Saturday, September 24, 2011

പന്നിയൂര്‍ മഹാക്ഷേത്രം..
               പന്നിയൂര്‍ മഹാക്ഷേത്രം.. 
പാലക്കാട് ജില്ലയിലെ പട്ടാമ്പി ക്കടുത്തുള്ള തൃത്താല ബ്ലോക്കില്‍ ആണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ..എംടി യുടെ നാടായ കൂടല്ലൂരും കഴിഞ്ഞു ആനക്കര പഞ്ചായത്തില്‍ പന്നിയൂര്‍ ദേശത്താണ് ഈ ക്ഷേത്രം. തൃത്താല യില്‍ നിന്നും കുമ്പിടി വഴി റോഡു മാര്‍ഗം ഇവിടെയെത്താം...വിശാലമായ  ഈ ക്ഷേത്രാങ്കണം  ഒരു മനോഹരമായ കാഴ്ച്ചയയാണ്‌ ..ഭക്തര്‍ക്കും ചരിത്രാന്വേഷികള്‍ക്കും സഞ്ചാരികള്‍ക്കും ഐതിഹ്യങ്ങള്‍ ഇഷ്ട്ടപ്പെടുന്നവര്‍ക്കും ഒരേ പോലെ ഇഷ്ട്ടമാകുന്ന മനോഹരമായ ഒരുക്ഷേത്രം! . ധാരാളം ഐതിഹ്യങ്ങള്‍  ഈ ക്ഷേത്രത്തെ ബന്ധിപ്പിച്ചു പറയപ്പെടുന്നു... ബുദ്ധന്‍,വ്യാഴം ദിവസങ്ങള്‍ക്കു ദര്‍ശനത്തിനു  കൂടുതല്‍ പ്രാധാന്യമുണ്ട് ...108 മഹാക്ഷേത്രങ്ങളില്‍ ഒന്നായി ഈ ക്ഷേത്രത്തെ പുരാണങ്ങളില്‍ അറിയപ്പെടുന്നു..ശുകപുരം ഗ്രാമത്തിന്റെ അധീനതയിലായിരുന്നു ഈ ക്ഷേത്രം..ദേശക്കാര്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ക്കിടയില്‍ ഒരിക്കല്‍ ഈ ക്ഷേത്രം തീപ്പെട്ടു പോയി എന്നൊരു കേള്‍വിയുണ്ട്..
പിന്നീട് ക്ഷേത്രോദ്ധാരണതിന്നായി  ശ്രമങ്ങള്‍ നടന്നുവെങ്കിലും നൂറ്റാണ്ടുകള്‍ക്കു ശേഷവും പന്നിയൂര്‍ അമ്പലം "പണിമുടി" യാതെ കിടക്കുകയാണ്..ഈ ചൊല്ലിനെ സംബന്ധിച്ചും ഒരു കഥയുണ്ട്..അത് മഹാനായ പെരുംതച്ചനോട് ബന്ധപെട്ട് കിടക്കുന്നു.. 
ബുധന്‍, വ്യാഴം ദിവസങ്ങളില്‍  ദര്‍ശനത്തിന്  കൂടുതല്‍ പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നു..വരാഹാവതാരം  ബുധന്‍ ദിവസ മായത് കൊണ്ട് ബുധനാഴ്ച ദിവസത്തെ ദര്‍ശനം കൂടുതല്‍ പ്രധാനമാണ്..!! ജാതക പ്രകാരം ബുധദശ യില്‍ ജനിച്ചവര്‍ക്കും ഈ ക്ഷേത്ര ദര്‍ശനം പുണ്യകരമാണെന്നു വിശ്വാസം ! ബുധന്‍ ഉച്ചസ്ഥായില്‍ നില്‍ക്കുന്നവര്‍ പഠന മേഖലകളില്‍  ഉന്നതിയിലെത്തുമെന്ന് ഒരു വിശ്വാസമുണ്ട്  . അത്കൊണ്ട് ആ ദശയിലുള്ളവര്‍ക്ക് ഈ ക്ഷേത്ര ദര്‍ശനവും വരാഹമൂര്‍ത്തി സേവനവും ഗുണകരമാണത്രെ!
മനോഹരമായ വിശാല മായ ഈ ക്ഷേത്രാങ്കണവും പരിസരങ്ങളും നയനമനോഹരമായ ഒരു കാഴ്ച സമ്മാനിക്കുന്നു!! പന്നിയൂര്‍ ക്ഷേത്രം പരശുരാമനാല്‍ സ്ഥാപിതമാണ്..ഏകദേശം നാലായിരം വര്ഷം പഴക്കമുണ്ട്  ഈ ക്ഷേത്രത്തിനു എന്ന് പറയപ്പെടുന്നു..ക്ഷത്രിയ നിഗ്രഹത്തിനു ശേഷം ധ്യാനനിരതനായ പരശുരാമന് മനസ്സമാധാനം ലഭിച്ചില്ല എന്നും നാരദന്റെ ഉപദേശ പ്രകാരം ഭഗവാന്‍ വിഷ്ണുവിനെ ഭജിച്ച പരശുരാമന് ഭഗവാന്‍ ദര്‍ശനം നല്‍കുകയുംഭഗവാന്റെ നിര്‍ദേശപ്രകാരം കേരള ഭൂമി യുടെ മധ്യ ഭാഗത്തായി  വരാഹ മൂര്‍ത്തിയെ പ്രതിഷ്ട്ടി ക്കുകയും ഈ ഭൂമിയുടെ രക്ഷാധികാരിയായി നിര്‍ദേശി ക്കുകയും ചെയ്തു..അത് പ്രകാരം കേരളത്തിന്റെ മധ്യമാണ്  ഈ മഹാക്ഷേത്രം.!കേരള ഭൂമിയുടെ രക്ഷകനാണ്‌ സാക്ഷാല്‍ വരാഹ മൂര്‍ത്തി..
ചരിത്ര വിദ്യാര്‍ഥി കള്‍ക്ക്  ധാരാളം ചരിത്ര മുഹൂര്‍ത്തങ്ങള്‍ ഇവിടെ നിന്നും ഒപ്പിയെടുക്കാന്‍ കഴിയും..ചേര ചോള സങ്കര്‍ഷങ്ങളും നമ്പൂതിരി മേല്‍ കൊയ്മക്ക് വേണ്ടിയുള്ള തര്‍ക്കങ്ങളും  സാമൂതിരി കൊച്ചി രാജാവ് തര്‍ക്കങ്ങളും പഠന വിഷയമാക്കേണ്ട വയാണ്  ..
വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും ഒരു പോലെ സന്തോഷകരമാണ്
ഈ ക്ഷേത്ര ദര്‍ശനം..വിശാലമായ ക്ഷേത്രാങ്കണത്തിലെ   കൌതുകകാഴ്ചകള്‍ അനവധിയാണ്..മനോഹരമായ ശില്‍പ്പ ചാരുത നമ്മെ അത്ഭുതപ്പെടുത്തും! പ്രധാന ദേവത ഭൂമീ ദേവി സമേതനായ വരാഹ മൂര്‍ത്തി തന്നെ..ഗണപതി,ശിവന്‍,അയ്യപ്പന്‍,സുബ്രമണ്യന്‍,ദുര്ഗ,ശങ്കരനാരായണന്‍ ,ചിത്രത്തില്‍ വരാഹം കുണ്ടില്‍ വരാഹം ,നാഗങ്ങള്‍ .അങ്ങനെ ചെറുതും വലുതുമായ് ധാരാളം ഉപദേവത പ്രതിഷ്ഠകളും ക്ഷേത്രങ്ങളുംഉണ്ട് ..വട്ടശ്രീകോവില്‍മാതൃകയില്‍ കരിങ്കല്ലില്‍ പണിതിട്ടുള്ള പ്രധാനക്ഷേത്ര ത്തില്‍ ഭൂമീ ദേവി സമേതനായ സാക്ഷാല്‍ വരാഹ മൂര്‍ത്തിയാണ്! ആവലിയ വട്ടശ്രീകോവിലിന്റെശില്പചാരുതനമ്മെഅതിശയിപ്പിക്കും..ഉദാത്ത  മായഒരുശില്‍പ്പരൂപം തന്നെയാണത്...സര്‍വൈശ്വര്യ പൂജയും  അഭീഷ്ടസിദ്ധി പൂജയുമാണ് പ്രധാന വഴിപാടുകള്‍  ! രാവിലെ പൂജക്ക്‌ ശേഷം ലഭിക്കുന്ന  കഠിന പായസം രുചികരമായ ഒരു പ്രസാദം തന്നെയാണ്!

പ്രധാന എടുപ്പിന് പുറത്തു തകര്‍ന്നു കിടക്കുന്ന ഒരു കെട്ടിടമുണ്ട്..പലയിടങ്ങളും  തകര്ന്നടിഞ്ഞും പണിമുഴുവനാക്കാതെയുമാണ് കിടക്കുന്നത് ..കോടികള്‍ ചെലവ് വരുന്ന ഒരു ജീര്ണോധാരണം കൊണ്ടേ അത് പരിഹരിക്കുവാന്‍ കഴിയൂ! "പന്നിയൂരമ്പലംപണി മുടിയില്ല" എന്ന ചൊല്ല് അന്വര്‍ത്ഥമാക്കുന്ന തരത്തിലാണ് ഇപ്പോള്‍ ഈ മഹാക്ഷേത്രത്തിന്റെ അവസ്ഥ..
പുറത്ത് തകര്‍ന്ന്‍ കിടക്കുന്ന  കൂത്തമ്പലമോ ,ഊട്ടുപുരയോ എന്ന്‍ തോന്നിപ്പിക്കുന്ന വലിയൊരു കരിങ്കല്‍ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ കാണാം.. തകര്‍ന്ന ആ കെട്ടിടത്തിന്റെ ഒരു കരിങ്കല്‍ തൂണില്‍ ഒരു യക്ഷിയുടെ പ്രതിഷ്ഠയുണ്ട്..അവിടെ പൂജയും മറ്റുമുണ്ട്.അതോ പണ്ട് അതൊരു യക്ഷിയമ്പലം ആയിരുന്നോ? പണ്ടെന്നോ ദേശത്തെ വിറപ്പിച്ചു അലഞ്ഞു തിരിഞ്ഞിരുന്ന ഒരു യക്ഷിയെ ഒരു മഹാ മാന്ത്രികന്‍  ഈ തൂണില്‍ തളച്ചു എന്നൊരു കഥയുമുണ്ട്! മാത്രമല്ല ഇവിടെ ചിത്രഗുപ്തന്റെ പ്രതിഷ്ടയും ഉണ്ട്..അതൊരു പ്രത്യേകതയാണ്!
ചില എഴുത്തുകള്‍ കരിങ്കല്‍ പടവുകളിലും മറ്റുംകാണാം.ചരിത്രവിദ്യാര്‍ത്ഥികള്‍ക്ക് ഇതൊരു ഗവേഷണ വിഷയമാക്കാവുന്നതാണ്.... 
വിശ്വകര്‍മ്മജര്‍, വിശിഷ്യ ആശാരിമാര്‍ക്ക്  ഈ ക്ഷേത്രത്തോട്  വികാരപരമായ ഒരു അടുപ്പമുണ്ട് ..പെരുന്തച്ചന്റെ  മുഴക്കോലും വീതുളിയും ഇപ്പോഴും ഇവിടെയുണ്ട് എന്നാണ് വിശ്വാസം. മുഴക്കോലിന്റെ അളവ് എടുക്കുന്നതും മറ്റുമായി ആചാര പരമായ ഒരു ബന്ധം അവര്‍ക്കീ ക്ഷേത്രത്തോട് ഉണ്ട് !
അനേകം ഐതിഹ്യങ്ങളും കഥകളും ഈ ക്ഷേത്രത്തെ ബന്ധിപ്പിച്ചു പറയാനുണ്ട് .
അതില്‍ പ്രധാനം പെരുന്തച്ചനോട് ബന്ധപെട്ടതാണ്..

         പെരുന്തച്ചന്റെ  ഉളിയും മുഴക്കോലും..
പന്നിയൂരമ്പലം പണി മുടിയില്ല എന്നൊരു ചൊല്ലുണ്ട്....അത് മഹാനായ പെരുന്തച്ചനെ ബന്ധപെടുത്തിയാണ് ! പ്രധാന ശ്രീകോവിലിന്റെ മുന്നില്‍ തന്നെ കല്ലില്‍ ഒരു മുഴക്കോലിന്റെ രൂപമുണ്ട്.അവിടെ പെരുന്തച്ചന്റെ മുഴക്കോല്‍ എന്ന്‍എഴുതി വെച്ചിരിക്കുന്നത് കാണാം.ശ്രീകോവിലിന്റെ പിന്‍വശത്കല്പടവിന്നിടയില്‍ തിരുകി വെച്ചത് പോലൊരു ഉളിയുടെ രൂപം കാണാം.തന്റെ ഉളിയും മുഴക്കോലും ഉപേക്ഷിച് പെരുന്തച്ചന്‍ തന്റെ നിയോഗം അവസാനിപ്പിച്ചു എന്നാണ് കഥ....
ഇതിനോട് ബന്ധപ്പെട്ടു ഒരു കഥ കൂടിയുണ്ട്.. പന്നിയൂരമ്പലത്തില്‍ ശ്രീ കോവിലിന്റെചില പണികള്‍ തകൃതിയായി നടക്കുകയായിരുന്നു..തച്ചന്മാര്‍ കുറെ ദിവസമായി പണിയില്‍ തന്നെയായിരുന്നു..അപ്പൊഴാണ്   മുഷിഞ്ഞ വേഷവുമൊക്കെയായി ഒരു വഴിപോക്കന്‍ അവിടെ എത്തിയത് .പെരുംതച്ചനായിരുന്നു അത് .മകന്റെ മരണ ത്തിനു (വധത്തിനു?) ശേഷം തന്റെ പാപജന്മം ജീവിച്ചു തീര്‍ക്കുന്നതിന്റെ അലച്ചിലില്‍ ആയിരുന്നു അദ്ദേഹം.. മുഷിഞ്ഞ വേഷവുംഅലച്ചിലിന്റെ അവശ തയും പൂണ്ട ആ അപരിചിതനെഅവര്‍ വേണ്ടത്ര ഗൌനിച്ചില്ല..വിശപ്പും ദാഹവും കൊണ്ടു അവശനായി തീര്‍ന്ന അദ്ദേഹത്തിനു തച്ചന്മാരുടെ അവഗണനയില്‍ ലേശം മുഷിച്ചില്‍ തോന്നി.. തച്ചന്മാര്‍ ഭക്ഷണത്തിനായി പോയി .തന്നെ അവഗണിച്ചതിലും ഭക്ഷണംകഴിക്കാന്‍ പോലും ക്ഷണിക്കാതെ പോയതിലും മുഷിച്ചില്‍ തോന്നിയ അദ്ദേഹം തച്ചന്മാരെ ഒരു പാഠം പഠിപ്പിക്കണമെന്ന് മനസില്‍ കരുതി.. തച്ചന്‍ മാര്‍ ചട്ടം കൂട്ടാനായി അളന്നു വെച്ചിരുന്ന കഴുകൊലിന്മേലെല്ലാം തന്റെ ഉളി കൊണ്ടു ഓരോ വരകള്‍ വരച് വെച്ച് ..അദ്ദേഹം കുറച്ചകലെ അമ്പല പരിസരത് ത്തന്നെ വിശ്രമിക്കുകയും ചെയ്തു..ഭക്ഷണ  ശേഷം തിരിച്ചെത്തിയ തച്ചന്മാര്‍ തങ്ങളുടെ പണി തുടങ്ങുകയും പെരുന്തച്ച്ന്‍ വരയിട്ടു വെച്ചതു പോലെ മുറിക്കുകയും ഏച്ചു കൂട്ടുകയും ചെയ്തു...പണിയെല്ലാം കഴിഞ്ഞു ചട്ടം കൂട്ടാന്‍ നോക്കുമ്പോള്‍ ചട്ടംകൂടുന്നില്ല..ആശാരിമാര്‍ വിഷമിച്ചു പോയി ..മൂത്താശാരി അപ്പോഴാണ്‌ തങ്ങള്‍ അടയാളമിട്ടു വെച്ചിരുന്നതെല്ലാം വിദഗ്ദമായി മറ്റാരോ മാറ്റി വരച്ചു എന്ന്‍ മനസ്സിലാക്കിയത്..എന്ത് ചെയ്യുമെന്ന് വിഷമിച്ചു പോയ ആശാരിമാര്‍  അവിടെവന്ന്‍ പോയ ആ അപരിചിതനെ കുറിച്ച് ചിന്തിച്ചു . .അദ്ദേഹമാണ് ഈ പണി ചെയ്തത് എന്നും അവര്‍ മനസ്സിലാക്കി.. സംശയം തോന്നിയ അവര്‍ ആ മുഷിഞ്ഞവേഷധാരിയെ തിരഞ്ഞിറങ്ങി .അദ്ദേഹത്തെ കണ്ടെത്തുകയും അത് പെരുംതച്ചനാനെന്നു  തിരിച്ചറിയുകയും അദ്ദേഹത്തോട് മാപ്പ് അപേക്ഷിക്കുകയും  ചെയ്തു..പെരുംതച്ചന്‍ അവരെ സമധാനിപ്പിച് തിരിച്ചയച്ചു.. പാതി രാത്രിയില്‍  ശ്രീ കോവിലില്‍ നിന്നു ഉളിയുടെയും കൊട്ട് വടിയുടെയും ശബ്ദം കേട്ട ഉണര്‍ന്ന അവര്‍ അത്ഭുതകര മായ ഒരു കാഴ്ചയാണ് കണ്ടത്‌ .ചെറിയചില മിനുക്ക്‌ പണികള്‍ കൊണ്ട് ആ വയോധികന്‍ ആ ചട്ടം കൂട്ടിയിരിക്കുന്നു! ആ മാന്ത്രികകരങ്ങള്‍ കൊണ്ട് തങ്ങള്‍ ഇത്രയും ദിവസമായി ചെയ്തു കൊണ്ടിരുന്ന പണികള്‍ അദ്ദേഹം മുഴുവനാക്കി !..അവര്‍ ആ മഹാമതിയേ നമിച്ചു .. ഒരു അപേക്ഷയോടെ അവര്‍ അദ്ദേഹത്തിന് ചുറ്റും കൂടി..ഈ അമ്പലത്തിലെ പണികള്‍ കൊണ്ടാണ് തങ്ങള്‍ കഴിഞ്ഞു കൂടിയിരുന്നതെന്നും ഇങ്ങനെയായാല്‍ തങ്ങളുടെ കഞ്ഞി കുടിമുട്ടുമെന്നും അവര്‍ അപേക്ഷിച്ചു..പെരുംതച്ചന്‍ പുഞ്ചിരിയോടെ അവര്‍ക്കൊരു അനുഗ്രഹം കൊടുത്തു താന്‍ ഇനിമേല്‍ ഉളി കൈകൊണ്ടു തൊടുകയില്ല എന്നുംപന്നിയൂരമ്പലം പണി മുടിയില്ല എന്നും! എക്കാലവുംതങ്ങളുടെ വംശത്തിലെആര്‍ക്കെങ്കിലും അവിടെ പണിയുണ്ടാകുമെന്നും അദ്ദേഹം അനുഗ്രഹിച്ചു.. ...ആ അനുഗ്രഹം(ശാപമോ?) ഇന്നും അതെപടിനിലനില്‍ക്കുന്നു!! തന്റെ ഉളിയും മുഴക്കോലും അവിടെ ഉപേക്ഷിച്ചു അദ്ദേഹംഅവിടെ നിന്നും പോയി..തന്റെ ശാപജന്മം അലഞ്ഞു തീര്‍ക്കുന്നതിനായി !! പിന്നെ കഥകളിലൊന്നും പെരുംതച്ചനെ കുറിച്ച് നാം കേട്ടിട്ടില്ല ....
പെരുംതച്ചന്റെ ഉളിയും മുഴക്കോലും ഇപ്പൊഴുമവിടെ സൂക്ഷിച്ചു വെച്ചിരിക്കുന്നു..

                 പന്നിയൂര്‍ തുറ ..
പന്നിയൂര്‍ അമ്പലത്തിനടുത് സ്ഥിതി  ചെയ്യുന്ന " തുറ" എന്നറിയപ്പെടുന്ന പന്നിയൂര്‍ ക്കായല്‍ ..മനോഹരമായ വലിയൊരു ജലാശയമാണിത് .
കയ്യേറ്റങ്ങളും സ്വാഭാവികമായ പരിസ്ഥിതി നാശവും മൂലം അവസാനിച്ചു കൊണ്ടിരിക്കുകയാണ് ഈ ജലാശയം..
ഭൂമി ദേവി സമേതനായ വരാഹ മൂര്‍ത്തിയാണ് ഇവിടെ പ്രതിഷ്ട !! അതിനോട് ബന്ധപ്പെടുത്തിയ  ഒരു ഐതിഹ്യവും ഇതിനെ സംബന്ധിച്ച പറയപ്പെടുന്നു..വരാഹ മൂര്‍ത്തിയായ ഭഗവാന്‍ ഭൂമിയെ ഉയര്‍ത്തി ക്കൊണ്ട് വന്നതാണീ തുറയുടെ ജന്മത്തിന് കാരണമെന്ന്‍  ഈ ഐതിഹ്യത്തില്‍ പറയുന്നു.. ..ഭഗവാന്‍അപ്രത്യക്ഷ മായ ഈ  പ്രദേശം വലിയൊരു ജലാശയ മായി എന്നാണ് കഥ! ഏക്കറുകള്‍  പരന്നു കിടക്കുന്ന മനോഹര ജലശായ മാണിത്!! അതിനെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍  ജില്ല പഞ്ചായത്തിന്റെ നേതൃത്തത്തില്‍ നടന്നു വരുന്നു !! ഇപ്പോള്‍, എന്തായീ എന്തോ??  
ഐതിഹ്യങ്ങള്‍ ഉറങ്ങി കിടക്കുന്ന പന്നിയൂര്‍ മഹാക്ഷേത്രത്തേ  കുറിച്ച്   കൂടുതല്‍ വിവരങ്ങള്‍  അറിയാവുന്നവര്‍  അത് പങ്കു വെക്കണമെന്ന് ഒരു അപേക്ഷയുണ്ട്.. ..എനിക്കറിയാവുന്ന ചില  വിവരങ്ങള്‍ ഞാന്‍ പങ്കു വെച്ചു എന്ന് മാത്രം! ചിലപ്പോള്‍ ആധികാരികമായ വിവരങ്ങള്‍ നല്‍കുന്നതില്‍ തെറ്റ് പറ്റിയിരിക്കും..ക്ഷമിക്കണം..
ചില വിവരങ്ങള്‍ എന്നോട് പങ്കുവെച്ച സുഹൃത്തുക്കള്‍ക്കെല്ലാം നന്ദി..
കൌതുക കര മായ ഒരു സംഗതി കൂടിയുണ്ട്..ബുദ്ധിക്ക്  മൌഡ്യമുള്ളവര്‍ക്ക്  പന്നി തേറ്റ അരച്ച് കഴിക്കുന്നത് നല്ലതാണ് എന്ന് ഗ്രന്ഥങ്ങളില്‍ പറയുന്നുണ്ടത്രേ..വരാഹ മൂര്‍ത്തി യെ ഭജിക്കുന്നത് ബുദ്ധി തെളിയുന്നതത്തിനു നല്ല താണത്രേ! രണ്ടും കൂടി ചേര്‍ത്ത് വായിക്കുന്നത് കൌതുക കരമാണ്!!
വിശ്വാസിയോ അവിശ്വാസിയോ എന്തുമാകട്ടെ ഒരു തവണ ഈ ക്ഷേത്ര ദര്‍ശനം നടത്തുന്നത് ആനന്ദദായകമായ ഒരനുഭവമാണ് തീര്‍ച്ച!!  
                                                            .ബിപിന്‍ ആറങ്ങോട്ടുകര. 

3 comments:

  1. ഉണക്കപ്പുല്ല് നിറഞ്ഞ വളപ്പില്‍ ഇടവിട്ടിടവിട്ട് അമ്പലങ്ങളെ ബന്ധിപ്പിച്ച് നടന്നുതെളിഞ്ഞ വഴികള്‍. അതിനിടയില്‍ കാല്‍ച്ചോട്ടില്‍ നിന്നൊരു വരമ്പനോ വാനമ്പാടിയോ പാറിപ്പോയി. ചെന്നെത്തുന്നത് ആനറാഞ്ചിയുടെയും മഞ്ഞക്കറുപ്പന്റെയും ഇരട്ടത്തലച്ചിയുടേയും ഗുഹയില്‍ ! കായല്‍ക്കുളത്തിലേയ്ക്ക് കണ്ണൊന്നു പാളിയപ്പോള്‍ നീര്‍ക്കാക്കകളും വെള്ളക്കൊറ്റികളും.

    പൊന്ത അതിരാക്കിയ അമ്പലപ്പറമ്പിനപ്പുറം റോഡരികില്‍ ഒരു വെള്ളി എറിയന്‍ അതും നോക്കിയിരിക്കുന്നു ഉദാസീനരായ അമ്പലഭാരവാഹികള്‍ക്ക് നന്ദി. മതിലകം മുഴുവന്‍ ടൈലിടാതെ ട്രസ് വര്‍ക്ക് നടത്താതെ ഇത്രയും കാലം നോക്കി നടത്തിയതിന് :)

    ReplyDelete
  2. നല്ല പോസ്റ്റ്, ഒന്നുരണ്ടുവട്ടം അവിടെ പോയിട്ടുണ്ടെങ്കിലും അറിയാത്ത ധാരാളം വിവരങ്ങൾ അറിയാൻ പറ്റി നന്ദി.

    വേർഡ് വെരിഫിക്കേഷൻ മാറ്റിയിരുന്നെങ്കിൽ നന്നായിരുന്നു.

    ReplyDelete