മുടി മുറിക്കാന്‍ പോയിരുന്നാല്‍ സ്വപ്നങ്ങള്‍ കാണുന്നവന്‍ ...
ഒരു തല വെച്ചു കൊടുക്കുക,പിന്നീട് സ്വപ്‌നങ്ങള്‍ കണ്ടുറങ്ങാം..
ചിലക്കുന്ന കത്രിക,നൃത്തം വെക്കുന്ന ചീര്‍പ്പുകള്‍
അവ മെല്ലെ ജോലി തുടങ്ങും..സ്വപ്നങ്ങള്‍ ഉറങ്ങുന്ന
തല വെച്ചു കൊടുക്കുക ,സ്വപ്ന തേരിലേറി മയക്കം തുടരുക..
ഗന്ധക ഭൂമിയില്‍ ഊഷരമായ മനസ്സുകളില്‍ ഇപ്പോഴും
നിങ്ങള്‍ കണക്കുകള്‍ കൂട്ടി കിഴിക്കുകയാണല്ലേ?
ചീര്‍പ്പുകള്‍ മാടി ഒതുക്കും ,കത്രികകള്‍ വെട്ടിയൊതുക്കും..
മീശയുടെ വരകള്‍,കൃതാവിന്റെ അരികുകള്‍,താടിയുടെ കനം
എല്ലാം കണക്കിനു ഒപ്പിച്ചു നിങ്ങള്‍ക്ക് മയങ്ങാം....
അയല്‍ വക്കത്തെ ദുരിത കഥനങ്ങള്‍ കേള്‍ക്കേണ്ടതില്ല
നാട്ടിലെ കല്യാണത്തിന്നു കുറി വെക്കേണ്ടതില്ല..
തെരുവിലെ സമരങ്ങള്‍ക്ക് ഹാജര്‍ വെക്കേണ്ടതില്ല.. .
പലിശ കണക്കുമായി കനത്ത ശബ്ദങ്ങള്‍ പടി കടന്നു വരുന്നില്ല,
ലോണിന്റെ കുടിശ്ശിക കണക്കുമായി ബാങ്കിന്റെ കുറിപ്പടികള്‍
പോസ്റ്റുമാന്റെ സഞ്ചിയിലിരുന്നു ചിരിക്കുന്നില്ല....
സുഹൃത്തിന്റെ സങ്കട സഞ്ചിയില്‍ പങ്ക് വെക്കേണ്ടതില്ല..
തലവേദനകള്‍ ,കണക്കൊപ്പിക്കാനുള്ള തത്രപ്പാടുകള്‍ ..
ടെന്‍ഷനുകള്‍ ..ജിവിത യാത്രാപ്പാചിലുകള്‍........
ഒന്നുമറിയാതെ ചാരിയിരുന്നു മയങ്ങാം.........
കത്രികയുടെ ചിലക്കലുകള്‍ അണ്ണാരക്കണ്ണന്റെ ചാഞ്ചാട്ടങ്ങള്‍ ..
ബ്ലേഡ്ന്റെ തലോടല്‍ തളിരിലകള്‍ തഴുകിയെത്തും കുളിര്‍ക്കാറ്റാകുന്നു.
പൌഡറിന്‍ മണം കൈതപ്പൂവിന്‍ സുഗന്ധം,ലോഷന്റെ നീറ്റം
കാന്താരി മുളകിന്‍ എരിവ് ...സ്പ്രേയറിന്‍ ശീല്‍ക്കാരം
ച്ചാറ്റല്‍ മഴ തന്‍ കുളിര്‍മ്മ...നോസ്ടാള്‍ജിയകള്‍ തന്‍ മേളങ്ങള്‍!
ഈ യൂഷരഭൂവില്‍ സ്വപ്നങ്ങള്‍ നിനവിലെത്തുമതിവേഗം...
കാണാം സ്വപ്നനങ്ങള്‍ ,പരിതപിക്കാം ,രോഷാകുലരാകാം
പ്രതികരിക്കാം... എല്ലാം,മൃദുല വികാരങ്ങള്‍ തന്‍ തലോടലുകള്‍..
തല വെച്ച് കൊടുക്കാം എല്ലാം മറക്കാം..വടി ചൊതുക്കുന്ന
മുടിയുടെ അതിരുകള്‍ ,വെട്ടിയൊതുക്കിയ മീശത്തുമ്പുകള്‍ . ..
ക്രീം തേച്ചു മിനുക്കുന്ന കവിള്‍ തടങ്ങള്‍. .ആലസ്യമാണ്ട് തൂങ്ങിയവന്‍..
മുടി മുറിക്കാന്‍ പോയിരുന്നാല്‍ സ്വപ്നങ്ങള്‍ കണ്ടുറങ്ങുന്നവര്‍ ....
ഗന്ധക ഭൂവില്‍ ജീവിതമുരുകി തീര്‍ന്നോര്‍ ...കിനാവുകള്‍
ഉരുക്കിയുരുക്കി മാണിക്യക്കല്ലുകള്‍ തീര്‍പ്പവര്‍...നമ്മളീ പ്രവാസികള്‍!
...........................................................................
സ്വപ്‌നങ്ങള്‍ വെട്ടിയൊതുക്കുമ്പോള്‍ ...
............................................................................