. ആറങ്ങോട്ടുകരയുടെ ചിത്തഭ്രമക്കാര്‍"!..
ഇത് എന്റെ ഗ്രാമത്തിലെ ചിത്തഭ്രമക്കാരുടെ ഒരു വിവരണമാണ്! ! ആര്‍ക്കാണ് ചിത്തഭ്രമം എന്ന് ഞാന്‍ സ്വയം ചോദിക്കാറുണ്ട്... ചിത്തഭ്രമം എങ്ങനെയാണ് നമ്മള്‍ തിരിച്ചറിയുന്നത്?.ഒരര്‍ത്ഥത്തില്‍ ചെറുതും വലുതുമായ ചിത്തഭ്രമത്തിന്റെ പിടിയില്‍ തന്നെയല്ലേ നമ്മളും? ഉന്മാദത്തിന്‍റെ ഏറ്റക്കുറചിലുകള്‍ ഏത് അളവ് കോലില്‍ വെച്ചാണ് നമ്മള്‍ അളക്കേണ്ടത്? ചുപസ്വാമി ,അബു ,കുടബാലന്‍ നായര്‍ ,കള്ളിച്ചെല്മ്മ,ഡ്യൂട്ടിചാത്തപ്പന്‍,പൂച്ച പോലീസ് .. അങ്ങനെ ചെറുതും വലുതുമായ ഉന്മാദികളുടെ ഒരു നിര തന്നെയുണ്ട്..അതില്‍ ചിലരെ കുറിച്ച് ഒരു വിവരണം..പലതും കണ്ടതിനെക്കാള്‍ കേട്ടതിനാണ് മുന്‍ തൂക്കം..!! ഇവരെല്ലാം എന്റെ നാട്ടിലെ "ദിവ്യന്‍' മാരാണ് എന്ന് പറയാനാണ് എനിക്കിഷ്ടം!!
ഒരു വിവരണം ..(ഒന്ന്) ..
തുടക്കം അബുവില്‍ നിന്നാകാം ..എന്റെ സുഹൃത്ത് ഹൈദ്രോസിന്റെ ചേട്ടനാണ് അബു.. "ഇസ്ഇസ് "എന്നൊരു മൂളക്കമാണ് അബു എന്ന ഓര്‍മയില്‍ ആദ്യം തെളിയുക..അബുവിന്റെ ദിവസങ്ങള്‍ തുടങ്ങു ന്നതെങ്ങിനെ നടക്കുന്നതെങ്ങിനെ? ..കൈവീശി കൈവീശി ദിവസം മുഴുവന്‍ അബു അറങ്ങോട്ട്‌കരയുടെ ഇട വഴികളിലൂടെ നടന്നു കൊണ്ടേയിരിക്കും!!.ഒരു ഇടവഴിയുടെ തിരിവില്‍ പെട്ടെന്ന് അബു നമ്മളെ പേടിപ്പിച്ചു കൊണ്ട് മുന്നില്‍ ചാടി വീഴും..വന്നു ഇടിക്കുമോ എന്ന് നാം ഭയക്കുമ്പോള്‍ നിസംഗനായി അബു വെട്ടിയൊഴിഞ്ഞു ധൃതി യില്‍ കടന്നു പോകുന്നു.. ചായ ക്കടയിലെ ബെഞ്ചിന്റെഓരത്ത് പെട്ടെന്ന് ഒരില വന്നു വീഴുന്നത് പോലെ അബു വന്നിരിക്കുന്നു.".ഒരു ചായ" എന്നൊരു ശബ്ദം കേള്‍ക്കാം...ചിലപ്പോള്‍ ആരെങ്കിലും വാങ്ങി കൊടുക്കും, മിക്കവാറും ഒരു ചായ ആ കടക്കാരന്‍ തന്നെ അബുവിനു നല്‍കിയിരിക്കും.. ഓര്‍മയുടെ ഏടുകളില്‍ അബു ഒരു കച്ചവടക്കാരനായിരുന്നു..ആറങ്ങോട്ട്‌കരയിലെ ആദ്യത്തെ യുനിയന്‍ കാരനായിരുന്നുഅബു ..കരുത്തനാണ് ഇന്നും അബു. ആരെയും ദ്രോഹിക്കാത്ത ഒരുവന്‍!! കട്ടികള്‍ ഭക്ഷണംകഴിക്കാന്‍ മടിക്കുമ്പോള്‍ അബുവിനെ വിളിക്കുമെന്ന് പറഞ്ഞു അവരെ പേടിപ്പിക്കുമായിരുന്നു..അമ്മമാര്‍ കുട്ടികളെ പേടിപ്പിക്കാന്‍ ഇപ്പോഴും അബുവിനെ ചൂണ്ടിക്കാണിക്കുന്നു..എന്നാല്‍ അബു ആരെയും ദ്രോഹിക്കാത്ത ഒരു പാവമായിരുന്നു..തന്റെ നിരന്തരമായ നടത്തം നിസ്സംഗമായി അയാള്‍ നടന്നു തീര്‍ക്കുന്നു! .തിരിച്ചു വരുന്ന ഓര്‍മകളില്‍ എപ്പോഴോ തന്നെ ഷോക്കടിപ്പിച്ച കഥ അബു പറയു മായിരുന്നുവെന്നു ഹൈദ്രോസ് പറയാറുണ്ട്! ഒരു സ്നേഹബന്ധത്തിന്റെ നഷ്ട്ടബോധം അബു വിന്റെ ഉന്മാദത്തിനു പിന്നില്‍ പതിവുപോലെപറഞ്ഞുകേള്‍ക്കുന്നു...ഷൊര്‍ണൂരില്‍നിന്നും രാത്രി സിനിമ കണ്ടു വരുമ്പോള്‍ ഒലിച്ചിയില്‍ വെച്ചു എന്തോ കണ്ടുപേടിച്ചു എന്ന സാധാരണ കഥയും കൂടെയുണ്ട്!! ഒരിക്കല്‍ അസുഖം മാറിയ അബു വീണ്ടും ഉന്മാദ ത്തിന്‍റെ കയങ്ങളിലേക്ക് വീഴുകയായിരുന്നുവത്രേ..
എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് അബു ആറങ്ങോട്ട്‌കരയുടെ ഭൂമിശാസ്ത്രമാണ് അളന്നു തിട്ടപ്പെടുത്തുന്നത്! നിരന്തരമായ നടത്തത്തില്‍ തന്നെയാണ് അബു ഇപ്പോഴും! അബു ഇപ്പോഴുംനടന്നുകൊണ്ടേയിരിക്കുന്നു .. ..തന്റെ ഉന്മാദ കാലം അബു നടന്നു തീര്‍ക്കുന്നു, അബു തിരക്കിലാണ്! ".ഈസ്.. ഈസ് " എന്നൊരു മൂളല്‍ ഇപ്പോഴും ഇടവഴികളിലും വഴിത്താരകളിലും കേള്‍ക്കുന്നണ്ടാകും!! (തുടരും)
. ആറങ്ങോട്ടുകരയുടെ "ചിത്തഭ്രമക്കാര്‍"! .തുടരുന്നു..
ഒരു ക്ഷമാപണം ഉണ്ട്..ഇവിടെ ചില കഥ പാത്രങ്ങളെ ഞാന്‍ ഒഴിവാക്കുകയാണ്... ചിലരുടെ കുടുംബങ്ങള്‍,അനന്തര തലമുറകള്‍. ചില പരാമര്‍ശങ്ങള്‍ അവരെ വിഷമിപ്പിച്ചേക്കും !.അവര്‍ക്കൊരു വിഷമം ഉണ്ടാകരുതെന്ന് കരുതുന്നു..പക്ഷെ, ഒരിക്കലും ഒഴിവാക്കാന്‍ കഴിയാത്ത ചിലരുണ്ട്..അവര്‍ അറങ്ങോട്ടുകരയുടെ പൊതു സ്വത്താണ്!! ഒരു കള്ളിയിലും ഒതുങ്ങാത്ത,ഒരു ചട്ടകൂടിലും ഒതുക്കാന്‍ കഴിയാത്തവര്‍!! അവരെ കുറിച്ച് പറയാതിരിക്കാന്‍ വയ്യ!!
ഇനിപറയേണ്ടത് അല്ലെങ്കില്‍ ആദ്യമേ പറയേണ്ടിയിരുന്നത് ചുപസ്വാമി യെ കുറിച്ചാണ്. സുബ്രമണി അയ്യര്‍ എന്ന ചുപസ്വാമി..അത് പിന്നീടാകാം ..കാരണം എന്റെ എഴുത്ത് കള്ളികളില്‍ ഒതുക്കാന്‍ കഴിയാത്ത, എന്റെ സാധാരണ അക്ഷര കൂട്ടുകളില്‍ എഴുതാന്‍ കഴിയാത്ത ഒരു കഥാപാത്രമാണതു!! നമ്മുടെ മഹാരഥന്മാരുടെ ജീവിത വീക്ഷണങ്ങളെല്ലാം എത്രത്തോളം വികലമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞത് ആ ജിവിത ചേഷ്ടകളില്‍ നിന്നാണ്! അത് കൊണ്ട് ഞാനത് പിന്നെ പറയാം.... നമുക്ക് തുടരാം അല്ലേ ??....
കള്ളിച്ചെല്ലമ്മ :
അവരുടെ പേര് എന്താണെന്ന് ഇപ്പോഴും എനിക്കറിയില്ല ..ബാല്യത്തിന്റെ കൂതുഹലങ്ങളില്‍ മങ്ങാതെ നില്‍ക്കുന്ന ഒരു ബിംബം! നിറങ്ങളുള്ള സാരിയു മുടുത്തു ചപ്രതലമുടിക്കെട്ടില്‍ നിറയെ പൂക്കള്‍ വെച്ചു ചുവന്ന റിബ്ബണ്‍ കെട്ടി , കൈത്തണ്ടയില്‍ നിറയെ കുപ്പിവളകള്‍ അണിഞ്ഞു നെറ്റിയില്‍ വലിയൊരു സിന്ദൂര പൊട്ടും അണിഞ്ഞു മെലിഞ്ഞുണങ്ങിയ ഒരു രൂപം!
പെട്ടെന്നെപ്പോഴോ അവര്‍ പ്രത്യക്ഷപ്പെടും! എവിടെ നിന്നു വരുന്നു ,എവിടേക്ക് പോകുന്നു..ഒന്നുമറിയില്ല ..ഞങ്ങള്‍ കുട്ടികള്‍ കൌതുകത്തോടെ അവര്‍ക്ക് ചുറ്റും
കൂടും..അവര്‍ പാട്ടുകള്‍ പാടും ,ഹിന്ദി, തമിഴ് ,മലയാള ഗാനങ്ങള്‍.. അവരുടെ മുടിയിഴകളില്‍ നര വീണിരുന്നു എന്നാണ് എന്റെ ഓര്‍മ..ചിലപ്പോള്‍ തന്റെ സഞ്ചിയില്‍നിന്നും അവര്‍ മിട്ടയികള്‍ എടുത്തു തരും..നാരങ്ങാ മിട്ടായികള്‍ നിങ്ങള്‍ക്കൊര്‍മയില്ലേ?മധുരവും പുളിയുമുള്ള നാരങ്ങ മിട്ടായികള്‍. കൂട്ടത്തില്‍ പ്രായം കൊണ്ടും പ്രകൃതം കൊണ്ടും ചെറിയവന്‍ ഞാനായിരുന്നു..എപ്പോഴും എണ്ണത്തില്‍ കൂടുതല്‍ മിടായികള്‍ എനിക്ക് കിട്ടും!! ഞങ്ങള്‍ കുട്ടികള്‍ അവര്‍ക്ക് ചുറ്റുംകൂടും..പാട്ടുകള്‍,കഥകള്‍,ഡാന്‍സ് . ..അതൊരുമേളംതന്നെയായിരുന്നു..വീട്ടില്‍ മണ്ണ്കൊണ്ടുണ്ടാക്കിയഒരുതിണ്ണയുണ്ടായിരുന്നു..അതിന്മേല്‍ കയറി നിന്നു പാട്ടും പാടി ഡാന്‍സ് ചെയ്യുന്ന ആ രൂപം ഇപ്പോഴും എന്റെ ഓര്‍മയിലുണ്ട്..!! "മാനസ മൈനേ" ..എന്ന ഈരടികള്‍ ഇപ്പോഴും എന്റെ കാതുകളില്‍ ഉണ്ട്!!
അമ്മയാണവര്‍ക്ക് "കള്ളിച്ചെല്ല" എന്ന പേരിട്ടത്! ഞങ്ങളത് അവര്‍ കേള്‍ക്കെ തന്നെ വിളിച്ചിരുന്നു. അത് കേട്ടാലവര്‍ ഉറക്കെ ചിരിക്കും...ഒരു പേരില്‍ ഒതുങ്ങാന്‍ കഴിയാത്ത അവസ്ഥയില്‍ അവര്‍ എപ്പോഴെ എത്തിയിരുന്നു!! തീരെ പ്രതീക്ഷിക്കാത്ത ഒരു ദിവസം അവര്‍ പൊട്ടിവീഴും!! അവര്‍ ഒരു ദുരൂഹത തന്നെയായിരുന്നു..ഹൈസ്കൂളില്‍ പോകാന്‍ തുടങ്ങിയിരുന്ന ചേട്ടന്‍ ഒരിക്കല്‍ രഹസ്യ മായി പറഞ്ഞു ..കള്ളിച്ചെല്ലമ്മ സി ഐ ഡി യണത്രെ!! അതൊരു ബടായി ആണെന്ന് ഞങ്ങള്‍ കരുതിയില്ല ,സത്യമെന്ന് തന്നെ ഉറപ്പിച്ചു..ഞങ്ങള്‍ ഗ്രാമീണര്‍ക്ക്അപരിചിതരായ എല്ലാവരും പ്രേംനസീര്‍ കഥകളിലെ വേഷം മാറി വരുന്ന സി ഐ ഡി കളായിരുന്നു!! അങ്ങനെ തന്നെ വിശ്വസിക്കാന്‍ ഞങ്ങള്‍ കുട്ടികള്‍ക്ക് ഇഷ്ടവുമായിരുന്നു!!ഞങ്ങളുടെ കള്ളിച്ചെല്ലമ്മ ഒരു വനിത സിഐഡി യാണെന്നു പറയുന്നത് തന്നെ ഒരു ഗമയായിരുന്നു..!!
അവര്‍ മിക്കവാറും മാസത്തില്‍ ഒരിക്കല്‍ വരും..അതൊരു സ്കൂളില്ലാത്ത ദിവസമാകണേ എന്ന് ഞങ്ങള്‍ വിചാരിക്കും..രാവിലെ വന്നെത്തുന്ന അവര്‍ മതിയാവോളംഭക്ഷണവുംകഴിച്ചുഒന്ന്‌മയങ്ങിവൈകീട്ടേപോകാറുള്ളൂ..അതിന്നിടയിലെ ഭ്രാന്തന്‍ ചേഷ്ടകള്‍ഞങ്ങളെ രസിപ്പിക്കും!!
ചിലപ്പോള്‍ അമ്മ കൊടുക്കുന്ന ഭക്ഷണം പൊതിഞ്ഞു കെട്ടികള്ളിച്ചെല്ലമ്മ കൊണ്ട് പോകും. ..ആ തിരിച്ചു പോക്ക്ഞങ്ങള്‍ വേദനയോടെ നോക്കി നോക്കി നില്‍ക്കും..റോഡില്‍ കുറുക്കന്‍ മൂച്ചിയും കടന്നു കാഴ്ച്ചയില്‍നിന്നുംമറയുന്നത് വരെഞങ്ങളങ്ങനെ നോക്കി നില്‍ക്കും..എവിടേക്കാണ് അവര്‍ പോയിരുന്നത്?
എല്ലാ വീടുകളിലും അവര്‍ പോകാറുണ്ട്,പാട്ടുപാടി കിട്ടുന്ന പൈസയും വാങ്ങി അവര്‍ പോകും ..പക്ഷെ വീട്ടില്‍ നിന്നു മാത്രമേ അവര്‍ എന്തെങ്കിലും വാങ്ങി കഴിചിരുന്നുള്ളൂ..!! ഇപ്പോഴും ഞാന്‍ വിശ്വസിക്കുന്നത് അവര്‍ ഭ്രാന്ത് അഭിനയിക്കുകയായിരുന്നു വെന്നാണ്!
അവരെ കുറിച്ച് കഥകള്‍ അനവധി യുണ്ടാക്കി പറഞ്ഞിരുന്നു ഞങ്ങള്‍ ഗ്രാമീണര്‍!!
അമ്മ ചിലപ്പോള്‍ അവരെ ചീത്ത പറയും..ഉച്ചക്ക് ചോറ് കഴിച്ചു കഴിഞ്ഞാല്‍ സഞ്ചിയില്‍ ഭദ്രമായി വെച്ച മുറുക്കാന്‍ ചെല്ലം അവര്‍ പുറത്തെടുക്കും ..അത് കാത്താണ് ഞങ്ങളുടെ ഇരുപ്പു ..മൂന്നുംകൂട്ടി മുറുക്കല്‍..അതൊരു ആഘോഷമായിരുന്നു..അതിനിടയില്‍ അവര്‍ രഹസ്യമായി തന്റെ ബീഡി പൊതി പുറത്തെടുക്കും..അമ്മ കാണാതെ രഹസ്യമായി പുക വലിച്ചു വിടും!
അമ്മയെ ചെറിയൊരു പേടിയുണ്ടായിരുന്നു അവര്‍ക്ക്..ഭയം കലര്‍ന്ന ഒരു തരം സ്നേഹം..ഒരമ്മ മകളെ ഭയപ്പെടുന്നത് പോലെ യാണ് അതെന്ന്‍ ഇപ്പോള്‍ എനിക്ക് മനസ്സിലാകും....
ബീഡി വലിക്കുന്നത് കണ്ടു വന്നാല്‍ കുട്ടികളുടെ മുന്‍പില്‍ തോന്ന്യാസം കാട്ടിയതിനു അമ്മ അവരെ ശകാരിക്കും ..മുറുക്കിച്ചുകപ്പിച്ച പല്ലുകള്‍ കാട്ടി അവര്‍ ഞങ്ങളെ നോക്കി കണ്ണിഇറുക്കി ചിരിക്കും ..ഞങ്ങള്‍ കൂട്ടു കൂടി ഉറക്കെ ചിരിക്കും..
അത് കഞ്ചാവ് ബീഡിയാണെന്ന്‍ കുട്ടിചെക്കന്‍ ഒരിക്കല്‍ പറഞ്ഞു..തള്ളയുടെ ഒരഹമ്മതിയെ എന്നും..!! ഒരിക്കല്‍ വേലക്കാരി നബീസു എന്തോ പറഞ്ഞതിന് കള്ളിച്ചെല്ലമ്മ എന്തൊക്കയോ തമിഴിലും ഇംഗ്ലീഷിലും ഉറക്കെ ചീത്ത പറഞ്ഞു..
അവര്‍ നന്നായി ഇംഗ്ലീഷ് പറയുമായിരുന്നുവെന്ന്‍ കുറെ ക്കാലം കഴിഞ്ഞപ്പോഴാണ് ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്!!.....
വളര്‍ച്ചയുടെ ദിനങ്ങളില്‍ അവര്‍ എന്റെ ഓര്‍മയില്‍ നിന്നും മെല്ലെ മാഞ്ഞു പോയി..എങ്കിലും എന്റെ മനസ്സില്‍ വീണ ഒരു കണ്ണ് നീരിന്റെ പൊള്ളല്‍ ഇപ്പോഴും എന്നെ വിട്ടുമാറിയിട്ടില്ല!!
എപ്പോഴോ കള്ളിചെല്ലമ്മയെ കാണാതായി..കള്ളന്മാരെ കണ്ടു പിടിച്ചു സി ഐ ഡി ജോലി മതിയാക്കി പോയതായിരിക്കും എന്ന ഞങ്ങള്‍ കുട്ടികള്‍ കരുതി..
പിന്നീട് കേട്ട കഥകളില്‍ ഷോര്‍ണൂര്‍ റയില്‍വേ സ്റേഷന്‍ പരിസരത്ത് ട്രെയിനിടിച്ച് മരിച്ച ഒരനാഥ ശവത്തിനു കള്ളി ചെല്ലമയുടെ രൂപമുണ്ടായിരുന്നു വെന്നാണ് ! ഇപ്പോഴും ഞാനത് വിശ്വസിക്കുന്നില്ല!! അവര്‍ ഈ ഭൂമിയില്‍ അലിഞ്ഞു ,അലിഞ്ഞില്ലാതായി എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം..!!
ഒരോര്‍മ കൂടി പങ്കു വെക്കട്ടെ..ഒരു ദിവസം തീരെ യാദൃചികമായി അവരെത്തി.. പതിവ് പോലെ എവിടെ നിന്നോ പൊട്ടി വീണു! അന്നു ഞാന്‍ മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ ..ഭക്ഷണം കഴിഞ്ഞു പതിവ് പോലെ അവര്‍ മുറുക്കാന്‍ ചെല്ലം പുറത്തെടുത്തു..കൌതുകമോടെ ഞാനും കൂടി..മുറുക്കുന്നതിനിടയില്‍ അവര്‍ എനിക്ക് കഥ പറഞ്ഞു തരുന്നുണ്ടായിരുന്നു..എപ്പോഴോ ഞാന്‍ ഉറക്കത്തിലേക്കു വഴുതി വീണു..എന്റെ മുടിയിഴക്ള്‍ക്കുള്ളില്‍ സൌമ്യതയോടെ അവരുടെ വിരലുകള്‍ ചികയുന്നുണ്ടായിരുന്നു . എന്റെ നെറുകയില്‍ അവര്‍ സ്നേഹമോടെ തലോടി കൊണ്ടിരുന്നു..ഉറക്കത്തിന്റെ കയങ്ങളിലേക്ക് ഞാന്‍ മെല്ലെ, മെല്ലെ കൂപ്പു കുത്തി....
അമ്മഉറക്കെപേരുചൊല്ലിവിളിക്കുന്നത്‌കേട്ടാണ്ഞാന്‍ഉണര്‍ന്നത്..ദേഷ്യമോടെമുന്നില്‍ അമ്മ.. കള്ളിചെല്ലമ്മ യുടെ മടിയില്‍ കിടന്നുറങ്ങുകയാണ് ഞാന്‍! അമ്മയുടെ മുഖത്ത് ദേഷ്യം കനംവെച്ചു നില്‍ക്കുന്നത് ഞാന്‍ പേടിയോടെ കണ്ടു..എന്തോ ദേഷ്യത്തില്‍ പറയാനാഞ്ഞ അമ്മ പെട്ടെന്ന് നിന്നു പോയി..ഞാന്‍ വേദനയോടെ കണ്ടു..നിറഞ്ഞൊഴുകുന്നകള്ളിച്ചെല്ലമ്മ യുടെ കണ്ണുകള്‍....കണ്ണുനീര്‍ ധാരയായി ഒഴുകിയ കവിള്‍ തടം... അമ്മയുടെ ദേഷ്യം അലിഞ്ഞു പോയത് ഞാനറിഞ്ഞു...ഒന്നും പറയാതെ അമ്മ എന്നെ വാരിയേടുത്തു..
ഇപ്പോഴും എനിക്കതിനു ഉത്തരം കിട്ടിയിട്ടില്ല ..എന്തിനായിരിക്കും അവര്‍ എന്നെ മടിയില്‍ കിടത്തി ഉറക്കിയപ്പോള്‍ കരഞ്ഞത്? എന്താണ് അവരുടെ ഓര്‍മകളില്‍ മിന്നി മറഞ്ഞിട്ടുണ്ടാകുകഎന്നെപോലെഒരു മകന്‍,അല്ലെങ്കില്‍ഈപ്രായത്തിലുള്ള ഒരു പേരക്കുട്ടി....?ആസ്മരണകള്‍ആയിരിക്കുമോഅവരെകരയിച്ചിരിക്കുക..സമ്പന്നമായ ഒരു ഭൂത കാലത്തിന്റെ ഓര്‍മ്മകള്‍...അതാണോ അവരെ ഉലച്ചു കളഞ്ഞത്?
അല്‍പ നേരത്തിനു ശേഷം അവര്‍ പോകാന്‍ തയ്യാറായി.".കുട്ടിയെവിടെ '' ?എന്നവര്‍ അമ്മയോട് ചോദിച്ചു..ഒന്നും മിണ്ടാതെ അമ്മയെന്നെ അവരുടെ മുന്നിലേക്ക് നീക്കി നിര്‍ത്തി.. അവരെന്റെ നെറുകയില്‍ അമര്‍ത്തി ചുംബിച്ചു....
ഒഴുകി വീണ കണ്ണുനീര്‍ തുള്ളികള്‍ എന്റെ നെറുകയില്‍ ഒരു പൊള്ളലോടെ പതിച്ചു.. ആ കണ്ണ് നീരിന്റെ പൊള്ളല്‍ ഇപ്പോഴും എന്റെ മനസ്സിനെ ദഹിപ്പിക്കുന്നു... ഒരിക്കലും ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി എന്റെ മനസ്സില്‍ ആ പൊള്ളല്‍ ഇപ്പോഴും ഉണ്ട്.. .. (തുടരും..
. ആറങ്ങോട്ടുകരയുടെ "ചിത്തഭ്രമക്കാര്‍"! .തുടരുന്നു..
ഇതെഴുതുമ്പോള്‍ ഒരു തരം വല്ലാത്ത മന ;സംഘര്‍ഷം ഞാനറിയുന്നുണ്ട്!!എവിടെയൊക്കയോ ,എന്തൊക്കയോ കുത്തി നോവിപ്പിക്കുന്നു....
താത്രി കുട്ടിയുടെ നാടാണ് എന്റേത്....അറിയില്ലേ ? സ്മാര്‍ത്തവിചാരത്തിന്റെ കൊടുങ്കാറ്റുവീശി കേരളക്കരയാകെ പുരുഷ മേധാവിത്തം തച്ചു തകര്‍ത്ത കുറിയേടത് താത്രി..!! അവരെ കുറിച്ച് കേട്ടതും അറിഞ്ഞതുമായ ഒരു പാടു കാര്യങ്ങള്‍ ഉണ്ട്. മാടമ്പിന്റെ"ഭ്രുഷട്"എന്ന നോവല്‍ വായിച്ചിട്ടുണ്ടോ..പിന്നീടു പല കൃതികളും വന്നു.,.അനേകം കേട്ട് കേള്‍വികളും!! അവരെ കുറിച്ച് എഴുതണമെന്നുണ്ട്..കാട് പിടിച്ചു കിടക്കുന്ന മനക്കപറമ്പ് കാണുമ്പോഴൊക്കെ തത്രികുട്ടിയുടെ അടക്കിയ നിശ്വാസംഒരു കാറ്റായി കടന്നു വരുന്നുണ്ടോ എന്ന് തോന്നും..ഒരു നേര്‍ത്ത കാറ്റായി ഒഴുകിയെതുന്നുണ്ടോ എന്ന് തോന്നാറുണ്ട്..തകര്‍ന്നു പോയ മന..കാട് മൂടി കിടക്കുന്ന മനപറമ്പുകള്‍ ,ആരും നോക്കാനില്ലാത്ത പാമ്പിന്‍ കാവുകള്‍.. ..അവിടെ നിന്നുയരുന്ന തേങ്ങലുകള്‍...എഴുതണമെന്ന്‍ തോന്നിയിട്ടുണ്ട് ..പക്ഷെ ഒരു സാധാരണ എഴുത്തിന്റെ കള്ളിയില്‍ ഒതുങ്ങില്ല ആ ജീവിതമെന്ന ഭയത്തില്‍ നിന്നും ഞാന്‍ പിന്മാറുന്നു....താത്രി കുട്ടിയെന്ന തീജ്വാലയില്‍ എരിഞ്ഞോടുങ്ങിയത് കേരളക്കരയുടെ പൌരുഷമായിരുന്നു...പണ്ഡിതനും പാമരനും സവര്‍ണനും അവര്‍ണനും ...അങ്ങനെ ഒരു പാടു പേര്‍.. ഭ്രുഷ്ടു വീണു തകര്‍ന്നടിഞ്ഞ കുടുംബങ്ങള്‍,മഹാരഥന്മാര്‍...സ്മാര്‍ത്ത വിചാരതിന്നോടുവില്‍ ഭ്രഷട്ട് കല്‍പ്പിച്ചു കിട്ടിയ അപമാനവുമായി അവര്‍ ഈ കരയോട് വിട പറഞ്ഞു..കരളുരുകിയ ശാപവചനങ്ങളുമായി... തത്രികുട്ടിയുടെ ശാപംഎന്നും അറങ്ങോട്ടുകരയുടെ മുകളില്‍ ഒരു കാര്‍മേഘമായി തങ്ങി നില്ക്കുന്നുണ്ടോ??കൂടെ തകര്‍ന്നു പോയ മറ്റു ജന്മങ്ങളും, അവരുടെ ശാപ വചനങ്ങളും??
ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് .എന്ത് കൊണ്ട് ഇവിടെ ഇത്രയധികം ചിത്ത രോഗികള്‍? മാത്രമല്ല ഓരോ മഴക്കാലത്തിനു ശേഷവും ഒരു ഉന്മാദി തെരുവില്‍ എത്തിപ്പെടുന്നു..പിന്നീട് ചിലപ്പോള്‍ തിരിച്ചു പോയേക്കാം..അല്ലെങ്കില്‍.ഞങ്ങളുടെ ജീവിതത്തിന്‍റെ ഭാഗമായെക്കും .. എന്ത് കൊണ്ട്ടാണ് അങ്ങനെ??എന്ത് കാന്തിക ശക്തിയാണ് ഈ ഉന്മാദികളെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നത്? മുകളില്‍ വിങ്ങി വിങ്ങി നില്‍ക്കുന്ന ശാപത്തിന്റെ മേഘങ്ങളോ ??
ആറങ്ങോട്ടുകര യെ മുഴുവന്‍ ഗ്രസിച്ചു നില്‍ക്കുന്ന താത്രികുട്ടിയുടെ ശാപമാണോ ഇത്??മനക്കപറമ്പിനോട് അടുത്ത് നില്‍ക്കുന്ന പട്ടന്മാര്‍ മഠത്തില്‍ എതെങ്കിലും ഒന്നില്‍ഒരുചിത്തരോഗിയോമന്ദബുദ്ധിയോആയഒരുജന്മംഎപ്പോഴുമുണ്ടാകുന്നുവത്രേ..!!ഈ ശാപം പേറാന്‍ എന്നും ഒരു ഇര ..അല്ലെങ്കില്‍ ഉന്മാദത്തിന്‍റെ കാന്തിക മേഖല അങ്ങനെ തന്നെ നില നില്‍ക്കുകയാണോ??
ഒരു ചെറിയ വിവരണം..
എന്റെ കൂടെ സ്കൂളില്‍ പഠിച്ചിരുന്ന പ്രസാദ് ..ഉന്മാദത്തിന്റെ പുതിയ ഇരയായി ഇപ്പോള്‍ ആളൊഴിഞ്ഞ വാഴക്കാട് മഠത്തില്‍ ഒറ്റയ്ക്ക് ജീവിക്കുന്നു..ചൂടന്‍ പട്ടര്‍ എന്നാണ് ഞങ്ങള്‍ വിളിച്ചിരുന്നത്..പഠിക്കാന്‍ മിടുക്കന്‍ ..ബോംബയിലെ ജോലിയെല്ലാം കളഞ്ഞു ഉന്മാദ ത്തിന്‍റെ പാരമ്പര്യചങ്ങലക്കണ്ണിയില്‍ ഒരു ഇരയായി ,ഒരു ഭാഗമായി തകര്‍ന്നടിഞ്ഞ മഠത്തില്‍ കരിമൂര്‍ഘന്മ്മാര്‍ അടയിരിക്കുന്ന,.അണലികള്‍ പെറ്റുകിടക്കുന്ന ഉള്ളറകളില്‍ ,അറങ്ങോട്ടുകരയുടെ തെരുവുകളിലൂടെ ഒരു ഉന്മാദിയായി അയാള്‍ നടക്കുന്നു.. ആ പാരമ്പര്യത്തിന്റെ കണ്ണിയെ കുറിച്ചൊരു ചെറു വിവരണം...
അത് പ്രസാദ് അല്ല.വേണുവാണ്!! കാഞ്ഞിരക്കായ വേണു എന്ന് കളിയാക്കി വിളിച്ചിരുന്ന വേണു..പ്രസാദിന്റെ ചേട്ടന്‍..
നമ്മുടെ സാധാരണ കള്ളികളില്‍ ഒതുക്കാന്‍ കഴിയാത്ത ബുദ്ധിയുടെ ഉടമ .ശക്തിയുടെയും ബുദ്ധിയുടെയും അളവുകളില്‍ വേണു വിനെ കവച്ചു വെക്കാന്‍ കഴിയുമായിരുന്നില്ല ..ബ്ലാക്ക് ബോര്‍ഡില്‍ ടീച്ചര്‍ കണക്കെഴുതി തിരിയുംപോഴക്കും ഉത്തരവുമായി വേണു മുന്നിലെത്തും !! പൊരു പൊരുപ്പും വികൃതിയുമായി ഒരു കഞ്ഞിര ക്കായയുടെകയ്പ്പ് എന്ന് മറ്റുള്ളവരെ കൊണ്ട് തോന്നിപ്പിക്കുന്ന വേണു..
അമ്പലക്കുളത്തില്‍ മുങ്ങാം കൂളിയിടാനും ചെസ്സ് കളിയില്‍,പന്ത് കളിയില്‍ എന്തിലും വേണുവിനെ തോല്‍പ്പിക്കാന്‍ കഴിയുമായിരുന്നില്ല..ജീവിത ത്തില്‍ പക്ഷെ,വേണു തോല്‍പ്പിക്കപ്പെട്ടു! ഒരു മനോരോഗിയെന്നു മുദ്രകുത്തപ്പെട്ടു
മങ്ങിയ മനസ്സുമായി ഇംഗ്ലീഷ് മരുന്നുകള്‍ ഊറ്റികുടിച്ച തകര്‍ന്ന ആരോഗ്യവുമായി
ഒടുവില്‍ madathinവീട്ടുമുറ്റത്ത് ഒരു പേരമരകമ്പില്‍ ഒരു തുണ്ട് കയറില്‍ വേണു ഈ ജിവിതത്തെ തോല്‍പ്പിച്ചു..
(.ഇത് ആരെയും വേദനിപ്പിക്കില്ല എന്ന് കരുതുന്നു. ഇതെഴുതെണ്ടി വന്നതില്‍ വേദനയുണ്ട്..മാപ്പ്..!!) തുടരും..
. . ബിപിന്‍ ആറങ്ങോട്ടുകര .