.ഒരു ദിവസം.
02.10.2011. രാവിലെ പത്തുമണി:.
ഇന്ന് കുറെ നേരം കിടന്നുറങ്ങി ..ഓഫ് ഡേ ആണ്..ഇന്നലെ രാത്രിയില്‍ ഉറങ്ങാന്‍ വൈകി..കഴിച്ചത് ലേശം കൂടിപ്പോയോ എന്നൊരു സംശയം..രാവിലെ എഴുന്നേറ്റപ്പോള്‍ വല്ലാത്ത തലവേദനായിരുന്നു..അതോ ഇന്നലെ കുറെ നേരം കമ്പൂട്ടറില്‍ നോക്കിയിരുന്നത് കൊണ്ടാണോ?ഈ സൌഹൃദ കൂട്ടായ്മകളില്‍ കയറിയാല്‍ പിന്നെ സമയം പോകുന്നത് അറിയില്ല..ലോകം പോലും അറിയാതെ അങ്ങനെ ഇരിക്കും..അതിന്നിടയില്‍ ഗ്ലാസ്സില്‍ നുരഞ്ഞു പൊന്തുന്ന ബിയര്‍ അറിയാതെ നുണഞ്ഞു കൊണ്ടേയിരിക്കും..തണുത്ത ബിയര്‍ നുണഞ്ഞു കൊണ്ട് സുഹൃത്തുക്കളോട് സംവദിച്ചു കൊണ്ട് അങ്ങനെ ഇരിക്കുക ..കമന്റുകള്‍ ,തര്‍ക്കങ്ങള്‍ ..അതിന്നിടയില്‍ നല്ല പോസ്റ്റുകള്‍..നല്ല രസമാണ് സമയം പോകുന്നതറിയില്ല..പക്ഷെ രാവിലെ യുള്ള ഈ തലവേദനയാണ് സഹിക്കാന്‍ പറ്റാത്തത്! തല വിങ്ങി പ്പൊട്ടുന്നത് പോലെ.. ഇന്ന് ലീവ് ആയതു നന്നായി ! ഒരു വിധം എഴുന്നേറ്റു ബാത്ത് റൂമില്‍ പോയി കാര്യങ്ങളെല്ലാം, കഴിഞ്ഞിട്ടും തലവേദന വിടുന്നില്ല..കുറെ നേരം ഷവറിന്റെ ചുവട്ടില്‍ അങ്ങനെ നിന്നു..നനുത്ത വെള്ള തുള്ളികള്‍ ഒരു കുളിരോടെ തലയില്‍ പതിക്കുന്നു..! കുറച്ചു കഴിഞ്ഞപ്പോള്‍ ആകെയൊരു കുളിര്..നല്ല സുഖം തോന്നുന്നു.. തല വേദന പോയത് പോലെ...
കിച്ചണില്‍ കയറി ഒരു സുലൈമാനി ഉണ്ടാക്കി കുടിച്ചു..പ്രവാസികളുടെ ജീവിതവും സുലൈമാനിയും വല്ലാതെ ബന്ധപ്പെട്ടു കിടക്കുന്നു.. എനിക്കാണെങ്കില്‍ ഇടയ്ക്കിടെ ഈ സുലൈമാനി കുടിച്ചു കൊണ്ടിരിക്കണം..തല വേദന വന്നാലും പനി വന്നാലും ഇത് തന്നെ പ്രധാന മരുന്ന് !
ഒരു സുലൈമാനിയും കുടിച്ചു കൊണ്ട് ഞാന്‍ വീണ്ടും കമ്പൂട്ടറിന്റെ മുന്നില്‍ കുത്തിയിരുന്നു..വീട്ടിലേക്ക് ഒന്ന്‍ വിളിക്കാം..ഞായറാഴ്ചയത് കൊണ്ട് കുട്ടികളും പ്രിയതമയും വീട്ടില്‍ത്തന്നെ കാണും..ഫോണ്‍ വിളിച്ചപ്പോഴേക്കും അവള്‍ എടുത്തു കാത്തിരുന്നെന്ന പോല്‍..കുറെ നേരം വീട്ടിലെയും നാട്ടിലെയും വിശേഷങ്ങള്‍ .പിന്നെ കുട്ടികളുടെ സ്കൂള്‍ കാര്യങ്ങള്‍ ..പഠനം..അങ്ങനെ കുറെ സമയം ..കുട്ടികള്‍ക്ക് ഫോണ്‍ കൊടുകാന്‍ പറഞ്ഞു ഞാന്‍ ..മോന്‍ ഫോണ്‍ വാങ്ങി അവന്റെ സ്കൂള്‍ വിശേഷങ്ങള്‍ പറയാന്‍ തുടങ്ങി ..ക്രിക്കറ്റ് കളി,സ്കൂളിലെ അടിപിടി..അങ്ങനെ പലതും..അവള്‍ വീണ്ടും ഫോണ്‍ വാങ്ങി വീട്ടു വിശേഷങ്ങള്‍ പറയാന്‍ തുടങ്ങി..പറമ്പിലെ പണികള്‍.തെങ്ങിന് തടമിട്ടത്,കോഴിയെ വിരിക്കാന്‍ വെച്ചത്..പശു പ്രസവിച്ചത്.. ചാമ്പതയ്യില്‍ ആദ്യ ത്തെ ആദ്യ ത്തെ ചാമ്പ വിരിഞ്ഞത്..അങ്ങനെ വിവരണങ്ങള്‍ നീണ്ടു പോയി..
ഇപ്പോള്‍ തലയുടെ ഒരു വശത്ത് ഒരു നേരിയ കുത്തല്‍ പോലെ വീണ്ടും തലവേദന.. അപ്പോഴേക്കും ഓണ്‍ ലൈനില്‍ ഒരു ഫ്രെണ്ട് വന്നു ...ആളോട് വീട്ടിലേക്ക് വിളിക്കുകയാണ് എന്ന്‍ പറഞ്ഞു തല്‍കാലം ഒഴിവായി..ഈ സൌഹൃദ കൂട്ടായ്മകളില്‍ അങ്ങനെയാണ്..നേരവും സമയവും നോക്കാതെ പലരും കയറി വരും .ചെറിയൊരു ഒഴിവു കിട്ടുമ്പോള്‍ ഓണ്‍ ലൈനില്‍ കയറുന്നവരാണ് പലരും..അവരെ വിഷമിപ്പിക്കാനും വയ്യ.. അവള്‍ വീണ്ടും നാട്ടിലെയും വീട്ടിലെയും വിവരങ്ങള്‍ പറഞു കൊണ്ടിരുന്നു..കുറച്ചു നേരം അങ്ങനെ പലതും പലതും പറഞ്ഞു സമയം പോയി..സുലൈമാനി കഴിഞ്ഞിരുന്നു..തലവേദന വീണ്ടും വരുന്നു....ശരി എന്നാല്‍ നാളെ വിളിക്കാം എന്ന്‍ പറഞ്ഞു ഞാന്‍ ഫോണ്‍ കട്ട് ചെയ്യാന്‍ തുടങ്ങി...അപ്പോളാണ് അവള്‍ മടിച്ചു മടിച്ചു എന്തോ പറയാന്‍ ബാക്കി വെച്ചത് പോലെ ഒരു കാര്യം പറയാനുണ്ട് എന്ന്‍ പറഞ്ഞു നിര്‍ത്തി..ഞാന്‍ നിര്‍ബന്ധിച്ചപ്പോള്‍ അവള്‍ മടിച്ചു മടിച്ചു അത് പറഞ്ഞു..നമ്മുടെ മൊയ്ദീന്‍ക്ക മരിച്ചു പോയി...എന്റെ മനസ്സിലൊരു വേദന കുത്തിതറക്കുന്ന സൂചിമുന പോലെ..
കുറച്ചു നേരം ഒന്നും പറയാനാകാതെ ഞാന്‍ ഇരുന്നു..അതവള്‍ക്ക് മനസ്സിലായി എന്ന്‍ തോന്നുന്നു..ഒരു നിശബ്ദതഅപ്പുറത്തും..കുറച്ചു കഴിഞ്ഞു അവള്‍ മോയ്ദീന്ക്കയുടെ അവസാന കാലത്തെ കുറിച്ച പറഞ്ഞു.. ഒരു തേങ്ങല്‍ എന്റെ തൊണ്ടയില്‍ കുരുങ്ങി നിന്നു..
സമയം പന്ത്രണ്ടു മണി:
എന്റെ മനസ്സു പ്രക്ഷുബ്ധമായിരുന്നു ...തല വേദന വീണ്ടും.. വീണ്ടും ഷവറിന്റെ ചുവട്ടില്‍ പോയി നിന്നു..തലയും മനസ്സും ഒന്ന്‍ തണുക്കട്ടെ..കുറച്ചു നേരം അങ്ങനെ നിന്നപ്പോള്‍ മനസ്സു തണുത്തത് പോലെ..ഞാന്‍ മോയ്ദീന്ക്കയെ കുറിച്ച് ഓര്‍ത്തു പോയി. പല്ലില്ലാത്ത മോണ കാട്ടി ചിരിക്കുന്ന ആ രൂപം ഇപ്പോഴും മനസ്സില്‍ തന്നെയുണ്ട്..കാക്കന്‍ എന്നായിരുന്നു ഞങ്ങള്‍ കുട്ടികള്‍ മോയ്ദീന്ക്കയെ വിളിച്ചിരുന്നത്..ഞങ്ങള്‍ കുട്ടികളോട് ഒരു പ്രത്യേക വാത്സല്യം ഉണ്ടായിരുന്നു കാക്കന്..മുത്തച്ഛന്റെ വലം കയ്യായിരുന്നു കാക്കന്‍..മുത്തശന്‍ എന്തും പറഞ്ഞാലും അതായിരുന്നു കാക്കന്റെ ശരി!.ഒരു പച്ച ബെല്‍ട്ടും അതില്‍ തൂങ്ങുന്ന വലിയ കട്ടാര കത്തിയും കൊമ്പന്‍ മീശയുമോക്കെയായി ആളൊരു ഭീകരന്‍ ആയിരുന്നു വെങ്കിലും ഞങ്ങള്‍ കുട്ടികള്‍ക്ക് ഒരു വലിയ സ്നേഹ മായിരുന്നു കാക്കനോട്..എപ്പോഴും ഞങ്ങള്‍ക്ക് തരാനായി കടല മിടായികള്‍ ആ തല പ്പാവിന്നുള്ളില്‍ സൂക്ഷിച്ചിരിക്കും..അത് എടുത്തു തന്നിട്ട് ഒരു ചിരിയുണ്ട്..കൊമ്പന്‍ മീശയുടെ താഴെ വെറ്റിലക്കറ പിടിച്ച ആ പല്ലുകള്‍ തിളങ്ങും..ആ ചിരി ഞങ്ങളുടെ മനസ്സിലും വിരിയും..ഞങ്ങളോടൊപ്പം കളിച്ചു നടക്കുന്ന കാക്കനെ പക്ഷെ നാട്ടുകാര്‍ക്കെല്ലാം ഭയമായിരുന്നു..മുത്തശന്റെ പിണിയാളായി എപ്പോഴും കാക്കന്‍ ഉണ്ടാകും ..മുത്തശന്‍ എന്ത് പറഞ്ഞാലും കാക്കന്‍ അത് ചെയ്യുമത്രേ..ഒരാളെ കൊല്ലാന്‍ പറഞ്ഞാല്‍ പോലും..!!
പക്ഷെ കാക്കന്റെ സ്നേഹം നിറയുന്ന രൂപം മാത്രമേ എന്റെ മനസ്സില്‍ ഉള്ളൂ ..
മുത്തശന്റെ ശവദാഹം കഴിഞ്ഞു കുറെ നേരം ആ ചിതയിലേക്ക് നോക്കി നിന്നു കാക്കന്‍..പിന്നെ ഒന്നും മിണ്ടാതെ നടന്നകന്നു..കാക്കന്റെ കണ്ണുകള്‍ നിറഞ്ഞോ ഴുകുന്നുണ്ടായിരുന്നു ..
കുറച്ചു ദിവസത്തേക്ക് കാക്കന്‍ വീട്ടിലേക്കു വന്നതേയില്ല..മുത്തശന്‍ ഇല്ലാത്ത ആ വീട് അദ്ദേഹത്തിന് സങ്കല്‍പ്പിക്കാന്‍ പറ്റുമായിരുന്നില്ല..പക്ഷെ ഞങ്ങളോടുള്ള സ്നേഹ മായിരിക്കാം കാക്കനെ വീണ്ടും വരുത്തിയത്.. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ഒരു ദിവസം രാവിലെ കാക്കന്‍ വന്നു വന്നു ഉമ്മറപടിമേല്‍
ഇരിക്കുന്നു..ആരോടും മിണ്ടാതെ കുറെ നേരം അങ്ങനെ ആ ഇരിപ്പ് ഇരുന്നു..അമ്മ ഒരു ഗ്ലാസ് ചായ തന്നിട്ട് അത് എന്നോട് കൊണ്ട് കൊടുക്കാന്‍ കണ്ണ് കൊണ്ട് കാണിച്ചു..അമ്മയുടെ കണ്ണിലും ഒരു നനവുണ്ടായിരുന്നു..ഞാന്‍ ആ ചായ ഗ്ലാസ്സുമായി കാകന്റെ അടുത്ത്ച്ചെന്നു മെല്ലെ തോണ്ടി വിളിച്ചു..എന്നെ ചേര്‍ത്ത് പിടിച്ചു കാക്കന്‍ ആ ചായ വാങ്ങി ഗ്ലാസ് താഴെ വെച്ചു എന്നെ പിടിച്ചു മടിയിലിരുത്തി..വിട്ടു മാറാത്ത ഒരു നനവ് ആ കണ്ണ് കളില്‍ ഞാന്‍ കണ്ടു..എന്തോ ഓര്‍മ്മകള്‍ അദ്ധേഹത്തിന്റെ മനസ്സില്‍ ഉയര്‍ന്ന വരുന്നുണ്ടായിരിക്കണം..തലേ ക്കെട്ടിന്റെ ഉള്ളില്‍ നിന്നും ഒരു കടല മിട്ടായി എടുത്തു എനിക്ക് തന്നു..കാക്കന്റെ ചലനങ്ങള്‍ക്ക് ഒരു വേഗത കുറവുണ്ടായിരുന്നു..എന്തൊക്കയോ ആലോചനകളില്‍ മുഴുകി കുറെ നേരം അവിടെയിരുന്നിട്ടു കാക്കന്‍ മെല്ലെ എഴുന്നേറ്റു പോയി...തലയില്‍ കെട്ടും കള്ളിമുണ്ടും അരയിലെ പച്ചബെല്ട്ടും അതില്‍ തിരുകി വെച്ച കട്ടാരയും കൊമ്പന്‍ മീശയുമായി ആ രൂപം മെല്ലെ തല കുമ്പിട്ടു പടി കടന്ന പോകുന്നതു ഞാന്‍ നോക്കി നിന്നു...ആ കാഴ്ച ഇപ്പോഴും എന്റെ മനസ്സില്‍ ഉണ്ട്..
കാക്കന്‍ പിന്നീടു വല്ലപ്പോഴുമേ വീട്ടില്‍ വരാറുള്ളൂ..എങ്കിലും വീട്ടിലെ എന്ത് കാര്യത്തിനും അദ്ദേഹം അവിടെയെത്തും..വരുമ്പോള്‍ ആ തലക്കെട്ടിന്നുള്ളില്‍ ഞങ്ങള്‍ക്കായി ഒരു പിടി മിട്ടായികള്‍ ഉണ്ടാകും...വാണിയംകുളം ചന്തയിലെ കന്നു കച്ചവടവും മറ്റുമായി അദ്ദേഹം കഴിഞ്ഞ കൂടി..വല്ലപ്പോഴും വരുമ്പോള്‍ ആ സ്നേഹ സമ്മാനം കരുതാന്‍ അദ്ദേഹം മറന്നില്ല..അതൊരു അവകാശം പോലെ ഞങ്ങള്‍ കരുതുകയും ചെയ്തു..കൂട്ടത്തില്‍ ചെറിയ കുട്ടിയായ എന്നെ മാത്രം വലുതായ് എന്ന്‍ കരുതാന്‍ കാക്കന് കഴിഞ്ഞില്ല..എന്നും എന്നെ ഒരു കുട്ടിയായി തന്നെ യാണ് അദ്ദേഹം കണ്ടത്.. ഞാനും അതൊരു അവകാശം പോലെ എടുത്തു...പ്രായമായിട്ടും ആ കടല മിട്ടായി ഞാന്‍ കൊതിയോടെ വാങ്ങുമായിരുന്നു...
കാലം ആ ശരീരത്തെ തളര്‍ത്തി..കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ കാക്കന്‍ എന്നെ കാണാന്‍ വന്നു..നരച്ചു പോയ ആ ചുളുങ്ങിയ ശരീരം ആകെ വിറച്ചിരുന്നു..
എന്നെ കെട്ടിപ്പിടിച്ചു കൊണ്ട് കാക്കന്‍ എന്റെ നെറുകയില്‍ മുത്തമിട്ടു..പിന്നെ ഏതോ ഓര്‍മയില്‍ തലയില്‍ കെട്ടില്‍ തപ്പി എന്തോ തപ്പിയെടുത്തു..ചുളുങ്ങിയ ഒരു കടലാസ്സില്‍ പൊതിഞ്ഞ കടല മിട്ടായി ആയിരുന്ന അത്! എന്നെ കാണാന്‍ വരുമ്പോള്‍ ആ സമ്മാനം ഇപ്പോഴും അദ്ദേഹം മറന്നില്ല..ഞാനത് വാങ്ങി ..ആ കണ്ണുകളില്‍ ഒരു ചിരി വിടരുന്നത് ഞാന്‍ കണ്ടു..പല്ലില്ലാത്ത മോണ കാട്ടി കാക്കന്‍ ചിരിച്ചു..എന്റെ കണ്ണുകള്‍ ഈറനണിഞ്ഞു..കാക്കന്‍വല്ലാതെ ക്ഷീണി തനായിരുന്നു.... കുറച്ചു പണമൊക്കെ കൊടുത്ത് ഭക്ഷണവും കൊടുത്തു ഞാന്‍ തന്നെ കാറില്‍ കാക്കനെ വീട്ടില്‍ കൊണ്ട് ചെന്നാക്കി..തിരികെ പോരുമ്പോള്‍ എന്തോ എന്നെ ചേര്‍ത്ത് പിടിച്ചു കുറെ നേരം അങ്ങനെ നിന്നു അദ്ദേഹം..ആ കണ്ണുകള്‍ നിറഞ്ഞിരുന്നു..ഒരു പക്ഷെ ഇനി കാണില്ല എന്ന്‍ ആ പഴം മനസ്സില്‍ ഒരു അറിവ് ഉണ്ടായിരിന്നിരിക്കാം..
ആ ഓര്‍മകളില്‍ കുറച്ചു നേരം ഞാന്‍ അങ്ങനെ ഇരുന്നു..തലയുടെ ഒരു വശത്ത് വീണ്ടും ഒരു കുത്തല്‍ പോലെ.. തല വേദന വീണ്ടും വരുന്നു..ഭക്ഷണം കഴിച്ച കുറച്ച ഉറങ്ങാം..എന്നാല്‍ ചിലപ്പോള്‍ തലവേദന കുറഞ്ഞേക്കും..കിച്ചണില്‍ കയറി നോക്കി .കുക്ക് വന്ന്‍ ഭക്ഷണം എല്ലാം ഉണ്ടാക്കി വെച്ചിട്ടുണ്ട്..ലേശം കഴിച്ചിട്ട് കിടന്നുറങ്ങാം.. ഭക്ഷണവുമായി ഞാന്‍ മേശപ്പുറത്തു വന്നിരുന്നു..എന്തോ കഴിക്കാന്‍ പറ്റുന്നില്ല ..ഒരു കടല മിട്ടായിയുടെ ഓര്‍മ എന്നി ല്‍ തികട്ടി വരുന്നു ..ഭക്ഷണം കഴിക്കാനാവാതെ ഞാന്‍ കൈകഴുകി .......മുറിയിലെത്തി ഏ .സി ഓണ്‍ ചെയ്തു ബ്ലാങ്കറ്റു തലയിലൂടെ മൂടി ഞാന്‍ ഉറങ്ങാന്‍ കിടന്നു.....
സമയം നാലുമണി:
ഉറങ്ങാന്‍ പറ്റിയില്ല ..ഉറക്കം വരാതെ ഞാന്‍ തിരിഞ്ഞും മറിഞ്ഞുംകിടക്കുക യായിരുന്നു ..തലവേദന കൂടിക്കൂടി വരുന്നു..എഴുന്നേറ്റു വന്ന്‍ ഒരു സുലൈമാനി കൂടി കുടിച്ചു..കമ്പൂട്ടര്‍ ഓണ്‍ ചെയ്തു മെയിലുകള്‍ ചെക്ക് ചെയ്തു..ഫെസ് ബുക്കില്‍ കയറി കൂട്ടായ്മകളില്‍ എല്ലാം ഒന്ന് കയറി ..ചില കമന്റ്സുകള്‍ ഇട്ടു..ചിലര്‍ക്ക് ലൈക് അടിച്ചു..ചിലരുമായി തര്‍ക്കം അങ്ങനെ സമയം പോയതറിഞ്ഞില്ല..ചില ഒന്ന്‍ രണ്ട് നല്ല പോസ്റ്റുകള്‍ കണ്ടു..കുറച്ചു കഴിഞ്ഞപ്പോള്‍ തല വേദന കൂടി..വേഗം എല്ലാം ഷട് ഡൌണ്‍ ചെയ്തു ..ടിവി ഓണ്‍ ചെയ്തു ന്യൂസ് കാണാനിരുന്നു..അതും കുറച്ച കഴിഞ്ഞപ്പോള്‍ മടുത്തു....
നാളെ ഡ്യൂട്ടി യുണ്ട്.. യുനിഫോരം എടുത്ത് തേച്ചു മടക്കി വെച്ചു..ഇനിയെന്ത് ചെയ്യും ?തലവേദന കൂടി ക്കൂടി വരുന്നു..വീട്ടിലേക്ക് ഒന്ന് കൂടി വിളിച്ചു..കുട്ടികളുമായി കുറച്ച നേരം സംസാരിച്ചു..പിന്നെ വീണ്ടും മെയില്‍ ഓപ്പണ്‍ചെയ്തു....തല വേദന കൂടുകയാണ്..
സമയം എഴുമണി:
തലവേദന കുറയുന്നില്ല..ഫ്രിഡ്ജില്‍ നിന്നും ഒരു ഐസ് പീസ് എടുത്ത് നെറ്റി യില്‍ വെക്കാം..കുറച്ചു സമാധാനം..കിട്ടും ..ഓണ്‍ ലൈനില്‍ ഒന്ന് രണ്ട് പേര്‍ ഉണ്ട്..എല്ലാവരോടും ചെറിയൊരു ബ്രേക്ക് പറഞ്ഞിട്ട് ഞാന്‍ എഴുന്നേറ്റു..
ഫ്രിഡ്ജു തുറന്നു നോക്കിയപ്പോള്‍ ഇന്നലത്തെ ബിയര്‍ ഇരിക്കുന്നു..നല്ല തണുത്ത ബിയര്‍!! വേണ്ട ..മനസ്സു പറഞ്ഞു..ഞാന്‍ ഫ്രിട്ജു അടച്ചു . നല്ല തലവേദനയാണ് ചിലപ്പോള്‍ ഒരു ബിയര്‍ കുടിച്ചാല്‍.....മനസ്സു ചാഞ്ചാടി...വീണ്ടും ഞാന്‍ ഫ്രിഡ്ജു തുറന്ന ..ബിയര്‍ എടുത്തു പൊട്ടിച്ചു ഗ്ലാസ്സിലൊഴിച്ചു..വീണ്ടും ഗ്രൂപിലേക്ക് സംവാദത്തിനു!!
ഗ്ലാസില്‍ തണുത്ത ബിയര്‍ നുരഞ്ഞു പൊന്തുന്നു..ഒരു കവിള്‍ ഞാന്‍ മോന്തി.. തണുപ്പ് സിരകളിലൂടെ അരിച്ചിറങ്ങുന്നു..ഇന്ന് നേരത്തെ കിടക്കണമെന്നും ബിയര്‍ കഴിക്കണ്ട എന്നും കരുതിയതാണ്! പക്ഷെ എല്ലാം തഥൈവ ..!! ഈ ഗ്രൂപുകളില്‍ കയറിയാല്‍ പിന്നെ പുറത്തിറങ്ങാന്‍ പറ്റില്ല!!തണുത്ത ബിയറും നുണഞ്ഞു ഞാന്‍ സംവാദം തുടര്‍ന്നു......
സമയം ഏറെയായിരിക്കുന്നു...ഞാന്‍ കമ്പൂട്ടറിന്റെ മുന്‍പില്‍ തന്നെയാണ്!! ബിയര്‍ കുപ്പികള്‍ രണ്ട് മൂന്നെണ്ണം കഴിഞ്ഞിരിക്കുന്നു..നാളെ എന്തായാലും നേരെത്തെ കിടന്നുറങ്ങണം..മെയില്‍ ഓപ്പണ്‍ ചെയ്യുകയെ ഇല്ല എന്ന്‍ ഞാന്‍ മനസ്സില്‍ കരുതി......................... .
നേരം ഏറെയായിരിക്കുന്നു .. ഞാന്‍ ഓണ്‍ ലൈനില്‍ തന്നെയാണ്...... .
. പ്രവാസിയുടെ ഡയറിയിലെ ഒരേട്.
.ബിപിന്‍.
കുടിച്ച് കുടിച്ച് പണ്ടാരടങ്ങ്...
ReplyDeleteonline with drink harmful...very harm ful
ReplyDeleteezhuthinu aasamsakal
"De gea thumbs up>> Mendy Super Save"
ReplyDelete