Tuesday, July 19, 2011

ഉരുളക്കിഴങ്ങ് കൃഷിക്കാര്‍!!


ഉരുളക്കിഴങ്ങ് കൃഷിക്കാര്‍!!

വാന്‍ഗോഗ് തന്റെ ചിത്ര രചനയിലാണ് ... 
ഉരുളക്കിഴങ്ങ് പാടത്തു കൃഷിക്കാര്‍ തിരക്കിലാണ്..
വാന്‍ഗോഗ് തന്റെ ചിത്ര രചനയിലാണ്.. ..
ഉരുളക്കിഴങ്ങ് പാടം ഒരു നരച്ച കാന്‍വാസിലാണ്..
തലയ്ക്കു മുകളില്‍ സൂര്യന്‍ കത്തിജ്വലിച്ചു നില്‍ക്കുന്നു..
ശിരസ്സില്‍ തീ കോരിയിടുന്ന ചൂടുകാലം.
ഹൃദയം കൊണ്ടെങ്ങിനെ ചിത്രമെഴുതാ മെന്നു അയാള്‍ ലോകത്തെ പഠിപ്പിക്കുന്നു..

മേശപ്പുറത്തു വിരുന്നൊരുക്കുന്ന തിരക്കിലാണ് ...മെഴുകു തിരി വെട്ടം ..
പുഴുങ്ങിയ ഉരുളക്കിഴങ്ങ്..റൊട്ടി ,മുട്ട പൊരിച്ചത് ,വീഞ്ഞ്...
വീട്ടുകാര്‍ സ്നേഹപൂര്‍വ്വം  അയാളെ വിരുന്നൂട്ടുന്നു..
ഉരുളക്കിഴങ്ങ് കൃഷിക്കാര്‍....വാന്‍ഗോഗ് ചിത്രം വരയ്ക്കുകയാണ്..
ജീവരക്തം  കൊണ്ടൊരാള്‍ ചിത്രം വരയ്ക്കുന്നു..
ഹൃദയം കൊണ്ടെങ്ങിനെ ചിത്രമെഴുതുമെന്നു ലോകം  പിന്നീടു തിരിച്ചറിഞ്ഞു..
 തലയ്ക്കു മുകളില്‍ സൂര്യന്‍ കത്തിജ്വലിച്ചു നില്‍ക്കുന്നു..
ശിരസ്സില്‍ തീ കോരിയിടുന്ന ചൂടുകാലം..
തലക്കുള്ളില്‍ പെരുപെരുപ്പ്..സിരകളില്‍ വണ്ടിന്റെ മൂളക്കം..
തിളച്ചു മറിയുന്ന രക്ത ക്കുഴലുകള്‍ ..  ഒരു മൂളക്കമായി 
തല്ക്കുള്ളിലേക്ക് ഉന്മാദം അറിച്ചരിചിറങ്ങുന്നു..
കണ്ണുകളില്‍ ചുവപ്പിന്റെ തേരോട്ടം..സിരകളില്‍ നുരയുന്ന ലഹരി..
ചെവികളില്‍ അരിച്ചരിച്ചു വിങ്ങി വിങ്ങി എന്തോ മൂളി മൂളി ...
അയാള്‍ ചെവി മുറിച്ചെടുത്തു തന്റെ പ്രണയിനിക്ക് നല്‍കുന്നു..
ചോരയില്‍ കുതിര്‍ന്ന പ്രേമ സമ്മാനം..!!
നരച്ച കാന്‍വാസില്‍ തന്റെ ഹൃദയ രക്തം കൊണ്ടയാള്‍ ചിത്രമെഴുതി..
വാന്‍ഗോഗ്  ചിത്രമെഴുതുകയാണ്...
തലയ്ക്കു മുകളില്‍ സൂര്യന്‍ കത്തിജ്വലിച്ചു നില്‍ക്കുന്നു...
ഉരുളക്കിഴങ്ങ്‌  കൃഷിക്കാര്‍ തങ്ങളുടെ പാടത്ത്  തിരക്കിലാണ്..
പ്രണയിനിക്ക് തന്റെ ചെവി മുറിച്ചു നല്കുക.
ചോര കൊണ്ടൊരു പ്രേമ സമ്മാനം..!!
ഉന്മാദം പൂണ്ടു അയാള്‍ കറങ്ങി നടന്നു ..സിരകളില്‍  ഉന്മാദ ലഹരി....
ഹൃദയത്തില്‍ പ്രണയോന്മാദം!! ചോര കൊണ്ടയാള്‍ ഒരു ചിത്രമെഴുതി!!.
സൂര്യകാന്തി പാടങ്ങള്‍.. കല്‍ക്കരി ഘനികള്‍ ..വെയില്‍ മൂത്ത് നില്‍ക്കുന്ന 
കുന്നിന്‍ പുറങ്ങള്‍..നരച്ച കാന്‍വാസുകളില്‍ വസന്തംനൃത്തം വെക്കുന്നു..
തന്റെ ഹൃദയ കൊണ്ടയാള്‍ ചിത്രം വരച്ചു..
തന്റെ ചോര കൊണ്ടയാള്‍ പൂക്കള്‍ വിരിയിച്ചു..
ഉന്മാദ ചിറകേറി വാന്‍ഗോഗ് യാത്രയിലാണ്..
അയാള്‍ പ്രണയിനിക്ക് തന്റെ ചെവി മുറിച്ചു നല്‍കി..
ലോകത്തിനു തന്റെ പ്രാണന്‍ പറിച്ചു നല്‍കി...
തന്റെ ഹൃദയ രക്തം കൊണ്ടയാള്‍ ചിത്രമെഴുതി....
 വാന്‍ഗോഗ് തന്റെ ചിത്ര രചനയിലാണ് ...                                            
                                                      .ബിപിന്‍ ആറങ്ങോട്ടുകര . 

Tuesday, July 12, 2011

ഫാര്‍മസി കവിതകള്‍....

 ഫാര്‍മസി കവിതകള്‍.. 
                               . ഇംഗ്ലിഷ് മരുന്നുകള്‍ വില്‍ക്കപ്പെടും...
പനി,ചുമ ജലദോഷം..മരുന്നുകള്‍ വില്‍ക്കുന്നതെങ്ങിനെയാണ്??
നീരിരക്കം ,ഗ്യാസ് ,പല്ല് വേദന ..ഒന്ന്‌ വീതം  മൂന്ന് നേരം..
തരം കിട്ടിയാല്‍ നാലു നേരവും !! മരുന്നുകള്‍ വില്‍ക്കുന്നതങ്ങിനെയാണ് ??
കമ്പനി മാറരുതെന്നു  ഡോക്ടര്‍  കണ്ണുരുട്ടുന്നു ......
കാറു,ഫ്രിഡ്ജ്‌,വിദേശ യാത്ര സകുടുംബം..കമ്പനി ഒരിക്കലും മാറരുത്.. 
പനിയുടെ ചുമയുടെ പല്ലുവേദന യുടെ  രാസപരിണാമങ്ങള്‍  എങ്ങിനെയാണ്‌..
കെമികല്‍ റിയാക്ഷ്ന്‍  ആരുടെ നിഘണ്ടുവിലാണ്  വേര്‍തിരിക്കപ്പെട്ടത്‌?
ഓര്‍ഗാനിക് കെമിസ്ട്രി  ക്ലാസുകള്‍ ,കെമികല്‍ കോമ്പൌണ്ടുകള്‍ ,
അനാടമി പാഠ ഭാഗങ്ങള്‍. ..പ്രക്ടികല്‍ ,തിയറി  ക്ലാസ്സുകള്‍..
ചില്ലരമാരിയില്‍ നിരത്തി വെച്ച ഗുളികകള്‍,മരുന്നു കുപ്പികള്‍...
മരുന്നിന്‍ കുറിപ്പടികള്‍  പാഠ ഭാഗങ്ങളുമായി ഒത്തു പോകുന്നില്ല ..
ആക്ഷനുകള്‍ ,റിയാക്ഷനുകള്‍...ഒത്തു ചേരാത്ത  ധര്‍മ സംഹിതകള്‍..
തലവേദനക്ക് ,ജനറല്‍ ടോണിക്ക് കൂടെയെഴുതുന്നു ഭിഷഗ്വരന്‍...
ടീവി യൊന്നു  സന്ദര്‍ശക  മുറിയില്‍  സ്ഥാനം പിടിക്കുന്നു...
കമ്പനി മാറരുതെന്നു  ഡോക്ടര്‍  കണ്ണുരുട്ടുന്നു ...!!!
വെള്ളകോട്ടുംഫാര്‍മസി ഓത്തും  മരുന്നുഷാപ്പിന്റെ  മൂലയില്‍ ...
.മരുന്നുകള്‍ വില്‍ക്കുന്നതെങ്ങിനെയാണ്?
പനി,ചുമ ജലദോഷം..മരുന്നുകള്‍ വില്‍ക്കുന്നതെങ്ങിനെയാണ്??
കടം പറഞ്ഞും പയ്യാരം പറഞ്ഞും  രോഗികള്‍..
 മരുന്നുകള്‍ പണമില്ലാതെ എടുത്തു കൊടുക്കുന്നു..
പണപ്പെട്ടി കാലിയായി  തന്നെ ഇരിക്കുന്നു..
ഈ മരുന്നു കഴിക്കേണ്ട കാര്യമില്ല എന്ന് ഞാന്‍ 
ഉപദേശിക്കുന്നു..അവിശ്വാസത്തോടെ അവര്‍ മറ്റൊരു 
മരുന്നു കട തേടി പോകുന്നു..!! ഡോക്ടര്‍ കണ്ണുരുട്ടുന്നു!!
മൊത്ത ക്കച്ചവടക്കാരന്‍ ബാലന്‍സ് പണത്തിനു വേണ്ടി 
കാത്തു നില്‍ക്കുന്നു..പണപ്പെട്ടി കാലിയായി  തന്നെ ഇരിക്കുന്നു.!!!
രാസ പരിണാമങ്ങള്‍ .ആന്റി ബയോട്ടിക്കുകള്‍ ,ഇന്‍സുലിന്‍ ,
പാറസെടമോള്‍..മരുന്നുകള്‍ കുറിക്കുന്നതെങ്ങിനെയാണ് ?
എടുത്തു കൊടുക്കേണ്ടത് ഏതു  കുറിപ്പടി പ്രകാരമാണ്?
പണപ്പെട്ടി കാലിയായിതന്നെ ഇരിക്കുന്നു..ഇംഗ്ലീഷ് മരുന്നുകള്‍ വില്‍ക്കപ്പെടും..!!!
                                           . ബിപിന്‍ ആറങ്ങോട്ടുകര . 
 (കുറച്ചു കാലം  ഒരു മെഡിക്കല്‍ സ്റ്റോര്‍ നടത്തിയിരുന്നു ഞാന്‍!! കച്ചവടവും  മനസ്സും ഒരിക്കലും ഒത്തു പോയിരുന്നില്ല.. ഫാര്‍മസി  ക്ലാസ്സുകളിലെ  തിയറി യും എത്തിക്സും  കച്ചവടവുമായി ഒരിക്കലും ഒത്തു പോയി ല്ല.. !!ചരിത്രം  പഠിക്കാന്‍ പോയവന്‍ രസതന്ത്രം പഠിച്ചതിന്റെ തമാശ!  അതൊരു പരാജയമായി എന്ന് തീരെ പറയേണ്ടതില്ലല്ലോ !!!)