Friday, September 9, 2011

കരിന്തിരികള്‍...

കരിന്തിരികള്‍...

കഴിഞ്ഞുവോ ഉത്സവഘോഷങ്ങള്‍,മേളങ്ങള്‍..?

ഒടുങ്ങുന്നു ആഘോഷ തിമിര്‍പ്പുകള്‍ തന്നാരവം...
ഇനിയീ വഴികളിലൊന്നു മാത്രംശേഷിപ്പൂ,അണയുമൊരു
കരിന്തിരി, ചവച്ചു തുപ്പിയൊരു കടലാസ്തുണ്ട്,
മടിക്കുത്തഴിഞ്ഞൊരു മാനത്തിന്‍ കണ്ണുനീര്‍..   .
ഓടയില്‍ തകര്‍ന്നൊരു ചില്ല് കുപ്പി, കുപ്പയില്‍ തള്ളിയൊരു
പളുങ്ക് പാത്രം..വിലയില്ലത്തൊരു നരജന്മം....
പദം പദം താനേ പതിഞ്ഞു ..അകത്തളങ്ങളില്‍
കരിയുന്നു സ്ത്രീ ജന്മമൊരു കരിന്തിരിയായി..

ഇരുള്‍ വീണോരു  ഗോവണി തന്നിടവഴിയില്‍
അമര്‍ന്നു പോയൊരു ബാലിക തന്‍ ഞെരക്കമൊരു
കുഞ്ഞു കുരുവി തന്‍ നെഞ്ചകം ഞെരിഞ്ഞത് പോല്‍.
കൊത്തുന്നു കഴുകന്മാരീ ശവങ്ങള്‍ തന്നസ്ഥിയില്‍
നിര്‍ലജ്ജമീ മാനുഷര്‍ തലയാട്ടി രസിച്ചു കേള്‍പ്പൂ ..
വീണ്ടുമീ ശവങ്ങള്‍ ഭുജിക്കുന്നു..ശയിക്കുന്നു
മെത്തമേല്‍ സസുഖം..കാണ്മൂ രസമോടെയീ 'കഥകളി'കള്‍ ..

ഒരു പതിഞ്ഞ പദം.പുറപ്പാട് കഴിഞ്ഞുവോ.
കഴിഞ്ഞുവോയീക്കഥകള്‍ ..തിരക്കഥ തീര്‍ന്നുവോ??
എവിടെയാ മധുരമനോജ്ഞമാം സ്വര്‍ഗ്ഗ തീരങ്ങള്‍?
എവിടെയാ സുന്ദര സുരഭില മുഹൂര്‍ത്തങ്ങള്‍??

ഒന്ന് തഴുകി ,തലോടി യോമനിക്കുമാ കവികള്‍

തന്‍  പ്രേമ പുരുഷനെവിടെ? എവിടെയാ
പ്രേമ തീരങ്ങള്‍?എവിടെയാണനുരാഗികള്‍
തന്‍ പ്രണയ സുന്ദര തീരങ്ങള്‍??
കുഞ്ഞു കുരുവികള്‍ ചതഞ്ഞരഞ്ഞു തീരുമീ
കറുപ്പിന്‍ തീരമൊരു ശാപ ഭൂമിയോ?
ഇല്ല പ്രണയവുമില്ല,മോഹവുമിനിയൊരു
ജന്മമീ ,മണ്ണിലൊരു നാരിയായിജനിച്ചീടുവാന്‍..

പദം പദം താനേ പതിഞ്ഞു ..അകത്തളങ്ങളില്‍
കരിയുന്നു സ്ത്രീ ജന്മമൊരു കരിന്തിരിയായി..

                      .    .ബിപിന്‍ ആറങ്ങോട്ടുകര.

(സ്ത്രീ അമ്മയാണ്.ദേവിയാണ്,സര്‍വം സഹയാണ്...പ്രകൃതിയാണ് ,ഈ പ്രപഞ്ചമാണ്!! കേരളത്തിലെ എല്ലാ സ്ത്രീകള്‍ക്കുമായി ഇത് ഞാന്‍ സമര്‍പ്പിക്കുന്നു..)
             

2 comments: