. ആറങ്ങോട്ടുകരയുടെ ചിത്തഭ്രമക്കാര്‍ "!..
ഇത് എന്റെ ഗ്രാമത്തിലെ ചിത്തഭ്രമക്കാരുടെ ഒരു വിവരണമാണ്! ! ആര്‍ക്കാണ് ചിത്തഭ്രമം എന്ന് ഞാന്‍ സ്വയം ചോദിക്കാറുണ്ട്... ചിത്തഭ്രമം എങ്ങനെയാണ് നമ്മള് തിരിച്ചറിയുന്നത്?.ഒരര്‍ത്ഥത്തില്‍ ചെറുതും വലുതുമായ ചിത്തഭ്രമത്തിന്റെ പിടിയില്‍ തന്നെയല്ലേ നമ്മളും? ഉന്മാദത്തിന്റെ ഏറ്റക്കുറചിലുകള്‍ ഏത് അളവ് കോലില്‍ വെച്ചാണ് നമ്മള് അളക്കേണ്ടത്? ചുപസ്വാമി ,അബു ,കുടബാലന് നായര്‍ ,കള്ളിച്ചെല്മ്മ,ഡ്യൂട്ടിചാത്തപ്പന്,പൂച്ച പോലീസ് .. അങ്ങനെ ചെറുതും വലുതുമായ ഉന്മാദികളുടെ ഒരു നിര തന്നെയുണ്ട്..അതില്‍ ചിലരെ കുറിച്ച് ഒരു വിവരണം..പലതും കണ്ടതിനെക്കാള്‍ കേട്ടതിനാണ് മുന്‍ തൂക്കം..!! ഇവരെല്ലാം എന്റെ നാട്ടിലെ "ദിവ്യന്' മാരാണ് എന്ന് പറയാനാണ് എനിക്കിഷ്ടം!!
ഒരു വിവരണം ..(ഒന്ന്) ..
തുടക്കം അബുവില്‍ നിന്നാകാം ..എന്റെ സുഹൃത്ത് ഹൈദ്രോസിന്റെ ചേട്ടനാണ് അബു.. "ഇസ്ഇസ് "എന്നൊരു മൂളക്കമാണ് അബു എന്ന ഓര്‍മയില്‍ ആദ്യം തെളിയുക..അബുവിന്റെ ദിവസങ്ങള്‍ തുടങ്ങു ന്നതെങ്ങിനെ നടക്കുന്നതെങ്ങിനെ? ..കൈവീശി കൈവീശി ദിവസം മുഴുവന്‍ അബു അറങ്ങോട്ട്കരയുടെ ഇട വഴികളിലൂടെ നടന്നു കൊണ്ടേയിരിക്കും!!.ഒരു ഇടവഴിയുടെ തിരിവില്‍ പെട്ടെന്ന് അബു നമ്മളെ പേടിപ്പിച്ചു കൊണ്ട് മുന്നില്‍ ചാടി വീഴും..വന്നു ഇടിക്കുമോ എന്ന് നാം ഭയക്കുമ്പോള്‍ നിസംഗനായി അബു വെട്ടിയൊഴിഞ്ഞു ധൃതി യില്‍ കടന്നു പോകുന്നു.. ചായ ക്കടയിലെ ബെഞ്ചിന്റെഓരത്ത് പെട്ടെന്ന് ഒരില വന്നു വീഴുന്നത് പോലെ അബു വന്നിരിക്കുന്നു.".ഒരു ചായ" എന്നൊരു ശബ്ദം കേള്‍ക്കാം...ചിലപ്പോള്‍ ആരെങ്കിലും വാങ്ങി കൊടുക്കും, മിക്കവാറും ഒരു ചായ ആ കടക്കാരന് തന്നെ അബുവിനു നല്കിയിരിക്കും.. ഓര്‍മയുടെ ഏടുകളില്‍ അബു ഒരു കച്ചവടക്കാരനായിരുന്നു..ആറങ്ങോട്ട്കരയിലെ ആദ്യത്തെ യുനിയന് കാരനായിരുന്നുഅബു ..കരുത്തനാണ് ഇന്നും അബു. ആരെയും ദ്രോഹിക്കാത്ത ഒരുവന്!! കട്ടികള്‍ ഭക്ഷണംകഴിക്കാന്‍ മടിക്കുമ്പോള്‍ അബുവിനെ വിളിക്കുമെന്ന് പറഞ്ഞു അവരെ പേടിപ്പിക്കുമായിരുന്നു..അമ്മമാര്‍ കുട്ടികളെ പേടിപ്പിക്കാന്‍ ഇപ്പോഴും അബുവിനെ ചൂണ്ടിക്കാണിക്കുന്നു..എന്നാല്‍ അബു ആരെയും ദ്രോഹിക്കാത്ത ഒരു പാവമായിരുന്നു..തന്റെ നിരന്തരമായ നടത്തം നിസ്സംഗമായി അയാള്‍ നടന്നു തീര്‍ക്കുന്നു! .തിരിച്ചു വരുന്ന ഓര്‍മകളില്‍ എപ്പോഴോ തന്നെ ഷോക്കടിപ്പിച്ച കഥ അബു പറയു മായിരുന്നുവെന്നു ഹൈദ്രോസ് പറയാറുണ്ട്! ഒരു സ്നേഹബന്ധത്തിന്റെ നഷ്ട്ടബോധം അബു വിന്റെ ഉന്മാദത്തിനു പിന്നില്‍ പതിവുപോലെപറഞ്ഞുകേള്ക്കുന്നു...ഷൊര്‍ണൂരില്‍നിന്നും രാത്രി സിനിമ കണ്ടു വരുമ്പോള്‍ ഒലിച്ചിയില്‍ വെച്ചു എന്തോ കണ്ടുപേടിച്ചു എന്ന സാധാരണ കഥയും കൂടെയുണ്ട്!! ഒരിക്കല്‍ അസുഖം മാറിയ അബു വീണ്ടും ഉന്മാദ ത്തിന്റെ കയങ്ങളിലേക്ക് വീഴുകയായിരുന്നുവത്രേ..
എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് അബു ആറങ്ങോട്ട്കരയുടെ ഭൂമിശാസ്ത്രമാണ് അളന്നു തിട്ടപ്പെടുത്തുന്നത്! നിരന്തരമായ നടത്തത്തില്‍ തന്നെയാണ് അബു ഇപ്പോഴും! അബു ഇപ്പോഴുംനടന്നുകൊണ്ടേയിരിക്കുന്നു .. ..തന്റെ ഉന്മാദ കാലം അബു നടന്നു തീര്‍ക്കുന്നു, അബു തിരക്കിലാണ്! ".ഈസ്.. ഈസ് " എന്നൊരു മൂളല്‍ ഇപ്പോഴും ഇടവഴികളിലും വഴിത്താരകളിലും കേള്ക്കുന്നണ്ടാകും!!
രണ്ട്:
ഒരു ക്ഷമാപണം ഉണ്ട്..ഇവിടെ ചില കഥ പാത്രങ്ങളെ ഞാന്‍ ഒഴിവാക്കുകയാണ്... ചിലരുടെ കുടുംബങ്ങള്‍,അനന്തര തലമുറകള്‍. ചില പരാമര്‍ശങ്ങള്‍ അവരെ വിഷമിപ്പിച്ചേക്കും !.അവര്‍ക്കൊരു വിഷമം ഉണ്ടാകരുതെന്ന് കരുതുന്നു..പക്ഷെ, ഒരിക്കലും ഒഴിവാക്കാന്‍ കഴിയാത്ത ചിലരുണ്ട്..അവര്‍ അറങ്ങോട്ടുകരയുടെ പൊതു സ്വത്താണ്!! ഒരു കള്ളിയിലും ഒതുങ്ങാത്ത,ഒരു ചട്ടകൂടിലും ഒതുക്കാന്‍ കഴിയാത്തവര്‍!! അവരെ കുറിച്ച് പറയാതിരിക്കാന്‍ വയ്യ!!
ഇനിപറയേണ്ടത് അല്ലെങ്കില്‍ ആദ്യമേ പറയേണ്ടിയിരുന്നത് ചുപസ്വാമി യെ കുറിച്ചാണ്. സുബ്രമണി അയ്യര്‍ എന്ന ചുപസ്വാമി..അത് പിന്നീടാകാം ..കാരണം എന്റെ എഴുത്ത് കള്ളികളില്‍ ഒതുക്കാന്‍ കഴിയാത്ത, എന്റെ സാധാരണ അക്ഷര കൂട്ടുകളില്‍ എഴുതാന്‍ കഴിയാത്ത ഒരു കഥാപാത്രമാണതു!! നമ്മുടെ മഹാരഥന്മാരുടെ ജീവിത വീക്ഷണങ്ങളെല്ലാം എത്രത്തോളം വികലമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞത് ആ ജിവിത ചേഷ്ടകളില്‍ നിന്നാണ്! അത് കൊണ്ട് ഞാനത് പിന്നെ പറയാം.... നമുക്ക് തുടരാം അല്ലേ ??....
കള്ളിച്ചെല്ലമ്മ :
അവരുടെ പേര് എന്താണെന്ന് ഇപ്പോഴും എനിക്കറിയില്ല ..ബാല്യത്തിന്റെ കൂതുഹലങ്ങളില്‍ മങ്ങാതെ നില്ക്കുന്ന ഒരു ബിംബം! നിറങ്ങളുള്ള സാരിയു മുടുത്തു ചപ്രതലമുടിക്കെട്ടില് നിറയെ പൂക്കള്‍ വെച്ചു ചുവന്ന റിബ്ബണ്‍ കെട്ടി , കൈത്തണ്ടയില്‍ നിറയെ കുപ്പിവളകള്‍ അണിഞ്ഞു നെറ്റിയില്‍ വലിയൊരു സിന്ദൂര പൊട്ടും അണിഞ്ഞു മെലിഞ്ഞുണങ്ങിയ ഒരു രൂപം!
പെട്ടെന്നെപ്പോഴോ അവര്‍ പ്രത്യക്ഷപ്പെടും! എവിടെ നിന്നു വരുന്നു ,എവിടേക്ക് പോകുന്നു..ഒന്നുമറിയില്ല ..ഞങ്ങള്‍ കുട്ടികള്‍ കൌതുകത്തോടെ അവര്‍ക്ക് ചുറ്റും
കൂടും..അവര്‍ പാട്ടുകള്‍ പാടും ,ഹിന്ദി, തമിഴ് ,മലയാള ഗാനങ്ങള്‍.. അവരുടെ മുടിയിഴകളില്‍ നര വീണിരുന്നു എന്നാണ് എന്റെ ഓര്മ..ചിലപ്പോള്‍ തന്റെ സഞ്ചിയില്‍നിന്നും അവര്‍ മിട്ടയികള്‍ എടുത്തു തരും..നാരങ്ങാ മിട്ടായികള്‍ നിങ്ങള്ക്കൊര്മയില്ലേ?മധുരവും പുളിയുമുള്ള നാരങ്ങ മിട്ടായികള്‍. കൂട്ടത്തില്‍ പ്രായം കൊണ്ടും പ്രകൃതം കൊണ്ടും ചെറിയവന് ഞാനായിരുന്നു..എപ്പോഴും എണ്ണത്തില്‍ കൂടുതല്‍ മിടായികള്‍ എനിക്ക് കിട്ടും!! ഞങ്ങള്‍ കുട്ടികള്‍ അവര്‍ക്ക് ചുറ്റുംകൂടും..പാട്ടുകള്‍,കഥകള്‍,ഡാന്‍സ് . ..അതൊരുമേളംതന്നെയായിരുന്നു..വീട്ടില്‍ മണ്ണ്കൊണ്ടുണ്ടാക്കിയഒരുതിണ്ണയുണ്ടായിരുന്നു.. അതിന്മേല് കയറി നിന്നു പാട്ടും പാടി ഡാന്‍സ് ചെയ്യുന്ന ആ രൂപം ഇപ്പോഴും എന്റെ ഓര്‍മയിലുണ്ട്..!! "മാനസ മൈനേ" ..എന്ന ഈരടികള്‍ ഇപ്പോഴും എന്റെ കാതുകളില്‍ ഉണ്ട്!!
അമ്മയാണവര്ക്ക് "കള്ളിച്ചെല്ല" എന്ന പേരിട്ടത്! ഞങ്ങളത് അവര്‍ കേള്‍ക്കെ തന്നെ വിളിച്ചിരുന്നു. അത് കേട്ടാലവര്‍ ഉറക്കെ ചിരിക്കും...ഒരു പേരില്‍ ഒതുങ്ങാന്‍ കഴിയാത്ത അവസ്ഥയില്‍ അവര്‍ എപ്പോഴെ എത്തിയിരുന്നു!! തീരെ പ്രതീക്ഷിക്കാത്ത ഒരു ദിവസം അവര്‍ പൊട്ടിവീഴും!! അവര്‍ ഒരു ദുരൂഹത തന്നെയായിരുന്നു..ഹൈസ്കൂളില്‍ പോകാന്‍ തുടങ്ങിയിരുന്ന ചേട്ടന് ഒരിക്കല്‍ രഹസ്യ മായി പറഞ്ഞു ..കള്ളിച്ചെല്ലമ്മ സി ഐ ഡി യണത്രെ!! അതൊരു ബടായി ആണെന്ന് ഞങ്ങള്‍ കരുതിയില്ല ,സത്യമെന്ന് തന്നെ ഉറപ്പിച്ചു..ഞങ്ങള്‍ ഗ്രാമീണര്ക്ക്അപരിചിതരായ എല്ലാവരും പ്രേംനസീര്‍ കഥകളിലെ വേഷം മാറി വരുന്ന സി ഐ ഡി കളായിരുന്നു!! അങ്ങനെ തന്നെ വിശ്വസിക്കാന്‍ ഞങ്ങള്‍ കുട്ടികള്‍ക്ക് ഇഷ്ടവുമായിരുന്നു!!ഞങ്ങളുടെ കള്ളിച്ചെല്ലമ്മ ഒരു വനിത സിഐഡി യാണെന്നു പറയുന്നത് തന്നെ ഒരു ഗമയായിരുന്നു..!!
അവര്‍ മിക്കവാറും മാസത്തില്‍ ഒരിക്കല്‍ വരും..അതൊരു സ്കൂളില്ലാത്ത ദിവസമാകണേ എന്ന് ഞങ്ങള്‍ വിചാരിക്കും..രാവിലെ വന്നെത്തുന്ന അവര്‍ മതിയാവോളംഭക്ഷണവുംകഴിച്ചുഒന്ന്മയങ്ങിവൈകീട്ടേപോകാറുള്ളൂ..അതിന്നിടയിലെ ഭ്രാന്തന് ചേഷ്ടകള്ഞങ്ങളെ രസിപ്പിക്കും!!
ചിലപ്പോള്‍ അമ്മ കൊടുക്കുന്ന ഭക്ഷണം പൊതിഞ്ഞു കെട്ടികള്ളിച്ചെല്ലമ്മ കൊണ്ട് പോകും. ..ആ തിരിച്ചു പോക്ക്ഞങ്ങള് വേദനയോടെ നോക്കി നോക്കി നില്ക്കും..റോഡില്‍ കുറുക്കന് മൂച്ചിയും കടന്നു കാഴ്ച്ചയില്നിന്നുംമറയുന്നത് വരെഞങ്ങളങ്ങനെ നോക്കി നില്ക്കും..എവിടേക്കാണ് അവര്‍ പോയിരുന്നത്?
എല്ലാ വീടുകളിലും അവര്‍ പോകാറുണ്ട്,പാട്ടുപാടി കിട്ടുന്ന പൈസയും വാങ്ങി അവര്‍ പോകും ..പക്ഷെ വീട്ടില്‍ നിന്നു മാത്രമേ അവര്‍ എന്തെങ്കിലും വാങ്ങി കഴിചിരുന്നുള്ളൂ..!! ഇപ്പോഴും ഞാന്‍ വിശ്വസിക്കുന്നത് അവര്‍ ഭ്രാന്ത് അഭിനയിക്കുകയായിരുന്നു വെന്നാണ്!
അവരെ കുറിച്ച് കഥകള്‍ അനവധി യുണ്ടാക്കി പറഞ്ഞിരുന്നു ഞങ്ങള്‍ ഗ്രാമീണര്‍!!
അമ്മ ചിലപ്പോള്‍ അവരെ ചീത്ത പറയും..ഉച്ചക്ക് ചോറ് കഴിച്ചു കഴിഞ്ഞാല്‍ സഞ്ചിയില്‍ ഭദ്രമായി വെച്ച മുറുക്കാന്‍ ചെല്ലം അവര്‍ പുറത്തെടുക്കും ..അത് കാത്താണ് ഞങ്ങളുടെ ഇരുപ്പു ..മൂന്നുംകൂട്ടി മുറുക്കല്‍..അതൊരു ആഘോഷമായിരുന്നു..അതിനിടയില്‍ അവര്‍ രഹസ്യമായി തന്റെ ബീഡി പൊതി പുറത്തെടുക്കും..അമ്മ കാണാതെ രഹസ്യമായി പുക വലിച്ചു വിടും!
അമ്മയെ ചെറിയൊരു പേടിയുണ്ടായിരുന്നു അവര്‍ക്ക്..ഭയം കലര്‍ന്ന ഒരു തരം സ്നേഹം..ഒരമ്മ മകളെ ഭയപ്പെടുന്നത് പോലെ യാണ് അതെന്ന് ഇപ്പോള്‍ എനിക്ക് മനസ്സിലാകും....
ബീഡി വലിക്കുന്നത് കണ്ടു വന്നാല്‍ കുട്ടികളുടെ മുന്പില് തോന്ന്യാസം കാട്ടിയതിനു അമ്മ അവരെ ശകാരിക്കും ..മുറുക്കിച്ചുകപ്പിച്ച പല്ലുകള്‍ കാട്ടി അവര്‍ ഞങ്ങളെ നോക്കി കണ്ണിഇറുക്കി ചിരിക്കും ..ഞങ്ങള്‍ കൂട്ടു കൂടി ഉറക്കെ ചിരിക്കും..
അത് കഞ്ചാവ് ബീഡിയാണെന്ന് കുട്ടിചെക്കന്‍ ഒരിക്കല്‍ പറഞ്ഞു..തള്ളയുടെ ഒരഹമ്മതിയെ എന്നും..!! ഒരിക്കല്‍ വേലക്കാരി നബീസു എന്തോ പറഞ്ഞതിന് കള്ളിച്ചെല്ലമ്മ എന്തൊക്കയോ തമിഴിലും ഇംഗ്ലീഷിലും ഉറക്കെ ചീത്ത പറഞ്ഞു..
അവര്‍ നന്നായി ഇംഗ്ലീഷ് പറയുമായിരുന്നുവെന്ന് കുറെ ക്കാലം കഴിഞ്ഞപ്പോഴാണ് ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്!!.....
വളര്‍ച്ചയുടെ ദിനങ്ങളില്‍ അവര്‍ എന്റെ ഓര്‍മയില്‍ നിന്നും മെല്ലെ മാഞ്ഞു പോയി..എങ്കിലും എന്റെ മനസ്സില്‍ വീണ ഒരു കണ്ണ് നീരിന്റെ പൊള്ളല്‍ ഇപ്പോഴും എന്നെ വിട്ടുമാറിയിട്ടില്ല!!
എപ്പോഴോ കള്ളിചെല്ലമ്മയെ കാണാതായി..കള്ളന്മാരെ കണ്ടു പിടിച്ചു സി ഐ ഡി ജോലി മതിയാക്കി പോയതായിരിക്കും എന്ന ഞങ്ങള്‍ കുട്ടികള്‍ കരുതി..
പിന്നീട് കേട്ട കഥകളില്‍ ഷോര്‍ണൂര്‍ റയില്‍വേ സ്റേഷന് പരിസരത്ത് ട്രെയിനിടിച്ച് മരിച്ച ഒരനാഥ ശവത്തിനു കള്ളി ചെല്ലമയുടെ രൂപമുണ്ടായിരുന്നു വെന്നാണ് ! ഇപ്പോഴും ഞാനത് വിശ്വസിക്കുന്നില്ല!! അവര്‍ ഈ ഭൂമിയില്‍ അലിഞ്ഞു ,അലിഞ്ഞില്ലാതായി എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം..!!
ഒരോര്‍മ കൂടി പങ്കു വെക്കട്ടെ..ഒരു ദിവസം തീരെ യാദൃചികമായി അവരെത്തി.. പതിവ് പോലെ എവിടെ നിന്നോ പൊട്ടി വീണു! അന്നു ഞാന്‍ മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ ..ഭക്ഷണം കഴിഞ്ഞു പതിവ് പോലെ അവര്‍ മുറുക്കാന്‍ ചെല്ലം പുറത്തെടുത്തു..കൌതുകമോടെ ഞാനും കൂടി..മുറുക്കുന്നതിനിടയില്‍ അവര്‍ എനിക്ക് കഥ പറഞ്ഞു തരുന്നുണ്ടായിരുന്നു..എപ്പോഴോ ഞാന്‍ ഉറക്കത്തിലേക്കു വഴുതി വീണു..എന്റെ മുടിയിഴക്ള്ക്കുള്ളില് സൌമ്യതയോടെ അവരുടെ വിരലുകള്‍ ചികയുന്നുണ്ടായിരുന്നു . എന്റെ നെറുകയില്‍ അവര്‍ സ്നേഹമോടെ തലോടി കൊണ്ടിരുന്നു..ഉറക്കത്തിന്റെ കയങ്ങളിലേക്ക് ഞാന്‍ മെല്ലെ, മെല്ലെ കൂപ്പു കുത്തി....
അമ്മഉറക്കെപേരുചൊല്ലിവിളിക്കുന്നത്കേട്ടാണ്ഞാന്ഉണര്ന്നത്..ദേഷ്യമോടെമുന്നില് അമ്മ.. കള്ളിചെല്ലമ്മ യുടെ മടിയില്‍ കിടന്നുറങ്ങുകയാണ് ഞാന്‍! അമ്മയുടെ മുഖത്ത് ദേഷ്യം കനംവെച്ചു നില്‍ക്കുന്നത് ഞാന്‍ പേടിയോടെ കണ്ടു..എന്തോ ദേഷ്യത്തില്‍ പറയാനാഞ്ഞ അമ്മ പെട്ടെന്ന് നിന്നു പോയി..ഞാന്‍ വേദനയോടെ കണ്ടു..നിറഞ്ഞൊഴുകുന്നകള്ളിച്ചെല്ലമ്മ യുടെ കണ്ണുകള്‍....കണ്ണുനീര് ധാരയായി ഒഴുകിയ കവിള് തടം... അമ്മയുടെ ദേഷ്യം അലിഞ്ഞു പോയത് ഞാനറിഞ്ഞു...ഒന്നും പറയാതെ അമ്മ എന്നെ വാരിയേടുത്തു..
ഇപ്പോഴും എനിക്കതിനു ഉത്തരം കിട്ടിയിട്ടില്ല ..എന്തിനായിരിക്കും അവര്‍ എന്നെ മടിയില്‍ കിടത്തി ഉറക്കിയപ്പോള്‍ കരഞ്ഞത്? എന്താണ് അവരുടെ ഓര്‍മകളില്‍ മിന്നി മറഞ്ഞിട്ടുണ്ടാകുകഎന്നെപോലെഒരു മകന്,അല്ലെങ്കില്ഈപ്രായത്തിലുള്ള ഒരു പേരക്കുട്ടി....?ആസ്മരണകള്ആയിരിക്കുമോഅവരെകരയിച്ചിരിക്കുക..സമ്പന്നമായ ഒരു ഭൂത കാലത്തിന്റെ ഓര്‍മ്മകള്‍...അതാണോ അവരെ ഉലച്ചു കളഞ്ഞത്?
അല്പ നേരത്തിനു ശേഷം അവര്‍ പോകാന്‍ തയ്യാറായി.".കുട്ടിയെവിടെ '' ?എന്നവര്‍ അമ്മയോട് ചോദിച്ചു..ഒന്നും മിണ്ടാതെ അമ്മയെന്നെ അവരുടെ മുന്നിലേക്ക് നീക്കി നിര്‍ത്തി.. അവരെന്റെ നെറുകയില്‍ അമര്‍ത്തി ചുംബിച്ചു....
ഒഴുകി വീണ കണ്ണുനീര് തുള്ളികള്‍ എന്റെ നെറുകയില്‍ ഒരു പൊള്ളലോടെ പതിച്ചു.. ആ കണ്ണ് നീരിന്റെ പൊള്ളല്‍ ഇപ്പോഴും എന്റെ മനസ്സിനെ ദഹിപ്പിക്കുന്നു... ഒരിക്കലും ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി എന്റെ മനസ്സില്‍ ആ പൊള്ളല്‍ ഇപ്പോഴും ഉണ്ട്.. ..
മൂന്ന്:
.ഇതെഴുതുമ്പോള്‍ ഒരു തരം വല്ലാത്ത മന ;സംഘര്‍ഷം ഞാനറിയുന്നുണ്ട്!!എവിടെയൊക്കയോ ,എന്തൊക്കയോ കുത്തി നോവിപ്പിക്കുന്നു....താസ്മാര്ത്ത വിചാരതിന്നോടുവില് ഭ്രഷട്ട് കല്പ്പിച്ചു കിട്ടിയ അപമാനവുമായി അവര്‍ ഈ കരയോട് വിട പറഞ്ഞു..കരളുരുകിയ ശാപവചനങ്ങളുമായി... ആയഒരുജന്മംഎപ്പോഴുമുണ്ടാകുന്നുവത്രേ..!!
തത്രികുട്ടിയുടെ ശാപംഎന്നും അറങ്ങോട്ടുകരയുടെ മുകളില്‍ ഒരു കാര്‍മേഘമായി തങ്ങി നില്ക്കുന്നുണ്ടോ??കൂടെ തകര്‍ന്നു പോയ മറ്റു ജന്മങ്ങളും, അവരുടെ ശാപ വചനങ്ങളും??
ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് .എന്ത് കൊണ്ട് ഇവിടെ ഇത്രയധികം ചിത്ത രോഗികള്‍? മാത്രമല്ല ഓരോ മഴക്കാലത്തിനു ശേഷവും ഒരു ഉന്മാദി തെരുവില്‍ എത്തിപ്പെടുന്നു..പിന്നീട് ചിലപ്പോള്‍ തിരിച്ചു പോയേക്കാം..അല്ലെങ്കില്‍.ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായെക്കും .. എന്ത് കൊണ്ട്ടാണ് അങ്ങനെ??എന്ത് കാന്തിക ശക്തിയാണ് ഈ ഉന്മാദികളെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നത്? മുകളില്‍ വിങ്ങി വിങ്ങി നില്ക്കുന്ന ശാപത്തിന്റെ മേഘങ്ങളോ ??
ആറങ്ങോട്ടുകര യെ മുഴുവന്‍ ഗ്രസിച്ചു നില്ക്കുന്ന താത്രികുട്ടിയുടെ ശാപമാണോ ഇത്??മനക്കപറമ്പിനോട് അടുത്ത് നില്ക്കുന്ന പട്ടന്മാര് മഠത്തില്‍ എതെങ്കിലും ഒന്നി ല്ചിത്തരോഗിയോമന്ദബുദ്ധിയോഈ ശാപം പേറാന്‍ എന്നും ഒരു ഇര ..അല്ലെങ്കില്‍ ഉന്മാദത്തിന്റെ കാന്തിക മേഖല അങ്ങനെ തന്നെ നില നില്ക്കുകയാണോ??
എന്റെ കൂടെ സ്കൂളില്‍ പഠിച്ചിരുന്ന പ്രസാദ് ..ഉന്മാദത്തിന്റെ പുതിയ ഇരയായി ഇപ്പോള്‍ ആളൊഴിഞ്ഞ വാഴക്കാട് മഠത്തില്‍ ഒറ്റയ്ക്ക് ജീവിക്കുന്നു..ചൂടന്‍ പട്ടര് എന്നാണ് ഞങ്ങള്‍ വിളിച്ചിരുന്നത്..പഠിക്കാന്‍ മിടുക്കന് ..ബോംബയിലെ ജോലിയെല്ലാം കളഞ്ഞു ഉന്മാദ ത്തിന്റെ പാരമ്പര്യചങ്ങലക്കണ്ണിയില് ഒരു ഇരയായി ,ഒരു ഭാഗമായി തകര്‍ന്നടിഞ്ഞ മഠത്തില്‍ കരിമൂര്ഘന്മ്മാര് അടയിരിക്കുന്ന,.അണലികള്‍ പെറ്റുകിടക്കുന്ന ഉള്ളറകളില്‍ ,അറങ്ങോട്ടുകരയുടെ തെരുവുകളിലൂടെ ഒരു ഉന്മാദിയായി അയാള്‍ നടക്കുന്നു.. ആ പാരമ്പര്യത്തിന്റെ കണ്ണിയെ കുറിച്ചൊരു ചെറു വിവരണം...
അത് പ്രസാദ് അല്ല.വേണുവാണ്!! കാഞ്ഞിരക്കായ വേണു എന്ന് കളിയാക്കി വിളിച്ചിരുന്ന വേണു..പ്രസാദിന്റെ ചേട്ടന്..
നമ്മുടെ സാധാരണ കള്ളികളില്‍ ഒതുക്കാന്‍ കഴിയാത്ത ബുദ്ധിയുടെ ഉടമ .ശക്തിയുടെയും ബുദ്ധിയുടെയും അളവുകളില്‍ വേണു വിനെ കവച്ചു വെക്കാന്‍ കഴിയുമായിരുന്നില്ല ..ബ്ലാക്ക് ബോര്‍ഡില്‍ ടീച്ചര്‍ കണക്കെഴുതി തിരിയുംപോഴക്കും ഉത്തരവുമായി വേണു മുന്നിലെത്തും !! പൊരു പൊരുപ്പും വികൃതിയുമായി ഒരു കഞ്ഞിര ക്കായയുടെകയ്പ്പ് എന്ന് മറ്റുള്ളവരെ കൊണ്ട് തോന്നിപ്പിക്കുന്ന വേണു.. ..
അമ്പലക്കുളത്തില്‍ മുങ്ങാം കൂളിയിടാനും ചെസ്സ് കളിയില്‍,പന്ത് കളിയില്‍ എന്തിലും വേണുവിനെ തോല്‍പ്പിക്കാന്‍ കഴിയുമായിരുന്നില്ല..ജീവിത ത്തില്‍ പക്ഷെ,വേണു തോല്‍പ്പിക്കപ്പെട്ടു! ഒരു മനോരോഗിയെന്നു മുദ്രകുത്തപ്പെട്ടു ..അതൊരു തനിയാവരത്തനമായിരുന്നുവോ? അതി ബുദ്ധിക്കു മുകളില്‍ വേണു വിന്റെ മേല്‍ ഉന്മാദം ആരോപിക്കപ്പെടുകയയിരുന്നുവോ? ഉന്മാദി യായ ഒരു കാര്‍ന്നോരുടെ പിന്‍ഗാമിയായി വേണു മുദ്ര കുത്തപ്പെടുകയയിരുന്നുവോ?അല്ലെങ്കില്‍ വേണുവിന്റെ ഉയര്‍ന്ന ബുദ്ധിയെ ഉള്‍ക്കൊള്ളാന്‍ നമ്മള് സമൂഹത്തിനു കഴിയാതെ പോയത് കൊണ്ടോ??
മങ്ങിയ മനസ്സുമായി ഇംഗ്ലീഷ് മരുന്നുകള്‍ ഊറ്റികുടിച്ച തകര്‍ന്ന ആരോഗ്യവുമായി
ഒടുവില്‍ വീട്ടുമുറ്റത്ത് ഒരു പേരമരകമ്പില് ഒരു തുണ്ട് കയറില്‍ വേണു ഈ ജിവിതത്തെ തോല്‍പ്പിച്ചു....
(.ഇത് ആരെയും വേദനിപ്പിക്കില്ല എന്ന് കരുതുന്നു. ഇതെഴുതെണ്ടി വന്നതില്‍ വേദനയുണ്ട്..മാപ്പ്..!!)
നാല്:
ഇതെഴുതെണ്ടി വരുന്നതിന്റെ ധര്‍മസങ്കടം നിങ്ങള്‍ക്ക് ഊഹിക്കാന്‍ കഴിയുന്നതിലും എത്രയോ അധികമാണ്!! എന്താണ് ഉന്മാദം എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? എപ്പോഴെങ്കിലും ഒരു ഉന്മാദത്തിന്റെ പടിവാതില്ക്കല് അല്ലെങ്കില്‍ പടിക്കെട്ടിനു താഴെ വരെ പോയി തിരിച്ചു വന്ന ഒരനുഭവം ഒരു പക്ഷെ എല്ലാവരുടെ ജീവിതത്തിലും സംഭവിച്ചിട്ടുണ്ടാകും..ഭാഗ്യവശാല്‍ നമ്മള് ആ പടിക്കെട്ട് കയറാതെ തിരിച്ചു പോന്നു.!! പക്ഷേ അത് ഭാഗ്യ മായിരുന്നോ അതോ നിര്‍ഭാഗ്യമോ? ആ പടിക്കെട്ട് കയറി കയറി ഉയരങ്ങളിലേക്ക് , ഉന്മാദത്തിന്റെ ഉദാത്തമായ ഒരു ലോകത്തിലേക്ക് ധീരന്മാരെപോലെ അവര്‍ കയറി കയറി പോവുകയയിരുന്നില്ലേ? ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ നമ്മള് എങ്ങിനെയാണ് വേര് തിരിച്ചു കണ്ടത്?? സത്യത്തില്‍ അവരായിരുന്നില്ലേ ഭാഗ്യവാന്മാര്!! ആ ഉന്മാദികള്നമ്മെപരിഹസിക്കുകകയല്ലേ ചെയ്തത്? നിങ്ങള്‍ നിസ്സാരന്മാര് എന്ന് നമ്മെ പുച്ച്ചിക്കുകയല്ലേ അവര്‍ ചെയ്യുന്നത്? ഒരു ധര്‍മ സങ്കടം നിങ്ങള്‍ക്കുമില്ലേ...??? തുടരാം ...
കുട ബാലന്നായര്" ....കീറി പൊളിഞ്ഞ ഒരു വലിയ മാറാപ്പ് തോളില്‍, ,അവിടവിടെ തുന്നി കൂട്ടിയ ഒരു കാലന് കുട..പല്ല് തേക്കാതെ പുഴുപ്പല്ല് കയറിയ പല്ലുകള്‍..വളഞ്ഞു കുത്തിയ ഒരു രൂപം...കുറെ ക്കാലം ആറങ്ങോട്ടുകരയുടെ തെരുവുകളിലെ ഒരു സാന്നിധ്യ മായിരുന്നു അയാള്‍..എന്റെ ഓര്‍മകളില്‍ ഒരു നീണ്ട കാലം കടത്തിണ്ണകളിലും ബസ് സ്ടോപിലും ചുരുണ്ടു കൂടുന്ന ഒരു മനുഷ്യ രൂപം..ഒരു കാലന് കുടയുമായി നരച്ചു പിഞ്ഞി കീറിതുന്നികൂട്ടിയ ഒരു കുടയുമായി എത്രയോ കാലം അയാള്‍ ആ തെരുവുകളിലൂടെ അലഞ്ഞു നടന്നു..ഞങ്ങള്‍ അയാള്‍ക്ക് "കുടബാലന്നായര്" എന്ന വിളിപ്പേരും നല്കി!! ആ കുടയില്ലാതെ അയാള്‍ക്ക് നടക്കാനാവില്ല എന്നെനിക്കു തോന്നിയിട്ടുണ്ട്!! നീണ്ട കാലത്തെ തുന്നിക്കൂട്ടലുകള്‍ മൂലം ആ കുട കനംവെച്ച് കനംവെച്ച് അയാള്‍ക്ക് താങ്ങാന്‍ കഴിയാത്ത ഒരു ഭാരമായി തീരുകയായിരുന്നു.. കുറേക്കാലം സ്കൂള്‍ കുട്ടികള്‍ അയാള്‍ക്ക്ചുറ്റും കൂവി വിളിച്ചു നടന്നു....
തലമുറകളിലൂടെ ആ കൂവല്കൈമാറികൊണ്ടേയിരുന്നു.. എല്ലാ വീടുകളിലും അയാള്‍ ഭിക്ഷ ക്കായി ചെല്ലുമായിരുന്നു..അങ്ങനെ കിട്ടുന്ന പണം ആയിരുന്നു ആ ജീവിതം മുന്നോട്ടു നയിച്ചിരുന്നത്..നടത്തിന്നൊടുവിലും വീണു കിട്ടുന്ന ഇടവേളകളിലും തന്റെ കുട റിപയര്‍ ചെയ്യുമായിരുന്നു അയാള്‍..തന്റെ മാറാപ്പില്‍ എന്തൊക്കെയോ കുത്തിനിറച്ചു കൊണ്ട് അയാള്‍ രാത്രികളില്‍ കടത്തിണ്ണകളില്‍ ചുരുണ്ടു കൂടി..
ഞങ്ങള്‍ അയാളെ അറങ്ങോട്ടുകരയുടെ മുന്‍ നിരകളി ല്‍ നിന്നും തള്ളിമാറ്റികൊണ്ടേയിരുന്നു,എല്ലാഉന്മാദികളെയുമെന്നപോലെഅയാളുംആട്ടിയോടിക്കപ്പെട്ടു .........
ആകാശത്തേക്ക് നീണ്ടു നില്ക്കുന്ന ആ നീളന്കുടയുമായി അയാള്‍ വേച്ചു വേച്ചു തെരുവിലൂടെ നടന്നു.. ഏതോ ലോകത്ത് നിന്നും അയാള്‍ ചില സിഗ്നലുകള്‍ എപ്പോഴും സ്വീകരിച്ചു കൊണ്ടേയിരിക്കുകയായിരുന്നു. എന്ന് തോന്നും... തോളില്‍ ഒതുക്കിയ മാറാപ്പും കാലന് കുടയും ..എത്രയോകാലം അയാള്‍ നടന്നുതീര്‍ത്തു.. നാറുന്ന ആ രൂപത്തെ ഞങ്ങള്‍ വഴിത്താരകളില്‍ നിന്നും ആട്ടിയോടിച്ചു...
എനിക്കോര്‍മയുണ്ട് കാലം കനം കൂട്ടിയ മാറാപ്പും കുടയുമായി താങ്ങാനാവാത്ത ഭാരവുമായി ,പ്രായംതളര്‍ത്തിയ ശരീരവുമായി വേച്ചു വേച്ചു നടക്കാനാകാതെ ഒരു ദയനീയ രൂപമായി അയാള്‍ മാറി...തന്റെ കുടയും മാറാപ്പും ഒരാളെയും അയാള്‍ തൊടീച്ചില്ല... . നാറുന്ന ആ രൂപത്തെ മുന്‍ നിരകളില്‍ നിന്നുംഞങ്ങള്‍ നിഷ്ക്കരുണം ആട്ടിയോടിച്ചു....
ആകുടയുടെ നീണ്ടു നില്ക്കുന്ന കാലിലൂടെ അയാള്‍ ആകാശത്ത് നിന്നും നിര്‍ദേശങ്ങള്‍ ഏറ്റുവാങ്ങി,ഭൂമിയിലേക്ക് കൈമാറിക്കൊണ്ടേയിരുന്നു.. ..
മഴയിലും മഞ്ഞിലുംവെയിലിലുംകാറ്റിലും ദയനീയമായ ആ രൂപം ചുരുണ്ടു കൂടി..
ഒന്ന് സഹതപിക്കാന്‍ പോലും കഴിയാതെ ക്രൂരതയോടെ ഞങ്ങള്‍ അയാളെ ആട്ടിയോടിച്ചു കൊണ്ടേയിരുന്നു...ഒടുവില്‍ ഒരു ദിവസം ഒരു കടത്തിണ്ണയില്‍ തണുത്തു മരവിച്ചു അയാള്‍ തന്റെ സഞ്ചാരം അവസാനിപ്പിച്ചു.ആകാശത് നിന്നും നിര്‍ദേശങ്ങള്‍ ലഭിക്കാനില്ലാതെ ആ കീറകുട അനാഥമായി........
പിരിവെടുത്തു അനാഥ ശവം പതിവ് പോലെ ച്ചുടലയിലെത്തി ,തലമുറകളുടെ പരിഹാസമേറ്റ് വാങ്ങിയ ആ കാലന് കുടയും ആരോ ആചിതയിലെറിഞ്ഞു..
പരിഹാസങ്ങളുടെ, തിരസ്കാരങ്ങളുടെ ഒരു കാലം അവസാനിച്ചു....
അപ്പോഴും പീടിക തിണ്ണയില്‍ ആ നാറുന്ന മാറാപ്പ് കിടക്കുന്നുണ്ടായിരുന്നു..
കുപ്പ തൊട്ടിയില്‍ വലിച്ചെറിയുന്നതിനു മുന്നേ ഒരു കൌതുകത്തിന് ആരോ അത് ചിക്കി ചികഞ്ഞു..തലമുറകളുടെ ഒരു ആകാംക്ഷ യായിരുന്നു അത്! ആ മാറാപ്പ്!!
എത്രയോ തലമുറകളെ ലജ്ജിപ്പിച്ചു കൊണ്ട് ആ മാറാപ്പ് ചുരുളഴിഞ്ഞു വീണു !!
കീറ തുണികള്‍ക്കും കടലാസ്സു കഷണങ്ങള്‍ക്കും ഇടയില്‍ നിറയെ നോട്ടു കെട്ടുകള്‍ !!ഭദ്രമായി കെട്ടിയോതുക്കിവെച്ച ആയിരക്കണക്കിന് രൂപയുടെ നോട്ടു കെട്ടുകള്‍!! അവ ഞങ്ങളെ നോക്കി ഉറക്കെ ഉറക്കെ കളിയാക്കി ചിരിച്ചു..!!
പിന് നിരകളിലെക്ക് ആട്ടിയോടിക്കപ്പെട്ട ഉന്മാദികളുടെ ആല്മാക്കള് ഒരു നീണ്ട നിരയായി ഞങ്ങളെ കളിയാക്കി ചിരിച്ച്കൊണ്ടേയിരുന്നു!!!
അഞ്ച്:
ഒരു മഴക്കാലം കൂടി പെയ്തു തീര്‍ന്നു ..വറുതിയുടെ കര്‍ക്കിടം താണ്ടി ഐശ്വര്യത്തിന്റെ ചിങ്ങത്തിലേക്ക് ,..ഓണക്കാല ത്തിന്റെ സൌഭാഗ്യതിന്നു മുകളിലേക്ക് അറങ്ങോട്ടുകരയുടെ ഉന്മാദകാന്തിക മേഖലയിലേക്ക് ഒരാള്‍ കൂടി വന്നെത്തി !! ഓണത്തിന് മുന്നേയുള്ള ശാന്തമായ പ്രഭാതം ഒരു അലറിക്കരച്ചിലോടെ ഒരു രൂപം തെരുവില്‍ പൊട്ടി വീഴുന്നു..എവിടെ നിന്നു വന്നു..ആര്‍ക്കുമറിയില്ല!!
ഒരു സ്ത്രീ രൂപം ..നാറുന്ന, ഒരസ്ഥികൂടം പോലെ ശുഷ്ക്കമായ ഉന്മാദിയായ ഒരു ഉത്തരേന്ത്യന്‍ സ്ത്രീ രൂപം! ?..അറങ്ങോട്ടുകരയുടെ തെരുവിന് ഒരവകാശി കൂടിയെത്തി!
തെരുവോരത്തെ ബസ് വെയിറ്റിംഗ് ഷെഡ് അവള് സ്വന്തമാക്കി..കുറെക്കാലം അവള് ആ കൂടാരത്തില്‍ ഒറ്റയ്ക്ക് കഴിഞ്ഞു....
നാറുന്ന ആ മനുഷ്യ ക്കോലത്തെ മാറിയോഴിഞ്ഞു എല്ലാവരും നടന്നു പോയി..എന്തൊക്കയോ പുലമ്പി കൊണ്ട് പിറുപിറുത്തു കൊണ്ട് ആ പേക്കോലം അവിടെ ഇരുപ്പായി! എങ്ങനെ അവര്‍ അവിടെ വന്നു ചേര്‍ന്നു?ഏതോ ഉത്തരേന്ത്യന്‍ ഗ്രാമത്തിന്റെ പൊതുവേദി യില്‍ നിന്നും നിഷ്ക്കരുണം തല്ലിയോടിക്കപ്പെട്ട ഒരു മനുഷ്യ ജന്മം..പക്ഷെ എങ്ങനെ കാതങ്ങള്‍ താണ്ടി അവര്‍ ഇവിടെ എത്തി? അവര്‍ പറഞ്ഞിരുന്ന ഭാഷ എന്താണെന്ന് ആര്‍ക്കും മനസ്സിലായില്ല.. തെരു വിന്റെ ഒരു മൂലയില്‍ അവള് ഒതുങ്ങി കൂടി..ആരെങ്കിലും എറിഞ്ഞു കൊടുക്കുന്ന ഭക്ഷണ സാധനങ്ങള്‍ കഴിക്കുമെന്നല്ലാതെ ആരോടും കൈ നീട്ടിയിരുന്നില്ല! ഇടക്കിടെ രാത്രികളില്‍ അല്ലെങ്കില്‍ പുലര്‍വേലകളില്‍ അവര്‍
വലിയവായില്‍ നിലവിളിക്കുമായിരുന്നു..ആരോടോ എന്തിനോടോ ഉള്ള പ്രതിഷേധമായിരിക്കുമോ ആ നിലവിളി? സ്കൂള്‍ കുട്ടികള്‍ ഇടയ്ക്കിടെ അ ഭ്രാന്തി നെ പരിഹസിക്കാന്‍ ശ്രമിക്കുമായിരുന്നു..ഒരു തരം കൌതുകമോടെ ഞങ്ങള്‍ അവരെ ഒരു പതിവ് അവതാരം എന്ന് കരുതി അവഗണിച്ചു....
എല്ലാവരും ആ നാറുന്ന രൂപത്തെ ഒഴിഞ്ഞു മാറി നടന്നു..വലിയ പാണ്ടി ലോറികള്‍ കാണുമ്പോള്‍ മാത്രമവര്‍ എഴുന്നേറ്റു കയ്യില്‍ കിട്ടുന്നതെടുത് എന്തൊക്കയോ വിളിച്ചു പറഞ്ഞു അതിനു പിന്നാലെ ഓടും.. എന്തായിരിക്കും ആ പ്രകോപനത്തിന് പിന്നില്‍ ? ആറങ്ങോട്ട്കരയുടെ പുതിയ ശാപത്തെ ഞങ്ങള്‍
അംഗീകരിച്ചു!! പിഞ്ഞി കീറിയ വസ്ത്രവുമായി കൂനിക്കൂടിയിരിക്കുന്ന ആ ദയനീയ രൂപംദിവസങ്ങളോളംതെരുവോരത്തെവേദനിപ്പിക്കുന്നഒരുകാഴ്ചയായിരുന്നു...
ദിവസം ചെല്ലുന്തോറും വേദനിപ്പിക്കുന്ന ഒരു സത്യം പുറത്തു വരാന്‍ തുടങ്ങി..അവള് ഗര്‍ഭിണിയായിരുന്നു!! ദൈവമേ..ഒരു മനുഷ്യ രൂപം പോലുമില്ലാത്ത ആ ശരീരത്തിലും ആരോഗര്ഭധാരണം നടത്തിയിരിക്കുന്നു!!??
ഉന്മാദിയായ ഒരു ഗര്‍ഭിണി തെരുവിന്റെ മൂലയില്‍ ഒരു ശാപമായി മനസ്സുകളെ കുത്തി നോവിപ്പിച്ചു....
ആരെങ്കിലും കൊടുക്കുന്ന ഭക്ഷണവുമായി,അവള് ഉദരത്തില്‍ വളരുന്ന മറ്റൊരു ജീവനുമായി ഞങ്ങളുടെ കണ്മുന്നില്, ഇടക്കിടെ വലിയവായില്‍ നിലവിളിയുമായ് ഞങ്ങളെ ദിനംപ്രതി വേദനിപ്പിച്ചു കൊണ്ടേയിരുന്നു..അല്‍പ്പ വസ്ത്ര ധാരിണിയായ ആ ഗര്‍ഭിണി യില്‍ സഹതപിച്ചു കൊണ്ട് ആരോക്കയോ അവളെ വസ്ത്രമുടുപ്പിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു..ഒന്ന് രണ്ടു ദിവസങ്ങള്‍ ക്കുള്ളില് അവള് വീണ്ടും പഴയ രൂപതിലാകും..ചൂടുംകുളിരുംവരണ്ടകാറ്റും അവള് നിസ്സംഗതയോടെ,ഏറ്റു വാങ്ങി....
ദിവസങ്ങള്‍ ചെല്ലുംതോറും ഞങ്ങളുടെ മനസ്സില്‍ ഒരു ഭയം വളരാന്‍ തുടങ്ങി..ശാപത്തിന്റെ ഒരുഗര്ഭാവസ്ഥ തെരുവില്‍ അപകടമായി വളരുന്നു കൊണ്ടേയിരിക്കുന്നു.. ആ നിലവിളികള്‍ എല്ലാവരുടെയും മനസ്സിനെ അസ്വസ്ഥമാക്കാന്‍ തുടങ്ങി.... അറങ്ങോട്ട്കരയുടെ തെരുവോരത് ഒരു ദുരന്തത്തിന്റെ ലക്ഷണങ്ങള്‍ ഞങ്ങളെ ഭയപ്പെടുത്തി...ചിലപ്പോള്‍ രണ്ടു ജീവനുകള്‍ ഈ തെരുവില്‍ കേട്ടുപോയെക്കുമെന്നു ഞങ്ങള്‍ ഭയപ്പെടാന്‍ തുടങ്ങി..
ഒടുവില്‍ അസ്വസ്ഥമായ ചില മനസ്സുകള്‍ ഒരുക്കൂടി..അധികൃതരുടെയും പോലീസിന്റെയും സഹായത്തോടെ ഞങ്ങളവളെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തു....ഒരു ശാപം ഞങ്ങള്‍ തെരുവോരത്ത് നിന്നും തുടച്ചു നീക്കി!!
അവള് ആശുപത്രിയില്‍ വെച്ച് ഒരു പെണ്‍കുഞ്ഞിനു ജന്മംനല്കി ..മറ്റൊരു ശാപം ജീവിതം കൂടി ഈ ഭൂമിയില്‍ പിറന്നു വീണു..ഏതോ ഒരു അഭയകേന്ദ്രത്തി ലാണ് അവരിപ്പോള്‍..ആരും അതന്വേഷിച്ചു പോയില്ല..ഒരു ശല്യം ഒഴിവാക്കി അടുത്ത ഉന്മാദിയെ വരവേല്‍ക്കാന്‍ തെരുവോരം കാത്തിരുന്നു...ആറങ്ങോട്ട് കരയുടെ ഉന്മാദകാന്തിക മേഖലയിലേക്ക് വന്നെത്തുന്ന പുതിയ ഉന്മാദി യെ കാത്ത് ഞങ്ങളിരുന്നു....
ഒരു ബാക്കി പത്രം :
ലേബര്‍ റൂമില്‍ കയറ്റുന്നതിനുമുന്നേ സാധാരണയെന്ന പോലെ അവളുടെ രക്ത സാമ്പിളും എടുത്തിരുന്നു. രക്ത പരിസോധനയില്‍ അവള് '"എച് ഐ വി ' പോസിടീവ് ആണെന്ന് തെളിഞ്ഞത്രേ!! അതിനെക്കാള്‍ വേദനിപ്പിക്കുന്ന നാണിപ്പിക്കുന്ന മറ്റൊരു വിവരവും.. നിസ്സഹായയായ ആ ഗര്‍ഭിണിയെ അനേകം പേര് ലൈംഗികമായി ആക്രമിചിരിക്കുന്നുവത്രേ!! ഇത്ര അധമമാണോ മനുഷ്യന്റെ കാമാസക്തി? ഒരു മനുഷ്യ രൂപം പോലുമില്ലാത്ത കാഴ്ചയില്‍ പോലും ഒക്കനിപ്പിക്കുന്ന കാതങ്ങളോളം അകലെ നിന്നാല്‍ പോലും നാറുന്ന,ദാരിദ്ര്യം അസ്ഥികൂടമാക്കിയ ആ ദയനീയ രൂപത്തെ പോലും ആക്രമിക്കുന്ന പൈശാചികമായ, മ്ലേച്ചമായ മൃഗീയതയാണോ പുരുഷന്റെ കാമാസക്തി??
ആറ്:
.പൂച്ച പോലീസും ഡൂട്ടി യും!!
ഏകദേശം ഒരേ കാലത്ത് വന്നു ചേര്‍ന്നവരായിരുന്നു ഇവര്‍ രണ്ടു പേരും! .ഇവര്‍ക്കൊരു പേരില്ല ..അല്ലെങ്കില്‍ ഒരു പേരില്‍ എങ്ങനെയാണ് ഇവരെ ഒതുക്കുക? ഒരാള്‍ ഇപ്പോള്‍ ഭൂമിയില്‍ ഇല്ല ..മറ്റെയാള്‍ ??? അറിയില്ല..ജീവിചിരിപ്പുണ്ടാകുമെന്നു തന്നെ വിശ്വസിക്കാം..ഒരു പക്ഷ അയാളും...?? രണ്ടു ദിശകളില്‍ നിന്നും അവര്‍ വന്നു ചേര്‍ന്നു.. ഒരാള്‍ ജന്മം കൊണ്ട് ഈ പ്രദേശത്ത് കാരനാണ്..മറ്റെയാള്‍ ആകര്‍ഷിക്കപ്പെട്ടു വന്നു ചേര്ന്നവന്...
ഡ്യൂട്ടി എന്ന കളിപ്പേരില്‍ വിളിക്കപ്പെട്ടിരുന്ന ഒരാള്‍ , അത് പോലെ പൂച്ച പോലീസും... ഓര്‍മകളില്‍ കയറി വരുന്ന ചില അവ്യക്ത ചിന്തകള്‍...
പൂച്ച പോലിസ് ഇന്നില്ല ..ഡ്യൂട്ടി ഇപ്പോഴും തന്റെ ഡ്യൂട്ടി യിലാണ്..പക്ഷെ, കുറെക്കാലമായി അയാള്‍ അറങ്ങോട്ടുകരയില് വരാറില്ല ..ഒരിക്കല്‍ യാത്ര മദ്ധ്യേ മറ്റൊരു ഉന്മാദി യുടെ കൈപ്പിടിയില്‍ അയാള്‍ പെടുന്നു..അതിനുശേഷംആ അതിര്കടന്ന്പിന്നീടയാള് വന്നതേയില്ല! ആലക്ഷ്മണരേഖയില് നിന്നും അയാള്‍ ഭയന്നോടി!! ഭ്രാന്തിനും അതിരുകളുണ്ട് എന്ന് നമ്മള് തിരിച്ചറിയുന്നു..!!
രാവിലെ അയാള്‍ നടന്നെത്തും ,നാലഞ്ച് കിലോ മീറ്റര്‍ നടന്നു അയാള്‍ രാവിലെ അറങ്ങോട്ടുകരയില്എത്തും!!കൃത്യമായി വൈകുന്നേരം തിരിച്ചു പോകും..ഒരിക്കലുംഅയാള് ഈകാന്തിക മേഖലയില്‍ അന്തിയുറങ്ങിയില്ല...
ആ ഉന്മാദിക്ക് കൃത്യമായ ചില അതിരുകള്‍ ഉണ്ടായിരുന്നു..ഏതു ചോദ്യത്തിനും അയാള്‍ക്കൊരു ഉത്തരമുണ്ടായിരുന്നു.."ഡ്യൂട്ടി യുണ്ട്, പോണം!! .അങ്ങനെ അയാള്‍ക്കൊരു പേര് വീണു...."ഡ്യൂട്ടി !!
എപ്പോഴോ അയാള്‍ ഇവിടെ വന്നു വീണു..അഞ്ചാറ്കിലോമീറ്റര് അകലെ നിന്നാണ് അയാളുടെ വരവ്..അര്‍ദ്ധനഗ്നശരീരം,വളര്‍ന്നു നീണ്ട താടിയുംമുടിയും ,മുഷിഞ്ഞ വസ്ത്രം. മുഷിഞ്ഞു നാറിയ ഒരു തുണികഷ്ണംവായില് കടിച്ചു പിടിച്ചിരിക്കും..അതൊരിക്കലും എടുത്തു മാറ്റാറില്ല ..ഇടയ്ക്കിടെ വായുവിലേക്ക് കൈകള്‍ ഉയര്‍ത്തി വികൃതമായ സ്വരത്തില്‍ എന്തൊക്കയോ ശബ്ദങ്ങള്‍ ഉണ്ടാക്കും..അങ്ങനെയാണ് നടത്തം..അങ്ങനെ നടന്നു നടന്നു അയാള്‍ ആറങ്ങോട്ടുകരയില്‍ എത്തും..ഇരുട്ടാവുന്നതിനു മുന്നേ തിരിച്ചു പോകും..
എന്തിനു അയാള്‍ ഇവിടേയ്ക്ക് തന്നെ വരുന്നു..?? അറിയില്ല ..കുറെ പഴകിയ ഒരു ഉന്മാദ ചക്രത്തിന്നോടുവില് വളരെ വൈകിയാണ് അയാളിവിടെ എത്തിയത് എന്നാണ് സത്യം!! കടിച്ചു പിടിച്ച തുണിക്കഷ്ണതിന്നിടയിലൂടെ അവ്യക്തമായ എന്തൊക്കയോ ശബ്ദങ്ങള്‍ പുറത്തേക്ക് വരുന്നുണ്ടയിരിക്കും..
മഴയറിയാതെ,കാറ്ററിയാതെ,വെയിലറിയാതെ തണുപ്പുംചൂടും അറിയാതെ അയാള്‍ തന്റെ നടപ്പ് തുടര്‍ന്നു കൊണ്ടേയിരിക്കുന്നു...എത്രയോ കാലമായി പിന് നിരകളിലേക്ക് ആട്ടിയോടിക്കപ്പെട്ട ഉന്മാദികളുടെ ഒരു പ്രതിനിധി....
എന്റെ വീടിന്റെ മുറ്റത്തു ഒരു വലിയ നെല്ലിമരമുണ്ടായിരുന്നു..സ്കൂള്‍ കുട്ടികളുടെ
എത്രയോ തലമുറകള്‍ ആ നെല്ലിമരത്തിന്റെ ചവര്‍പ്പും മധുരവും ചവച്ചിറക്കിയിരിക്കുന്നു..
ഒരു ദിവസം ഒരു ഉച്ചഭക്ഷണ നേരത്ത് ആ നെല്ലിമരത്തിനു ചുവട്ടില്‍ എവിടെ നിന്നോ അയാള്‍ പ്രത്യക്ഷപ്പെട്ടു..എല്ലാവരും ഭക്ഷണം കഴിക്കുന്ന നേരമാണ്,ഒരു പിച്ചക്കാരനാണു, പണം കൊടുത്തു പറഞ്ഞയക്കാമെന്ന് കരുതി...പണം വാങ്ങാതെ അയാള്‍ അവിടെ തന്നെ നിന്നു..അയാള്‍ പോയതുമില്ല..പാവംവിശക്കുന്നുണ്ടാകുമെന്ന് അമ്മ പരിതപിച്ചു..നെല്ലിമരച്ചുവട്ടില്‍ അയാള്‍ക്കൊരു ഇലവെച്ചു..അന്ന് വിഭവ സമൃദ്ധമായ ഭക്ഷണമായിരുന്നു..മീനും ഇറച്ചിയും എല്ലാ ഉപദംശങ്ങളും....
വീട്ടില്‍ ഒരു ശീലമുണ്ടായിരുന്നു..അഥിതിയാണെങ്കിലും ഭിക്ഷക്കരനാ നെങ്കിലും അന്നത്തെ ഭക്ഷണം എന്താണോ അത് വിളമ്പും ,കൂടുതലില്ല, കുറവുമില്ല!!
നെല്ലിമരത്തിന്റെ ചുവട്ടില്‍ വെച്ച ആ ഇല അയാള്‍ കുറച്ച അകലേക്ക് മാറ്റി വെച്ചു...ഒരു പക്ഷെ എത്രയോ ഇടങ്ങളില്‍നിന്നും ആട്ടിയോടിക്കപ്പെട്ടതിന്റെ ഒരു ശീലമായിരുന്നു അത്! ആര്‍ത്തിയോടെ അയാളത് വാരി വാരികഴിച്ചു..അപ്പോഴും വായില്‍ കടിച്ചു പിടിച്ചിരുന്ന തുണികഷ്ണം അയാള്‍ മാറ്റിയിരുന്നില്ല.. ഭ്രാന്തിനും മുകളിലാണ് മനുഷ്യന്റെ വിശപ്പെന്ന് ഒരു വലിയ തത്വശാസ്ത്രം അന്ന് ഞാന്‍ കണ്ടറിഞ്ഞു....
പിന്നീട് എത്രയോ ദിവസങ്ങള്‍ ആ നെല്ലിമരത്തിന്റെ ചുവട്ടില്‍ അയാള്‍ക്കായി ഇലവെച്ചു.. അന്നത്തെ ഭക്ഷണത്തിന്റെ രുചി തേടിയാണ് അയാള്‍ വന്നതെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്!! ആറങ്ങോട്ടുകരയില്‍ വന്നാല്‍ കൃത്യമായി ഭക്ഷണ സമയത്ത് അയാള്‍ നെല്ലിമരത്തിന്റെ ചുവട്ടില്‍ എത്തിയിരിക്കും...ഈ കൃത്യ നിഷ്ഠ ഏതു കള്ളിയിലാണ്ഒതുക്കേണ്ടത്? ഉന്മാദത്തിന്റെ ഏതു അളവ് കോലു വെച്ചാണ് ഇത് നാം അളക്കുക..?
രുചിയറിഞ്ഞു അയാള്‍ ഭക്ഷണം കഴിച്ചിരുന്നു എന്നതാണ് സത്യം! ഈ ഉന്മാദ അവസ്ഥയിലും അയളെങ്ങിനെ,ആ നാവ് എങ്ങിനെ ഈ രുചികള്‍ തിരിച്ചറിഞ്ഞു?
അയാളുടെ ഭൂതകാലം തിരയാന്‍ ഞങ്ങള്‍ ചില ശ്രമങ്ങള്‍ ഞങ്ങള്‍ നടത്തി നോക്കി,പതിവ്പോലെ പാതിവഴിയില്‍ നിര്‍ത്തുകയും ചെയ്തു!!
അയാള്‍ ഒരു പട്ടാളക്കാരന് ആയിരുന്നുവത്രേ ..ഉന്മാദ ത്തിന്റെ പടിക്കെട്ടുകള്‍ അയാള്‍ പടിപടിയായി ക്കയറിയതായിരിക്കും! ജീവിതത്തിന്റെചട്ടക്കൂടുകള് അയാളെ മെല്ലെ മെല്ലെ പുറന്തള്ളിയതായിരിക്കും..അല്ലെങ്കില്‍ നേരെ മറിച്ചു ,അയാള്‍ ജീവിതത്തെ തള്ളിക്കളഞ്ഞതായിരിക്കും...
തെരുവിലൂടെ അയാള്‍ വികൃത ശബ്ദം മുഴക്കി നടക്കുക തന്നെയായിരുന്നു. തന്റെ ഡ്യൂട്ടി ക്ക് ഹാജരാകാന്‍ വേണ്ടി!!.ഭക്ഷണ സമയത്ത് കൃത്യ മായി അയാള്‍ നെല്ലിച്ചുവട്ടില്‍ ഹാജരാകും..ഒരു ദിവസം കുറച്ചു നേരത്തെ എത്തിയ അയാളോട് ഇതെന്താ നേരത്തെ എന്ന ചോദ്യത്തിന് ഡ്യൂട്ടി യുണ്ട് എന്ന പതിവ് കടിച്ചുപിടിച്ച ഉത്തരം...കൃത്യമായി ഭക്ഷണത്തിലെ രുചി ഭേദങ്ങള്‍ അയാളുടെ നാവുകള്‍ തിരിച്ചറിയുന്നുണ്ടായിരുന്നു....ചിലപ്പോള്‍ ഒരു തരം അത്ഭുതത്തോടെ ഞാനയാളെ നിരീക്ഷിക്കുമായിരുന്നു .. ഒരിക്കലും അയാള്‍ ഞങ്ങളെയൊന്നും തിരിച്ചറിഞ്ഞിരുന്നില്ല എന്നതാണ് സത്യം!!പക്ഷെ ഭക്ഷണം കൊണ്ടു കൊടുക്കുമ്പോള്‍ ആ കൊണ്ട് വരുന്നത് ഭക്ഷണമാണെന്ന് അയാള്‍ കൃത്യ മായി തിരിച്ചറിയുമായിരുന്നു!!അയാളത് ആസ്വദിച്ചു കഴിക്കുന്നത് ഞാന്‍ നോക്കി നിന്നിട്ടുണ്ട്...ഒരു ദിവസം ചോറ് കൊടുത്തപ്പോള്‍ ഇന്നെന്താ മീനില്ലേ ? എന്ന് അയാള്‍ ചോദിക്കുന്നത് കേട്ടു ! ! പലപ്പോഴും അയാളുടെ ചേഷ്ട്ടകള്‍ കൌതുകകരമായിരുന്നു!! ഭക്ഷണം കൊടുത്താല്‍ അയാള്‍ കുറച്ചകലെ മാറി നില്ക്കും. ആള് പോയാല്‍ ആ ഇലയെടുത്തു കുരച്ചുദൂരെ മാറിയിരിക്കും...ആ ചെഷ്ട്ടകള്ക്ക് കൌതുക കരമായ ഒരു സാമ്യം ഞാന്‍ നിരീക്ഷിച്ചത് ഒരു മൃഗത്തിലായിരുന്നു..ഒരിക്കലും മനുഷ്യനോടു ഇണങ്ങാത്ത ഒരു മൃഗം!! വെരുക് എന്ന് കേട്ടിട്ടുണ്ടോ? പണ്ട് ഞാനൊരു വെരുകിനെ വളര്‍ത്തിയിരുന്നു..അതിനു ഭക്ഷണം കൊടുക്കാനായി ചെന്നാല്‍ അത് ഭക്ഷണ മാണെന്ന് അതിനു മനസ്സിലാവുകയും അല്‍പ്പം മാറി കൂടിന്റെ അരികത്ത് നില്‍ക്കുകയും ചെയ്യും..ആള് മാറിയാല്‍ വന്നു കഴിക്കുകയും ചെയ്യും..എത്രയോ തവണ ഭക്ഷണം കൊടുത്തിട്ടും ഒരിക്കല്‍ പോലും എന്നോടൊരു മമതയോ അടുപ്പമോ ആ ജീവി കാണിച്ചില്ല!! ഭക്ഷണം കൊടുക്കാന്‍ അല്ലാത്ത സമയത്ത് അടുത്തേക്ക് ചെന്നാല്‍ വന്യമായ ഒരു മുരള്‍ച്ചയോടെ അത് നമ്മളെ അകറ്റി കളയും... സമാനമായ ഒരു ചേഷ്ട്ടയാണ് ഞാന്‍ ഇയാളില്‍ കണ്ടത്..ഒരിക്കലും അയാള്‍ നമ്മളോട് അടുപ്പം കാണിച്ചില്ല എന്നാല്‍ ഭക്ഷണം ഏതോവന്യമായ ഒരു ഇന്ദ്രിയത്തിന്റെ സഹായത്തോടെ തിരിച്ചറിയുകയും ചെയ്യുന്നു....
മനുഷ്യനില്‍ നിന്നും ഒരു അകല്‍ച്ച പാലിക്കുന്നു ഉന്മാദിയും വന്യമൃഗവും! രണ്ടിനും മനുഷ്യനെ ഭയമാണ് എന്നാണ് എനിക്ക് തോന്നിയത്!!.
ഒരു ഉന്മാദി യെ നിങ്ങള്‍ എപ്പോഴെങ്കിലും നിരീക്ഷിച്ചിട്ടുണ്ടോ? അവര്‍ നമ്മള് സാധാരണ മനുഷ്യരെ കളി യാക്കുകയാണെന്നു എപ്പോഴെങ്കിലും നിങ്ങള്‍ക്ക് തോന്നിയിട്ടുണ്ടോ? വരച്ചു വെച്ച കള്ളികള്‍ ക്കുള്ളിലെ നമ്മുടെ ചിട്ടയായ ജീവിതത്തെയാണോ അവര്‍ പരിഹസിക്കുന്നത്?
എങ്ങനെയാണ് നിങ്ങള്‍ ഒരു ഭ്രാന്തനെ കണ്ടിട്ടുള്ളത്?ഉന്മാദികള് ക്കെല്ലാം ഒരു പൊതുവായ രൂപമാണല്ലോ നമ്മള് കല്പ്പിച്ചു കൊടുത്തിട്ടുള്ളത്..മുഷിഞ്ഞു നാറിയ വസ്ത്രം,നാറുന്ന വിയര്‍പ്പു ഇഴുകിയ കരിപിടിച്ച ശരീരം,വളര്‍ന്നു ജട പിടിച്ച മുടിയും താടിയും!!ഏകദേശം ഒരു രൂപം ഇത് തന്നയല്ലേ?? പക്ഷെ ഒരു ഉന്മാദിയുടെ മനസ്സില്‍ ഇതൊക്കെ യുണ്ടാകുമോ..അലക്കിതേച്ച നമ്മുടെ ശീലങ്ങളെയും രീതികളെയും പരിഹസിക്കുകയല്ലേ അവര്‍ ചെയ്യുന്നത്? അവരുടെ ശരീരം അഴുക്കു പിടിച്ചതും മനസ്സ് ശുദ്ധവുമല്ലേ? ശവം തിന്നു സോപ്പിട്ടു മുഖം കഴുകി സുഗന്ധ ദ്രവ്യവും പൂശി വൃത്തിയുള്ളവര്‍ എന്ന് നമ്മള് സ്വയം അഹങ്കരിക്കുമ്പോള്‍ മാറി നിന്നു നമ്മെ പരിഹസിക്കുകയല്ലേ അവര്‍ ചെയ്യുന്നത്..??
ലോകത്തിലെ ഏറ്റവും വൃത്തികെട്ട ജീവിയാണ് മനുഷ്യന് എന്ന് അവര്‍ നമ്മെ ഓര്‍മിപ്പിക്കുന്നു..കുളിക്കാതെ ,പല്ലുതേക്കാതെ,വിസര്‍ജ്ജിക്കാതെ ഇരുന്നാല്‍ ഇത്രത്തോളം വൃത്തികെട്ടൊരു ജീവി വേറെ ഉണ്ടോ? ഇത്രയും വൃത്തികെട്ടൊരു ജീവി വര്‍ഗം വേറെയില്ല എന്നതാണ് സത്യം.. ..ശരീരവും മനസ്സും വൃത്തികെട്ടൊരു ജീവി വര്‍ഗം..അപ്പോള്‍ നമ്മള് അലക്കി തേച്ച മാന്യന്മാരെ തിരിഞ്ഞു നോക്കി പരിഹസിക്കുകയല്ലേ ഈ നിര്‍മല മനസ്കര്‍ ചെയ്യുന്നത്!! അവരുടെ പരിഹാസത്തിനു മുന്നില്‍ നമ്മളെത്ര ചുരുങ്ങി ചുരുങ്ങി പോകുന്നു!!
ഏകദേശം ഈ കാലത്ത് തന്നെയാണ് പൂച്ചപോലീസും തെരുവില്‍ വന്നു ചേര്‍ന്നത്....
ഉന്മാദ ത്തിന്റെ ആദ്യ കാലത്തായിരിക്കണം അയാള്‍ തെരുവില്‍ വന്നെത്തിയത്....ഒരു ദിനം അയാള്‍ പൊട്ടി വീണു..തെരുവിന് നടുവില്‍ ആകാശത്ത് നിന്നും ദൈവം ഒരു നൂലില്‍ കെട്ടിയിറക്കിയതാവുമോ? സൌമ്യനായ ഒരു പിച്ചക്കാരന്..അത്രയേ ആദ്യം എല്ലാവരും കരുതിയുള്ളൂ..കാക്കികുപ്പയവുമായആദ്യമൊക്കെ ഒരു സാധാരണ പിച്ചക്കാരന് എന്ന് കരുതിയവര്‍ക്ക് പിന്നീടയാള്‍ ഒരു തമാശയും കൊമാളിത്തരവുമായി മാറിക്കൊണ്ടിരുന്നു..സ്കൂള്‍കുട്ടികളുടെ തോണ്ടലും പിച്ചലും കളിയാക്കലും അസഹ്യമായപ്പോള്‍ അയാളുടെ കയ്യില്‍ ഒരു വടി പ്രത്യക്ഷപ്പെട്ടു..ആ വടിയും കാക്കികുപ്പായവും അയാള്‍ക്കൊരു പേര് വീഴുന്നതിനു കാരണമായി...."പൂച്ചപോലീസ്"....അലച്ചിലും വിശപ്പും കാലവും പ്രകൃതിയും മെല്ലെ മെല്ലെ അയാളെ ഉന്മാദത്തിന്റെ പടിക്കെട്ടിലേക്ക് കയറ്റികയറ്റി കൊണ്ട് പോയി...
...
തെരുവിലെ പുതിയ കാവല്ക്കാരന്!! പൂച്ചപോലീസ് !! "
തെരുവില്‍ അയാള്‍ ഒരു കോമാളിയാകാന്‍ തുടങ്ങി..വിശപ്പ് ,അസുഖങ്ങള്‍ കാലാവസ്ഥ ..എല്ലാം അയാളെ ഉന്മാദത്തിന്റെ ആഴങ്ങളിലേക്ക് വലിച്ചു കൊണ്ട് പോയിരുന്നു...ആരെങ്കിലും കൊടുക്കുന്ന ഭക്ഷണം ,ചില്ലറ തുട്ടുകള്‍..അങ്ങനെ അയാള്‍ ഈതെരുവിന്റെ ഭാഗമായി തീര്‍ന്നു.. ഒരു ഉന്മാദിയുടെ പതിവ് രൂപ ത്തിലേക്ക് അയാള്‍ വീണു....
പതിയെ പതിയെ അയാളുടെ സ്വഭാവങ്ങള്‍ക്കു മാറ്റം വരാന്‍ തുടങ്ങി..അതയാളെ പീടികതിണ്ണകളില്‍ നിന്നും ചായക്കടകളുടെ മുന്നില്‍ നിന്നും ആട്ടിയോടിക്കാന്‍ ഇടയാക്കി..വിശപ്പുംദാഹവും മൂലം അയാള്‍ അവശനായി..ലോകതിനോടുള്ള പ്രതികാരം തീര്‍ക്കാനെന്ന വണ്ണം അയാള്‍ എല്ലായിടങ്ങളിലും വിസര്ജ്ജിക്കാന് തുടങ്ങി..അയാളെ എല്ലാരും ആട്ടിയോടിക്കാന്‍ തുടങ്ങി..പീടികത്തിണ്ണകളിലെ അമേദ്യ വര്ഷംഅയാളുടെ ഭക്ഷണവും ചില്ലറ തുട്ടുകളും നഷ്ട്ടമാക്കി..ഈ ലോകത്തോടുള്ള പ്രതിഷേധം തീട്ടത്തില്‍ മുങ്ങിയ ഉടുമുണ്ടുമായി ഇടക്കിടെ മുന്നില്‍ വന്നു നിന്ന കൈനീട്ടി കൊണ്ട് അയാള്‍ തീര്‍ത്തു....അയാള്‍ ആട്ടിയോടിക്കപ്പെട്ടു കൊണ്ടിരുന്നു..മെല്ലെ മെല്ലെഅയാള്തന്റെ വസ്ത്രവുമുപേക്ഷിച്ചു..ഇടയ്ക്കിടെ ആരെങ്കിലും അയാളെ ഒരു മുണ്ട് ഉടുപ്പിക്കും..ഒരു പുതിയ വെള്ളമുണ്ട്!! വീണ്ടുംമലംപുരണ്ട മുണ്ടുമായി അയാള്‍ മുന്നിലെത്തും..പിന്നെ അതുമുപേക്ഷിച്ച് സര്‍വ സ്വതന്ത്രനാകും ..ഇടക്കിടെ നെല്ലിച്ചുവട്ടില്‍ അയാളും, എത്തുമായിരുന്നു..ലേശം ഭക്ഷണമോ ചില്ലറതുട്ടുകളോ കാത്ത് അയാളവിടെ നില്ക്കും......
അസഹ്യമായ ഭ്രാന്തന് പെരുമാറ്റങ്ങള്‍ അമേദ്യ വര്‍ഷവും മുണ്ടുരിയലും അയാളെ തെരുവോരങ്ങളില്‍ നിന്നും വീട്ടു മുറ്റങ്ങളില്‍നിന്നും, ആട്ടിയിറക്കി....
ഒടുവില്‍ ഞങ്ങള്‍ ശല്യമോഴിവാക്കനായി അയാളെ ഭ്രാന്താശുപത്രിയില്‍ എത്തിച്ചു..പീടിക തിണ്ണകളില്നിന്നുംവീട്ടുമുറ്റങ്ങളില് നിന്നുംനാറുന്ന ആ നഗ്ന രൂപത്തെ ഒഴിവാക്കിയതിന്റെ സന്തോഷത്തില്‍ ഞങ്ങള്‍ കുളിച്ചു വൃത്തിയായി നല്ല ഭക്ഷണവുംകഴിച്ചുസുഖമായി കിടന്നുറങ്ങി....
ഒരു ദിവസം ആറങ്ങോട്ട്കരയിലേക്കുള്ള യാത്രക്കിടയില്‍ മറ്റൊരു ഉന്മാദിയുടെ പിടിയലകപ്പെട്ടുഡ്യൂട്ടി! മനുഷ്യന്മാര് ഇങ്ങനെനടക്കാമോ എന്നചോദ്യവു മായി അയാള്‍ ഡ്യൂട്ടി യെ തന്റെ കൈപ്പിടിയിലൊതുക്കി...ആ ധൃതരാഷ്ട്ര ആലിംഗനത്തില്നിന്നുംകുതറിമാറി നിര്‍ത്താതെ അയാള്‍ ഓടി ..പിന്നീടൊരിക്കലും ആ ലക്ഷ്മണരേഖ കടന്ന് അയാള്‍ സഞ്ചരിച്ചില്ല...ആ ലക്ഷ്മണരേഖ അയാളെഅറങ്ങോട്ടുകരയില്നിന്നുഅകറ്റി .....
പിന്നീടൊരിക്കലും നെല്ലി മര ചുവട്ടില്‍ ഭക്ഷണവും കാത്തു നിന്നൊരാള്‍ "ഡ്യൂട്ടി" ക്ക് പോകാന്‍ തിരക്ക് കൂട്ടിയില്ല....
ഭ്രാന്തന് ചികിത്സ കഴിഞ്ഞു ശുഭ്ര വസ്ത്ര ധാരിയായി പൂച്ച പോലീസ് വീണ്ടുമെത്തി.. അധികകാലംകാലം കഴിയുന്നതിനു മുന്നേ വീണ്ടുമയാള്‍ പഴയ അവസ്ഥയിലെത്തി.. വീണ്ടുമൊരു ഭ്രാന്താശുപത്രി..അയാള്‍ പിന്നെ തിരിച്ചു വന്നില്ല....
.ആറങ്ങോട്ടുകരയുടെ തെരുവുകളില്‍ നിന്നും രണ്ടു ഉന്മാദികള് പടിയിറങ്ങി....
നെല്ലിമരചുവട്ടില്‍ രണ്ടാള് രൂപങ്ങള്കാലത്തിന്റെ കനിവുറവുകള്‍ തേടി ഇപ്പോഴുംകാത്തു നില്ക്കുന്നുണ്ടോ?
ഏഴ്:
"ആറങ്ങോട്ടുകരയുടെ ചിത്തഭ്രമം" ഞാന്‍ ഇവിടെ അവസാനിപ്പിക്കുകയാണ്!കുറച്ചു ദിവസമായി ഉന്മാദികളുടെ പിറകെയായിരുന്നു ഞാന്‍..എന്റെയും മുന്കാലങ്ങളിലെയുംഉന്മാദികള്ഒരു നീണ്ട നിലവിളിയായി എന്നില്‍ നിറയുന്നു..എന്തൊക്കയോ പിറുപിറുത്തും ശാപവചസ്സുകള്‍ മുഴക്കിയും ഒരു തേങ്ങലോടെ അവരെന്റെ മുന്നിലൂടെ നിര നിരയായി കടന്നു പോയീ .ആ ചങ്ങലയിലെ ഒരു കണ്ണിയാണ് നമ്മളെല്ലാം എന്നും ഞാന്‍ തിരിച്ചറിഞ്ഞു! ചെറുതും വലുതുമായ ഉന്മാദചങ്ങലയുടെ ഒരു ചെറുകണ്ണി മാത്രമാണ് നമ്മള്! ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന രാത്രികളില്‍ അവര്‍ എന്റെ അരികിലെത്തി!! .പലരെയുംഞാന് നേരില്‍ കണ്ടു .അവരോടു സംവദിച്ചു.. അവരെല്ലാം ആറങ്ങോട്ടുകരയുടെ ജീവിതത്തിന്റെ ഒരിക്കലും മുറിച്ചു മാ റ്റാനാകാത്ത ഒരു ഭാഗമാണ്!!.. അവരെ കുറിച്ച് എഴുതാതെ വയ്യ എന്ന സ്ഥിതിയിലായിരുന്നു ഞാന്‍! എങ്കിലും പലരെയും ഞാന്‍ ഒന്ന് പരാമര്‍ശിക്കുക പോലും ചെയ്യാതെ വേദനയോടെ ഒഴിവാക്കി.. അവരോടെല്ലാം മാപ്പ്!!
ഒരാളെ കുറിച്ച് കൂടി പറയാതെഈ കുറിപ്പുകള്‍ അവസാനിപ്പിക്കാന്‍ വയ്യ.
അത് കൂടി പറഞ്ഞു കൊണ്ട് ഞാനിത് അവസാനിപ്പിക്കുകയാണ്!
തീര്‍ച്ചയായും ആറങ്ങോട്ടകരയുടെ മാത്രം സ്വന്തം എന്ന് മാത്രമേ ആ ഉന്മാദിയെ കുറിച്ച് പറയാനാകൂ ..അല്ലെങ്കില്‍ അദ്ദേഹത്തിന്റെ മാത്രമാണ് ആറങ്ങോട്ടുകര!
അദ്ദേഹത്തിന്റെ കഥ പറയാതെ ആറങ്ങോട്ടുകരയുടെ ചരിത്രം പറയാനാകില്ല!
"ച്ചുപ്പസ്വാമി " യെന്നസുബ്രമണി അയ്യര്‍!!
തറ്റുടുത്ത ഒരു ഒറ്റ മുണ്ട്,പൂണ്നൂല്,കുടുമ ..സ്ഥായിയായ രസികത്തം..എന്തിനും ഏതിനും ഉടന്‍ മറുപടി.. പണ്ഡിതനെന്നോ പാമരനെന്നോ ഭേദമില്ലാതെ എല്ലാരോടും ചങ്ങാത്തം..അവര്‍ണനെന്നോ സവര്‍ണനെന്നോ നോക്കാതെ ഏതു വീട്ടില്‍ നിന്നും ശാപ്പാട്,കുട്ടികളോടും മുതിര്‍ന്നവരോടും തമാശകള്‍ പറഞ്ഞും തല്ലുകൂടിയും തെരുവിലൂടെ തൊടിയിലൂടെ കുന്നും മലയും പാടവും പറമ്പും താണ്ടി അങ്ങനെ നടക്കുക..പൂക്കളോടും പറവകലോടും കാറ്റിനോടും മഴയോടും കുശലം പറഞ്ഞു ഒരാള്‍ നടന്നു കൊണ്ടേയിരിക്കുന്നു..ഇപ്പോഴും ആറങ്ങോട്ടുകര യുടെ തെരുവുകളില്‍ ആ സാന്നിധ്യമുണ്ടെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ട്ടം..!!
സുബ്രമണി അയ്യര്‍ എന്ന
ആറങ്ങോട്ടുകര യുടെ
ച്ചുപ്പസ്വാമി!!
ച്ചുപ്പസ്വമി ഒരു ഉന്മാദി ആയിരുന്നില്ല ..ആ നിലവാരത്തിലേക്ക് ഉയരാന്‍ ഈ ലോകത്തിനു കഴിഞ്ഞില്ല..അത് കൊണ്ട് അദ്ദേഹം ലോകത്തെ തല തിരിച്ചു നോക്കി കണ്ടു..ഉയരങ്ങ ളില്‍ നിന്നും അദ്ദേഹം താഴോട്ടു ഇറങ്ങി ,ഇറങ്ങി വന്നു!
എന്നിട്ടും ലോകത്തിനു ആ ഉയരത്തിലേക്ക് എത്താന്‍ കഴിഞ്ഞില്ല..!!
ആറങ്ങോട്ടുകരയിലെ ഏറ്റവും സമ്പന്നമായ ഒരു കുടുംബ മായിരുന്നു സ്വമിയുടെത്..ഉയര്‍ന്ന ബുദ്ധി ,ഉയര്‍ന്ന ചിന്തകള്‍..കേന്ദ്ര ത്തിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു സ്വാമി!! എപ്പോഴോ ഈ ലോകം തന്റെ നിലവാരത്തിലല്ല എന്ന് സ്വാമി തിരിച്ചറിയുന്നു. ..ലോകത്തെ അന്ന് മുതല്‍ തല തിരിച്ചു നോക്കാന്‍ തുടങ്ങി സ്വാമി..ഉദ്യോഗവും കളഞ്ഞു അദ്ദേഹം നാട്ടിലെത്തുന്നു....
കുടുംബത്തിന്റെചതുരകള്ളികളില്ഒതുങ്ങാതെഅദ്ദേഹംപുറത്താകുന്നു.അല്ലെങ്കില്‍ഈ ചട്ടകൂടുകള്‍ ഒഴിവാക്കി അദ്ദേഹം സ്വതന്ത്രനായി!!അതാണ് സത്യം...ആളൊഴിഞ്ഞ അമ്പല നടകളിലും പീടികകോലായകളിലും ഉണ്ടും ഉറങ്ങിയും അദ്ദേഹം സത്യം തേടിയലഞ്ഞു....
ഒരു ബീഡിപ്പുക കടം ചോദിച്ചും ഒന്ന് ചവക്കാന്‍ മുറുക്കാന്‍ ചോദിച്ചും ഒരു ചായക്ക് പറയാന്‍ നമ്മളോട് കെഞ്ചിയും എല്ലാവരെയും കളിയാക്കി സ്വാമി തെരുവുകളില്‍ അലഞ്ഞു!!
ഒരു ഒറ്റ മുണ്ടും ഉടുത്ത് ചിലപ്പോള്‍ ദിവസങ്ങളോളം കുളിക്കാതെ ,മറ്റു ചിലപ്പോള്‍ കുളിച്ചു കുറിയിട്ടും കാറ്റും തണുപ്പും മഞ്ഞും മഴയും വെയിലും ചൂടുമറിയാതെ ആ ഉന്മാദി എല്ലാവരെയും പരിഹസിച്ചു ..ഈ ലോകം സ്വാമിയുടെ മുന്നില്‍ ചെറുതായി ചെറുതായി വന്നു..
സ്വാമിയെകുറിച്ച് പലര്‍ക്കും പറയാനുള്ളത് പല കഥകളായിരിക്കും ..തീര്‍ച്ച യായും ഒരു കള്ളിയിലും ആ പ്രതിഭ ഒതുങ്ങിയില്ല എന്നതായിരുന്നു സത്യം!!
ഭൂമിക്ക് കീഴില്‍ എന്തിനെകുറിച്ചും സ്വാമിയോട് ചോദിക്കാം..ചിലപ്പോള്‍ ഉത്തരമുണ്ടാകും ..അല്ലെങ്കില്‍ നമ്മെ കളിയാക്കി തര്‍ക്കുത്തരം പറയും.. ഏതു അറിവും "ച്ചുപ്പക്ക്"അന്യമായിരുന്നില്ല!
പലരുടെയും മനസ്സില്‍ ച്ചുപ്പസ്വാമിക്ക് പല രൂപങ്ങളാണ്!! ഏതു അളവ് കോലുവെച്ചാലും അളക്കാന്‍ കഴിയാത്ത പ്രതിഭ! ഏതു യന്ത്രവും സ്വാമി റിപയര്‍ ചെയ്യും ..പക്ഷെ അതൊന്നു ചെയ്തു കിട്ടിയാല്‍ ഭാഗ്യം എന്ന് കരുതിയാല്‍ മതി..ചിലപ്പോള്‍ അഴിച്ചിട്ട യന്ത്ര ഭാഗങ്ങള്‍ വാരിക്കൂട്ടി ഒരു മൂലക്കിട്ടു സ്വാമി എഴുന്നേറ്റു പോകും..ഉന്മാദത്തിന്റെ ഒരു കറക്കത്തില്‍ തിരികെ എത്തി ചിലപ്പോള്‍ അത് ശെരിയാക്കി എന്നും വരും..ചിലപ്പോള്‍ ചില യന്ത്ര ഭാഗങ്ങള്‍ ബാക്കിയാവുകയും യന്ത്രം സുഗമമായി പ്രവര്‍ത്തിക്കുകയും ചെയ്യും..!! ച്ചുപ്പസ്വാമി മോട്ടോര്‍ അഴിച്ചത് പോലെ എന്ന് ഒരു ചൊല്ല് തന്നെ നാട്ടില്‍ ഉണ്ടായിരുന്നു!!പക്ഷെ ,ഇതെല്ലാം സ്വാമി യുടെ വെറും വിനോദം മാത്രമായിരുന്നു എന്നതാണ് ശെരി!ആ കൈപ്പിടിയില്‍ ഒതുങ്ങാത്ത ഒരു യന്ത്ര ഭാഗവും ഇല്ല ..പുതിയ റഡാര്‍സിസ്റ്റം നടപ്പിലാക്കിയതിന് ഇന്ത്യന്‍ പ്രസിഡന്റിന്റെ കയ്യില്‍ നിന്നും മെഡല്‍ വാങ്ങുന്ന ഒരു പഴയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോ നമ്മെ നോക്കി ഇപ്പോഴും കളിയാക്കി ചിരിക്കുന്നു..!! പരിഹാസത്തോടെ ഇതൊന്നും എനിക്കറിയില്ല എന്ന നിഷ്കളങ്കഭാവത്തോടെ ച്ചുപ്പയും !!
പലരുടെയും ഓര്‍മകളില്‍ അമ്പല ക്കുളത്തില് നീന്തല്‍ പഠിപ്പിച്ചതും യോഗ പഠിപ്പിച്ചതും വെള്ളത്തിന് മുകളില്‍ മലര്‍ന്നു അനേക നേരം കിടക്കുന്ന വിദ്യ പഠിപ്പിച്ചതും സ്വാമിയാണ്.. അമ്പല ക്കുളത്തില് മുങ്ങാംകുഴിയിട്ട സ്വാമി യെ തേടി മുങ്ങി ചെന്നപ്പോള്‍ വെള്ളതിന്നടിയില് പദമാസനത്തില് ഇരിക്കുന്ന ച്ചുപ്പ യെ യാണ് കണ്ടതത്രെ !! ഭഗവാന്റെ അവതാര രഹസ്യം കണ്ടെതിയവനെ പോലെ ഒരു തലമുറ അമ്പരന്നു നില്ക്കുന്നു... അമ്പരപ്പ് വിടാത ഒരു തലമുറ ഇപ്പോഴും ച്ചുപ്പയുടെ ശിഷ്യന്മാരായി ഉണ്ട്!! ചെസ്സിലെ നൂതനമാര്‍ഗങ്ങള്‍ .റഷ്യന്‍, ഇന്ത്യന്‍ സങ്കേതങ്ങള്‍ ..ഭാഷ ,സാഹിത്യം,പുരാണങ്ങള്‍,സയന്‍സ്.,സ്പോര്‍ട്സ്.. ആ അറിവിന് ശേഖരത്തില്‍ ഇല്ലാത്തതായി ഒന്നുമുണ്ടായിരുന്നില്ല...ശീര്ഷാസനത്തില് മണിക്കൂറുകള്‍ നില്ക്കുന്ന ച്ചുപ്പ,വെള്ളതിന്നടിയില് മണിക്കൂറുകള്‍ കഴിയുന്നച്ചുപ്പ..കഥകള്‍ അനവധിയുണ്ട്..
പിന്നീട് ഇതൊക്കെ പഠിപ്പിക്കാന്‍ ഞാനാര് എന്ന മട്ടില്‍ ച്ചുപ്പ എല്ലാം കൈവിടുന്നു...ഇതൊന്നും എനിക്കറിയില്ല എന്ന മട്ടില്‍ ച്ചുപ്പ അലഞ്ഞു നടക്കുന്നു..
നമ്മെ കളിയാക്കി ചുണ്ടിലൊരു മൂളിപ്പാട്ടുമായി മുറുക്കി തുപ്പി ഒരു ബീഡി ആഞ്ഞു വലിച്ചു പുകയൂതി അയാള്‍ നടക്കുന്നു...നടന്നു കൊണ്ടേയിരിക്കുന്നു.. ഇപ്പോഴും സ്വാമിയൊരു ബെഞ്ചിന്റെ കോണില്‍ ബീഡിയുംവലിച്ചിരിക്കുന്നുണ്ടാകുമെന്നു ഞാന്‍ ആശിക്കുന്നു!!
ഒരു ദിവസം കാലിലൊരു കെട്ടുമായി സ്വാമി പ്രത്യക്ഷപ്പെട്ടു.
കെട്ടുമായി സ്വാമി പ്രത്യക്ഷപ്പെട്ടു..ഒരുനായ കടിച്ച താണ് ..എന്ത് പറ്റിഎന്ന ചോദ്യത്തിന് ഒരു നായിന്റെമോന്വന്നു ഉമ്മവെച്ചു എന്ന് മറുപടി! ഏതു നായയാണ് സ്വാമി? എന്ന് അടുത്ത ചോദ്യം..അയ്യോ തിരക്കിന്നിടയില്‍ അഡ്രസ് ചോദിയ്ക്കാന്‍ മറന്നു പോയി എന്ന് സ്വാമിയും !! കുറെ ക്കാലം ആ കെട്ടുംവെച്ചു വലിച്ചുവലിച്ചു നടന്നു സ്വാമി..അന്ന് ച്ചുടല പറമ്പിലായിരുന്നു സ്വാമിയുടെ അന്തിയുറക്കം..നാരാണത്ത്ഭ്രാന്തനെ പോലെ ഒരുദിനം കാലിലെ ആ കെട്ട് സ്ഥാനംമാറുമെന്നു ഞങ്ങള്‍ ഭയന്നു.... ചുടല പറമ്പിലും രുദ്രമൂര്‍ത്തിയായ തൃക്കോവില്തേവരുടെ ആളൊഴിഞ്ഞ കോലായയിലും അന്തിയുറങ്ങി സ്വാമി ഞങ്ങളെ കളിയാക്കി ചിരിച്ചു കൊണ്ടേയിരുന്നു... ചിലപ്പോള്‍ ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങളുമായി ഞങ്ങള്‍ തര്‍ക്കിക്കുമ്പോള്‍ ആരാരും ശ്രെദ്ധിക്കാതെ മൂലയിലിരിക്കുന്ന സ്വാമിയില്‍ നിന്നും ഒരുത്തരം അന്തരീക്ഷത്തില്‍ ഉയരും...പിന്നെ ഒരു മൂളിപ്പാട്ടും പാടി ബീഡിപ്പുക ഊതിപറത്തി സ്വാമി ചിരിക്കും...
കെ .വേണുവും, സിവിക്ച്ചന്ദ്രനും ജനകീയ ജനാധിപത്യ വിപ്ലവവും , ജനകീയസാംസ്കാരികവേദിയുമായി ഒരു കാലം ..ചൂടു പിടിച്ച ഉത്തരം കിട്ടാത്ത ചര്‍ച്ചകള്‍ക്കൊടുവില്‍ തമ്മില്‍ കലഹിച്ചു ഞങ്ങള്‍ പിരിഞ്ഞിരിക്കുമ്പോള്‍ ബെഞ്ചിന്റെ ഒരു മൂലയില്‍ നിന്നും ഒരു ശബ്ദം ഉയരും.അതില്‍ ഒരു ഉത്തരം ഉണ്ടായിരിക്കും....
ഒരിക്കല്‍ നാടക സംഘ ത്തിന്റെ പുതിയ നാടകത്തിന്റെ റിഹേര്സല് നടക്കുന്നു..ഞങ്ങളുടെ നാടക കൂട്ടായ്മകളില്‍ സ്വാമി യൊരു നിശബ്ദ സാന്നിധ്യ മായിരുന്നു.. ആരും കാണാതെ ഒരു മൂലയില്‍ ബീഡിയും വലിചിരിക്കുന്നുണ്ടാകും ച്ചുപ്പ! ഇടയ്ക്കു ബീഡി, മുറുക്കാന്‍, ചായ ഇതെല്ലാം വാങ്ങി കൊണ്ട് തരും... അതില്‍ നിന്നൊരു പങ്കും പറ്റിഒരു മൂലയിലിരിക്കും..ജോണിന്റെ "കോട്ടയത്ത്എത്രമത്തായിഉണ്ട്" എന്ന നാടകം ..തകൃതിയായി റിഹേര്സല് നടക്കുന്നു...ഒരിടവേളയില്‍ ചായയും കുടിച്ചു ബീഡിയും പുകച്ചു ഇരിക്കുന്നതിന്നിടയില്‍ എന്താണീ നാടകത്തിന്റെ കഥ എന്നാരോ തമാശയായി ചോദിക്കുന്നു..അതൊരുതര്ക്കമായി ഞങ്ങള്ക്കിടയില്ചൂടു പിടിച്ചു.. ഒടുവില്‍ ഒരു മൂലയില്‍ നിന്നൊരു ശബ്ദമുയരുന്നു.." ഒരു ഒബ്ജക്ട് മറ്റെല്ലാം അതിന്റെ സബ്ജക്ടുകള്‍" !! സ്വാമിയുടെ ഉത്തരം വന്നു..ശെരിയായിരുന്നു തന്റെ പ്രതിരൂപങ്ങള്‍ തേടിനടക്കുന്ന സ്വന്തം അസ്ത്വിത്വംതേടിനടക്കുന്ന മത്തായിയുടെ മന:സംഘര്‍ഷങ്ങളായിരുന്നു ആ നാടകം. ജോണിന്റെ തലത്തില്‍ തന്നെയായിരുന്നു ആ ഉത്തരം എന്ന് ഞാന്‍ കരുതുന്നു... ഇത്രയും കാലം നാടകം വിശദമായി സ്വാമി വീക്ഷിച്ചിരുന്നു എന്നാണ് സത്യം!!
ഇതെല്ലാം സ്വാമിക്ക് നിസ്സാരം തന്നെയായിരുന്നു .... പലരുടെയും ഓര്‍മകളില്‍ സ്വാമി വിവിധങ്ങളായ അവതാരങ്ങള്‍ എടുത്തു....
..
സ്വാമിയുടെ മഠം നില്ക്കുന്നതിനടുത്ത കാര്‍ത്യായനി ക്ഷേത്രത്തില്‍ നവരാത്രി കാലത്ത് ദിവസങ്ങളോളം നീണ്ടു നില്ക്കുന്ന നവരാത്രി വിളക്കിനു എന്നും കുളിച്ചു കുറിയിട്ട് സ്വമിയുണ്ടാകും..അതൊരു അത്ഭുതമായി ഇപ്പോഴും എന്റെ മനസ്സിലുണ്ട്!! സ്വാമിയൊരു നിരീശ്വര വാദി യായിരുന്നു എന്നാണ് ഇപ്പോഴും എന്റെ വിശ്വാസം!!
വേറൊന്നു കൂടിയുണ്ട്..ഒരു പഴയ ഫോട്ടോയെ കുറിച്ച് ഞാന്‍ പറഞ്ഞു ..അത് പോലെ ഓര്മകളില്നിറയുന്ന ഒരു ചിത്രം കൂടിയുണ്ട്....'യു. എ. ഇ." എന്ന രാജ്യം രൂപീകൃതമായത്തിനുശേഷം "യു. എ. ഇ." സന്ദര്‍ശിച്ച ആദ്യ ഇന്ത്യന്‍ ഔദ്യോഗിക സംഘത്തിലെ ഒരു അംഗംആയിരുന്നു ഈ സുബ്രമണി അയ്യര്‍!! നിഴലും വെളിച്ചവും വീണ ആ പഴയ ഫോട്ടോ ഇപ്പോഴും ഉണ്ടോ??
ഒരിക്കല്‍ ഞങ്ങള്‍ മാത്രമായ ഒരവസരത്തില്‍ ആ ഫോട്ടോകളെ കുറിച്ച് ഞാന്‍ സ്വാമിയോട് ചോദിച്ചു...പെട്ടെന്ന് ആ മുഖത്ത് എന്തൊക്കയോ മിന്നി മറഞ്ഞതായി എനിക്ക് വെറുതെ തോന്നി..വീണ്ടും സ്വാമി ഉന്മാദിയുടെ മുഖ പടത്തിലേക്കു മറയുന്നത് ഞാന്‍ കണ്ടു..എന്തൊക്കയോ പുലമ്പിക്കൊണ്ട് സ്വാമി
എഴുന്നേറ്റു നടന്നു..ആ പാദപതനങ്ങള്‍ ഒരു പൊള്ളലായി എന്റെമനസ്സില് ഇപ്പോഴുമുണ്ട്....
ഒരിക്കല്‍ സ്വാമിയെ ഒന്ന് കളിയാക്കിയാലോ എന്ന് ഒരു തോന്നല്‍ എന്റെ മനസ്സില്‍ ഉയര്‍ന്നു. ദൈവത്തെകുറിച്ചും ജീവിതത്തെ കുറിച്ചും ഞാനൊരുചോദ്യ മുന്നയിച്ചു..സ്വാമിയെ ഒന്ന് ഇളക്കാമെന്നായിരുന്നു ഞാന്‍കരുതിയത്....എന്തോ പറയാനായി വായിലെ മുറുക്കാന്‍ തുപ്പാനാഞ്ഞ സ്വാമി എന്തിനു വെറുതെ മുറുക്കാന്‍ കളയുന്നു എന്ന ഭാവത്തില്‍ എന്നെ നോക്കി ചൂണ്ടു വിരലുയര്‍ത്തി മുകളിലേക്ക് നോക്കി പിന്നെ താഴേക്കും ..എന്നിട്ട് എന്നെ നോക്കി ഒന്ന് ചിരിച്ചു..ആ വിരല്‍ സ്വന്തം നെഞ്ചിനു നേരെ ചൂണ്ടി!!. സെന്ബുദ്ധകഥകളിലെ ഒറ്റക്കയ്യുടെ ശബ്ദംതേടിയിറങ്ങിയ ശിഷ്യനെപോലെ ആ ഉത്തരവും തേടി നടക്കുകയാണ് ഞാനിപ്പോഴും.......
കാലം ആ നാടകത്തിനു തിരശീലയിട്ടു ..കുറെക്കാലം അന്തിയുറങ്ങിയ ചുടല പറമ്പില്‍ ഒരു ചിതയായി എരിഞ്ഞു തീര്‍ന്നു ആ അവധൂതന്..
നിറംമങ്ങിയ കറുപ്പിലുംവെളുപ്പിലും തെളിയുന്ന ആ പഴയ ഫോട്ടോകള്‍ നമ്മുടെ ഓര്‍മകളില്‍ ഇപ്പോഴുമുണ്ടോ..?? ഒരു മൂളിപ്പാട്ടുംപാടി 'ച്ചുപ്പസ്വാമി" ഇപ്പോഴും തെരുവുകളില്‍ നടക്കുന്നുണ്ടാകുമോ ?
".ആറങ്ങോട്ടുകരയുടെ ചിത്തഭ്രമക്കാര്‍" അവസാനിക്കുന്നു..
. ബിപിന്‍ ആറങ്ങോട്ടുകര .
ഭൂതകാലപ്പുഴയിലൂടെ ഒഴുകിപ്പോയ ചില മനുഷ്യജീവിതങ്ങളെ ആറങ്ങോട്ടുകരയുടെ മനസ്സിലേക്കടുപ്പിച്ച വാക്കുകള്‍ മനസ്സിനെ സ്പര്‍ശിച്ചു. ഉയരത്തില്‍ പറക്കുന്നുണ്ട്, വെള്ളരിപ്രാവുകളായി എഴുത്തുകാരന്റെയുള്ളിലെ ചില ചിന്താശകലങ്ങള്‍ .
ReplyDeleteThis is my blog. Click here.
ReplyDeleteเทคนิคหมุนสล็อตให้ได้เงิน"
This is my blog. Click here.
ReplyDeleteรอบรู้เรื่องคาสิโนออนไลน์"
I will be looking forward to your next post. Thank you
ReplyDeleteSlot online วิธีการเล่น แบบมือโปร ที่หลายๆคนเล่นแล้วจะติดใจ "