ന കുറ്റബോധത്തോടെ ഞാനാ പഴംതുണി കെട്ട് പോലെ ദുര്‍ബലമായ ശരീരത്തെ ചേര്‍ത്ത് പിടിച്ചു..ഉമ്മറത്തേക്ക് കയറ്റി..കസേരയില്‍  ഇരുത്താന്‍ നോക്കുമ്പോള്‍ എന്റെ കൈ വിടുവിച്ചു ആശാന്‍ തറയിലിരുന്നു....പിന്നെ ഏതോ ഉള്‍പ്രേരണ യിലെന്ന പോല്‍ നിരങ്ങി നിരങ്ങി ആ ചാരുകസേരക്കരികില്‍ ചേര്‍ന്നിരുന്നു...അവിടെയായിരുന്നു ആശാന്റെ സ്ഥാനം..
എന്റെ മനസ്സു ബാല്യത്തിലേക്ക് ഓടിപ്പോയി...നിലത്തു ചാരുകസേര ക്കരുകില്‍ ചമ്രം പടിഞ്ഞിരിക്കുന്ന ആശാന്‍.ഉയരുന്ന ചങ്ങമ്പുഴക്കവിതകള്‍..കണ്ണുമടച്ചു ചാരുകസേരയില്‍ ചാഞ്ഞു കിടക്കുന്ന അച്ഛന്‍..അച്ഛന്റെ മടിയില്‍ ഞാനുമുണ്ടാകും..നേരെമെരെയായാല്‍ അമ്മ വന്നു എന്നെ എടുത്തു കൊണ്ട് പോകും....അവര്‍ അങ്ങനെ ഇരിക്കും..അച്ഛന്‍ ആശാന് ഗ്ലാസ്സ് നിറച്ചു കൊടുക്കും..മദ്യം കഴിക്കാത്ത അച്ഛന്‍ ആശാന് വേണ്ടി വാങ്ങി സൂക്ഷിച്ചു വെച്ചതായിരിക്കും ആ കുപ്പി...ആ സൗഹൃദം ഓര്‍മകളില്‍ പോലും ഒരു മധുരമാണ് എനിക്ക്..ഞാനെന്റെ ബാല്യ കാലത്തിലേക്ക് ,തൊടികളില്‍ വെള്ളാരം കല്ലുകള്‍ പെറുക്കാനോടുന്ന പഴയ കുട്ടിയായി  ഓടിപ്പോയി .
                                                  .
ഭക്ഷണം കഴിക്കാനായി എന്നെ വിളിക്കാന്‍ വന്നതാണ്‌ പ്രിയതമ..പെട്ടെന്നവള്‍ സ്തബ്ധയായി നിന്നു..ആ പ്രാകൃത രൂപിയെ കണ്ടതും അവള്‍ ചോദ്യ രൂപത്തില്‍ എന്നെ നോക്കി..നിലത്തു ആശാനോട് ചേര്‍ന്നിരിക്കുകയാണ് ഞാന്‍..വെണ്‍കല്ല് പാകിയനിലത്തു ചളി പിടിച്ചിരിക്കുന്നു..ചോദ്യ രൂപത്തില്‍ അവളെന്നെ നോക്കി..ചായ കൊണ്ട് വാ എന്ന് ഞാന്‍ പറഞ്ഞു..ഇതെന്തു കഥ എന്ന ഭാവത്തില്‍ അവള്‍ പിന്നെയും സംശയിച്ചു നിന്നു..ഞാനവളെ ഒന്ന്‍ തറപ്പിച്ചു നോക്കി..എന്റെ നോട്ടത്തിന്റെ മുന കൊണ്ടതുംഅവള്‍ വേഗം അകത്തേക്ക് വലിഞ്ഞു....
ഞാനവളുടെ പിന്നാലെ അടുക്കളയിലേക്കു ച്ചെന്നു..എന്റെ ധൃതിയും ആവേശവും കണ്ടു ഒരു കൌതുകമോടെ അവളെന്റെ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കി..അവള്‍ പാത്രത്ത്തിലാക്കിയ ഇഡലിയും ചട്നിയുമായി  ഞാന്‍ വേഗത്തില്‍ ഉമ്മരെതെക്ക് നടന്നു..അവിശ്വസനീയമായ ഒരു ചോദ്യം അവളുടെ മുഖത്ത്..ഞാന്‍ തിരിഞ്ഞു നിന്നു..അവളോട്‌ പറഞ്ഞു..ആശാന്‍ ..ആശാന്‍ ആണതു...തീരെ വിശ്വാസം വരാതെ അവളെന്നെ തുറിച്ചു നോക്കി.."ആശാന്‍..ആശാന്‍..കുഞ്ചുആശാരി "   ധൃതിയില്‍ ഞാന്‍ ഭക്ഷണ പാത്രവുമെടുത്തു ഉമ്മറത്തേക്ക് ചെന്നു ..ഭക്ഷണം ആശാന്റെ മുന്നില്‍ വെച്ച് ഞാന്‍ നിലത്തിരുന്നു...ആവി പറക്കുന്ന ചൂടുള്ള ചായയും ഇഡലിയുംചട്നിയും..ആശാന്‍ എന്നെഒന്ന്നോക്കി,മെല്ലെഭക്ഷണപാത്രത്തില്‍കൈവെച്ചു..ഞാനടുതിരുന്നു..അവള്‍ ഓടി വന്നു വാതില്‍ക്കല്‍ ചേര്‍ന്ന് നിന്നു.ഒരു കൌതുകം നിറഞ്ഞ പുഞ്ചിരി അവളുടെമുഖത്തുണ്ടായിരുന്നു...അവളോട്‌ ആശാനെ കുറിച്ച് ഞാന്‍ പറഞ്ഞിട്ടുണ്ടായിരുന്നു.. എന്റെ ഗ്രാമ ത്തെയുംഅവിടുത്തെ ആളുകളെയും കുറിച്ച് അവളോട്‌ എല്ലാം ഞാന്‍ പറഞ്ഞു കൊടുത്തിട്ടുണ്ട്‌..ആശാന്‍  ഭക്ഷണം കഴിക്കുന്നതും നോക്കിഞാനടുതിരുന്നു....

ഞാന്‍ തൊടികളില്‍ വെള്ളാരം കല്ലുകള്‍ പെറുക്കുകയാണ്..കുഞ്ചു ആശാരി പണിക്ക് വന്നിട്ടുണ്ട്..രാവിലെ സഞ്ചിയും തൂക്കി മുഴക്കൊലുമായി ആശാന്‍ പടികടന്നു വരുന്നത് കണ്ടപ്പോഴേ ഞാനെഴുന്നേറ്റു തൊടിയിലേക്ക് ഓടി..വെള്ളാരംകല്ലുകള്‍ പെറുക്കി എടുത്തു ആശാന്റെകയ്യില്‍ കൊടുക്കാന്‍ ഞങ്ങള്‍ തമ്മില്‍ മല്‍സരമായിരിക്കും..ആ കല്ലുകള്‍ സൂക്ഷിച്ചു നോക്കി തിരഞ്ഞ്പെറുക്കിയെടുത്തു.ഇടി മുട്ടിയെടുത്തു ഇടിച്ചു പൊടിക്കും  ആശാന്‍ ..എന്നിട്ട് ആ ചരല്‍ പൊടി പലക മേല്‍ വിതറിയിട്ട് ഉളിയെടുത്തു ഒരു ഉര ക്കലുണ്ട്..തീപ്പൊരികള്‍അന്തരീക്ഷ ത്തില്‍ പാറി നടക്കും..എന്തൊരു രസമുള്ള കാഴ്ചയാണ്!! വടക്കനുളി മൂര്‍ച്ചകൂട്ടി തിരിച്ചും മറിച്ചും നോക്കി,വിരല് കൊണ്ട് ഒന്ന്‌ ഉരതി നോക്കി ഞങ്ങളെ നോക്കി ഒരു ചിരി ...എനിക്ക് സന്തോഷമായി..പിന്നെ ആശാന്‍ പണി തുടങ്ങുകയായി..അളവുകോലുകള്‍ തിരിച്ചും മറിച്ചും ചെവിക്കുറ്റി യില്‍ നിന്നും പെന്‍സില്‍ എടുത്തു ഇടക്കൊന്നു കോറി,ഉളി കൊണ്ട് ചെത്തി ചിന്തെരിട്ടുമിനുക്കി ..ഞാനവിടെ തന്നെ ചുറ്റി പറ്റി നില്‍ക്കുകയാണ്..മരപ്പാളികള്‍ വീതുളി വെച്ചു ചെത്തി ചെത്തി എടുക്കുന്നത് കാണാന്‍ എന്തൊരു രസമാണ്..നേരിയ കനത്തില്‍ പൊളിഞ്ഞു വീഴുന്ന മരപ്പാളികള്‍ കാണാനും മണത്തു നോക്കാനും നല്ല രസമാണ്!!ചിന്തെരിടുമ്പോള്‍ ചുരുണ്ടു ചുരുണ്ടു യര്‍ന്നുവരുന്നതു ഞാന്‍ കൈകൊണ്ടു പിടിച്ചെടുക്കാന്‍ ശ്രമിച്ചു..ആശാന്‍ എന്നെ നോക്കി സ്നേഹത്തോടെ ചിരിച്ചു,പിന്നെ എന്റെ നെറുകയില്‍ തലോടി...

                
ഓര്‍മകളില്‍ ഞാന്‍ അലഞ്ഞു നടന്നു..സ്കൂളില്ലാത്ത ദിവസമാണെങ്കില്‍ ഞാന്‍ മുഴുവന്‍ സമയവും ആശാന്റെ കൂടെയായിരിക്കും..എനിക്ക് മരം കൊണ്ട് പാവയും ,പമ്പരവും കളിപ്പാട്ടങ്ങളും ഉണ്ടാക്കി തരും....രാത്രികളില്‍ അച്ഛന്റെ മടിയിലിരുന്നു ആശാനെ കാണുമ്പോള്‍ ഇത് വേറൊരു ആളാണ് എന്നെനിക്കു തോന്നിയിട്ടുണ്ട്..രണ്ടു മുഖങ്ങളുള്ള ഒരാള്‍!എല്ലാവരും ആശാന്‍ എന്നാണ് കുഞ്ചു ആശാരിയെ വിളിച്ചിരുന്നത്‌..നാട്ടുകാരുടെ ആശാന്‍ ആയിരുന്നു അദ്ദേഹം ....നാടകസമിതിയുടെയും ഉത്സവ കമ്മിറ്റിയുടെയും മുന്നില്‍ ആശാന്‍ ഉണ്ടാകും..ആശാന്‍ ഇല്ലാതെ ഒന്നും ഞങ്ങളുടെ ഗ്രാമത്തില്‍ നടക്കുമായിരുന്നില്ല..
ഉത്സവം കൊടിയേറിയാല്‍ പിന്നെ ആശാന്‍ പണിക്കൊന്നും പോവില്ല .കാവിന്റെ പരിസരത്ത് തന്നെയുണ്ടാകും ..രാവിലെ ആശാന്റെ രാമായണ വായന കേട്ടാണ് ഞങ്ങള്‍ ഉണരുക. ഏഴു രാഗങ്ങളില്‍ ആ പാരായണം ഉച്ച വരെ നീളും..
ആശാന്‍ വലിയ കമ്മുണിസ്റ്റു അനുഭാവി ആയിരുന്നു..അച്ഛനുമായി ആശയപരമായി തര്‍ക്കം ഉണ്ടാകുമെങ്കിലുംആ സൗഹൃദം മധുരം നിറഞ്ഞതായിരുന്നു.. ഉത്സവത്തിന്നു നാടകം ഉണ്ടാകും ..ആശാന്റെ വകയാണ് സംവിധാനം ..അച്ഛന്‍ നാടകം എഴുതി കൊടുക്കും..ആദ്യാവസാനം എല്ലാം ആശാന്റെ മേല്‍ നോട്ടത്തിലാണ്..എന്തിനും ഏതിനും ആശാന്‍ ഇല്ലാതെ ഞങ്ങളുടെ നാട്ടില്‍ ഒന്നും നടക്കില്ല...ആശാന്റെ മകന്‍ കൃഷ്ണേട്ടന്‍ ഞങ്ങളുടെകൂടെയുണ്ടാകും..കൃഷ്ണേട്ടനെ പോലെയാകണ മെന്നായിരുന്നു എന്റെ ഏറ്റവുംവലിയ ആഗ്രഹം!! നന്നായി വരക്കും,പാടും ,ശില്‍പ്പങ്ങള്‍ ചെയ്യും. നന്നായി പഠിക്കും...ഞങ്ങളുടെ ഫുട്ബാള്‍ ടീമിന്റെ ജീവന്‍ കൃഷ്ണേട്ടന്‍ ആയിരുന്നു..ആശാന്റെ കൂടെ കൃഷ്ണേട്ടന്‍ പണിക്കു പോകും..അച്ഛന്റെ ചാരുകസേര കൊത്തു പണികള്‍  ചെയ്തു മനോഹരമാക്കിയത് കൃഷ്നെട്ടനാണ്..തറവാട്ടിലെ കിണര്‍ പുതുക്കി ചെങ്കല്ല് കെട്ടി പടുത്തു..ആശാനും കൃഷ്ണേട്ടനും കൂടിയാണ് അത് ചെയ്തത് ..അല്ല കൃഷ്ണേട്ടന്റെആശയം ആയിരുന്നു അത്..ഇന്നും കാലങ്ങള്‍ കഴിഞ്ഞിട്ടും ആ ചതുരക്കിണര്‍ ഒരത്ഭുതമായി നില്‍ക്കുന്നു..കൃഷ്ണേട്ടന്‍ ചെയ്ത കൊത്തു പണികള്‍ ഉള്ള വാതില്‍ തന്നെയാണ് തറവാട് പൊളിച്ചു പുതിയ വീട് വെക്കുമ്പോള്‍ ഞാന്‍ ഉപയോഗിച്ചത്..എത്രയോ പേര്‍ അതിന്റെ മനോഹാരിത കണ്ടു കൊതിച്ചു പോയിട്ടുണ്ട്..ആ പെരുന്തച്ചനെയും  മകനെയും  ഞങ്ങളുടെ ഗ്രാമത്തിന്റെ അഭിമാനമായി ഞങ്ങള്‍ ഗ്രാമീണര്‍ കൊണ്ട് നടന്നു..

ഉത്സവ കാലമായിരുന്നു ..കൊടിയെറിയിട്ടു രണ്ടു മൂന്ന് ദിവസമായിരിക്കുന്നു...ഇത്തവണ കൃഷ്ണേട്ടന്‍ എത്താന്‍ വൈകിയല്ലോ എന്ന്‍ ഞങ്ങള്‍ വിചാരിച്ചു..സാധാരണ കൃഷ്ണേട്ടന്‍ എത്തേണ്ട സമയം കഴിഞ്ഞിരിക്കുന്നു..ഇത്തവണ ഞങ്ങള്‍ കുട്ടികളുടെ വകയാണ് നാടകം..കൃഷ്ണേട്ടന്‍ ഇല്ലാതെ ഒന്നും ശെരിയാകില്ല..കൃഷ്ണേട്ടന്റെ വരവും കാത്തു ഞങ്ങള്‍ ഇരുന്നു.
ആ ഉത്സവകാലം കൃഷ്ണേട്ടന്‍ ഇല്ലാതെ കഴിഞ്ഞു..പിന്നീടൊരിക്കലും കൃഷ്ണേട്ടന്‍ ഞങ്ങളുടെ ഗ്രാമത്തിലേക്ക് വന്നതേയില്ല...പടിക്കാനുണ്ടാകും അത് കൊണ്ടായിരിക്കും എന്ന്‍ പറഞ്ഞു അച്ഛന്‍ ആദ്യമൊക്കെ ആശാനെ സമാധാനിപ്പിച്ചു..ഒടുവില്‍ ഒരു ദിവസം അച്ഛന്‍ കോഴിക്കോട്ടേക്ക് അന്വേഷിക്കാന്‍ പോയി..തിരികെയെത്തിയ അച്ഛന്‍ ആകെ അസ്വസ്ഥനായിരുന്നു..അച്ഛന്‍ അമ്മയോട് പറഞ്ഞതില്‍ നിന്നും കൃഷ്ണേട്ടനെ പോലീസ് പിടിച്ചു എന്ന്‍ മനസ്സിലായി..കള്ളന്മാരെയല്ലേ പോലീസ് പിടിക്കുക..എനിക്കത് വിശ്വസിക്കാന്‍ കഴിയുമായിരുന്നില്ല..അച്ഛനും അമ്മയും കൂടിയുള്ള സംസാരങ്ങളില്‍ നിന്നും എഞ്ചിനീയരിങ്ങു  കോളേജിന്റെ ഹോസ്റ്റലില്‍ നിന്നും കൃഷ്നെട്ടനെയും കൂട്ടുകാരെയും പോലിസ് പിടിച്ചു  കൊണ്ട് പോയി എന്ന്‍ മനസ്സിലായി....കൃഷ്ണേട്ടനെ കാത്തിരുന്നു കാത്തിരുന്നു ആശാന്‍ സമ നില തെറ്റി യവനെ പോലെ നടക്കാന്‍ തുടങ്ങി.....കൃഷ്ണേട്ടന്‍ ഒരിക്കലും വന്നില്ല..കോടതികള്‍,അന്വേഷണങ്ങള്‍ .. തീവ്ര രാഷ്ട്രീയത്തിന്റെ മുന ചൂണ്ടി പ്രിയ സഖാക്കളും ആശാനെ കയ്യൊഴിഞ്ഞു..അന്വേഷണങ്ങള്‍ എങ്ങുമെത്തിയി ല്ല..ഒടുവില്‍ അച്ഛന്‍ പഴയ കൂട്ടുകാരനായ മുഖ്യമന്ത്രിയെ നേരിട്ടു കാണാന്‍ തലസ്ഥാനത്തേക്ക് പോയി...വളരെ വൈകി ഒരു രാത്രി അച്ഛന്‍ തിരിച്ചു വന്നു..ഞാന്‍ അമ്മയുടെ മടിയില്‍ കിടന്നു ഉറക്കമായിരുന്നു..അമ്മയുടെ തേങ്ങല്‍ കേട്ടാണ് ഞാനുണര്‍ന്നത്..അച്ഛനെ കണ്ടതും സന്തോഷത്തോടെ  ഞാന്‍ അച്ഛന്റെ തോളിലേക്ക് ചാഞ്ഞു ..അച്ചന്റെ കണ്ണുകളില്‍ നനവുണ്ടായിരുന്നു..അച്ഛന്‍ എന്നെ ചേര്‍ത്ത് പിടിച്ചു അകത്തേക്ക് നടന്നു.. അച്ഛന്റെ സഞ്ചിയും മറ്റും കയ്യിലെടുത്തു അമ്മ പിന്നാലെയും രണ്ടാളുടെയും നെഞ്ചില്‍  അടക്കിയ ഒരു തേങ്ങല്‍ ഞാന്‍ അറിഞ്ഞു..എന്റെ ചെറിയ മനസ്സില്‍ എന്തൊക്കെയോ വിങ്ങി പൊട്ടി ഉരുകിയൊലിച്ചു..അറിയാതെ ഞാനും കരഞ്ഞു പോയി.. പിന്നീടു  ഒരിക്കല്‍  അച്ഛന്റെ ഓര്‍മ്മക്കുറിപ്പുകള്‍‍ വായിക്കുമ്പോള്‍ ഞാനാ തേങ്ങല്‍ വീണ്ടും അറിഞ്ഞു...പഴയ കൂട്ടുകാരനായ മുഖ്യമന്ത്രി മുഖത്ത് നോക്കാനാകാതെ നിസ്സഹായനായി തലയും കുമ്പിട്ടു ഇരുന്ന രംഗം വായിച്ചപ്പോള്‍ എന്റെ ഉള്ളുപിടഞ്ഞു ..ആ രാത്രിയിലെ രണ്ടു ഹൃദയങ്ങളുടെ അടക്കിയ വിങ്ങലുകള്‍ ഞാന്‍ അനുഭവച്ചറിഞ്ഞു..
അന്ന് ഞാന്‍ സ്കൂളില്‍ പോയില്ല..അമ്മയുടെ കണ്ണുകളില്‍ ഒരു നനവുണ്ടായിരുന്നു..അച്ഛന്‍ ചാരുകസേരയില്‍ തലോടി അങ്ങനെ ഇരിക്കുന്നു..ആരുമെന്നോട് സ്കൂളില്‍ പോകാന്‍ പറഞ്ഞില്ല ..കുറച്ചു കഴിഞ്ഞപ്പോള്‍ ആശാന്‍ വന്നു..മുഖം കൊടുക്കാതെ അമ്മ അടുക്കളയിലേക്കു മാറി നിന്നു..അച്ഛനും ആശാനും ഒന്നും മിണ്ടാതെ കുറെ നേരം അങ്ങനെ ഇരുന്നു.. 
അച്ഛന്റെ മൌനം ആശാന്‍ തിരിച്ചറിഞ്ഞുവെന്ന് തോന്നി..അച്ഛന്റെ കൈകള്‍ കൂട്ടി പിടിച്ചു നെറ്റിയില്‍ മുട്ടിച്ചു ആശാന്‍ കുറെ നേരം ഇരുന്നു..കണ്ണ് നീര്‍ ധാരധാര യായി ഒഴുകുന്നുണ്ടായിരുന്നു...അല്‍പ്പം കഴിഞ്ഞപ്പോള്‍ ആശാന്‍ എഴുന്നേറ്റു .എന്നെ ചേര്‍ത്ത് പിടിച്ചു കവിളിലും നെറുകയിലും കണ്ണ്നീരോടെആശാന്‍ ഉമ്മ വെച്ചു.. അമ്മയെവിളിച്ചു, നനഞ്ഞ കണ്ണുകളോടെ അമ്മ വന്നു ..അമ്മയെ നോക്കി കൈകൂപ്പി തൊഴുതു അച്ഛന്റെ തോളില്‍പിടിച്ചു ആ മുഖത്തേക്ക് നോക്കി കുറെ നേരം നോക്കി നിന്നിട്ട് ആശാന്‍ പടിയിറങ്ങി പോയി ചാരുകസേരയില്‍ കണ്ണുമടച്ചു അച്ഛന്‍ മലര്‍ന്നു കിടന്നു...
കാവിലെ ഭഗവതിയുടെ നടക്കല്‍ തന്റെ വീതുളിയും മുഴക്കോലും വലിച്ചെറിഞ്ഞു ആശാന്‍ നടന്നു.. കവലയിലെത്തി ഉയരത്തില്‍ പാറിയിരുന്ന ചെങ്കൊടി അഴിച്ചിറക്കി അതും ചുരുട്ടി പിടിച്ചു ആശാന്‍ നടന്നകന്നു..ഈ ഗ്രാമത്തോട് ആശാന്‍ വിടപറഞ്ഞു...ആരും പിന്നെ, ആശാനെ കണ്ടില്ല...

ആശാന്‍ ഭക്ഷണം മെല്ലെ മെല്ലെ ആസ്വദിച്ചു കഴിക്കുകയാണ്...ചാരു കസേര ഒന്നിളകിയത് പോലെ എനിക്ക് തോന്നി..ഒരു സ്നേഹസാമീപ്യം അവിടെ യിരുന്നുമെല്ലെ ചിരിക്കുന്നുണ്ടോ?ഒരു തലോടലിന്റെ സുഖം നെറുകയില്‍ ഇപ്പോഴുമുണ്ടോ??ഞാന്‍ അറിയാതെ തല തടവി. ഒരു നേര്‍ത്ത കാറ്റ് എന്നെ തഴുകിയെത്തിയത് പോലെ.........ഏതോ ഉള്‍പ്രേരണയില്‍ ഞാനെഴുന്നേറ്റു...ഞാന്‍ മകനെ വിളിച്ചു..പ്രിയതമ  വാതില്‍ക്കല്‍ എന്നെ തന്നെ നോക്കി നില്‍ക്കുന്നുണ്ട്..മോന്‍ വേഗം ഓടി വന്നു..ഞാനവനെ ആശാന്റെ മുന്നില്‍ നിര്‍ത്തി..ആശാന്‍ അവനെ സൂക്ഷിച്ചു നോക്കി ..ഒരു ചിരി ആശാന്റെ മുഖത്ത് പൊടുന്നനെ വിരിഞ്ഞു..നിഷ്കളങ്കമായി ആശാന്‍ ഉറക്കെ ചിരിച്ചു...എന്റെ കുട്ടിക്കാലം ആശാന്റെ ഓര്‍മകളില്‍ തിരിച്ചെത്തിയോ?.. എന്റെ ഉള്ളില്‍ എന്തൊക്കയോ തിളച്ചു മറിയുന്നത് പോലെ..ഞാന്‍ അകത്തേക്ക് ഓടി  അലമാരിയില്‍ തപ്പി തിരഞ്ഞു കയ്യില്‍ കിട്ടിയ പണവുമെടുത്തുതിരക്കിട്ട് ഞാന്‍ വന്നു..തൊടിയിലെവിടെയോ ഒരു വെറ്റിലക്കൊടി നില്‍ക്കുന്നത് കണ്ടതായി ഓര്‍മയുണ്ട്..ഞാന്‍ ഓടി ആവെറ്റില കൊടിയില്‍ നിന്നും രണ്ടു മൂന്ന് വെറ്റില പറിച്ചെടുത്തു തിരിച്ചു വന്നു..ചുരുട്ടിക്കൂട്ടിയ പണവും വെറ്റിലക്കുള്ളില്‍  വെച്ചു 
ഞാന്‍മകന്റെ കയ്യില്‍ വെച്ചു കൊടുത്തു.. ..അവനൊന്നു പകച്ചു നിന്നു..ആ ദക്ഷിണ ആശാന്റെ കയ്യില്‍ കൊടുക്കുവാന്‍ ഞ്ഞാന്‍ പറഞ്ഞു..മോന്‍ ആ വെറ്റില ചുരുട്ടിക്കൂട്ടി ആശാന്റെ കയ്യില്‍ കൊടുക്കാന്‍ ശ്രമിച്ചു..അവനെ തടഞ്ഞു കൊണ്ട് ആശാന്‍ വിറച്ചു വിറച്ചു എഴുന്നേറ്റു നിന്നു.കിഴക്കോട്ടു തിരിഞ്ഞു നിന്നു കൊണ്ട് ആശാന്‍ രണ്ടു കൈകളും നീട്ടി ആ ദക്ഷിണ വാങ്ങി..എന്നെഅത്ഭുതപ്പെടുത്തി കൊണ്ട് മോന്‍ പെട്ടെന്ന്‍ ആശാന്റെ കാല്കക്ല്‍ തൊട്ടു വന്ദിച്ചു...അങ്ങനെയവന്  തോന്നിച്ചത് മഹാപുണ്യം..ആശാന്‍ വിറയ്ക്കുന്ന വിരലുകളോടെ അവന്റെ നെറുകയില്‍ കൈകളമര്‍ത്തി..ഭാവിയിലെ എഞ്ചിനയര്‍ക്ക് ഗ്രാമത്തിലെ പഴം തച്ചന്റെ അനുഗ്രഹം..ഇതിനെക്കാള്‍ വലിയൊരു അനുഗ്രഹപുണ്യം അവനു ലഭിക്കാനുണ്ടോ??എന്റെ കണ്ണുകള്‍ ഈറനണിഞ്ഞു..ആശാന്റെ മുഖത്ത് നരച്ച താടിരോമങ്ങള്‍ ക്കിടയിലൂടെ കണ്ണ് നീര്‍ ഒലിച്ചിറങ്ങി..എന്തൊക്കയോ പഴയ ഓര്‍മകളില്‍ ആ മനസ്സു പിടയുന്നത് എനിക്ക് കാണാമായിരുന്നു...വാതില്‍ പടിയില്‍ ചാരിനിന്നു കൊണ്ട് ഭാര്യ കണ്ണുനീര്‍ തുടക്കുന്നു..എന്തോ ഒന്ന്‌ കൂടി ബാക്കി നില്‍ക്കുന്നു...ഞാന്‍ ധൃതിയില്‍ അകത്തേക്കോടി അലമാരിയില്‍ ഒരു ബോട്ടില്‍ ഇരിക്കുന്നുണ്ട്‌.. അത് മെടുത്തു ഞാന്‍ ആശാന്റെ മുന്നിലെത്തി..ഒരു ഗ്ലാസ്സ് മെടുത്തു ഭാര്യയും ഓടിയെത്തി..നനഞ്ഞകവിളുകള്‍ അവള്‍ ഇടം തോളില്‍ തുടക്കുന്നുണ്ടായിരുന്നു ..പണിപ്പെട്ടു ആശാന്‍ എന്നെ പിടിച്ചു ആ ചാരുകസേരയി ലിരുത്താന്‍ ശ്രമിച്ചു..ഒന്ന്‌ മടിച്ച്നിന്ന ഞാന്‍ ഏതോ ഉള്‍പ്രേരണയാല്‍ അതിലേക്കു ചാഞ്ഞു..അച്ഛന്റെ മടിയിലിരിക്കുന്ന കുട്ടിയായി മാറി ഞാന്‍ ..അച്ഛന്‍ എന്നെ ചേര്‍ത്ത് പിടിക്കുന്നതായി എനിക്ക് തോന്നി..ഗ്ലാസെടുത്തു അതിലേക്ക്മദ്യമൊഴിച്ചു ഞാന്‍ ആശാന് നീട്ടി..എന്റെ അരികിലായി നിലത്തു ആശാന്‍ ഇരുന്നു...വിറയ്ക്കുന്ന ശബ്ദത്തില്‍ ഒരു കവിതയുയര്‍ന്നു...ഞാന്‍ കണ്ണുമടച്ചു കസേരയിലേക്ക് ചാഞ്ഞു..ഭാര്യയും മകനും കണ്ണ്നീര് വീണു നനഞ്ഞ ചിരിയുമായി അത് നോക്കി നിന്നു..ചാരുകസേരയിലേക്ക് ,അച്ഛന്റെ മടിയിലേക്ക്‌ ഞാന്‍ ചാഞ്ഞു..എന്റെ മുടിയിഴകളിലൂടെ സ്നേഹത്തിന്‍റെ ഒരു തലോടല്‍ അരിച്ചിറങ്ങുന്നതു ഞാനറിഞ്ഞു...  അച്ഛന്റെ മടിയിലിരിക്കുന്ന ഒരു കൊച്ചു കുട്ടിയായി ഞാന്‍ മാറി... .ഞാന്‍ മെല്ലെ മെല്ലെ കണ്ണുകള്‍ അടച്ചു..താഴെ നിന്നും പതിഞ്ഞ വിറയാര്‍ന്ന ശബ്ദത്തില്‍ ഒരു കവിതാശകലം ഉയരുന്നുണ്ടായിരുന്നു..പുറത്തു ഒരു നേരിയ ചാറ്റല്‍ മഴ നനുനനുന്നനെ പെയ്തു വീഴുന്നുണ്ടായിരുന്നു....
                                  
സമര്‍പ്പണം: എന്റെ ഒരു സുഹൃത്തിന്റെ അച്ഛന്‍ ഒരു കുടുംബ ആഘോഷ വേളയില്‍ കവിത ചൊല്ലുന്ന ഒരു ദൃശ്യം ഞാന്‍ ഈയിടെ കണ്ടു..കുറച്ചു മാസങ്ങള്‍ക്ക് മുന്നേ ആ പിതാവ് ഈ ലോകത്തോട്‌ വിട പറഞ്ഞിരുന്നു..ആ പിതാവിന്റെ സ്മരണകള്‍ക്ക്മുന്നില്‍..പ്രിയപ്പെട്ട മക്കളെ വിട്ടു പിരിഞ്ഞു പോയ എല്ലാ പിതാക്കന്മാരുടെയും സ്മരണകള്‍ക്ക് മുന്നില്‍ ഇത് ഞാന്‍ സമര്‍പ്പിക്കുന്നു..!

                                                      .ബിപിന്‍ ആറങ്ങോട്ടുകര .

8 comments:

  1. നന്നായിട്ടുണ്ട്.....

    ആശംസകള്‍ !

    ReplyDelete
  2. കഥ ഇഷ്ടമായി


    വളരെ നന്നായിട്ടുണ്ട്
    ആശംസകള്‍

    ReplyDelete
  3. തികച്ചും വിത്യസ്തമായ ഏതോ ഒരു ഗ്രാമാന്തരീക്ഷത്തിലേക്ക് കൊണ്ടുപോയി കഥ.നല്ല പാത്ര സൃഷ്ടി.നല്ല വിവരണം.

    ReplyDelete