Tuesday, July 26, 2011

പറയി പെറ്റവര്‍...


                  പറയി പെറ്റവര്‍...
പാക്കനാര്‍ മുറം വീശി വീശി നടന്നു..വേനലില്‍ നിള ഒരു തെളി നീരാണ്..
ചാലിട്ടൊഴുകുന്ന കുളിര്‍മയുടെ കൈത്തോടുകള്‍ ...
ഒമ്പത് മുറവും കൊടുത്തു കഴിഞ്ഞു ..ഇനിയൊന്നു കൂടി ബാക്കിയാണ്..
അത് കൊടുത്തു പണം വാങ്ങി  പശിക്കരി വാങ്ങി നിള മുറിച്ചു കടന്നു 
കാളിയെ  കാണണം..ഇല ചീന്തില്‍ മാംസവും  മദ്യവും നേദിക്കണം ..
 പാക്കനാര്‍ ചരിത്രം മുറിച്ചു കടന്നു..പാക്കനാര്‍ നിള മുറിച്ചു കടന്നു
പാക്കനാര്‍ തറയില്‍ കാഞ്ഞിരമരം കയ്ക്കാതെ മധുരമാര്‍ന്നു  നിന്നു
തച്ചന്‍ ഉളി മൂര്‍ച്ച കൂട്ടി കൊണ്ടിരുന്നു..അറ്റ് വീഴ്ത്താ നൊരു ശിരസ്സ്‌ ...
അഗ്നി ഹോത്രി  ത്താലമെടുക്കനാകാതെ തേവരെ വന്ദിച്ചു നിന്നു..
തൃത്താല ക്കടവില്‍ നദി  വഴി മാറി വരണ്ട കുറ്റി കടവതെത്തി..
കണ്ണനൂര്‍ കയതിന്നരുകില്‍  കോഴിപ്പരല്‍ കുന്നുകൂടുന്നു..
നിളക്കക്കരെ  ഭ്രാന്തന്‍  കല്ലുരുട്ടി കയറ്റുകയാണ്.... 
ചുടലക്കാളി  തോറ്റു പിന്മാറി ..പിന്നെ പാക്കനാര്‍ തറയില്‍ 
 കാത്തിരിക്കുന്ന ഇലക്കീറിലേക്ക് ..പാക്കനാര്‍ കാളിയെ കാത്തിരിക്കുകയാണ്..
ശ്രീദുര്‍ഗ്ഗ യെ വന്ദിച്ചു അഗ്നിഹോത്രി ജപത്തിലാണ്..
ഭ്രാന്തന്റെ മുന്നില്‍ കുന്നിന്‍ മുകളില്‍ ദുര്‍ഗയെത്തി..
പാക്കനാര്‍ നിള മുറിച്ചു കടന്നു, അക്കരെ കടവില്‍ കാത്തിരിപ്പാണ് കാളി..
ഒമ്പത് മുറവും കൊടുത്തു കഴിഞ്ഞു ..ഇനിയൊന്നു കൂടി ബാക്കിയാണ്..
ഒരുള്‍ ചിരിയോടെ പാക്കനാര്‍ ഒന്‍പതു മുറവും വെറുതെ കൊടുക്കുന്നു...
ഒന്ന്‌ കൂടി ബാക്കിയാണ്..ആളെ ക്കൊല്ലി പണക്കിഴിയില്‍ നിന്നും 
പാക്കനാര്‍ ഒഴിഞ്ഞു മാറി ,.ഒരുള്‍ ചിരിയോടെ..
 പാക്കനാര്‍ ഒന്‍പതു മുറവും വെറുതെ കൊടുക്കുന്നു...
ഭ്രാന്തന്‍ കല്ലുരുട്ടി കയറ്റുകയാണ്‌..മോളിലെത്തിയാല്‍ താഴെയിടണം
പിന്നെ കൈക്കൊട്ടി ചിരിക്കണം,.കാളി കാത്തിരിപ്പാണ്....
ചുടല കളത്തില്‍ ഒത്തു കൂടണം..മന്ത് കാലൊന്നു മാറ്റി മാറ്റി കളിക്കണം.
തച്ചന്‍ മുഴക്കോല്‍ പടിമേല്‍ വെച്ചു പിന്മാറി,.വീതുളി കല്ത്തറയില്‍ ഒളിച്ചു വെച്ചു..
പന്നിയൂരമ്പലം പണിമുടിയില്ല.അറ്റ് വീണ ഒരു ശിരസ്സ്‌ പിന്‍വിളി വിളിക്കുന്നു..
അഗ്നിഹോത്രി യാഗത്തിന്റെ തിരക്കിലാണ്..നൂറ്റൊന്നു തികയണം..
ദുര്‍ഗയും കാളിയും നൈവേദ്യം കാത്തിരിപ്പാണ്..
നിള മുറിച്ചു കടക്കണം..നിറഞ്ഞ നിളയും വരണ്ട നിളയും..
ഒരു പറച്ചി തള്ള മക്കളെ തേടുകയാണ്..വരരുചി വായ കീറുന്നു..
വഴിയോരങ്ങളിലൂടെ ഒരമ്മയുടെ രോദനം മക്കളെ തേടുന്നു..
ഒരു നീണ്ട നിലവിളി..നിള മുറിച്ചു കടക്കുന്നു....... 
                  .                         .  ബിപിന്‍ ആറങ്ങോട്ടുകര .

Monday, July 25, 2011

കാണാതെ പോയ കവിതകള്‍

.കാണാതെ പോയ കവിതകള്‍ .


കാണാതെ പോയ കവിതകള്‍ തേടി നടക്കുകയാണ് ഞാന്‍..
വഴിയോരങ്ങളില്‍ ,ഓര്‍മ്മകള്‍ തന്‍ തീരങ്ങളിലെവിടെയോ 
കാണാതെ പോയൊരു കവിത ഒളിച്ചിരിക്കുന്നുണ്ട്....
സുഹൃത്തിനെ തേടി പോയതാണ്,അവന്‍ തിരക്കിലായിരുന്നു...
നോട്ട് കെട്ടുകള്‍ക്കിടയില്‍ സൌഹൃദമൊരു ബാധ്യത യെന്നവന്‍
 മുഖം ചുളിക്കുന്നു..ഒരു ചവറ്റുകുട്ടയില്‍ എന്റെ കവിത കാണുമോ? 
സഖാവിനെ കണ്ടെത്തിയില്ല ..ഓര്‍മകളിലൊരു ചുവന്നപൂവായി 
രക്തസാക്ഷി തറയിലൊരു പൂമരമായി അയാള്‍ വിരിഞ്ഞു നില്‍ക്കുന്നു....
സഹപാഠിയെ തെടിയെത്തിയതൊരു  തെരുവോരത്താണ് ..
മതിഭ്രമത്തിന്റെ ,ലഹരികളിലലിഞ്ഞൊരു നോവുന്നകിനാവായി 
അവന്‍ മറഞ്ഞു പോയി.ഒരു ഭ്രാന്തന്‍ സ്വപ്നമായി എന്റെ കവിതയുണ്ടോ?
കാണാതെ പോയ കവിതകള്‍ തേടി നടക്കുകയാണ് ഞാന്‍...
ബാല്യകാല സഖിയെ കണ്ടെതിയതൊരു നിറം കെട്ട സന്ധ്യയിലായിരുന്നു 
ഉണങ്ങിയ ഒരു പൂമരമായി അവള്‍ മാറിയിരിക്കുന്നു..
ഇനിയൊരിക്കലും പൂവിടാത്ത ഒരു പൂമരമാണോ എന്റെ കവിത ?
കാമുകിയെ ഇതുവരെയും കാണാനൊത്തില്ല ..ഒരു തേന്‍കണം 
അവള്‍ ചുണ്ടുകളില്‍ കാത്തു വെച്ചിരുന്നു..കാണാതെ പോയൊരു 
കവിതയെ തേടിയലയുകയാണ് ഞാന്‍.തേനിന്റെ മധുര്യമുണ്ടായിരുന്നോ 
കാണാതെ പോയ എന്റെ കവിതകള്‍ക്ക്?
ഓര്‍മ്മകള്‍ തന്‍ ശകലങ്ങള്‍ ചേര്‍ത്ത് വെച്ചു ..മറവിയുടെ ഓരങ്ങള്‍ 
താണ്ടി കാണാതെ പോയ കവിത തേടിയലയുകയാണ് ഞാന്‍!!
                                                      .  ബിപിന്‍ ആറങ്ങോട്ടുകര .
                                

Tuesday, July 19, 2011

ഫാര്‍മസി കവിതകള്‍..

ഫാര്‍മസി കവിതകള്‍..
                       ..ഒരു മയില്‍ പീലി തണ്ട്...  
കാലമേറെ കഴിഞ്ഞു പോയി .. വീണ്ടുമാ കലാല യതിന്‍ മുറ്റത്തു 
നരച്ച ഓര്‍മകള്‍ക്ക് മേലെ .നരവീണ താടിരോമങ്ങള്‍ തലോടി
പഴയ പടിക്കെട്ടിന്നരികെ ,ഫാര്‍മസി ലാബിന്റെ വരാന്തയില്‍   
സ്മരണകള്‍  അയവിറക്കി ഒരു ദിനം മുഴുവന്‍ ഞാനിരുന്നു....
അരികില്‍ ചേര്‍ത്ത് പിടിച്ച ഒരു സ്നേഹ സ്പര്‍ശം...
കൈവെള്ളയില്‍ കോര്‍ത്ത്‌ പിടിച്ച ഒരു  മധുര സ്മരണ.. 
ഒരു നേര്‍ത്ത കാറ്റായി എന്നെ തഴുകിയെത്തുന്നുവോ ?..          

കടലോളം സ്നേഹം മനസ്സില്‍  സൂക്ഷിക്കുന്നവരുണ്ടാകും..
സ്നേഹിക്കപ്പെടാന്‍ കൊതിച്ചിരിക്കുന്നുവരുണ്ടാകും ....
 മനസ്സിലൊരു  പ്രണയത്തിന്റെ കടല്‍ കാത്തു സൂക്ഷിക്കുന്നവരുണ്ടാകും..
കുന്നോളം ,കടലോളം സ്നേഹം മനസ്സില്‍ സൂക്ഷിക്കുക ...
പുസ്തക താളുകള്‍ക്കിടയില്‍ സൂക്ഷിച്ചുവെച്ച മയില്‍‌പീലി തുണ്ട് പോലെ..
ഒരിക്കലും മാനം കാണാതെ സൂക്ഷിച്ചു വെച്ച ഒരു സ്വപ്നം..
ഒരുവന്‍,ഒരുവള്‍ സ്നേഹം കാത്തു കാത്തു വെക്കുക..
സ്നേഹിക്കപ്പെടാന്‍ കൊതിച്ചു കൊതിച്ചിരിക്കുക..
അവന്‍..അവള്‍.ഒരിക്കലും മാനം കാണാതെ സൂക്ഷിച്ചു വെച്ച ഒരു സ്വപ്നം..!!

എന്റെ മടിയില്‍ മുഖമമര്‍ത്തി അവള്‍ കിടര്‍ന്നു..
ചുരുണ്ട മുടിയിഴകളിലൂടെ വെറുതെ ഞാന്‍ വിരലുകളോടിച്ചു ..
അവളുടെ കണ്ണുകളില്‍ തടം കെട്ടി നില്‍ക്കുന്ന ഒരു നീല തടാകം..
മുഖത്ത് വിങ്ങി കെട്ടി നില്‍ക്കുന്ന കാലവര്‍ഷ മേഘം..
കൈവെള്ളയില്‍ ഒരു താമരപൂവെന്ന പോലെ ഞാനാ  മുഖം 
കോരിയെടുത്തു..നുണക്കുഴി ക്കവിളുകളില്‍ ,നനവാര്‍ന്ന
 കണ്ണുകള്‍ക്ക്‌ മേലെ ഞാനൊരു നനുത്ത ചുംബനം അര്‍പ്പിച്ചു..
പെട്ടെന്ന്  മുളകീറുന്നതു  പോലൊരു പൊട്ടിക്കരച്ചില്‍..
അണ പൊട്ടിയൊഴുകിയ  നീല തടാകങ്ങള്‍..
എന്റെ മടിയില്‍ മുഖ മമര്‍ത്തി  അവള്‍ ഏങ്ങിയേങ്ങി കരഞ്ഞു..
എന്റെ ജീന്‍സ് അവളുടെ  കണ്ണ് നീരില്‍ കുതിര്‍ന്നു..
(കുറേക്കാലം , കാലങ്ങളോളം ഞാനാ  ജീന്‍സ് സൂക്ഷിച്ചു..
അവളുടെ കണ്ണുനീരും മുടിയിഴകളുടെ സുഗന്ധവും.സ്നേഹത്തിന്റെ
 സ്പര്‍ശവു മുള്ള ആ നീല ജീന്‍സ് കാലങ്ങളോളം ഞാന്‍ സൂക്ഷിച്ചു... ....)
അവളുടെ ചുരുണ്ട മുടിയിഴകള്‍ ഞാന്‍ തലോടി..
ഫാര്‍മസി ലാബിന്റെ  വരാന്തയില്‍  കാലങ്ങളോളം  അങ്ങനെ 
ഇരിക്കാന്‍ കഴിഞ്ഞെങ്കില്‍ എന്ന് ഞങ്ങള്‍ കൊതിച്ചു...
കുന്നോളം ,കടലോളം സ്നേഹം മനസ്സില്‍ സൂക്ഷിക്കുക ...
പുസ്തക താളുകള്‍ക്കിടയില്‍ സൂക്ഷിച്ചുവെച്ച മയില്‍‌പീലി തുണ്ട് പോലെ..
ഒരിക്കലും മാനം കാണാതെ സൂക്ഷിച്ചു വെച്ച ഒരു സ്വപ്നം....
നേര്‍ത്ത  ചുണ്ടുകളില്‍ തങ്ങി നിന്ന ഒരു തേന്‍കണം...
മേല്‍ ചുണ്ടിലെ നനുത്ത റോമാങ്ങള്‍ക്കിടയില്‍ ഒരു ചെറിയ കാക്കപുള്ളി
പാതിയടഞ്ഞ കണ്ണുകളില്‍ സ്നേഹത്തിന്റെയൊരു  നിറ സാഗരം...
 കണ്ണുനീര് വീണു നനഞ്ഞ നുണക്കുഴി ക്കവിളുകള്‍....
കൈവെള്ളയില്‍ കോരിയെടുത്ത ആ താമര പൂവ് 
ജീവിത കാലം മുഴുവന്‍ കണ്ടു കണ്ടിരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ...
ലാബില്‍ നിന്നും രാസലായനികള്‍ കലര്‍ന്നു പുകയുയരുന്ന  മണം..
റെക്കോര്‍ഡ്‌ ബുക്ക്‌ എഴുതി തീരാന്‍ ബാക്കി യാണ്..
കണ്ണ് നീര് വീണു നനഞ്ഞ രസതന്ത്ര പുസ്തകം....
പ്രാകടികല്‍ ,തിയറി ക്ലാസ്സുകള്‍ അവളുടെ കണ്ണ് നീരില്‍ കുതിരുന്നു..
ഫാര്‍മസി പഠനത്തിന്റെ ബാക്കിപത്രം വെളുത്ത കോട്ട് 
ഞങ്ങള്‍ പരസ്പരം കൈമാറുന്നു..താമരപൂവിന്റെ സുഗന്ധമുള്ളവെളുത്ത കോട്ട് ..
അവളുടെ മണവും ഓര്‍മകളും  മറയാതെ, മങ്ങാതെ 
കാലങ്ങളായി ഞാനാ വെളുത്ത കോട്ട് സൂക്ഷിച്ചു വെച്ചു...... 
നഷ്ടപ്പെട്ടു പോയൊരു സൌഭാഗ്യം..കിട്ടാതെ പോയൊരു മഹാഭാഗ്യം..

ഫാര്‍മസി ലാബിന്റെ  വരാന്തയില്‍  കാലങ്ങളോളം  അങ്ങനെ 
ഇരിക്കാന്‍ കഴിഞ്ഞെങ്കില്‍ എന്ന് ഞങ്ങള്‍ കൊതിച്ചു....
ഒരു പൂച്ചയെ പോലെ പതുങ്ങി യൊതുങ്ങുന്ന കാലടി കളുമായി 
പ്രിന്‍സിപ്പല്‍ പിന്നില്‍ വന്നു നില്‍ക്കുമെന്ന് ഞങ്ങള്‍ ഭയന്നു....
പ്രിന്‍സിപ്പല്‍ അങ്ങനെയാണ്, ആരുമറിയാതെ ,ഒരു ശബ്ദം പോലും 
കേള്‍പ്പിക്കാതെ പിന്നില്‍ വന്നു നില്‍ക്കും..കാലവും അങ്ങനെയാണ്.
മരണം പോലെ. തീരെയറിയാതെ ആരുമറിയാതെ പിന്നില്‍ വന്നു നില്‍ക്കും ....
പ്രിന്‍സിപ്പല്‍ ഒരിക്കലും വരരുതേ എന്ന് ഞങ്ങള്‍ കൊതിച്ചു....

സമയമായി എന്ന് മണി മുഴങ്ങുന്നു..ഇനി പരീക്ഷകള്‍ ..
പിന്നെ ജീവിതമെന്ന വലിയ പരീക്ഷാ ഹാള്‍...
കൈവെള്ളയില്‍ കോരിയെടുത്ത ആ താമര പൂവ് 
ജീവിത കാലം മുഴുവന്‍ കണ്ടു കണ്ടിരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ...
കടലോളം സ്നേഹം മനസ്സില്‍ സൂക്ഷിക്കുന്നുവരുണ്ടാകും  .
സ്നേഹിക്കപ്പെടാന്‍ കൊതിച്ചു കൊതിച്ചിരിക്കുന്നവരുണ്ടാകും ..
ഒരു തേന്‍ കണത്തിന്റെ മധുരം ,കണ്ണ് നീരിന്റെ ഉപ്പുരസം.. 
താമരപൂവിന്റെ സുഗന്ധം..കാലങ്ങളോളം  ഞാനത്  മനസ്സില്‍ സൂക്ഷിച്ചു..
പുസ്തക താളുകള്‍ക്കിടയില്‍ സൂക്ഷിച്ചുവെച്ച മയില്‍‌പീലി തുണ്ട്  പോലെ..
ഒരിക്കലും മാനം കാണാതെ ഞാനത് സൂക്ഷിച്ചു വെച്ചു...

സമയമായി എന്ന് മണിമുഴങ്ങുന്നു..ലാബില്‍  തെറ്റിയ
പരീക്ഷണത്തിനു റെക്കോര്‍ഡ്‌ ബുക്കില്‍ ചുവന്ന വര.. 
സമയമായി എന്ന് മണി മുഴങ്ങുന്നു..ഇനി പരീക്ഷകള്‍ ..
പിന്നെ ജീവിതമെന്ന വലിയ പരീക്ഷാ ഹാള്‍...
ഒരുവള്‍ ,ഒരുവന്‍ സ്നേഹം കാത്തു കാത്തു വെക്കുക..
കുന്നോളം ,കടലോളം സ്നേഹം മനസ്സില്‍ സൂക്ഷിക്കുക ...
സ്നേഹിക്കാന്‍ സ്നേഹിക്ക പ്പെടാന്‍ കൊതിച്ചു കൊതിച്ചിരിക്കുക..

ഫാര്‍മസി ലാബിന്റെ വരാന്തയില്‍ ഇരുട്ട് വീഴുന്നു..
കാലം പിന്നില്‍ നിന്നും തൊട്ടു വിളിക്കുന്നു....
അരികില്‍ ചേര്‍ത്ത് പിടിച്ച ഒരു സ്നേഹ സ്പര്‍ശം...
കൈവെള്ളയില്‍ കോര്‍ത്ത്‌ പിടിച്ച ഒരു മധുര സ്മരണ.. 
ഒരു നേര്‍ത്ത കാറ്റായി എന്നെ തഴുകിയെ ത്തുന്നുവോ ?..
                                          . ബിപിന്‍ ആറങ്ങോട്ടുകര .

ഉരുളക്കിഴങ്ങ് കൃഷിക്കാര്‍!!


ഉരുളക്കിഴങ്ങ് കൃഷിക്കാര്‍!!

വാന്‍ഗോഗ് തന്റെ ചിത്ര രചനയിലാണ് ... 
ഉരുളക്കിഴങ്ങ് പാടത്തു കൃഷിക്കാര്‍ തിരക്കിലാണ്..
വാന്‍ഗോഗ് തന്റെ ചിത്ര രചനയിലാണ്.. ..
ഉരുളക്കിഴങ്ങ് പാടം ഒരു നരച്ച കാന്‍വാസിലാണ്..
തലയ്ക്കു മുകളില്‍ സൂര്യന്‍ കത്തിജ്വലിച്ചു നില്‍ക്കുന്നു..
ശിരസ്സില്‍ തീ കോരിയിടുന്ന ചൂടുകാലം.
ഹൃദയം കൊണ്ടെങ്ങിനെ ചിത്രമെഴുതാ മെന്നു അയാള്‍ ലോകത്തെ പഠിപ്പിക്കുന്നു..

മേശപ്പുറത്തു വിരുന്നൊരുക്കുന്ന തിരക്കിലാണ് ...മെഴുകു തിരി വെട്ടം ..
പുഴുങ്ങിയ ഉരുളക്കിഴങ്ങ്..റൊട്ടി ,മുട്ട പൊരിച്ചത് ,വീഞ്ഞ്...
വീട്ടുകാര്‍ സ്നേഹപൂര്‍വ്വം  അയാളെ വിരുന്നൂട്ടുന്നു..
ഉരുളക്കിഴങ്ങ് കൃഷിക്കാര്‍....വാന്‍ഗോഗ് ചിത്രം വരയ്ക്കുകയാണ്..
ജീവരക്തം  കൊണ്ടൊരാള്‍ ചിത്രം വരയ്ക്കുന്നു..
ഹൃദയം കൊണ്ടെങ്ങിനെ ചിത്രമെഴുതുമെന്നു ലോകം  പിന്നീടു തിരിച്ചറിഞ്ഞു..
 തലയ്ക്കു മുകളില്‍ സൂര്യന്‍ കത്തിജ്വലിച്ചു നില്‍ക്കുന്നു..
ശിരസ്സില്‍ തീ കോരിയിടുന്ന ചൂടുകാലം..
തലക്കുള്ളില്‍ പെരുപെരുപ്പ്..സിരകളില്‍ വണ്ടിന്റെ മൂളക്കം..
തിളച്ചു മറിയുന്ന രക്ത ക്കുഴലുകള്‍ ..  ഒരു മൂളക്കമായി 
തല്ക്കുള്ളിലേക്ക് ഉന്മാദം അറിച്ചരിചിറങ്ങുന്നു..
കണ്ണുകളില്‍ ചുവപ്പിന്റെ തേരോട്ടം..സിരകളില്‍ നുരയുന്ന ലഹരി..
ചെവികളില്‍ അരിച്ചരിച്ചു വിങ്ങി വിങ്ങി എന്തോ മൂളി മൂളി ...
അയാള്‍ ചെവി മുറിച്ചെടുത്തു തന്റെ പ്രണയിനിക്ക് നല്‍കുന്നു..
ചോരയില്‍ കുതിര്‍ന്ന പ്രേമ സമ്മാനം..!!
നരച്ച കാന്‍വാസില്‍ തന്റെ ഹൃദയ രക്തം കൊണ്ടയാള്‍ ചിത്രമെഴുതി..
വാന്‍ഗോഗ്  ചിത്രമെഴുതുകയാണ്...
തലയ്ക്കു മുകളില്‍ സൂര്യന്‍ കത്തിജ്വലിച്ചു നില്‍ക്കുന്നു...
ഉരുളക്കിഴങ്ങ്‌  കൃഷിക്കാര്‍ തങ്ങളുടെ പാടത്ത്  തിരക്കിലാണ്..
പ്രണയിനിക്ക് തന്റെ ചെവി മുറിച്ചു നല്കുക.
ചോര കൊണ്ടൊരു പ്രേമ സമ്മാനം..!!
ഉന്മാദം പൂണ്ടു അയാള്‍ കറങ്ങി നടന്നു ..സിരകളില്‍  ഉന്മാദ ലഹരി....
ഹൃദയത്തില്‍ പ്രണയോന്മാദം!! ചോര കൊണ്ടയാള്‍ ഒരു ചിത്രമെഴുതി!!.
സൂര്യകാന്തി പാടങ്ങള്‍.. കല്‍ക്കരി ഘനികള്‍ ..വെയില്‍ മൂത്ത് നില്‍ക്കുന്ന 
കുന്നിന്‍ പുറങ്ങള്‍..നരച്ച കാന്‍വാസുകളില്‍ വസന്തംനൃത്തം വെക്കുന്നു..
തന്റെ ഹൃദയ കൊണ്ടയാള്‍ ചിത്രം വരച്ചു..
തന്റെ ചോര കൊണ്ടയാള്‍ പൂക്കള്‍ വിരിയിച്ചു..
ഉന്മാദ ചിറകേറി വാന്‍ഗോഗ് യാത്രയിലാണ്..
അയാള്‍ പ്രണയിനിക്ക് തന്റെ ചെവി മുറിച്ചു നല്‍കി..
ലോകത്തിനു തന്റെ പ്രാണന്‍ പറിച്ചു നല്‍കി...
തന്റെ ഹൃദയ രക്തം കൊണ്ടയാള്‍ ചിത്രമെഴുതി....
 വാന്‍ഗോഗ് തന്റെ ചിത്ര രചനയിലാണ് ...                                            
                                                      .ബിപിന്‍ ആറങ്ങോട്ടുകര . 

Tuesday, July 12, 2011

ഫാര്‍മസി കവിതകള്‍....

 ഫാര്‍മസി കവിതകള്‍.. 
                               . ഇംഗ്ലിഷ് മരുന്നുകള്‍ വില്‍ക്കപ്പെടും...
പനി,ചുമ ജലദോഷം..മരുന്നുകള്‍ വില്‍ക്കുന്നതെങ്ങിനെയാണ്??
നീരിരക്കം ,ഗ്യാസ് ,പല്ല് വേദന ..ഒന്ന്‌ വീതം  മൂന്ന് നേരം..
തരം കിട്ടിയാല്‍ നാലു നേരവും !! മരുന്നുകള്‍ വില്‍ക്കുന്നതങ്ങിനെയാണ് ??
കമ്പനി മാറരുതെന്നു  ഡോക്ടര്‍  കണ്ണുരുട്ടുന്നു ......
കാറു,ഫ്രിഡ്ജ്‌,വിദേശ യാത്ര സകുടുംബം..കമ്പനി ഒരിക്കലും മാറരുത്.. 
പനിയുടെ ചുമയുടെ പല്ലുവേദന യുടെ  രാസപരിണാമങ്ങള്‍  എങ്ങിനെയാണ്‌..
കെമികല്‍ റിയാക്ഷ്ന്‍  ആരുടെ നിഘണ്ടുവിലാണ്  വേര്‍തിരിക്കപ്പെട്ടത്‌?
ഓര്‍ഗാനിക് കെമിസ്ട്രി  ക്ലാസുകള്‍ ,കെമികല്‍ കോമ്പൌണ്ടുകള്‍ ,
അനാടമി പാഠ ഭാഗങ്ങള്‍. ..പ്രക്ടികല്‍ ,തിയറി  ക്ലാസ്സുകള്‍..
ചില്ലരമാരിയില്‍ നിരത്തി വെച്ച ഗുളികകള്‍,മരുന്നു കുപ്പികള്‍...
മരുന്നിന്‍ കുറിപ്പടികള്‍  പാഠ ഭാഗങ്ങളുമായി ഒത്തു പോകുന്നില്ല ..
ആക്ഷനുകള്‍ ,റിയാക്ഷനുകള്‍...ഒത്തു ചേരാത്ത  ധര്‍മ സംഹിതകള്‍..
തലവേദനക്ക് ,ജനറല്‍ ടോണിക്ക് കൂടെയെഴുതുന്നു ഭിഷഗ്വരന്‍...
ടീവി യൊന്നു  സന്ദര്‍ശക  മുറിയില്‍  സ്ഥാനം പിടിക്കുന്നു...
കമ്പനി മാറരുതെന്നു  ഡോക്ടര്‍  കണ്ണുരുട്ടുന്നു ...!!!
വെള്ളകോട്ടുംഫാര്‍മസി ഓത്തും  മരുന്നുഷാപ്പിന്റെ  മൂലയില്‍ ...
.മരുന്നുകള്‍ വില്‍ക്കുന്നതെങ്ങിനെയാണ്?
പനി,ചുമ ജലദോഷം..മരുന്നുകള്‍ വില്‍ക്കുന്നതെങ്ങിനെയാണ്??
കടം പറഞ്ഞും പയ്യാരം പറഞ്ഞും  രോഗികള്‍..
 മരുന്നുകള്‍ പണമില്ലാതെ എടുത്തു കൊടുക്കുന്നു..
പണപ്പെട്ടി കാലിയായി  തന്നെ ഇരിക്കുന്നു..
ഈ മരുന്നു കഴിക്കേണ്ട കാര്യമില്ല എന്ന് ഞാന്‍ 
ഉപദേശിക്കുന്നു..അവിശ്വാസത്തോടെ അവര്‍ മറ്റൊരു 
മരുന്നു കട തേടി പോകുന്നു..!! ഡോക്ടര്‍ കണ്ണുരുട്ടുന്നു!!
മൊത്ത ക്കച്ചവടക്കാരന്‍ ബാലന്‍സ് പണത്തിനു വേണ്ടി 
കാത്തു നില്‍ക്കുന്നു..പണപ്പെട്ടി കാലിയായി  തന്നെ ഇരിക്കുന്നു.!!!
രാസ പരിണാമങ്ങള്‍ .ആന്റി ബയോട്ടിക്കുകള്‍ ,ഇന്‍സുലിന്‍ ,
പാറസെടമോള്‍..മരുന്നുകള്‍ കുറിക്കുന്നതെങ്ങിനെയാണ് ?
എടുത്തു കൊടുക്കേണ്ടത് ഏതു  കുറിപ്പടി പ്രകാരമാണ്?
പണപ്പെട്ടി കാലിയായിതന്നെ ഇരിക്കുന്നു..ഇംഗ്ലീഷ് മരുന്നുകള്‍ വില്‍ക്കപ്പെടും..!!!
                                           . ബിപിന്‍ ആറങ്ങോട്ടുകര . 
 (കുറച്ചു കാലം  ഒരു മെഡിക്കല്‍ സ്റ്റോര്‍ നടത്തിയിരുന്നു ഞാന്‍!! കച്ചവടവും  മനസ്സും ഒരിക്കലും ഒത്തു പോയിരുന്നില്ല.. ഫാര്‍മസി  ക്ലാസ്സുകളിലെ  തിയറി യും എത്തിക്സും  കച്ചവടവുമായി ഒരിക്കലും ഒത്തു പോയി ല്ല.. !!ചരിത്രം  പഠിക്കാന്‍ പോയവന്‍ രസതന്ത്രം പഠിച്ചതിന്റെ തമാശ!  അതൊരു പരാജയമായി എന്ന് തീരെ പറയേണ്ടതില്ലല്ലോ !!!)