Thursday, October 6, 2011

ഫാര്‍മസി കവിതകള്‍:

ഫാര്‍മസി  കവിതകള്‍:മൂന്ന്:
                         ജീവിതം ഒരു രാസഘടന
ഫാര്‍മസി ലാബിന്റെ കതകിനു മഞ്ഞ നിറംതേച്ചതാരാണ്?
വിജാഗിരി ഇളകിയ കതകിന്നു കിറുകിരുപ്പിന്റെ  
മുരടന്‍ ശബ്ദമാണ്..ഡിസക്ഷന്‍ ടേബിളില്‍ 
നെഞ്ച് കീറിയ ഒരു തവളയുടെ പിടക്കുന്ന ഹൃദയം..
ത്രസിക്കുന്ന ഞരമ്പുകള്‍,ടിക്ക് ടിക്ക് താളം..
ഒരു ബ്ലേഡിന്‍ വായ്ത്തല മിന്നുന്നു..
ചീറ്റി തെറിക്കുന്ന ചോരപ്പൂവുകള്‍....
തൊട്ടപ്പുറത്ത് ഇന്ദുവിന്റെ  വെളുത്ത കോട്ടില്‍ 
ചോരപ്പൂക്കള്‍ ഒരു ചിത്രമായി വിരിയുന്നു..
അടക്കിയ ഒരു കാറല്‍ അവളുടെ തൊണ്ടയില്‍ ..

പിടക്കുന്ന ഒരു ഹൃദയത്തിന്റെ കണക്കെടുപ്പായിരുന്നു .. 
മിനുട്ടുകള്‍  മാത്രം നീളുന്ന ഹൃദയ മിടിപ്പുകള്‍
വെളുത്ത താളുകളില്‍ പകര്‍ത്തിയെഴുതുക  ...
ജീവിതം പകരമായി നല്‍കാമെന്നു ഞാന്‍ ..
ചുണ്ടിലൊരു നേര്‍ത്ത പരിഹാസമാണവള്‍ തന്നത് ..

കെമിസ്ട്രി  ലാബിന്റെ പകലുകള്‍ക്ക് 
ടെസ്റ്റുടുബില്‍ പുകയുന്ന ആസിഡിന്റെ ഗന്ധമാണ് ..
വാഷുബേസിനില്‍ ഒഴിച്ച് കളയുന്നരാസലായനികള്‍
ഒഴുകി പോയ ജീവിതമാകുന്നു....
തിരിച്ചെടുക്കാന്‍ കഴിയാത്ത കോമ്പിനേഷനുകള്‍..
വേര്‍ തിരിഞ്ഞു പോയ രാസഘടകങ്ങള്‍.. 
ജീവിതത്തിന്റെ രസതന്ത്രം ഒരിക്കലും പിടിതരാത്ത 
സമ വാക്യങ്ങളുടെ  കൂട്ടമാണ്.. ..

ശരീര ശാസ്ത്രം പഠിചെടുക്കുന്നത് ഒരിക്കലും എളുപ്പമല്ല..
സങ്കീര്‍ണ്ണമാണ് മനസ്സിലെ ചുഴികളും മലരികളും..
ചേര്‍ന്ന് നില്‍ക്കുന്ന ഒരു ശരീരത്തിന്റെ ഇളം ചൂടു
വിരലുകളില്‍  മൃദുലതയായി അലിയുന്നു....
മുടിയിഴകളില്‍ കോര്‍ത്ത്‌ പിടിക്കുന്ന നീളമുള്ള വിരലുകള്‍ ..
ഒരു ചുംബനത്തിന്‍റെ ചൂടു എന്നെ ഇപ്പോഴും പൊള്ളിക്കുന്നു..
രക്തത്തിന്റെ രാസഘടനയിലെ മാറ്റം അവളുടെ ശ്വാസത്തിന് 
സുഗന്ധം നല്കിയതെങ്ങിനെ യാണ്‌?.......................

രക്തത്തിന്റെ പിഎച് ഘടന എത്രയാണ്?
സസ്പെന്‍ഷന്‍ കുറുക്കുന്നതെങ്ങിനെ?
ഇമല്‍ഷന്‍ എങ്ങനെയാണ് നിര്‍മ്മിക്കുന്നത്?
അന്റാസിഡ് ആമാശയത്തില്‍ എന്ത് ചെയ്യുന്നു?
കലാമിന്‍ ലോഷന് പിങ്ക് നിറം എന്ത് കൊണ്ട്?
ഓയന്റ്മെന്റിന്റെ  ബേസ് എന്താണ്? 
ചോദ്യങ്ങള്‍ക്ക്  ഉത്തരം എങ്ങനെ എഴുതണം?

പരസെട്ടമോള്‍  കെമിക്കല്‍ ബോണ്ട് അഴിച്ചതും 
പനിയും നീര്‍കെട്ടും തമ്മിലെന്താണ് ബന്ധം?
സ്ത്രീ ശരീരം അഴിയാത്ത ഒരു രാസഘടനയാണ്..
അവളുടെ മനസ്സു ഉത്തരം തരാത്ത രാസസമവാക്യം..!
 ജീവിതം ഉത്തരം കിട്ടാത്ത ,ഒരിക്കലും അഴിയാത്ത 
രാസഘടനയാണ്..വായിച്ചു പഠിക്കാന്‍ എളുപ്പമല്ലാത്ത ഒന്ന്‌!
                                                                        .ബിപിന്‍.






8 comments:

  1. മഞ്ഞ നിറംതേച്ചതാരാണ്?

    ReplyDelete
  2. തിരിച്ചെടുക്കാന്‍ കഴിയാത്ത കോമ്പിനേഷനുകള്‍..
    വേര്‍ തിരിഞ്ഞു പോയ രാസഘടകങ്ങള്‍..

    അടിപൊളി രചന, മുകളിൽ കാണിച്ച വരിയിലെ ഭാവനയും കൊള്ളാം. എനിക്കിഷ്ടായി

    ReplyDelete
  3. കവിത ഹൃദ്യമായി.തികച്ചും വിത്യസ്തമായ ഇതിവൃത്തം.പലപ്പോഴും "പോസിറ്റീവാകുന്ന" ഉപമകള്‍ .ആശംസകളോടെ

    ReplyDelete
  4. നല്ല വരികൾ.
    ഭാവുകങ്ങൾ!

    ReplyDelete
  5. സ്ത്രീ ശരീരം അഴിയാത്ത ഒരു രാസഘടനയാണ്..
    അവളുടെ മനസ്സു ഉത്തരം തരാത്ത രാസസമവാക്യം..!

    കൊള്ളാം...നല്ല രസമുള്ള കവിത!
    ആശംസകള്‍ :-)

    ReplyDelete