കരിമ്പനകള്‍ കാറ്റില്‍ ഉലയുമ്പോള്‍ ..
കരിമ്പന കാടുകളില്‍ കാറ്റ് വീശുന്നു..
കറുത്ത കരിമ്പനകള്‍ ചുടു കാറ്റില്‍ വീശി യുലയുന്നു.
വരണ്ട ഭൂമി യില്‍ കരിമ്പനകള്‍ ശിരസ്സിലൊരു
അമൃത കുംഭവുമായി തലയുയര്‍ത്തി നില്ക്കുന്നു..
നട്ടുച്ചകളില്‍ ,കരിമ്പന കാടുകളില്‍, ഒരു കൌമാര ക്കാരന്
തന്റെ ബാല്യങ്ങളില്‍ അലഞ്ഞു നടന്നു....
യക്ഷികള് മുടിയഴിച്ചിട്ടു വിഹരിക്കുന്ന നട്ടുച്ചകളിലവന്
തന്റെ മനോ വിചാരങ്ങളുമായി കരിമ്പനക്കാടുകളില്‍ അലഞ്ഞു നടന്നു ...
ഏഴു നില മാളികളില്നിന്നും യെക്ഷികള്‍ ഇറങ്ങിവന്നവന്റെ
കാതില്‍ കിന്നാരം പറഞ്ഞു ,ഭൂത പ്രേത പിശാചു കള്‍
അവനോടു ചങ്ങാത്തം കൂടി, കഥകളിലെ കുട്ടി ചാത്തന്മാര്
അവന്റെ സേവകരായി ,കരിമ്പന ക്കാടുകളില്‍ കാറ്റുലയുന്നു......
കാറ്റുകള്‍ ഉണങ്ങിയ പട്ടകളില്‍ ശീല്ക്കാരമുയര്ത്തി.
നുരയുന്ന പനം കള്ളിന്റെ ,പഴുത്ത കരിമ്പന തേങ്ങയുടെ മാദകഗന്ധം..
കരിമ്പനകള്‍ കാറ്റില്‍ ഉലയുകയാണ്....
വേനല്‍ക്കാല കാറ്റുകള്‍ക്ക് ,ഇരമ്പി എത്തുന്നമഴ കാറ്റുകള്‍ക്ക്,
അലറി വീശുന്ന തുലാവര്ഷക്കാറ്റിനു കരിമ്പന കാടുകള്‍ തന് ഓര്‍മകള്‍!
ഉച്ച വെയിലില്‍ യെക്ഷി കൊട്ടാരങ്ങള്‍ തേടിയവന് അലഞ്ഞു നടന്നു ..
ഗന്ധര്‍വ കിന്നരാദികള്അവനോട് കൂട്ട് കൂടി ......
മനോരാജ്യങ്ങളിലവന് സുന്ദരികളായ യെക്ഷി കളുമായി
ഏഴ് നില മാളിക കളില്‍ ഉണ്ടും ഉറങ്ങിയും മദിച്ചു..
വേനലില്‍ കരിമ്പനതേങ്ങകള് മൂത്ത് പഴുത്തു വീണു
ഗന്ധര്വന്മാര് അവനോട് അസൂയപ്പെട്ടു.
നൊങ്ക്കാരന് ശങ്കരേട്ടന് കൊട്ടയില്‍ നോങ്കു മായി വരുന്നു.
ഇളം നോങ്ക്മനസ്സും ശരീരവും തണുപ്പിക്കുന്നു ..
പഴുത്തു വീണ കരിമ്പനതേങ്ങ കളില്‍ മണിയനീച്ചകള്‍ വട്ടമിട്ടു പറന്നു ..
കുഞ്ഞു തേനീച്ചകള്‍ തേന്‍ തേടി യലഞ്ഞു,അന്തരീക്ഷത്തില്‍ മാദക ഗന്ധം...
പഴുത്തു വീണ തേങ്ങകളില്‍ നിന്നുയരുന്ന മദ ഗന്ധം..
യെക്ഷികള്‍ ചുണ്ണാമ്പു ചോദിയ്ക്കാന്‍ വഴിയരികില്‍ കാത്തു നില്ക്കുന്നു ..
കരിമ്പന കറുപ്പ് ഉടലില്‍ തെളിയുന്ന ജാനുവിന്റെ തുടകള്‍ക്ക്
കരിമ്പന യുടെ പരുപരുപ്പ് ,കരിമ്പന തേങ്ങകള്‍ പോലെ മാറിടങ്ങള്‍ ..
ജാനുവിന്റെ ഉടലിനു കരിമ്പനയുടെ പരുപരുപ്പായിരുന്നു..
അവന്റെ ചുരുള്‍ മുടിയില്‍ കോര്‍ത്ത നഖങ്ങള്‍ക്ക് കരിമ്പന വാളിന്റെ
മൂര്‍ച്ച യായിരുന്നു ,ജാനുവിന്റെ നിശ്വാസങ്ങള്‍ക്ക് പഴുത്ത തേങ്ങയുടെ ഗന്ധം...
പാതിരാവിന്റെ അന്ത്യ യാമങ്ങളില്‍ ഏഴ് നില മാളികയില്‍
ജാനു വൊരു യെക്ഷിക്കൊട്ടാരം തീര്‍ത്തു..പഴുത്ത കരിമ്പന തേങ്ങയുടെ
മാദക ഗന്ധം...കരിമ്പന ക്കാടുകളില്‍ കാറ്റു ലയുന്നു ...
.ഗന്ധര്‍വ കിന്നരാദികള്‍ അസൂയ പൂണ്ടു ...
ചെത്ത് കാരന് കൃഷ്ണേട്ടന് കരിമ്പനകളില്‍ അമൃത് തേടി കയറിയിറങ്ങി
നുരയുന്ന പനം കള്ളിന്റെ മധുര മൂറുന്ന ഓര്‍മ്മകള്‍.....
മുത്തച്ചന്റെ ചാരുകസേര പടിക്കരികില്‍ കൃഷ്ണേട്ടന് തന്റെ കാഴ്ച വെക്കുന്നു...
ചാത്തന് തറയില്‍ ചാത്തന്മാര് ദാഹത്തോടെ കാത്തിരിക്കുന്നു ..
മുത്തച്ഛന്റെ ആന ക്കൊമ്പില്‍ തീര്‍ത്ത മൂക്ക് പൊടി ഡബ്ബ
പുകയില പൊടി കണ്ണും മൂക്കും ചുകപ്പിക്കുന്നു ..
വെള്ളികെട്ടിയ സവാരിവടി,ഉള്ളില്‍ ഒളിപ്പിച്ച വടിവാള്‍,
വാളിന്റെ മൂര്‍ച്ചനോക്കി തേച്ചു മിനുക്കുന്ന ബലിഷ്ടമായ ശരീരം,
കളരി തറയിലെ പയറ്റുകള്‍,ബാല്യത്തിന്റെ കൂതൂഹലങ്ങള്‍ ..
മുത്തശ്ശി യുടെ പഴം കഥ കളില്‍ മുത്തശന് മാത്രമൊരു ചേകവന്..
കാര്‍ന്നോരുടെ ശിങ്കിടികളായ മാപ്പിള മാരെ ഒറ്റക്കാലില്‍ നിന്ന് നേരിട്ടതും
മുത്തശിയെ തോളിലേറ്റി കര്‍ക്കിടത്തിലെ പുഴ നീന്തിയതും .....
മുത്തശ്ശിയുടെ അറയിലെപ്പോഴും എണ്ണയുടെയും കുഴമ്പിന്റെയും മണമാണ്...
പക്ഷവാതം തളര്‍ത്തിയ ശരീരം ,മനസ്സ് മാത്രം തളരുന്നില്ല ..
സ്നേഹിച്ചു തീരാത്തജന്മങ്ങള് ...മുത്തശ്ശനും മുത്തശ്ശിയും ....
പ്രേമത്തിന്റെ സമവാക്യം കൌമാരക്കാരന് അളന്നതും
കുറിച്ചതും ആ ബാല്യ കാലങ്ങളിലായിരുന്നു.....
പ്രേമ മൊരു എവെരെസ്റ്റ്കൊടുമുടിയാണ്..തണുത്തു വിറക്കുന്ന
എത്തിപ്പെടാന്‍ അസാധ്യ മാ യൊരു മഹാമേരു.
കീഴടക്കാന്‍ എളുപ്പമല്ലാത്ത ഒരു വന്‍ കൊടുമുടി......
ഒരു കൌമാരക്കാരന് തന്റെ മനോരാജ്യങ്ങളില്‍ അലഞ്ഞു തിരിഞ്ഞു...
ബാലമ്മാമ കയ്യാലയില്‍ ഒരുചങ്ങല കിലുക്ക മായി ചുരുണ്ടുകൂടുന്നു ..
ഓര്‍മയുടെ തിരിച്ചു വരവുകളില ലെപ്പോഴോ ബാലമ്മാമ
തന്റെ ഹാര്‍മോണിയം തേടുന്നു ..തെനോഴുകുന്ന ഗസല്‍ ...
ബാലമ്മാമ തന്റെ ഓര്‍മകളില്‍ സഞ്ചരിക്കുകയാണ്...
കൌമാരക്കാരന് വിപ്ലവവും സംഗീതവും കവിതയും
ബാലമ്മാമ യുടെ ചങ്ങല കിലുക്കങ്ങളില്‍ മന; പാഠമാക്കുന്നു ..
കരിമ്പനകളില്‍ കാറ്റുലയുന്നു,നേര്‍ത്ത സുഗന്ധ മൂറുന്ന കാറ്റുകള്‍...
വാഴ കൂമ്പിന്റെ നിറവും തണുപ്പും ചെമ്പക പൂമണമുള്ള ചുരുണ്ട മുടിയിഴകള്‍,
മുറപ്പെന്ന് അമ്മിണിയോപ്പോള്‍..മഷി യെഴുതിയ കറുത്ത കണ്ണുകള്‍,
നനുത്ത നീല ഞെരമ്പുകള്‍ എഴുന്നു നില്ക്കുന്ന വെളുത്ത മേനി
,ഇടവയറി ന്റെ ഇളം ചൂട്,നിശ്വാസത്തിനു തേനിന്റെ സുഗന്ധം
ഉലയുന്ന പുടവ തുമ്പുകള്‍ ഞെരമ്പുകളില്‍ തീയുണര്‍ത്തുന്നു ...
കരിമ്പനകളില്‍ കാറ്റുലയുന്നു, രാവിന്നന്ത്യ യാമങ്ങളില്‍
യെക്ഷി കൊട്ടാരം ഇളകി മറിയുന്നു..മാളികയിലെ അപ്പുറത്തെ
മുറിയില്‍ ചോരയീമ്പി ക്കുടിക്കുന്ന ,എല്ല് കടിച്ചു മുറിക്കുന്ന ശബ്ദങ്ങള്‍ ..
ഉണ്ണി നമ്പൂതിരിമാരുടെ മുടിയും നഖവും മാത്രം കരിമ്പനച്ചുവടുകളില് ....
പുക മണക്കുന്ന ജാനു വിന്റെമുടിയിഴകള് ,ചെമ്പകം മണക്കുന്ന
അമ്മിണി യോപ്പോളുടെ ചുരുള്‍ മുടിയിഴകള്‍ ...
രാവിന്നന്ത്യ യാമങ്ങളില്യെക്ഷി കൊട്ടാരം ഇളകി മറിയുന്നു..
കൃഷ്ണേട്ടന് ജാനു വിനെ കൂടെ പൊറുപ്പിക്കുന്നു...
യെക്ഷി ക്കൊട്ടരങ്ങള് തേടി യലയുന്ന കൌമാരക്കാരന് .
ജ്വലിക്കുന്ന യൌവന തേരിലേറുന്നു..വിപ്ലവം സിര കളില്‍
ലഹരിയായി നുരയുന്നു ..കലാലയങ്ങളില്‍, സമരവീഥികളില്‍
ജ്വലിക്കുന്ന യൌവനം...
പ്രേമമൊരു എവെരെസ്റ്റ്കൊടുമുടിയാണ്..
തണുത്തു വിറക്കുന്നൊരു മഹാമേരു ...എത്തിപ്പെടാന്‍ അസാധ്യ മായ ,
കീഴടക്കാന്‍ എളുപ്പമല്ലാത്ത ഒരു വന്‍ കൊടുമുടി....
പൊതി ചോറുമായി ഉച്ച ഭക്ഷണം പങ്കു വെക്കാന്‍
ഒരു ഷാരോടിപെണ്കുട്ടി ക്ലാസ്സ് മുറിക്കു പുറത്തു
വരാന്തയില്‍കാത്തു കാത്തു നില്ക്കുന്നു..
നനുത്ത പുഞ്ചിരി.
നുണക്കുഴി ക്കവിളുകള്‍,മുടിതുമ്പില്‍ തുളസിക്കതിര്
കണ്‍കോണുകളില്‍
സ്നേഹത്തിന്റെ നിറ സാഗരം..
.നേര്ത്തശകാരം,ചെറു പിണക്കങ്ങള്‍, മധുര തരമാം ഓര്‍മ്മകള്‍
തന്കലാലയ വീഥികള്‍ ..സമര വീഥികളില്‍ പിന് നിരയില്‍
ആരാധനയോടെയവള് ..സ്നേഹമൊരു നനുത്ത കരിമ്പന കാറ്റായി ഉലയുന്നു...
അതി വിപ്ലവവും അമ്പല വാസിയും ..ഒത്തു ചേരാത്ത കണക്കെഴുത്ത് പോലെ!
കരിമ്പനക്കാടുകളില്‍ കൊടും കാറ്റു ലയുന്നു ...
കൃഷ്ണേട്ടന് കള്ളു ചെത്താറില്ല . കരിമ്പന ചുവട്ടില്‍ ഉണ്ട വെല്ലവും
നവ സാര കൂട്ടുമായി വാഷു കലക്കിയ പാനികള്‍ നിറയുന്നു..
ചെറുമന്മാര് പാത്തും ഒളിച്ചും ജാനു വിന്റെ വാറ്റു
കുടിച്ചു തൊണ്ടയും ആമാശയവും പൊള്ളിക്കുന്നു...
ആരും കേറാത്തകരിമ്പനകള്, ആളൊഴിഞ്ഞ യെക്ഷി കൊട്ടാര ങ്ങള്..
ബാലമ്മാമ ഒരു ചിത യായി എരിയുന്നു...
അമ്മിണിയോപ്പോള്‍ ഒരു നേര്‍ത്ത കാറ്റായി അകന്നകന്നു പോയി.,
യെക്ഷികള്‍ ഏഴു നില മാളികകള്‍
ഉപേക്ഷിച്ചു പോയി ..കുട്ടി ചാത്തന്മാര് അനാഥ രായി...
തൊണ്ട നനക്കാന്‍ നീരില്ലാതെ ചാത്തന് തറയില്‍ കുട്ടിച്ചാത്തന്മാര് കേഴുന്നു
മുത്തച്ഛന് കരിമ്പനകള്‍ വെട്ടി ക്കളയുന്നു...മുത്തശി ഓര്‍മകളില്‍
എണ്ണയുടെയും കുഴമ്പിന്റെയുംമണം മാത്രമായി...
വെട്ടീയിട്ട കരിമ്പനകള്‍ ക്കരുകില്‍ കൃഷ്ണേട്ടന് വാറ്റുചാരായത്തില്‍
വിഷം ചേര്‍ത്ത് മരിച്ചു വീണു ..ജാനു വിന്റെ വാതിലുകള്‍
പിന്നീടൊരിക്കലും അടയുന്നില്ല...
ഏഴ് നില മാളികളില്‍ നിന്നും യെക്ഷ കിന്നരാദികള്‍ യാത്രയാകുന്നു...
പ്രേമ മൊരു എവെരെസ്റ്റ്കൊടുമുടിയാണ്..
തണുത്തു വിറക്കുന്നൊരു മഹാമേരു ...എത്തിപ്പെടാന്‍ അസാധ്യ മായ ,
കീഴടക്കാന്‍ എളുപ്പമല്ലാത്ത ഒരു വന്‍ കൊടുമുടി....
ഷാരോടിക്കുട്ടി കാത്തിരിക്കാന്‍ മനസ്സില്‍ ആണിയുറപ്പിക്കുന്നു..
കൌമാരക്കാരന് തന്റെ മനോരാജ്യങ്ങളില്‍ അലഞ്ഞു തിരിയുക യാണ്...
കരിമ്പന ക്കാടുകളില്‍ കാറ്റുലയുന്നു .....എവിടെ യോ ഒരു
തൂക്കണാം കുരുവി കരിമ്പനകൊട്ടാരത്തില് ത്തില്‍ കൂടൊരുക്കി
കാത്തു കാത്തിരിക്കുന്നു....കരിമ്പനകളില്‍ കാറ്റു വീശുന്നു....
കരിമ്പനയോലകളില്‍, ഒരു കുരുവി തന്റെ കൂടൊരുക്കി
കാത്തു കാത്തിരിക്കുന്നു,മനസ്സിലുറപ്പിച്ച ആണി യുമായി ...
വരണ്ട ഭൂമികളില്‍, ആളൊഴിഞ്ഞ പറമ്പുകളില്‍ ഒരു കരിമ്പന തൈ മുളയിടുന്നു..
തൂക്കണാം കുരുവികള്‍ക്ക് കൂടൊരുക്കാന്‍ ,ഒരു കരിമ്പനക്കാട് വളരുന്നു..
ബിപിന്‍,അറങ്ങോട്ടുകര.