Thursday, September 29, 2011

പട്ടാമ്പി പാലം..

   പട്ടാമ്പി പാലം..      
പട്ടാമ്പി പാലം ഒരു പടു കിഴവനാണ്..
നിളയുടെ നിതാന്ത കാമുകന്‍.....
കാലമെത്ര  ചവുട്ടിക്കുതിച്ചു കടന്നു പോയ്‌ 
കാത്തിരിക്കുകയാണീ പടുകിഴവനാം നിത്യ കാമുകന്‍..
കലങ്ങി മറിഞ്ഞു അലറിക്കുതിച്ചു പാഞ്ഞുപോയ്‌ പലകുറിയവള്‍.... 

എത്ര  ഉണ്ണികള്‍  പിച്ചവെച്ചു നടന്നു പോയ്‌ ,
കാലമെത്ര പോറല്‍ വീഴ്ത്തി നിന്നില്‍....
ജരാനരകള്‍ നിറം കെടുത്തിയ പടു കിഴവന്‍..
കാത്തിരിക്കുകയാണീ നിത്യ കാമുകന്‍..
ഒരിക്കലവള്‍ തന്‍ ചാരത് വന്നണയുമെന്നും 
പ്രണയ പാരവശ്യ മാര്‍ന്നു തന്നെ അവളില്‍ 
അലിയിക്കുമെന്നും  കിനാവ് കാണുന്ന പടു കിഴവന്‍..!

നിളയോ നിത്യ കന്യക,ക്രൂരയാം പ്രണയിനി....
അവള്‍ ചിലപ്പോള്‍ ഒരു നേരിയ പാദസരം പോല്‍ 
ചാലിട്ടൊഴുകും.ചിലപ്പോള്‍ മുഖംകുനിച്ചു ഒരു മറുനോട്ടം പോലും 
തരാതെ ഓടിയകലും..ഒരു കുറിയവള്‍ പിണക്കമാര്‍ന്നു 
ചിറികോട്ടി മുഖം വീര്‍പ്പിച്ചു നടന്നകലും......
മറുകുറിയവള്‍ ആര്‍ത്തലച്ചു ക്രുദ്ധയായി  പാഞ്ഞടുക്കും..
ചുഴികള്‍,മലരികള്‍,വെണ്‍നുരകള്‍ ..ഗാഡം പുണര്‍ന്നും 
ഉമ്മ വെച്ചും മറി കടന്നു കുതിച്ചോടും....
എത്ര കുറി നീ കാത്തു കാത്തിരുന്നു..
ചരിത്രമെത്ര കാതം നടന്നു തീര്‍ത്തു ,എത്രമേല്‍ 
പോറലുകള്‍  വീഴ്ത്തി പടു കിഴവനാം ഈ കാമുകനില്‍ 

ഒരു പിടി ഓര്‍മ്മകള്‍..കടല കൊറിച്ചും കിനാവ്‌ കണ്ടും 
കാറ്റു കൊണ്ട് കഥകള്‍ പറഞ്ഞും എത്രയൊ തലമുറകള്‍..
ചുവന്ന ചായം പൂശിയ ഒരു പിടി താളുകള്‍....
ഒരു പിടി ഓര്‍മ്മകള്‍ അയവിറക്കുന്നു കിഴവന്‍ കാമുകന്‍..
*ആറ്റുവഞ്ചികള്‍ വളര്‍ന്ന നില്‍ക്കുന്ന കാല്‍ക്കീഴില്‍ 
രാത്രി  പുഷ്പങ്ങള്‍ വില പേശിയിറങ്ങുന്നു....
കൊറ്റികള്‍ കൂട് വെക്കും അമ്പല പറമ്പിലെ മരക്കൂട്ടങ്ങള്‍..
കിഴവനെ കൊഞ്ഞനം കാട്ടി ഇളകിയാടുന്നു..
ജരാനരകള്‍..  കൊഴിഞ്ഞ കൈവരികള്‍ ,നിറംമങ്ങിയ 
ഏച്ചു കെട്ടുകള്‍..തളര്‍ന്നു പോയ തുരുമ്പിച്ച നട്ടെല്ലുകള്‍.. 

ഒരിക്കലവള്‍ വരുമെന്ന് കിനാവ്‌ കാണുന്നു കിഴവന്‍ പാലം..
ഒരു തുലാവര്‍ഷ പാച്ചിലില്‍ ആര്‍ത്തലച്ചു തന്നില്‍ അണയുമെന്നും
തന്നെ അലിയിചില്ലതാകി കൂടെ കൊണ്ട് പോകുമെന്നും കിനാവില്‍ 
കലങ്ങി മറിഞൊഴുകി  നഗ്നയായ്‌ ചുഴി മലരികളിലവള്‍  
തന്നെ അലിയിച്ചു  സ്വപ്നലോകത്തേക്ക് ആനയിക്കുമെന്നും 
ആ കിഴവന്‍ പാലം കാത്തു കാത്തു  നില്‍ക്കുന്നു....
                                                    .ബിപിന്‍ . 
 *ആറ്റുവഞ്ചികള്‍: പുഴയോരത്ത് വളരുന്ന ഔഷധ ഗുണമുള്ള ഒരു കുറ്റിചെടി..

pattambi.jpg

2 comments: